Image

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകാന്‍ ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്ക് (ഡോ. എന്‍.പി അബ്ദുല്‍ അസീസ്)

Published on 23 November, 2016
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകാന്‍ ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്ക് (ഡോ. എന്‍.പി അബ്ദുല്‍ അസീസ്)
ആഗോളതലത്തില്‍ പലിശരഹിത ബാങ്കുകള്‍ക്ക് ക്രമാതീതമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ചും 2008ല്‍ ആഗോളതലത്തില്‍ അനുഭവപ്പെട്ട സാമ്പത്തിക പ്രതിസന്ധിയുടെ പരിഹാരമായിട്ടാണ് പലിശരഹിത ബാങ്കുകളെ കണക്കാക്കുന്നത്. 1975 ഒക്ടോബര്‍ 20 ആണ് ഇസ്്‌ലാമിക് ഡവലപ്‌മെന്റ് ബാങ്ക് (ഐ.ഡി.ബി) എന്ന പേരില്‍ ജിദ്ദയെ അടിസ്ഥാനമാക്കി പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ന് 57 രാജ്യങ്ങള്‍ക്കാണ് ഈയൊരു ബാങ്കില്‍ അംഗത്വമുള്ളത്. മുന്‍ റിസവര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ കീഴില്‍ നിയോഗിക്കപ്പെട്ട ധനമേഖല പരിഷ്‌കരണ സമിതി പലിശരഹിത ബാങ്കുകളെ കുറിച്ച് പഠിക്കുകയും അതിനുവേണ്ടി ശുപാര്‍ശയും ചെയ്തിരുന്നു. എന്നാല്‍, സര്‍ക്കാര്‍ മുന്‍കൈ എടുക്കാനുള്ള സന്നദ്ധത കാണിച്ചിരുന്നില്ല. രണ്ടു മില്യന്‍ മുസ്‌ലിംകളുള്ള ബ്രിട്ടനില്‍ ആറ് ഇസ്‌ലാമിക് ബാങ്കുകളാണ് 2008 മുതല്‍ സ്ഥാപിച്ചിട്ടുള്ളത്.

പിന്നീട് 2015 ഡിസംബറില്‍, റിസര്‍വ് ബാങ്ക് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ദീപക് മോഹാട്ടിയുടെ നേതൃത്വത്തില്‍ നിയോഗിച്ച സമിതി (ങലറശൗാ സശാ ുമവേ ീി ളശിമിരശമഹ ശിരഹൗശെീി) പലിശരഹിത ബാങ്കളുടെ സാധ്യതകളും അനുബന്ധമായ ഇടപാടുകളുടെ അവസരങ്ങളും വിഭവങ്ങള്‍ സമാഹരിക്കാന്‍ കഴിയുമെന്നഭിപ്രായപ്പെട്ടു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ബാങ്കിങ് രംഗവുമായി അടുപ്പിക്കാന്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന മുതലാളിത്ത സാമ്പത്തിക ചുറ്റുപാട് സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ ഏറെയാണ്.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ മുസ്്‌ലിംകള്‍ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം പോയിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണുള്ളത്. മുഖ്യധാരാ സാമ്പത്തിക കാര്യങ്ങളില്‍ ഒഴിവാക്കപ്പെട്ട ഒരു സമൂഹമായി മാറിയിരിക്കയാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നാണയ മൂല്യം ഇല്ലാതാക്കുന്ന പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മുസ്്‌ലിം സമൂഹത്തില്‍ ഭൂരിഭാഗം വരുന്ന ആളുകള്‍ക്കും ബാങ്കുകളില്‍ വ്യാപാര ഇടപാടുകള്‍ ഇല്ലാത്തവരാണ്. അല്ലെങ്കില്‍ ഉള്ളവര്‍തന്നെ അവരുടെ ഇടപാടുകള്‍ പ്രവര്‍ത്തനരഹിതമാക്കി നില്‍ക്കുകയാണ്. പലിശയെന്ന മഹാപാപത്തെ മുന്‍നിര്‍ത്തി ബാങ്കുകളില്‍ ഇടപാടുകള്‍ നടത്താതെ മാറിനിന്ന് വീടുകളിലും മറ്റും പണം സ്വരൂപിച്ചുവച്ച് ഇന്ന് അതു കള്ളപ്പണമായി മാറി ബാങ്കുകളുമായി വളരെ ബുദ്ധിമുട്ടി നിര്‍ബന്ധിത ഇടപാടുകള്‍ നടത്തേണ്ടിവരുകയും പണം നഷ്ടപ്പെടുകയും ചെയ്യുന്ന ഈ സന്ദര്‍ഭത്തില്‍ എന്തുകൊണ്ടും പകരം വയ്ക്കാവുന്ന പുതിയ ഒരു സാമ്പത്തിക മേഖലയാണ് ഇസ്്‌ലാമിക് സമ്പദ്ഘടനയും പലിശരഹിത ബാങ്കുകളും. ഈ ബാങ്കുകള്‍ ആരംഭിക്കുമ്പോള്‍ മതപരമായ കാരണങ്ങളാല്‍ ധനപരമായ ഇടപാടുകളില്‍ പുറംതള്ളപ്പെട്ട മുസ്്‌ലിം സമൂഹത്തെ ഉള്‍ക്കൊള്ളിക്കാനും കഴിയും. 65 വര്‍ഷത്തെ സ്വാതന്ത്ര്യാനന്തര സാമ്പത്തിക വ്യവസ്ഥിതിക്കും 25 വര്‍ഷത്തെ പുതിയ സാമ്പത്തികപരിഷ്‌കരണാനന്തര വ്യവസ്ഥിതികള്‍ക്കും ഇന്ത്യയില്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും സാമ്പത്തിക അസന്തുലിതാവസ്ഥയും ഇന്നും ഏറെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തെ സോഷ്യലിസ്റ്റ് ചിന്താഗതിയിലൂടെ മുന്നോട്ട് കൊണ്ടുപോകാന്‍ നെഹ്‌റു ശ്രമിച്ചെങ്കിലും ഇന്ത്യ ഒരു മുതലാളിത്ത വ്യവസ്ഥിതിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഈ മുതലാളിത്ത രാജ്യത്ത് പണത്തിനു മുകളിലൂടെ പറക്കുന്ന വ്യവസായ പ്രമുഖരും കൈക്കൂലിക്കാരായ ചില രാഷ്ട്രീയ നേതാക്കളും സമ്പത്ത് വാരിക്കൂട്ടുന്നതില്‍ തെറ്റുപറയാന്‍ പറ്റില്ല. കാരണം പണം എന്നത് മുതലാളിത്ത വ്യവസ്ഥിതിയുടെ ലക്ഷ്യമാണ്.

നമ്മുടെ സര്‍ക്കാര്‍ വെറും നാല് ശതമാനം വരുന്ന സാധാരണ ജനങ്ങളുടെ കൈയിലുള്ള കള്ളപ്പണത്തെ തടയുന്നതിനു പകരം റിയല്‍ എസ്റ്റേറ്റുകളിലും ജ്വല്ലറികളിലും വിദേശ നിക്ഷേപങ്ങളിലും ഉള്ള ഭൂരിഭാഗം വരുന്ന കള്ളപ്പണത്തെ തടയാനായിരുന്നു ആദ്യമായി നിയമനടപടികള്‍ എടുക്കേണ്ടിയിരുന്നത്. മറിച്ച് അവരുടെ കോടിക്കണക്കിന് വരുന്ന കടങ്ങള്‍ എഴുതിത്തള്ളി സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ച് സര്‍ക്കാര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പൊതു ജനത്തിന്റെ മുന്നില്‍ കള്ളപ്പണത്തിനെതിരേ പോരാടുന്ന രാഷ്ട്രീയക്കാരായി ചിത്രീകരിക്കാന്‍ വേണ്ടി മാത്രമാണെന്ന് എന്തുകൊണ്ടും സംശയിക്കാവുന്നതാണ്. ഇസ്‌ലാമിക് ബാങ്കിങ്ങിന്റെ ആദ്യഘട്ടമെന്ന രീതിയില്‍ രാജ്യത്തിന്റെ പരമ്പരാഗത ബാങ്കുകളില്‍ ഒരു വ്യത്യസ്തമായ ജാലകപടി തുറക്കാനും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. അതുവഴി രാജ്യത്തിന്റെ പുരോഗതിയില്‍ വലിയൊരു പങ്കുവഹിക്കാന്‍ ഈ ബാങ്കുകള്‍ക്ക് സാധിക്കും.

അതുപോലെ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്കിന്റെ ആദ്യശാഖ ഇന്ത്യയില്‍ ആരംഭിക്കാന്‍ പോവുകയാണ്. ഇന്ത്യയിലെ പൊതുമേഖല ബാങ്കായ ആക്‌സിം ബാങ്കുമായി കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ധാരണാപത്രത്തില്‍ ഒപ്പു വയ്ക്കുകയുണ്ടായി. ഗുജറാത്തിലെ അഹ്മദാബാദ് നഗരത്തിലാണ് ഇത് ആരംഭിക്കുന്നത്. 18 കോടിയോളം മുസ്‌ലിം മതവിശ്വാസികള്‍ ഉള്ള ഇന്ത്യാ മഹാരാജ്യത്ത് മതമൈത്രി കാത്തുസൂക്ഷിച്ച് സര്‍ക്കാരിന്റെ പുതിയ പരിഷ്‌കരണത്തിന്റെ ഭാഗമായി പലിശരഹിത ബാങ്കുകള്‍ക്ക് മുന്നോട്ട് പോവാന്‍ കഴിയും. രാജ്യത്ത് ലാഭനഷ്ട പങ്കുകച്ചവടത്തിലൂടെ സാമ്പത്തിക സമത്വവും ഉറപ്പ് വരുത്താന്‍ ഈ ബാങ്കുകള്‍ക്ക് സാധിക്കും.

മുതലാളിത്ത സമ്പദ്‌വ്യവസ്ഥയും അതിലെ ധനശേഖരണങ്ങളും പലിശയില്‍ അകപ്പെട്ടതാണ്. ഇതാണ് ബാങ്കുകളുടെ പരാജയത്തിന്റെ പ്രധാനകാരണമെന്ന് 2007-08 സാമ്പത്തിക പ്രതിസന്ധിയില്‍നിന്നു മനസ്സിലാക്കാന്‍ സാധിച്ചത്. ഇന്ത്യയിലെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കുന്നതിലൂടെ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളും മറ്റു മുതലാളിത്ത വ്യവസ്ഥയിലെ പ്രതിസന്ധികളും ഈ പലിശരഹിത ബാങ്കുകള്‍ക്ക് ഇല്ലാതാക്കാന്‍ സാധിക്കും. ഒരു സുസ്ഥിരവും സമൃദ്ധവുമായ സാമ്പത്തികവ്യവസ്ഥ പടുത്തുയര്‍ത്താനും ഈ ബാങ്കുകള്‍ക്ക് കഴിയും.

(അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി മലപ്പുറം സെന്ററിലെ എക്കണോമിക്‌സ് വിഭാഗം അസി. പ്രഫസറാണ് ലേഖകന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക