Image

റൈറ്റേഴ്‌സ് ഫോറത്തില്‍ ജോണ്‍മാത്യുവിന്റെ 'ഭൂമിക്കുമേലൊരു മുദ്ര' പ്രകാശനം ചെയ്തു

Published on 26 November, 2016
റൈറ്റേഴ്‌സ് ഫോറത്തില്‍ ജോണ്‍മാത്യുവിന്റെ 'ഭൂമിക്കുമേലൊരു മുദ്ര' പ്രകാശനം ചെയ്തു
ഹൂസ്റ്റന്‍: സ്റ്റാഫോഡിലെ 'ദേശി റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രകാശന ചടങ്ങില്‍ 'ഭൂമിക്കുമേലൊരു മുദ്ര' എന്ന നോവല്‍ നിരവധി പ്രമുഖ സാഹിത്യകാരന്മാരുടേയും കലാകാരന്മാരുടേയും സാന്നിദ്ധ്യത്തില്‍ ശ്രീമതി. ബോബി മാത്യു റൈറ്റേഴ്‌സ് ഫോറത്തിന് സമര്‍പ്പിച്ചു. 

തുടര്‍ന്ന് ഡോ. സണ്ണി എഴുമറ്റൂര്‍ നോവല്‍ സദസ്യര്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് സുദീര്‍ഘമായി സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രഭാഷണത്തില്‍ ഈ കൃതിയിലെ അത്യപൂര്‍വ്വമായ സന്ദര്‍ഭങ്ങള്‍ പ്രത്യേകം എടുത്തു പറഞ്ഞു. മുതലാളി തൊഴിലാളി ബന്ധങ്ങള്‍, സാമ്പത്തികത, രാഷ്ട്രീയം, വര്‍ഗ്ഗവിവേചനം, ഓഹരി വിപണി, ബിസിനസ്സ് ലോകത്തില്‍ കംപ്യൂട്ടറുകളുടെ പ്രചാരം, ഓട്ടോമൊബൈല്‍ വ്യവസായം തുടങ്ങി നിരവധി വിഷയങ്ങള്‍ തന്മയത്വമായി കൈകാര്യം ചെയ്ത നോവലിസ്റ്റിനെ ഡോ. എഴുമറ്റൂര്‍ അഭിനന്ദിച്ചു.
ശ്രീ. ബാബു കുരവയ്ക്കല്‍ തന്റെ പ്രഭാഷണത്തില്‍ ഒരു വാക്കുകൊണ്ട് നോവലിസ്റ്റ് സൃഷ്ടിക്കുന്ന മായാപ്രപഞ്ചങ്ങള്‍ എടുത്തു കാട്ടി. ശ്രീ. എ.സി. ജോര്‍ജ്ജ് നോവലിന്റെ സാമൂഹിക പ്രാധാന്യത്തെപ്പറ്റിയാണ് സംസാരിച്ചത്. ഈ കൃതിയെപ്പറ്റി ഒരു സമ്പൂര്‍ണ്ണ ചര്‍ച്ച മറ്റൊരവസരത്തില്‍ വേണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. 

മീറ്റിംഗിന്റെ രണ്ടാമത്തെ ഭാഗം ശ്രീ. എ.സി. ജോര്‍ജ്ജിന്റെ 'എഴുത്തുകാരും നവമാധ്യമങ്ങളും' എന്ന വിഷയം ആസ്പദമാക്കിയ പ്രബന്ധമായിരുന്നു. ഇന്നത്തെ ഐ.ടി. സാങ്കേതികത സമൂഹത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് ഉദാഹരണങ്ങള്‍ സഹിതം അദ്ദേഹം വിശദീകരിച്ചു. മലയാളം ഫോണ്ടുകളുടെ വളര്‍ച്ച ചര്‍ച്ച ചെയ്തത് വിജ്ഞാനപ്രദമായിരുന്നു. തുടര്‍ന്ന് നടന്ന സജ്ജീവമായ ചര്‍ച്ചയില്‍ പീറ്റര്‍ ജി. പൗലോസ്, ദേവരാജ കുറുപ്പ്, മാത്യു മത്തായി, മാത്യു വൈരമണ്‍, ജോസഫ് തച്ചാറ, എം. കുര്യന്‍, ജോണ്‍ കുന്തറ, ഷാജി പാംസ് ആര്‍ട്ട്, ഇന്ദ്രജിത്ത് നായര്‍, സലിം അറയ്ക്കല്‍, എ. തോമസ്, മേരി കുരവയ്ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

സമ്മേളനത്തില്‍ ശ്രീ. മാത്യു നെല്ലിക്കുന്ന് അദ്ധ്യക്ഷനായിരുന്നു. ഡിസംബര്‍ 18ന് നടക്കുന്ന അടുത്ത മീറ്റിംഗില്‍ ഡോ. സണ്ണി എഴുമറ്റൂര്‍ എഴുതിയ  “Marriage & Morality” എന്ന കൃതി പ്രകാശനം ചെയ്യുന്നതാണ്. ശ്രീ. നൈനാന്‍ മാത്തുള്ളയുടെ 'ചരിത്രം ഉറങ്ങുന്ന എന്റെ ഗ്രാമം' എന്ന പ്രബന്ധവും ചര്‍ച്ചക്കെടുക്കും. 

(ഹൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തില്‍ പുസ്തകപ്രകാശനവും തുടര്‍ ചര്‍ച്ചകളും മാധ്യമങ്ങള്‍ക്ക് വിശദീകരിച്ചു.)  
റൈറ്റേഴ്‌സ് ഫോറത്തില്‍ ജോണ്‍മാത്യുവിന്റെ 'ഭൂമിക്കുമേലൊരു മുദ്ര' പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക