Image

നാലാം വിശുദ്ധന്റെ കേളി കേട്ടുണരുന്ന ചമ്പക്കുളം പള്ളി; ഇനി ബസലിക്ക (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 27 November, 2016
നാലാം വിശുദ്ധന്റെ കേളി കേട്ടുണരുന്ന ചമ്പക്കുളം പള്ളി; ഇനി  ബസലിക്ക (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
വിശുദ്ധ നാമകരണത്തിനു രണ്ടു പടി അടുത്തെത്തി നില്‍ക്കുന്ന മാര്‍ തോമസ് കുര്യാളശേരിയുടെ മാതൃദേവാലയമായ ചമ്പക്കുളം കല്ലൂര്‍ക്കാട് സെന്റ് മേരീസ് ഫൊറോന പള്ളിക്കു ബസിലിക്ക പദവി കൈവന്നു. പമ്പയില്‍ നിഴല്‍ വീഴ്ത്തി നില്‍ക്കുന്ന ചിരപുരാതനമായ പള്ളിയില്‍ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പള്ളിയെ കേരളത്തിലെ ഒന്‍പതാം ബസലിക്കയായി ഉയര്‍ത്തിക്കൊണ്ടുള്ള മാര്‍പാപ്പയുടെ കല്പന അറിയിച്ചു.
കേരളത്തില്‍ സിസ്റ്റര്‍ അല്‍ഫോന്‍സമ്മയ്ക്കും ചാവറ കുര്യാക്കോസ് ഏലിയാസച്ചനും എവുപ്രാസ്യമ്മയ്ക്കും ശേഷം വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടാന്‍ വിശ്വാസികള്‍ നോക്കിപ്പാര്‍ത്തിരിക്കുന്ന മഹാത്മാവാണ് മാര്‍ കുര്യാളശേരി.

അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് പള്ളിയാണ് ആലപ്പുഴ ജില്ലയില്‍ ആദ്യമായി ബസലിക്ക പദവിയേറിയത്. ഇന്ത്യയില്‍ ഇതോടെ 23 ബസിലിക്കകളായി; പകുതിയോളം കേരളത്തില്‍ - ഒന്‍പതെണ്ണം. ഗോവയിലെ ബോം ജീസസ് ആണ് പ്രശസ്തമായ മറ്റൊന്ന്.

കേരളത്തിലെ ബസിലിക്കകള്‍ ഇവയാണ്: 1. സെന്റ് മേരീസ് കത്തീഡ്രല്‍, കൊച്ചി, 2. സാന്താക്രൂസ്, കൊച്ചി, 3. ലേഡി ഓഫ് ഡൊളോറസ്, തൃശൂര്‍, 4.ഔവര്‍ ലേഡി ഓഫ് റാന്‍സം, വല്ലാര്‍പാടം, 5. സെന്റ് മേരി ക്വീന്‍ കത്തീഡ്രല്‍, തിരുവനന്തപുരം, 6. സെന്റ് ജോര്‍ജ്, അങ്കമാലി, 7. സെന്റ് ആന്‍ഡ്രൂസ്, അര്‍ത്തുങ്കല്‍ 8. ഔവര്‍ ലേഡി ഓഫ് സ്‌നോ, പള്ളിപ്പുറം, 9. സെന്റ് മേരീസ്, ചമ്പക്കുളം.

പൗരാണികത്വം ഉള്‍പ്പെടെയുള്ള സവിശേഷതകളാണ് ബസിലിക്കാ പള്ളികളുടെ പ്രത്യേകത. മാര്‍പാപ്പയുടെ കൊടിയടയാളം ഉള്‍പ്പെടെയുള്ള വിശിഷ്ട പദവികള്‍ ബസിലിക്കകള്‍ക്കു ലഭിക്കും. വികാരിയെ റെക്ടര്‍ എന്നാണു വിളിക്കുക. എടത്വ സ്വദേശി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ അങ്ങനെ ചമ്പക്കുളത്തെ ആദ്യത്തെ റെക്ടര്‍ ആയി. അന്‍പത്തഞ്ചെത്തിയ ആ താടിക്കാരന് ഇതു പത്താമത്തെ പള്ളിയാണ്. 1700 വര്‍ഷത്തെ ചരിത്രമുണ്ട് പള്ളിക്ക്. അവിടെ 1300 കുടുംബങ്ങള്‍.

പ്രഖ്യാപനത്തിന്റെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുമ്പോള്‍ ബസിലിക്കയില്‍ എത്തിയ ഞങ്ങള്‍ റെക്ടര്‍ വാണിയപ്പുരയ്ക്കലിന് അഭിനന്ദനങ്ങള്‍ നേര്‍ന്നു. പള്ളിയോടടുത്തു പണി പൂര്‍ത്തിയായിട്ടും ഉദ്ഘാടനം കാത്തുകിടക്കുന്ന പുതിയ പാലത്തോടു ചേര്‍ന്ന് നാല് ഭീമന്‍ ഹൗസ്‌ബോട്ടുകള്‍. അവയില്‍നിന്ന് ഓസ്‌ട്രേലിയയിലെ അഡലെയ്ഡില്‍നിന്നുള്ള സഞ്ചാരികള്‍ പള്ളിയിലേക്ക് ഓടിക്കയറുന്നു. 

തിരുവിതാംകൂറിലെ ഏറ്റം പഴക്കംചെന്ന ആരാധനാലയങ്ങളില്‍ ഒന്നാണ് ചമ്പക്കുളം വലിയപള്ളി. പലതവണ പുതുക്കിപ്പണിതു. 560 വര്‍ഷം മുന്‍പ് ചെമ്പകശേരി രാജാവ് പൂരാടംതിരുനാള്‍ ദേവനാരായണനാണ് പുതുക്കാന്‍ സഹായിച്ചത്. അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് ശ്രീകൃഷ്ണ വിഗ്രഹം പമ്പാസരസിലൂടെ എത്തിച്ച വേളയില്‍ ചമ്പക്കുളമായിരുന്നു ഇടത്താവളം. അതിന്റെ ഓര്‍മയ്ക്ക് എല്ലാ മിഥുനമാസവും മൂലം രാശിയില്‍ ജലോത്സവം നടത്താന്‍ രാജാവ് കല്പിച്ചു. 

പള്ളിയുമായും ജലോത്സവവുമായും ബന്ധപ്പെട്ട നിരവധി പ്രശസ്ത കുടുംബങ്ങള്‍ പള്ളിക്കു ചുറ്റുമായി വസിക്കുന്നു. കുര്യാളശേരി, മാപ്പിളശേരി, മുണ്ടയ്ക്കല്‍, കണ്ടംകളത്തില്‍, പൂത്തറ, ചക്കാലയില്‍, പുത്തന്‍പുരയ്ക്കല്‍, കറുകയില്‍, കോയിക്കര, പോരൂക്കര എന്നിങ്ങനെ.

''ധന്യന്‍ പദവിയില്‍ എത്തിനില്‍ക്കുന്ന മാര്‍ തോമസ് കുര്യാളശേരി (1873- 1925) ചങ്ങനാശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്നു. ആഗോള സന്യാസിനീസമൂഹമായ ആരാധനമഠം (അഡൊറേഷന്‍ എന്ന എസ്.എ.ബി.എസ്, അയ്യായിരത്തില്‍പരം സന്യാസിനികള്‍) സ്ഥാപിച്ചത് മാര്‍ കുര്യാളശേരിയാണ്. പ്രശസ്തമായ ചങ്ങനാശേരി എസ്.ബി കോളജും അദ്ദേഹം സ്ഥാപിച്ചു.സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയ്ക്കു സ്ഥൈര്യലേപനം നടത്തിയത് മാര്‍ കുര്യാളശേരിയായിരുന്നു.

''എന്റെ വല്യപ്പച്ചന്റെ അമ്മയുടെ ആങ്ങളയായിരുന്നു പിതാവ്'' - ബസിലിക്കയോടടുത്ത് പിതാവ് ജനിച്ച കുര്യാളശേരി തറവാട്ടുവീട്ടിലൊരൂക്കിയ മ്യൂസിയം ചുറ്റിനടന്നു കാണിച്ച ആരാധനാ മഠത്തിലെ സിസ്റ്റര്‍ ആനി ഗ്രേസ്, 72, അഭിമാനത്തോടെ അറിയിച്ചു. പമ്പാതീരത്തുള്ള 52 സെന്റ് സ്ഥലം വിലയ്ക്കു വാങ്ങിയ ആരാധനാമഠം അവിടെ ലോകോത്തരമായ ഒരു മ്യൂസിയം കെട്ടിപ്പടുക്കുകയായിരുന്നു. മഠത്തിന്റെ മുന്‍ സുപ്പീരിയര്‍ ജനറല്‍ ബഞ്ചമിന്‍ മേരിയാണ് വിശുദ്ധപദവി സംബന്ധിച്ച വൈസ് പോസ്റ്റുലേറ്റര്‍; മോണ്‍. പോള്‍ പള്ളത്ത് പോസ്റ്റുലേറ്ററും. ഗ്രേസ് പെരുമ്പനാനി ഇേപ്പാള്‍ സുപ്പീരിയര്‍ ജനറല്‍. മദര്‍ ഡോ.മേഴ്‌സി നെടുമ്പുറം പ്രൊവിന്‍ഷ്യലും.

ഗോള്‍ഡന്‍ ജബിലി കഴിഞ്ഞ അമലഗിരി ബിഷപ് കുര്യാളശേരി കോളജാണ് ആരാധനാ മഠത്തിന്റെ ഏറ്റവുംവലിയ വിദ്യാഭ്യാസസ്ഥാപനം. 1100 പേര്‍ പഠിക്കുന്നു. ഡോ. ലീന മാത്യു ആദ്യത്തെ ലേ പ്രിന്‍സിപ്പല്‍. മുന്‍ സുപ്പീരിയര്‍ ജനറല്‍ റോസ് കേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍. 

ബസിലിക്കയുമായി അഭേദ്യബന്ധമുള്ള കുടുംബമാണ് മാപ്പിളശേരി. 1855ല്‍ പള്ളി പുതുക്കിപ്പണിയാന്‍ നേതൃത്വം കൊടുത്തവരില്‍ രൊള്‍ കോയിക്കര ഉമ്മന്‍ മാപ്പിളയാണ്. ചെമ്പകശേരി രാജാവ് ഉമ്മന്‍മാപ്പിളയുടെ പേരിനോട് 'ശേരി' എന്നുകൂടി ചേര്‍ത്ത് 'മാപ്പിളശേരി' എന്നാക്കാക്കിയെന്നാണു ചരിത്രം. വിഗ്രഹം സുക്ഷിച്ച മാപ്പിളശേരി തറവാട്ടില്‍ രാജാവ് നല്‍കിയ 'വാഴക്കൂമ്പുവിളക്ക്' ഇന്നും കെടാവിളക്കായി സൂക്ഷിച്ചിരിക്കുന്നു. അവിടെ നിവേദ്യം അര്‍പ്പിച്ചിട്ടേ മൂലം വള്ളംകളി തുടങ്ങൂ.

കുര്യാളശേരിയില്‍നിന്ന് മാപ്പിളശേരിയിലെ മേരിയെ വിവാഹംചെയ്ത് ദത്തുനിന്ന ജേക്കബ് എന്ന ചാക്കോച്ചന് 11 മക്കള്‍. അവരില്‍ തറവാട്ടില്‍ ജോര്‍ജ് മാപ്പിളശേരി. തൊട്ടുചേര്‍ന്ന് അനുജന്‍ കുര്യന്‍. മൂത്ത ജ്യേഷ്ഠന്‍ ജോസഫ് മാപ്പിളശേരി ചമ്പക്കുളം പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായിരുന്നു. പിന്നീട് ജേക്കബും കുര്യനും പ്രസിഡന്റ്മാരായി. ജേക്കബും ജോര്‍ജും ചമ്പക്കുളം ബോട്ട് ക്ലബ്ബിന്റെ പ്രസിഡന്റുമാരായിരുന്നു. കുര്യനാകട്ടെ ചമ്പക്കുളം ചുണ്ടന്റെ ക്യാപ്റ്റനും.

ഒരുകാലത്ത് രാജാവ് കരമൊഴിവായി നല്‍കിയ നൂറുകണക്കിന് ഏക്കര്‍ പാടശേഖരങ്ങളില്‍ നെല്‍ക്കൃഷി ചെയ്തു പേരെടുത്ത മാപ്പിളശേരിക്കാര്‍ ടൂറിസം രംഗത്തേക്കും തിരിഞ്ഞു. മാപ്പിളശേരി മാന്‍ഷന്‍ എബിയുെട വക, കൈറ്റ്‌സ് ബാക്ക്‌വാട്ടര്‍ റിസോര്‍ട്ട് ജോസി വക. ജോര്‍ജ് മാപ്പിളശേരി ആലപ്പുഴയില്‍ കാരവല്‍സ് എന്ന ടൂര്‍ കമ്പനി നടത്തുന്നു. മാത്യു ജോസഫ് മാപ്പിളശേരി ആലപ്പുഴയിലെ പ്രശസ്തമായ ലേക് പാലസ് റിസോര്‍ട്ടിന്റെ ജനറല്‍ മാനേജരാണ്.

കുര്യാളശേരി മ്യൂസിയത്തോടു ചേര്‍ന്നു പുത്തന്‍ വീടുവച്ച സേവ്യര്‍ കുര്യാളശേരി ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ ചമ്പക്കുളം പള്ളിയിലേക്കുള്ള പൂപ്പള്ളി- കല്ലൂര്‍ക്കാട് റോഡിന്റെ കോണ്‍ട്രാക്ടറായിരുന്നു. അഞ്ചു കിലോമീറ്റര്‍ റോഡ് 2003ല്‍ പൂര്‍ത്തിയാക്കി. ഇപ്പോള്‍ പള്ളി വരെ ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ ഓടുന്നു. സേവ്യര്‍കുട്ടിയുടെ പിതൃസഹോദരന്‍ റവ. ഡോ. ആന്റണി കുര്യാളശേരി ദീര്‍ഘകാലം എസ്.ബി കോളജിന്റെ പ്രിന്‍സിപ്പലായിരുന്നു. കാരിത്താസ് ഇന്ത്യയുടെ ഡയറക്ടറും. സ്വന്തം സഹോദരന്‍ സിബി തോമസ് ടൊറന്റോയിലാണ.് ഇന്ത്യയില്‍ സ്‌റ്റേറ്റ്‌സ്മാന്‍ പത്രത്തിന്റെ പ്രസാധകന്‍ ആയിരുന്നു. സഹോദരി അക്കമ്മ ചിക്കാഗോയില്‍.

ബസിലിക്ക പള്ളി 131 വര്‍ഷം മുമ്പ് പുതുക്കിപ്പണിയുന്നതിന് മുന്‍നിരയില്‍ നിന്ന മുണ്ടയ്ക്കല്‍ വര്‍ക്കിമാപ്പിള അന്നത്തെ തിരുവിതാംകൂര്‍ ദിവാന്‍ താണുപിള്ളയുമായി അടുപ്പത്തിലായിരുന്നു. വീട്ടില്‍ പാറാവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിന്മുറക്കാര്‍ അഞ്ചാം തലമുറയിലെത്തി നില്‍ക്കുന്നു. സേവ്യര്‍ മാത്യു മുണ്ടയ്ക്കല്‍ ബസിലിക്കാ പ്രഖ്യാപന മേളയുടെ അണിയത്തുണ്ടായിരുന്നു. പിതൃസഹോദരന്റെ പതിമ്മൂന്നു മക്കളും അമേരിക്കയിലാണ്. അദ്ദേഹം താമസിക്കുന്ന അമിച്ചകരിയെ നാട്ടുകാര്‍ ഔദ്യോഗികമായി വിളിക്കുന്നു - 'അമേരിക്ക'. അവിടത്തെ ജെട്ടിയുടെ പേരും അതുതന്നെ. 

(വിളംബര ചിത്രങ്ങള്‍: ഷിനു ആന്റണി, തോട്‌സ് സ്റ്റുഡിയോ, ചമ്പക്കുളം).
നാലാം വിശുദ്ധന്റെ കേളി കേട്ടുണരുന്ന ചമ്പക്കുളം പള്ളി; ഇനി  ബസലിക്ക (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ചരിത്രനിയോഗം: റെക്ടര്‍ ജോസഫ് വാണിയപ്പുരയ്ക്കല്‍ ബസിലിക്കയുടെ മുമ്പില്‍. സമീപം സേവ്യര്‍ മുണ്ടയ്ക്കല്‍, തോമസ് തൈത്തോട്ടം.
നാലാം വിശുദ്ധന്റെ കേളി കേട്ടുണരുന്ന ചമ്പക്കുളം പള്ളി; ഇനി  ബസലിക്ക (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ആര്‍ച്ച്ബിഷപ് ജോസഫ് പെരുന്തോട്ടം ബസിലിക്കാ പ്രഖ്യാപനം നടത്തുന്നു.
നാലാം വിശുദ്ധന്റെ കേളി കേട്ടുണരുന്ന ചമ്പക്കുളം പള്ളി; ഇനി  ബസലിക്ക (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
പ്രഖ്യാപനത്തിനു സാക്ഷ്യംവഹിച്ച ജനാവലി.
നാലാം വിശുദ്ധന്റെ കേളി കേട്ടുണരുന്ന ചമ്പക്കുളം പള്ളി; ഇനി  ബസലിക്ക (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
വിശുദ്ധപദവിയിലേക്ക് അടുക്കുന്ന മാര്‍ തോമസ് കുര്യാളശേരിയും മാതൃദേവാലയവും.
നാലാം വിശുദ്ധന്റെ കേളി കേട്ടുണരുന്ന ചമ്പക്കുളം പള്ളി; ഇനി  ബസലിക്ക (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
കുര്യാളശേരി മ്യൂസിയം സിസ്റ്റര്‍ ആനി ഗ്രേസ് കാട്ടിത്തന്നപ്പോള്‍. പ്രൊഫ. സി.ജെ. ജോസ് സമീപം.
നാലാം വിശുദ്ധന്റെ കേളി കേട്ടുണരുന്ന ചമ്പക്കുളം പള്ളി; ഇനി  ബസലിക്ക (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
മാപ്പിളശേരി സഹോദരന്മാര്‍ കുര്യനും ജോര്‍ജും.
നാലാം വിശുദ്ധന്റെ കേളി കേട്ടുണരുന്ന ചമ്പക്കുളം പള്ളി; ഇനി  ബസലിക്ക (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ആരാധനാമഠത്തിന്റെ അഭിമാനം-അമലഗിരി ബിഷപ് കുര്യാളശേരി കോളജില്‍ പ്രിന്‍സിപ്പല്‍ ഡോ. ലീന മാത്യു, സ്റ്റാഫ,് സ്റ്റുഡന്റ്‌സ്
നാലാം വിശുദ്ധന്റെ കേളി കേട്ടുണരുന്ന ചമ്പക്കുളം പള്ളി; ഇനി  ബസലിക്ക (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
സേവ്യര്‍ കുര്യാളശേരി എസ്.ബി കോളജ് പ്രിന്‍സിപ്പലായിരുന്ന ചിറ്റപ്പന്‍ ഡോ. ആന്റണി കുര്യാളശേരിയുടെ ചിത്രത്തിനു മുമ്പില്‍.
നാലാം വിശുദ്ധന്റെ കേളി കേട്ടുണരുന്ന ചമ്പക്കുളം പള്ളി; ഇനി  ബസലിക്ക (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ബസിലിക്കയുടെ മുന്‍പില്‍നിന്ന് പമ്പയാറ്റിലൂടെ എടത്വായ്ക്കു പോകുന്ന സര്‍വീസ് ബോട്ട്.
നാലാം വിശുദ്ധന്റെ കേളി കേട്ടുണരുന്ന ചമ്പക്കുളം പള്ളി; ഇനി  ബസലിക്ക (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ഓസ്‌ട്രേലിയന്‍ സന്ദര്‍ശകര്‍ ബസിലിക്കയില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക