Image

ഹോം സിനിമ ‘നിനച്ചിരിക്കാതെ’ റിലീസ് ചെയ്തു

Published on 23 November, 2016
ഹോം സിനിമ ‘നിനച്ചിരിക്കാതെ’ റിലീസ് ചെയ്തു

  ദോഹ: ഹോം സിനിമാരംഗത്ത് കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി സജീവ സാന്നിധ്യമായ ബന്ന ചേന്ദമംഗല്ലൂര്‍ സംവിധാനം ചെയ്ത ‘നിനച്ചിരിക്കാതെ’ ദോഹയില്‍ റിലീസ് ചെയ്തു. ബ്രാഡ്മാ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ഹാഫിസിന് ആദ്യ സിഡി നല്‍കി സിറ്റി എക്‌സ്‌ചേഞ്ച് ഐടി ആന്‍ഡ് ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ ഷാനിബാണ് പ്രകാശനം നിര്‍വഹിച്ചത്.

കെയര്‍ ആന്‍ഡ് ക്യൂയറിന്റെ ബാനറില്‍ സിറ്റി എക്‌സ്‌ചേഞ്ച് നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന് ലത്തീഫ് ചെറുവണ്ണൂരാണ് കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ങ80 മുസ, മറിമായം, ഫെയിം വിനോദ് കോവൂര്‍ നായകനാവുന്ന ചിത്രത്തില്‍ അനു സിതാരയാണ് നായിക. ഖത്തറിലെ കലാകരന്‍മാരായ ബാവ വടകര, രാജേഷ് രാജന്‍, ഇഖ്ബാല്‍ ചേറ്റുവ, ജമാല്‍ വേളൂര്‍, സിന്ധു രാമചന്ദ്രന്‍ തുടങ്ങിയവരും സിനിമയില്‍ വേഷമിട്ടിട്ടുണ്ട്. ഗള്‍ഫില്‍ നിന്ന് വിവാഹത്തിനായി നാട്ടിലെത്തുന്ന നായകന്റെ പെണ്ണ് കാണല്‍ ചടങ്ങിലെ നര്‍മവും ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ദുരന്തവുമാണ് കഥാതന്തു. ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ദോഹയില്‍ ചിത്രീകരിച്ചിട്ടുണ്ട്.

ബാലന്‍ കെ.നായര്‍ അവാര്‍ഡടക്കം നാല് അവാര്‍ഡുകള്‍ സ്വന്തമാക്കിയ ‘ഒറ്റപ്പെട്ടവര്‍’ എന്ന ചിത്രത്തിന് ശേഷമാണ് ബന്ന ചേന്ദമംഗല്ലൂര്‍ ‘നിനച്ചിരിക്കാതെ’ എന്ന ചിത്രം സംവിധാനം ചെയ്തത്. ‘ഉമര്‍ മുഖ്താര്‍, റിസാല, ചിന്‍ഡ്രന്‍ ഓഫ് ഹെവന്‍’ എന്നീ അന്യഭാഷചിത്രങ്ങളുടെ ഡബിംഗ് ഡയറക്ഷന്‍ ചെയ്ത ബന്ന ചേന്ദമംഗല്ലൂര്‍ ഊമക്കുയില്‍ പാടുമ്പോള്‍, ഗഘപത്ത് തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

ദോഹയിലെ സാംസ്‌കാരിക പ്രവര്‍ത്തകയായ നജ്മ നസീര്‍ കേച്ചേരി രചിച്ച് മഞ്ജരിയും എം.എ. ഗഫൂറും ആലപിച്ച മൂന്ന് ഗാനങ്ങള്‍ ചിത്രത്തിന്റെ ആകര്‍ഷണങ്ങളാണ്. സിനിമ യൂട്യൂബിലും ലഭ്യമാകുമെന്ന് സംവിധായകന്‍ ബന്ന ചേന്ദമംഗല്ലൂര്‍ അറിയിച്ചു. മീഡിയ പ്ലസാണ് ചിത്രം ഖത്തറില്‍ വിതരണത്തിനെത്തിക്കുന്നത്. സിഡി ആവശ്യമുള്ളവര്‍ 4432 4853, 7046 7553 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

ചടങ്ങില്‍ അമാനുള്ള വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ബന്ന ചേന്ദമംഗല്ലൂര്‍, യുസുഫ് പി.ഹമീദ്, നജ്മ നസീര്‍, സി.കെ. റാഹേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക