Image

ലോക ബാങ്ക് പ്രസിഡന്റ് സ്ഥാനമൊഴിയും; ഹിലരി പിന്‍ഗാമിയായേക്കും;പേ റോള്‍ ടാക്‌സ് ഡീല്‍ നീട്ടാന്‍ ധാരണ; വിറ്റ്‌നി ഹൂസ്റ്റന്റെ സംസ്കാരം ഓണ്‍ലൈനിലൂടെ കാണാം

Published on 16 February, 2012
ലോക ബാങ്ക് പ്രസിഡന്റ് സ്ഥാനമൊഴിയും; ഹിലരി പിന്‍ഗാമിയായേക്കും;പേ റോള്‍ ടാക്‌സ് ഡീല്‍ നീട്ടാന്‍  ധാരണ;  വിറ്റ്‌നി ഹൂസ്റ്റന്റെ സംസ്കാരം ഓണ്‍ലൈനിലൂടെ കാണാം
വാഷിംഗ്ടണ്‍: ലോകബാങ്ക് പ്രസിഡന്റ് റോബര്‍ട്ട് ബി സോയിളിക് ജൂണില്‍ സ്ഥാനമൊഴിയും. അഞ്ചു വര്‍ഷ കാലാവധി പൂര്‍ത്തിയാവുന്ന ജൂണില്‍തന്നെ സ്ഥാനമൊഴിയുമെന്ന് സോയിളിക് പ്രഖ്യാപിച്ചു. യുഎശ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്‍ സോയിളിക്കിന്റെ പിന്‍ഗാമിയാവുമെന്ന യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് വിക്‌ടോറിയ നൂലാന്‍ഡ്‌സ് മാധ്യമറിപ്പോര്‍ട്ടുകള്‍ നിഷേധിച്ചിട്ടുണ്ട്. ഹിലരി നിരവധിതവണ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണെന്നും ലോക ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന അവരുടെ മുന്‍ തീരുമാനത്തില്‍ ഇപ്പോഴും മാറ്റമൊന്നുമില്ലെന്നും നൂലാന്‍ഡ് വ്യക്തമാക്കി.

എന്നാല്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രഫസറുമായ ലാറി സമ്മേഴ്‌സിന്റെ പേരും സോയിളിക്കിന്റെ പിന്‍ഗാമി സ്ഥാനത്തേക്ക് സജീവ പരിഗണനയിലുണ്ട്. അതേസമയം, ഇക്കാര്യങ്ങളെക്കുറിച്ച് ഔദ്യോഗികമായി തനിക്ക് യാതൊരു അറിവുമില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജേ കാര്‍ണി വ്യക്തമാക്കി. സോയിളിക്കിന്റെ പിന്‍ഗാമിയായി ഹിലരി എത്തുമെന്ന് യുഎസ് മാധ്യമങ്ങളാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത തെരഞ്ഞെടുപ്പോടെ പൊതുരംഗത്തുനിന്ന് വിടപറയുമെന്ന് ഹിലരി നേരത്തെ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ലോക് ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് അവരുടെ പേര് സജീവമായത്.

പേ റോള്‍ ടാക്‌സ് ഡീല്‍ നീട്ടാന്‍ കോണ്‍ഗ്രസില്‍ ധാരണ

വാഷിംഗ്ടണ്‍: ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും ഇടക്കാല നികുതി ഇളവ് (പേ റോള് ടാകസ് ഡീല്‍) നല്‍കുന്ന ബില്ലിന്റെ കാലാവധി ഈ വര്‍ഷം അവസാനംവരെ നീട്ടാനുള്ള നിര്‍ദേശത്തിന് യുഎസ് കോണ്‍ഗ്രസില്‍ ധാരണയായി.. 150 ബില്യണ്‍ ഡോളറിന്റെ വരുമാന നഷ്ടമാണ് തീരുമാനം നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന് ഉണ്ടാവുക. ഇരുസഭകളും കോണ്‍ഗ്രസും പാസാക്കുന്നതോടെ ബില്ല് ഈ ആഴ്ച അവസാനം പ്രാബല്യത്തില്‍ വരും. ചെലവുചുരുക്കല്‍ നയം നടപ്പാക്കണമെന്ന ആവശ്യത്തില്‍ അയവുവരുത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി തയാറായതും മറ്റു നികുതി ഇളവുകള്‍ തല്‍ക്കാലം മാറ്റിവെയ്ക്കാമെന്ന ഡെമോക്രാറ്റിക് പാര്‍ട്ടി നിലപാടെടുത്തതുമാണ് ഒത്തുതീര്‍പ്പിലേക്ക് നയിച്ചത്.

വിറ്റ്‌നി ഹൂസ്റ്റന്റെ സംസ്കാരം ഓണ്‍ലൈനിലൂടെ കാണാം

ന്യൂയോര്‍ക്ക്: കഴിഞ്ഞ ആഴ്ച അന്തരിച്ച വിഖ്യാത പോപ് ഗായിക വിറ്റ്‌നി ഹൂസ്റ്റന്റെ സംസ്കാര ചടങ്ങുകള്‍ ആരാധകര്‍ക്ക് ഓണ്‍ലൈനിലൂടെ കാണാന്‍ ആവസരം. ശനിയാഴ്ച വിറ്റ്‌നി ഹൂസ്റ്റന്റെ സംസ്കാരച്ചടങ്ങുകള്‍ നടക്കുന്ന ന്യുവാര്‍ക്കിലെ ന്യൂ ഹോപ് ബാപ്റ്റിസ്റ്റ് പള്ളിയില്‍ ഇതിനായി ഒരു വീഡിയോ ക്യാമറ സ്ഥാപിക്കാന്‍ അധികൃതര്‍ അനുമതി നല്‍കി. അസോസിയേറ്റ് പ്രസ് വഴി വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്കും ലഭ്യമാകും.

അതേസമയം, ഹൂസ്റ്റന്റെ അസ്വാഭാവിക മരണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഹൂസ്റ്റന്‍ താമസിച്ച ഹോട്ടല്‍ മുറിയില്‍ നിന്ന് മരുന്നുകളുടെ കുറിപ്പടി കിട്ടിയ സാഹചര്യത്തില്‍ ഇക്കാര്യത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്‌ടെന്ന് ലോസ്ഏയ്ഞ്ചല്‍സ് അസിസ്റ്റന്റ് ചീഫ് കൊറോണര്‍ എഡ് വിന്റര്‍ പറഞ്ഞു. ലോസ്ഏയ്ഞ്ചല്‍സിലെ ബിവര്‍ലിഹില്‍ട്ടണിലുള്ള ഹോട്ടലുറിയിലെ ബാത്ത് ടബ്ബില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ഹൂസ്റ്റനെ മരിച്ച നിലയില്‍ കണ്‌ടെത്തിയത്.

ഇലക്ട്രിക് സിഗരറ്റ് പൊട്ടിത്തെറിച്ച് അമേരിക്കക്കാരന്റെ പല്ലു പോയി

വാഷിംഗ്ടണ്‍: പുക വലിച്ചു കൊണ്ടിരിക്കെ ഇലക്ട്രിക് സിഗരറ്റ് പൊട്ടിത്തെറിച്ച് അമേരിക്കക്കാരന്റെ മുഴുവന്‍ പല്ലുകളും നാവിന്റെ ഒരു ഭാഗവും നഷ്ടമായി. മാത്രമല്ല സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ സ്വന്തം മുറിയും കത്തി ചാരമായി. ഫോട്ടോഗ്രാഫറായ ടോം ഹോളോവേ എന്നയാള്‍ക്കാണ് ഈ ദുര്യോഗമുണ്ടായത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഇലക്ട്രിക് സിഗരറ്റ് ഉപയോഗിച്ച് പുക വലിച്ചു കൊണ്ടിരിക്കവെയാണ് ഉഗ്രശബ്ദത്തോടെ സിഗരറ്റ് പൊട്ടിത്തെറിച്ചത്. ഭാര്യയും അയല്‍ക്കാരും ഓടി വരുമ്പോഴേക്കും മുറിയില്‍ തീ ആളിപ്പടര്‍ന്നിരുന്നു. ബാറ്ററിയുടെ സഹായത്താലാണ് ഇലക്ട്രിക് സിഗരറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. വീണ്ടും ചാര്‍ജ്ജ് ചെയ്ത് ഉപയോഗിക്കാവുന്നവയാണ് ഈ സിഗരറ്റുകള്‍. കാലപ്പഴക്കം ചെന്ന ബാറ്ററി പൊട്ടിത്തെറിച്ചതാകാം അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. രണ്ടു വര്‍ഷം മുമ്പ് ടോം സിഗരറ്റ് വലിക്കുന്നത് നിര്‍ത്തിയതാണ്. എന്നാല്‍ പുക വലിക്കാനുള്ള പ്രവണത ഉപേക്ഷിക്കാനാവാത്തതിനാല്‍ ഇലക്ട്രിക് സിഗരറ്റ് ഉപയോഗിക്കുകയായിരുന്നു. ഇത്തരം സിഗരറ്റുകള്‍ വലിക്കുമ്പോള്‍ പുക വലിക്കുന്ന അനുഭൂതി ലഭിക്കുകയും എന്നാല്‍ അധികം ദോഷകരമല്ലാത്തതുമാണിത്.

ഐസന്‍ഹോവര്‍ അന്യഗ്രഹ ജീവികളെ കണ്ടു; ഒന്നല്ല മൂന്നു തവണ

വാഷിംഗ്ടണ്‍: മുന്‍ യുഎസ് പ്രസിഡന്റ് ഐസന്‍ഹോവര്‍ 1954ല്‍ കുറഞ്ഞതു മൂന്നുതവണ അന്യഗ്രഹ ജീവികളുമായി ന്യൂ മെക്‌സിക്കോയിലെ ഹോളോമാന്‍ വ്യോമസേനാ താവളത്തില്‍ കൂടിക്കാഴ്ച നടത്തിയതായി യുഎസ് ഗവണ്‍മെന്റിന്റെ കണ്‍സല്‍ട്ടന്റായിരുന്ന തിമോത്തി ഗുഡ് ടിവി പരിപാടിയില്‍ പറഞ്ഞു. ഇതിനു പല സാക്ഷികളുണ്ടായിരുന്നെന്നും ലക്ചററും ഗ്രന്ഥകാരനുമായ അദ്ദേഹം അവകാശപ്പെട്ടു. അന്യഗ്രഹ ജീവികളുണെ്ടന്നു വിശ്വസിച്ചിരുന്ന ആളായിരുന്നു 1953 മുതല്‍ 1961 വരെ യുഎസ് പ്രസിഡന്റായിരുന്നു ഐസന്‍ഹോവര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക