Image

ദുബായ് കെഎംസിസി ഫുട്‌ബോള്‍: മലപ്പുറം ജില്ല ജേതാക്കള്‍

Published on 26 November, 2016
ദുബായ് കെഎംസിസി ഫുട്‌ബോള്‍: മലപ്പുറം ജില്ല ജേതാക്കള്‍

 ദുബായ്: ദുബായ് കെഎംസിസി യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മലപ്പുറം ജില്ല ജേതാക്കളായി. കലാശ പോരാട്ടത്തില്‍ അവസാന വിസില്‍ മുഴങ്ങാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ കാസര്‍ഗോഡിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്പിച്ച് മലപ്പുറം ജില്ല ജേതാക്കളായി. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ അഞ്ചാം തവണയാണ് മലപ്പുറം ജേതാക്കളാകുന്നത്. 

കണ്ണൂര്‍,മലപ്പുറം,കോഴിക്കോട്, കാസര്‍ഗോഡ്, പാലക്കാട്,തൃശൂര്‍,ആലപ്പുഴ,എറണാകുളം, കൊല്ലം എന്നീ ഒന്‍പതു ജില്ലകള്‍ വിവിധ അഖിലേന്ത്യാ താരങ്ങളെ കളത്തിലിറക്കി ദുബായ് അല്‍ കവനീജ് ഗ്രൗണ്ടില്‍ അങ്കത്തിനിറങ്ങിയപ്പോള്‍ അത് പ്രവാസലോകത്തെ കാല്‍ പന്ത് പ്രേമികള്‍ക്ക് അക്ഷരാര്‍ഥത്തില്‍ ഫുട്‌ബോള്‍ വിരുന്നായി. 

ലീഗ് റൗണ്ട് മത്സരങ്ങള്‍ക്കുശേഷം തോല്‍വിയറിയാതെ മലപ്പുറം കാസര്‍ഗോഡ് ടീമുകള്‍ സെമി ബെര്‍ത്ത് ഉറപ്പിച്ചു. സെമിയില്‍ കോഴിക്കോടിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് മലപ്പുറം കലാശ പോരാട്ടത്തിന് എത്തിയപ്പോള്‍ തൃശൂര്‍ ജില്ലയെ െ്രെടബേക്കറില്‍ തോല്‍പ്പിച്ചാണ് കാസര്‍ഗോഡ് കലാശ പോരാട്ടത്തിന് അര്‍ഹത നേടിയത്. 

നേരത്തെ ടൂര്‍ണമെന്റ് പി.വി ജാബിര്‍ അബ്ദുല്‍ വഹാബ് കിക്കോഫ് നിര്‍വഹിച്ച് തുടക്കം കുറിച്ചിരുന്നു. മത്സരം വീഷിക്കാന്‍ മുന്‍ കൃഷി മന്തി കെ.പി. മോഹനന്‍, യുഎഇ കെഎംസിസി വൈസ് പ്രസിഡന്റ് ഹുസൈനാജി എടച്ചാക്കൈ, ദുബായ് കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ അടക്കമുള്ള രാഷ്ര്ടീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എത്തിയിരുന്നു. വിജയികള്‍ക്കുള്ള ട്രോഫികള്‍ സെവന്‍ എമിരേറ്റ്‌സ് ഗ്രൂപ്പ് എം.ഡി മുസ്തഫ ഉസ്മാന്‍ ഹാജി ടീമുകള്‍ക്ക് നല്‍കി. സ്‌പോര്‍ട്‌സ് വിംഗ് ചെയര്‍മാന്‍ ആവയില്‍ ഉമ്മര്‍ ഹാജി, സംസ്ഥാന ഭാരവാഹികളായ ഒ.കെ. ഇബ്രാഹിം, മുസ്തഫ തിരൂര്‍, എം.എ. മുഹമ്മദ് കുഞ്ഞി, ഇസ്മായില്‍ ഏറാമല, അബ്ദുള്‍ ഖാദര്‍ അരിപ്പാബ്ര, ആര്‍. ഷുക്കൂര്‍, സ്‌പോര്‍ട്‌സ് വിംഗ് ജനറല്‍ കണ്‍വീനര്‍ അബ്ദുള്ള ആറങ്ങാടി, ഹംസഹാജി മട്ടുമ്മല്‍, കോയ വള്ളിക്കുന്ന്, ഷറഫുദ്ദീന്‍ ഇരിട്ടി, ഡോ. ഇസ്മയില്‍, റിയാസ് മാണൂര്‍, ഉനൈസ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക