Image

നഴ്‌സുമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: ഓര്‍മ്മ

ജോയിച്ചന്‍ പുതുക്കുളം Published on 16 February, 2012
നഴ്‌സുമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: ഓര്‍മ്മ
ന്യൂജേഴ്‌സി: ദശാബ്‌ദങ്ങളായി നിഷേധിക്കപ്പെട്ടിരുന്ന ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി കേരളത്തിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന്‌ പിന്തുണയുമായി ഓര്‍മ്മ (ഓവര്‍സീസ്‌ റിട്ടേണ്‍ഡ്‌ മലയാളീസ്‌ ഇന്‍ അമേരിക്ക) രംഗത്ത്‌.

ന്യൂജേഴ്‌സിയിലെ ഓര്‍മ്മ ചാപ്‌റ്ററാണ്‌ ഈ വിഷയം അധികാരികളുടെ മുന്നിലെത്തിക്കുന്നത്‌ എന്നി ന്യൂജേഴ്‌സിയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ്‌ ജിബി തോമസ്‌ അറിയിച്ചു.

സമൂഹത്തിലെ മറ്റ്‌ പ്രവര്‍ത്തനമേഖലകളിലും, പ്രവര്‍ത്തിമണ്‌ഡലങ്ങളിലും വ്യാപരിക്കുന്നവര്‍ക്ക്‌ സംഘടനാ സ്വാതന്ത്ര്യവും അതിലൂടെ മികച്ച സേവന-വേതന വ്യവസ്ഥകള്‍ നേടിയെടുക്കാന്‍ അവസരമുണ്ട്‌. നിലവിലുള്ള മൊത്ത വിലസൂചികയുടേയും അനുബന്ധ ഭൗതീക സാഹചര്യങ്ങളുടേയും അടിസ്ഥാനത്തില്‍ സേവന-വേതന വ്യവസ്ഥകള്‍ പരിഹരിച്ച്‌ മാന്യമായ വരുമാനം അവരെല്ലാം നേടിയെടുക്കുമ്പോള്‍, സ്‌നേഹനിര്‍ഭരമായ സ്വാര്‍ത്ഥരഹിതമായ സേവനത്തിലൂടെ രാപകലെന്യേ ഊണും ഉറക്കവുമുപേക്ഷിച്ച്‌ രോഗികളെ പരിചരിച്ച്‌ പ്രത്യാശയുടെ തീരത്തേക്ക്‌ കൈപിടിച്ചെത്തിക്കുന്ന കേരളത്തിലെ നഴ്‌സസ്‌ സമൂഹം അടിമത്വത്തിന്റേയും ചൂഷണത്തിന്റേയും ലോകത്തത്‌ ജീവിക്കാന്‍ വിധിക്കപ്പെട്ടവരായി മാറി.

ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ അസംഘടിത മേഖലയിലുള്ളവര്‍ പോലും ഒരു തൊഴിലാളിക്ക്‌ ഏറ്റവും അധികം വേതനം നല്‍കുന്ന സംസ്ഥാനം കേരളമാണ്‌. അനുവദീയമായിട്ടുള്ള ആനുകൂല്യങ്ങളെല്ലാം മറ്റു തൊഴില്‍മേഖലയിലുള്ളവര്‍ നേടിയെടുക്കുമ്പോള്‍ അതിനായി അവരെ സഹായിക്കാന്‍ കക്ഷി-രാഷ്‌ട്രീയ ഭേദമെന്യേ പാര്‍ട്ടികള്‍ മത്സരിക്കുമ്പോള്‍, അസംഘടിത വിഭാഗമായ, സാമ്പത്തികവും ശാരീരികവുമായ ചൂഷണങ്ങള്‍ക്ക്‌ വിധേയരാകാന്‍ കേരളത്തിലെ നഴ്‌സുമാര്‍ വിധിക്കപ്പെട്ടിരിക്കുന്നു എന്നത്‌ ഒരു പരമ സത്യവും പരിഹാസ്യവുമാണെന്ന്‌ ജിബി ചൂണ്ടിക്കാട്ടി.

വിവിധ ആശുപത്രികളിലായി കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന സമരത്തെ പിന്തുണയ്‌ക്കാന്‍ `ഓര്‍മ്മ' നഴ്‌സസ്‌ കമ്മിറ്റിയും രൂപീകരിക്കുന്നു. ബോബി തോമസ്‌, ആന്‍സി വാളിയപ്ലാക്കല്‍, ലീന പെരുമ്പായില്‍, ആഷാ രവിചന്ദ്രന്‍, ഷൈനി നാഗനൂലില്‍ എന്നിവരാണ്‌ കമ്മിറ്റിയെ നയിക്കുന്നത്‌.

പ്രശസ്‌തമായ നഴ്‌സിംഗ്‌ കോളജുകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകള്‍ മുന്നോട്ടുവന്ന്‌ അവരുടെ യുവ തലമുറയെ പിന്തുണയ്‌ക്കണമെന്നും യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു. അവകാശങ്ങള്‍ക്കായി പോരാടുന്ന നഴ്‌സുമാരെ പിന്തുണയ്‌ക്കാനും, സംരക്ഷിക്കാനും, എല്ലാ ആശുപത്രികളിലും കുറഞ്ഞ ശമ്പളവും, പ്രവര്‍ത്തന സമയവും സംബന്ധിച്ച വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്താനുമായി വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.

നിലവിലുള്ള നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്ന നഴ്‌സിംഗ്‌ കമ്മീഷനില്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സുമാരുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്താനുള്ള നീക്കത്തെ ഓര്‍മ്മ സ്വാഗതം ചെയ്‌തു.

കേരളത്തിലെ പ്രൈവറ്റ്‌ നഴ്‌സസ്‌ അസോസിയേഷന്‍ (എ.ഐ.പി.എന്‍.എ) ഫെബ്രുവരി 16-ന്‌ നടത്തുന്ന അവകാശ പ്രഖ്യാപന പ്രചാരണ സമരത്തിന്‌ ഓര്‍മ്മ എല്ലാ സഹായ സഹകരണങ്ങളും വാഗ്‌ദാനം ചെയ്‌തു.

കോഴ്‌സ്‌ വിജയകരമായി പൂര്‍ത്തിയാക്കിയ എല്ലാ നഴ്‌സുമാരും സംസ്ഥാനത്തെ കുറഞ്ഞ ശമ്പളം കിട്ടാന്‍ യോഗ്യരായിരിക്കണം. ബോണ്ട്‌, പരിശീലനം തുടങ്ങിയ പേരുകളില്‍ നമ്മുടെ കൊച്ചനുജന്മാരേയും അനുജത്തിമാരേയും ഇനിയും പഠിപ്പിക്കരുത്‌. വിവിധ മത/ധര്‍മ്മ സ്ഥാപനങ്ങള്‍ നടത്തുന്ന ആശുപത്രികള്‍ ഈ പീഡനത്തിന്‌ നേതൃത്വം കൊടുക്കുന്നുണ്ടെന്നും, സമരം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്നും അറിയുന്നത്‌ സ്വതന്ത്രഭാരതത്തിന്‌ നാണക്കേടുണ്ടാക്കും. മികച്ച ആനുകൂല്യങ്ങള്‍ നേടാനുള്ള ഈ ധര്‍മ്മ സമരം തുടരാന്‍ എന്തു സഹായവും `ഓര്‍മ്മ' അവര്‍ക്ക്‌ വാഗ്‌ദാനം ചെയ്‌തു.

കേരളത്തിലോ, ഇന്ത്യയ്‌ക്കു പുറത്തോ താമസിക്കുന്ന കേരളീയ സമൂഹത്തില്‍ ഭൂരിപക്ഷവും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നഴ്‌സുമാരുമായി ബന്ധപ്പെട്ടിരിക്കുന്നു. ആദ്യമായി അമേരിക്കയിലേക്ക്‌ കുടിയേറിപ്പാര്‍ത്തവര്‍ നഴ്‌സുമാരും അവരുടെ ആശ്രിതരുമാണ്‌. അമേരിക്ക എന്ന സ്വപ്‌ന ഭൂമിയിലേക്ക്‌ എത്തുംമുമ്പ്‌ കേരളത്തിനു പുറത്തും പിന്നെ ഗള്‍ഫ്‌ രാജ്യങ്ങളിലും കുറഞ്ഞ ശമ്പളത്തിന്‌ ജോലി ചെയ്‌തു കഷ്‌ടപ്പെട്ടവാരിയിരുന്നു മിക്ക കുടുംബങ്ങളും. അവരെല്ലാം കഠിനാധ്വാനം ചെയ്‌ത്‌ അവരുടെ കുടുംബങ്ങളെ അമേരിക്കയിലേക്ക്‌ കൊണ്ടുവരികയും, ജീവിതം ഭദ്രമാക്കുകയും ചെയ്‌തു. മാറ്റത്തിന്റെ കാഹളം മുഴങ്ങുന്നതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട്‌ പല ആശുപത്രികളും സത്യം മനസ്സിലാക്കി മുന്നോട്ടുവരുമ്പോഴും ഭൂരിപക്ഷവും കണ്ണടച്ച്‌ ഇരുട്ടാക്കാനുള്ള ശ്രമത്തിലാണ്‌.

കേരളത്തിലേയും ഇന്ത്യയിലേയും നഴ്‌സുമാര്‍ക്ക്‌ അവരുടെ ജോലിക്ക്‌ മികച്ച ശമ്പളവും, ആനുകൂല്യങ്ങളും നല്‍കിക്കൊണ്ട്‌ നഴ്‌സിംഗ്‌ എന്ന പ്രൊഫഷന്‌ അന്തസ്സും ആദരവും നല്‍കേണ്ട കാലം അതിക്രമിച്ചുവെന്ന്‌ ഓര്‍മ്മ കരുതുന്നു.

ഓര്‍മ്മ ന്യൂജേഴ്‌സി ചാപ്‌റ്റര്‍: ജിബി തോമസ്‌ (പ്രസിഡന്റ്‌), ജെയിംസ്‌ മുക്കാടന്‍ (സെക്രട്ടറി), സെബാസ്റ്റ്യന്‍ ടോം (ട്രഷറര്‍), അഡ്വ. റോയി ജേക്കബ്‌ കൊടുമണ്‍ (വൈസ്‌ പ്രസിഡന്റ്‌).

ദേശീയ ഭാരവാഹികള്‍: പ്രസിഡന്റ്‌- ജോസ്‌ ആറ്റുപുറം, സെക്രട്ടറി- ഫിലിപ്പോസ്‌ ചെറിയാന്‍, ട്രഷറര്‍- അലക്‌സ്‌ തോമസ്‌, ജിബി തോമസ്‌, സിബിച്ചന്‍ ചെമ്പ്‌ളായില്‍, ജോര്‍ജ്‌ നടവയല്‍, ജോര്‍ജ്‌ ഓലിക്കല്‍.

സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തതാണിത്‌.
നഴ്‌സുമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: ഓര്‍മ്മ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക