Image

നാണയ നിര്‍വീര്യകരണത്തിന്റെ ചുഴിയില്‍ രാജ്യവും പാര്‍ലിമെന്റും(ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 22 November, 2016
നാണയ നിര്‍വീര്യകരണത്തിന്റെ ചുഴിയില്‍ രാജ്യവും പാര്‍ലിമെന്റും(ദല്‍ഹികത്ത് : പി.വി.തോമസ്)
ഇവിടെ ഒരു ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടേക്കാം.... ഇത് വളരെ ഗൗരവതരമായ ഒരു പ്രശ്‌നം ആണ്. ഇത് ജനതയെ ആകെ സംബന്ധിക്കുന്ന കാര്യം ആണ്. കേന്ദ്രഗവണ്‍മെന്റിന് ഇവിടെ ഇങ്ങനെ അതിരൂക്ഷമായി ഒരു പ്രതിസന്ധി ഇല്ലെന്ന് പറയുവാന്‍ സാധിക്കുകയില്ല.

ഇത് പറഞ്ഞത് അരവിന്ദ് കേജരിവാളോ, മമത ബാനര്‍ജിയോ, രാഹുല്‍ഗാന്ധിയോ, സീതാറാം യെച്ചൂരിയോ അല്ല. ഇന്‍ഡ്യയുടെ സുപ്രീം കോടതിയാണ്. പരമോന്നത നീതി പീഠത്തിന്റെ ബ്ഞ്ചില്‍ സന്നിഹിതരായിരുന്നത് ചീഫ് ജസ്റ്റീസ് റ്റി.എസ്. ഠാക്കൂറും ജസ്റ്റീസ് എ.ആര്‍. ഡാവെയും ആയിരുന്നു(നവംബര്‍ 18, 2016)
എന്താണ് ഈ രാജ്യത്ത് ഇന്ന് സംഭവിക്കുന്നത് നാണയ നിര്‍വീര്യകരണത്തിന്റെ പേരില്‍? പരിശോധിക്കാം.

രാജ്യം ഇന്ന് പരിപൂര്‍ണ്ണമായ സാമ്പത്തിക രാഷ്ട്രീയ അടിയന്തിരാവസ്ഥയില്‍ അരാജകാവസ്ഥയില്‍ ആണ്്. സുപ്രീംകോടതിയുടെ നിരീക്ഷണം അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കുന്ന രീതിയിലുള്ള സംഭവങ്ങള്‍ ആണ് രാജ്യത്ത് ഉടനീളം നാണയ നിര്‍വീര്യകരണത്തിന് ശേഷം സംഭവിച്ചു കൊണ്ടിരിക്കുന്നത്. കയ്യില്‍/ ബാങ്ക് അക്കൗണ്ടില്‍ കാശുവച്ചുകൊണ്ട് ജനം പട്ടിണികിടക്കുകയാണ്, മരിക്കുകയാണ്/ ആത്മഹത്യ ചെയ്യുകയാണ്. ചികിത്സിക്കുവാന്‍ പണമില്ലാതെ മരിക്കാതെ മരിക്കുകയാണ്. സാമ്പത്തീകമേഖല ഒന്നടങ്കം ്‌സ്തംഭിച്ചിരിക്കുഗകയാണ്. ജനജീവിതം ദുരിതപൂര്‍ണ്ണം ആയിരിക്കുകയാണ്. അതിനാല്‍ ആഭ്യന്തരകലാപത്തെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ മുന്നറിയിപ്പ് വളരെ ശരിയാണ്. ഒരു ആപല്‍ സൂചനയും ആണ് അത്.
എന്നാല്‍ ഇതെല്ലാം നല്ല ഒരു നാളെക്ക് വേണ്ടിയുള്ള ത്യാഗം ആണ് എന്നാണ് ഗവണ്‍മെന്റിന്റെ വീക്ഷണം. ഇത് മാധ്യമങ്ങളുടെ അത്യുക്തി കലര്‍ത്തിയുള്ള പ്രചരണം ആണെന്നും അതിലേറെ രാഷ്്ട്രീയ പ്രേരിതം ആണെന്നും സര്‍ക്കാരും ബി.ജെ.പി.യും സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നു. ശരിയല്ല അത്. നല്ല ഒരു നാളെയ്ക്കും കള്ളപ്പണ നിര്‍മ്മാര്‍ജ്ജനത്തിനും വേണ്ടിയാണ് ഇന്നത്തെ ഈ സഹനം എന്ന വാദത്തോടും യോജിക്കുവാന്‍ സാധിക്കുകയില്ല. ഓരോ ജീവനും വിലപ്പെട്ടതാണ്. നാണയ നിര്‍വീര്യകരണത്തിന്റെ ഫലമായി പൊലിഞ്ഞുപോയ ആ ജീവിതങ്ങള്‍ക്ക്, അവരുടെ കുടുംബങ്ങള്‍ക്ക് എന്ത് നല്ല നാളെയാണ് നിങ്ങള്‍, സര്‍ക്കാര്‍, വാഗ്ദാനം ചെയ്യുന്നത്? ഇത് ഭരണപ്പിഴവുകൊണ്ട് സംഭവിച്ചത് മാത്രം ആണ്. രാഷ്ട്രീയ ലാഭം കൊയ്യുവാനും. ഇനി ഇതിന്റെയെല്ലാം ഒടുവില്‍ കള്ളപ്പണം തുടച്ച് നീക്കുവാന്‍ സാധിച്ചില്ലെങ്കില്‍ ആര് ഉത്തരം പറയും? കള്ളപ്പണത്തിന്റെ മൂല കാരണങ്ങള്‍ കണ്ട് പിടിച്ച അതിന്റെ ഉല്‍പാദന ശൃംഖലയുടെ വേരറുക്കാതെ ഈ ഭീകരനെ നശിപ്പിക്കുവാന്‍ സാധിക്കുമോ? ഇല്ല തന്നെ.

കള്ളപ്പണത്തെയും കള്ളനാണയത്തെയും ഇല്ലാതാക്കിയാല്‍ ഭീകരവാദത്തെയും ഭീകരന്മാരെയും ഉന്മൂലനാശം ചെയ്യുവാന്‍ സാധിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലിയും വെങ്കയ്യ നായ്ഡുവും മറ്റും മറ്റും പറയുന്നത്. ശുദ്ധ മണ്ടത്തരം ആണ് ഇത്. ഭീകരവാദം പണത്തിന്റെ വന്‍വൃക്ഷത്തില്‍ വളരുന്ന ഒരു കായ് അല്ല. അതിന് ഒരു രാഷ്ട്രീയം ഉണ്ട്. മതങ്ങളുടെ വിശുദ്ധ ആശയങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് ദുരുപയോഗപ്പെടുത്തുന്ന ഒരു ഇരുണ്ട വശം ഉണ്ട്. അതുകൊണ്ട് ഭീകരവാദം വളരുന്നത് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും ഇന്‍ഡ്യന്‍ കറന്‍സികളില്‍ ആണെന്ന് വിശ്വസിക്കുന്നത് അബന്ധം ആണ്. ഈ നോട്ടുകള്‍ പോയാല്‍ വേറെ വ്യാജനോട്ടുകള്‍ വരും. ഭീകരവാദത്തിന്റെ രാഷ്ട്രീയ-മത മുഖങ്ങള്‍ ആണ് തുറന്നു കാണിക്കേണ്ടത് ചെറുക്കേണ്ടത്. കറന്‍സികള്‍ അതിലെ ഒരു ലഘുഘടകം മാത്രം ആണ്. ഇന്‍ഡ്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ടും (കൊല്‍ക്കട്ട) നാഷ്ണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയും നടത്തിയ ഒരു സര്‍വ്വെപ്രകാരം ഇന്‍ഡ്യയില്‍ പ്രചാരത്തിലുള്ള വ്യാജ കറന്‍സി നോട്ടുകളുടെ മൊത്തം മൂല്യം നാനൂറി കോടിരൂപയാണ്. ഇത് അത്ര വലിയ ഒരു തുകയും അല്ല. ഇതിലൂടെയുള്ള ഭീകരപണ സ്രോതസിനെ ഇല്ലായ്മ ചെയ്യുവാനാണ് ഇത്ര വലിയ ഒരു ഓപ്പറേഷനും അതിന്റെ ഫലമായിട്ടുള്ള ദുരതങ്ങളും സര്‍ക്കാര്‍ കാഴ്്ച വച്ചതെന്നത് ബുദ്ധിക്ക് നിരക്കുന്നതല്ല. മാത്രവുമല്ല ഈ നാനൂറ് കോടിയില്‍ ഒരു ഭാഗം മാത്രമെ ഭീകരരെ ഫണ്ട് ചെയ്യുവാനായി പോകുന്നുള്ളൂ. പുതിയ രണ്ടായിരം രൂപക്കും അഞ്ഞൂറ് രൂപയ്ക്കും വ്യാജന്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കവും ഇല്ല. അപ്പോള്‍ കറന്‍സി നിര്‍വീര്യകരണത്തിലൂടെ ഭീകരഫണ്ടിംങ്ങ് തടഞ്ഞു എന്ന് മോഡി അവകാശപ്പെടുന്നതില്‍ എന്തെങ്കിലും അര്‍ത്ഥം ഉണ്ടോ? ഇല്ല.

ഇന്‍ഡ്യയുടെ ഗ്രോസ് ഡൊമസ്റ്റിക്ക് പ്രോഡക്ടിന്റെ ഇരുപതു മുതല്‍ അറുപത് ശതമാനം വരെയാണ് ബ്ലാക്ക്മണി എന്നാണ് കണക്ക്. അതായത് 27 ലക്ഷം കോടി രൂപ മുതല്‍ ഏകദേശം 90 ലക്ഷം കോടിരൂപ വരെ. ഈ കള്ളപ്പണത്തിന്റെ നല്ല ഒരു ശതമാനം വ്യാജ നാമധേയത്തിലുള്ള വസ്തുവകകളിലും സ്വര്‍ണ്ണ-വെള്ളിക്കട്ടികളിലും വിദേശബാങ്കുകളിലും ഷെയറുകളിലും ആയിരിക്കും നിക്ഷേപിച്ചിരിക്കുക. പണത്തിന്റെ രൂപത്തില്‍ വളരെ തുച്ഛമായ കള്ളപ്പണം മാത്രമെ കാണുകയുള്ളൂ. ഒരു കണക്ക് പ്രകാരം പണത്തിന്റെ രൂപത്തില്‍ കള്ളപ്പണം 1.4 ലക്ഷം കോടിരൂപ മുതല്‍ 4.5 ലക്ഷം കോടിരൂപ വരെ ഉണ്ടായിരിക്കുവാനെ സാദ്ധ്യതയുള്ളൂ. ഇതിന്റെ അര്‍ത്ഥം ആകെയുള്ള കള്ളപ്പണത്തിന്റെ ചെറിയ ഒരു ശതമാനം മാത്രമെ പണത്തിന്റെ രൂപത്തില്‍ ഇരിക്കുന്നുള്ളൂ. ഇതില്‍ തന്നെ വലിയ ഒരു അളവ് ഇപ്പോഴത്തെ ഈ കള്ളപ്പണവേട്ടയില്‍ പിടിക്കപ്പെടുവാന്‍ പോകുന്നുമില്ല. പിന്നെ എന്തിന് ഈ കോലാഹലങ്ങള്‍? യാതനകള്‍. രാഷ്ട്രീയ പ്രചരണത്തിനോ? എന്ന് വേണ്ടേ അനുമാനിക്കുവാന്‍ ഉപദേശത്തെ കള്ളപ്പണക്കാരുടെ, സ്വിസ് ബാങ്ക് ഉള്‍പ്പെടെ, ലിസ്റ്റ് ഗവണ്‍മെന്റിന്റെ കയ്യിലുണ്ടല്ലോ? എന്ത് നടപടി എടുത്തു? ഒന്നും ഇല്ല.
പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിമാരും, പ്രത്യേകിച്ചും അരുണ്‍ ജെയ്റ്റ്‌ലിയും വെങ്കയ്യ നായ്ഡുവും, യാഥാര്‍ത്ഥ്യം മനസിലാക്കുന്നില്ല. അല്ലെങ്കില്‍ മനസിലാക്കാത്തതായി നടിക്കുന്നു. മോഡി ജനങ്ങളില്‍ നിന്നും ആവശ്യപ്പെടുന്നത് ഡിസംബര്‍ അവസാനം വരെ സമയം വേണം എന്ന് ആണ്. അതുവരെ ജനം സഹിക്കുക, പട്ടിണികിടക്കുക, എന്തും ചെയ്യുക. ഡിസംബര്‍ കഴിഞ്ഞാല്‍ നാണയ നിര്‍വീര്യകരണത്തിന്റെ ഫലമായി മരിച്ചവരുടെ ജീവന്‍ തിരിച്ച് നല്‍കുവാന്‍ മോഡിക്ക് സാധിക്കുമോ? മോഡി ഉത്തര്‍പ്രദേശില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുകയുണ്ടായി; ഇപ്പോള്‍ സാധാരണ ജനങ്ങള്‍ സുഖമായി ഉറങ്ങുന്നുണ്ട്. കള്ളപ്പണക്കാര്‍ക്ക് ഉറക്കം ലഭിക്കുകയില്ല. ഇത് സത്യ വിരുദ്ധം ആണ്. സാധാരണ ജനങ്ങള്‍ ഉറങ്ങുന്നത് ക്യൂവിലും ബാങ്കിന്റെ തിണ്ണയിലും ആണ്. അതും അസ്വസ്ഥരായി, അര്‍ദ്ധപട്ടിണിയിലും മുഴുപട്ടിണിയിലും, നാളയെക്കുറിച്ച് പരിഭ്രാന്തരായും, യഥാര്‍ത്ഥ കള്ളപ്പണ കോടീശ്വരന്മാര്‍ സുഖനിദ്രയിലും. ഇന്‍ഡ്യയിലും തീര്‍ന്നില്ല മോഡിയുടെ വാഗ് വിലാസം. 'എനിക്ക് അറിയാം ചില ശക്തികള്‍ എനിക്കെതിരായി അണിനിരന്നിട്ട് ഉണ്ട് എന്ന്. അവര്‍ എന്നെ ജീവിക്കുവാന്‍ അനുവദിച്ചേക്കുകയില്ല. കാരണം 70 വര്‍ഷമായിട്ടുള്ള അവരുടെ കൊള്ള മുതല്‍ അപകടത്തിലാണ്. നിങ്ങള്‍ എന്നെ ജീവനോടെ കത്തിച്ചു കളഞ്ഞാലും ഞാന്‍ ഭയക്കുകയില്ല. ഈ യാതനകള്‍ 50 ദിവസത്തേക്ക് മാത്രമെയുള്ളൂ(പ്രസ്താവന നടത്തിയത് നവംബര്‍ 14 ന് ഗോവയില്‍ ആണ്). എന്റെ ഉദ്ദേശങ്ങള്‍ക്കോ പ്രവര്‍ത്തികള്‍ക്കോ എന്തെങ്കിലും തെറ്റ് കണ്ടാല്‍ നിങ്ങള്‍ എന്നെ പര്‌സ്യമായി തൂക്കിലേറ്റുക. ഞാന്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു ഞാന്‍ നിങ്ങള്‍ക്ക് നിങ്ങള്‍ സ്വപ്‌നം കണ്ട ഇന്‍ഡ്യ നല്‍കും.'

മോഡിയുടെ ഈ വൈകാരികമായ ആത്മവിക്ഷോഭം ഒരു തരം ഇമോഷ്ണല്‍ ബ്ലാക്ക് മെയില്‍ ആയി ഭവിക്കുന്നു. സംഭവങ്ങള്‍ അദ്ദേഹത്തിന്റെ കൈവിട്ടുപോയോ? ആരാണ് പ്രധാനമന്ത്രിയെ വകവരുത്തുവാന്‍ ശ്രമിക്കുന്നത്? എന്തിന് ജനം അദ്ദേഹത്തെ പരസ്യമായി തൂക്കിലേറ്റണം. കുറ്റബോധത്തില്‍ നിന്നും ഉളവാക്കുന്ന ഒരുതരം പീഡനമാനസികാവസ്ഥയാണോ ഇത്. സാധാരണ ഗതിയില്‍ മോഡിക്ക് ഇതിന്റെയൊന്നും ആവശ്യമില്ലാത്തത് ആണ്. അദ്ദേഹം തന്നെ അടിവരയിട്ട് പറഞ്ഞതുപോലെ അദ്ദേഹം വീടും സര്‍വ്വസ്വവും  രാജ്യത്തിനുവേണ്ടി ത്യജിച്ചതാണ്. അദ്ദേഹം ചെയ്തതെല്ലാം പരിപൂര്‍ണ്ണ ആത്മാര്‍ത്ഥതയോടെ ജനങ്ങളുടെ നന്മയ്ക്കായിട്ടാണ്. എങ്കില്‍ പിന്നെ പ്രധാനമന്ത്രിക്ക് ഈ സെല്‍ഫ് ഡൗട്ടിന്റെ ആവശ്യം എന്തായിരുന്നു? ഏതായാലും ജനവും കാലവും മോഡിയെയും അദ്ദേഹത്തിന്റെ നാണയ നിര്‍വീര്യകരണത്തെയും ന്യായ വിചാരണ ചെയ്ത് വിധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. തല്‍ക്കാലം മോഡി പ്രതിക്കൂട്ടില്‍ ആണ്.

ഈ നാണയ പ്രതിസന്ധി പരിഹരിക്കുവാന്‍ ഗവണ്‍മെന്റും 2,300 കോടി കറന്‍സി നോട്ടുകള്‍(15 ലക്ഷം കോടി വിലവരുന്നത്) അച്ചടിച്ച് വിതരണം ചെയ്യേണ്ടതായിരിക്കുന്നു. ഇതിന് ഏതാനും മാസങ്ങള്‍ മുതല്‍ അരവര്‍ഷം വരെ സമയം വേണ്ടിവരും. അച്ചടിക്കണം പിന്നീട് അത് ഇന്‍ഡ്യ മുഴുവനും വിതരണം ചെയ്യണം. സുപ്രീം കോടതി ചോദിച്ചതുപോലെ എന്തുകൊണ്ട് ഗവണ്‍മെന്റ് ഇത് മുന്‍കൂട്ടി കണ്ടില്ല? എന്തായിരുന്നു ഇത്ര ശ്രീഘ്രത ഈ പരിഷ്‌ക്കാരം നടപ്പില്‍ വരുത്തുന്നതിന്? അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നതിന് മുമ്പ് ചെയ്യുവാനോ മോഡല്‍ കോഡ് ഓഫ് കണ്ടക്ടിനെ മറിക്കുവാനോ അതോ സമ്പൂര്‍ണ്ണ ഗുപ്തക്കുവേണ്ടിയോ?

ജനങ്ങള്‍ നാണയ നിര്‍വീര്യകരണത്തിന്റെ ഫലമായി നെട്ടോട്ടം ഓടുമ്പോള്‍, കര്‍ഷകര്‍ കടക്കെണിമൂലം ആത്മഹത്യ ചെയ്യുമ്പോള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സ്റ്റെയിറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ വ്യവസായിയും സാമ്പത്തിക തട്ടിപ്പുകാരനുമായ വിജയമല്ല്യ അടക്കമുള്ള നൂറോളം കച്ചവടരാജാക്കന്മാരുടെ 7000 കോടിരൂപയുടെ കിട്ടാക്കടം എഴുതി തള്ളിയതും വലിയ വിവാദത്തിന് വഴിയൊരുക്കി. നാണയ നിര്‍വീര്യകരണത്തെ തുടര്‍ന്ന് പണമില്ലാത്തതിനാല്‍ നൂറുകണക്കിന് വിവാഹങ്ങള്‍ ഇന്‍ഡ്യയില്‍ ഉടനീളം മുടങ്ങിപ്പോയ സാഹചര്യത്തിലാണ് മുന്‍ ബി.ജെ.പി. മന്ത്രിയും ഖനവ്യവസായിയുമായ ജി.ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ മകളുടെ 500 കോടിരൂപയുടെ വിവാഹധൂര്‍ത്ത് ബാംഗ്ലൂരില്‍ നടന്നത്. ഇതോടനുബന്ധിച്ച് സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ ഒരു ഔദാര്യം നല്‍കി. അവര്‍ക്ക് വിവാഹാവശ്യങ്ങള്‍ക്കായി തെളിവ് ഹാജരാക്കിയാല്‍ 2.5 ലക്ഷം രൂപ അവരുടെ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാം! ഇതെല്ലാം എന്ത് സല്‍ഭരണത്തിന്റെ സന്ദേശങ്ങള്‍ ആണ്? ഇതിനൊപ്പം ആണ് നാണയ നിര്‍വീര്യകരണത്തിന്റെ ഭാഗമായി ഇന്‍ഡ്യയാകെയുള്ള സഹകരണബാങ്കുകളില്‍ ഏര്‍പ്പെടുത്തിയ വിലക്ക്. അവര്‍ക്ക് അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കുവാനോ പകരം നോട്ടുകള്‍ നല്‍കുവാനോ സാധിക്കുകയില്ല. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്‍ഡ്യ അവര്‍ക്ക് പണം നല്‍കുകയും ഇല്ല. സഹകരണ ബാങ്കുകള്‍ ഗ്രാമീണ ഇന്‍ഡ്യയുടെയും ഗ്രാമീണരുടെയും സാമ്പത്തീക ജീവനാഡിയാണ്. കള്ളപ്പണത്തിന്റെ പേരില്‍ ഇവരില്‍ നടത്തിയിരിക്കുന്ന ഈ സര്‍ജിക്കല്‍ സ്‌ട്രൈക്ക് സ്തംഭിപ്പിച്ചിരിക്കുന്നത് ഗ്രാമീണ സാമ്പത്തീകമേഖലയെയാണ്. ഇതില്‍ വ്യക്തമായ രാഷ്ട്രീയവും ഉണ്ട്. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ സഹകരണബാങ്കുകള്‍ സി.പി.എം. പോലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ഭരണത്തില്‍ ആണ്. സഹകരണ ബാങ്കുകളിലെ നിക്ഷേപം 10 ലക്ഷം കോടിയിലേറെയാണ് എന്നാണ് കണക്ക്. ഓര്‍മ്മിക്കുക ഇതിന്റെ വ്യാപ്തി.

നാണയ നിര്‍വീര്യകരണം പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനത്തെയും സ്തംഭിപ്പിച്ചിരിക്കുകയാണ്. രാ്ജ്യസഭയില്‍ ഒരു ചര്‍ച്ച തുടങ്ങിവച്ചെങ്കിലും പ്രതിപക്ഷം പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യവും മറുപടിയും ആവശ്യപ്പെട്ട് പ്രക്ഷോഭണത്തില്‍ ആണ്. ഗവണ്‍മെന്റും കടുത്ത നിലപാടില്‍ ആണ്. പ്രധാനമന്ത്രി ഒരു പ്രത്യേക പ്രക്ഷേപണത്തിലൂടെയാണ് നാണയ നിര്‍വീര്യകരണം പ്രഖ്യാപിച്ചത്. ധനമന്ത്രി അല്ല. റിസര്‍വ്വ് ബാങ്ക് അല്ല. പ്രസിഡന്റിന്റെ ഓര്‍ഡിനന്‍സും അല്ല. (മുമ്പ രണ്ട് പ്രാവശ്യവും രാഷ്ട്രപതിയുടെ ഓര്‍ഡിനന്‍സിലൂടെ ആയിരുന്നു നാണയനിര്‍വീര്യകരണം നടപ്പിലാക്കിയത്). അപ്പോള്‍ പ്രധാനമന്ത്രിക്ക് പാര്‍ലിമെന്റിനോട് ഇക്കാര്യം വ്യക്തിപരമായി വിശദീകരിക്കുവാനുള്ള കടപ്പാട് ഉണ്ട്. നാണയ നിര്‍വീര്യകരണം ത്രിണമൂല്‍ കോണ്‍ഗ്രസ്, ഇടതുപക്ഷം ആപ്പ്, 9 കോണ്‍ഗ്രസ്, എസ്.പി, ബി.എസ്.പി. എന്നീ പ്രതിപക്ഷകക്ഷികളെ യോജിപ്പിച്ചിരിക്കുകയാണ്. ത്രിണമൂലും ആപ്പും നാണയ നിര്‍വീര്യകരണം പിന്‍വലിക്കണമെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കുവാന്‍ ഒരു ജോയിന്റ് പാര്‍ലിമെന്റ്ി പാര്‍ട്ടി രൂപീകരിക്കണമെന്നും ശഠിക്കുകയാണ്. പിന്‍വലിക്കല്‍ നടക്കുകയില്ല. അത് ഗവണ്‍മെന്റ് വ്യക്തമാക്കി. ജെ.പി.സി., അനുഭവങ്ങളുടെ വെളിച്ചത്തില്‍, ഒരു പാഴ് വേലയും ആയിരിക്കും.
നാണയ നിര്‍വീര്യകരണത്തെ ജനങ്ങളുടെ മുമ്പാകെ ബോദ്ധ്യപ്പെടുത്തുവാനും അവരെക്കൊണ്ട് അംഗീകരിപ്പിക്കുവാനും ജനങ്ങളുടെ ദുരിതങ്ങള്‍ പരിഹരിക്കുവാനും പ്രത്യുത അത് ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തിയെന്നും ഭീകരവാദത്തെ തളര്‍ത്തിയെന്നും തെളിയിക്കുവാനുള്ള ധാര്‍മ്മീക-ഭരണഘടന-രാഷ്ട്രീയ ബാദ്ധ്യത മോഡിക്ക് ഉണ്ട്. അദ്ദേഹം അതിനൊത്ത് ഉയരണം. അല്ലാതെ മോഡി അദ്ദേഹത്തെ പര്‌സ്യമായി തൂക്കിലേറ്റുവാന്‍ ഭീഷണിപ്പെടുത്തുകയല്ല വേണ്ടത്.

നാണയ നിര്‍വീര്യകരണത്തിന്റെ ചുഴിയില്‍ രാജ്യവും പാര്‍ലിമെന്റും(ദല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക