Image

മെല്‍ബണില്‍ സഹകരണ പ്രതിസന്ധിക്കെതിരെ മലയാളി കൂട്ടായ്മ സംഘടിപ്പിച്ചു

Published on 28 November, 2016
മെല്‍ബണില്‍ സഹകരണ പ്രതിസന്ധിക്കെതിരെ മലയാളി കൂട്ടായ്മ സംഘടിപ്പിച്ചു

മെല്‍ബണ്‍: നോട്ട് റദ്ദാക്കല്‍, സഹകരണ ബാങ്ക് നിയന്ത്രണം, പ്രവാസികളുടെ കൈവശം ഇപ്പോഴുള്ള 500, 1000 നോട്ടുകളുടെ സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഇതു സംബന്ധിച്ച നിവേദനം തയാറാക്കി ഓസ്‌ട്രേലിയന്‍ ഹൈകമ്മീഷണര്‍ വഴി പ്രധാനമന്ത്രിക്ക് നല്‍കാനും മെല്‍ബണ്‍ ഇടതുപക്ഷ മതേത കൂട്ടായ്മയുടേയും ഒഐസിസി ഓസ്‌ട്രേലിയയുടേയും ആഭിമുഖ്യത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

കേരള സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ടെലിഫോണിലൂടെ യോഗം ഉദ്ഘാടനം ചെയ്തു. കള്ളപ്പണം ഇല്ലായ്മ ചെയ്യാനെന്ന പേരില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ നോട്ട് റദ്ദാക്കല്‍ നടപടി മൂലം ദുരിതം അനുഭവിക്കുന്ന കോടിക്കണക്കിന് ജനങ്ങളോട് ഐക്യപ്പെടാനും നാടിന്റെ നന്മയില്‍ പങ്കു ചേരാനും മുന്നോട്ടു വന്ന മെല്‍ബണിലെ മലയാളി കൂട്ടായ്മ ലോകമെമ്പാടുമുള്ള പ്രവാസി സമൂഹത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ലക്ഷത്തി ഇരുപത്തി ഏഴായിരം കോടി നിക്ഷേപമുള്ള സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള നീക്കങ്ങളാണ് കഴിഞ്ഞ കുറെ നാളുകളായി റിസര്‍വ് ബാങ്ക് അധികാരികള്‍ സ്വീകരിക്കുന്നത്. ഇതുമൂലം കേരളത്തിലെ വാണിജ്യ കാര്‍ഷിക മേഖല സ്തംഭനാവസ്ഥയിലാണ്. ഈ നില തുടര്‍ന്നാല്‍ പ്രവചിക്കാന്‍ കഴിയാത്ത ദുരന്തം ആയിരിക്കും കേരളത്തില്‍ സംഭവിക്കുക. വിദേശങ്ങളില്‍ ജോലി ചെയ്യുന്ന ലക്ഷകണക്കിന് നഴ്‌സുമാരുടെയും മറ്റുള്ളവരുടേയും ആശാകേന്ദ്രം ആയിരുന്നു സഹകരണ പ്രസ്ഥാനങ്ങള്‍. അതിനാല്‍ സഹകരണ ബാങ്കുകളുടെ സംരക്ഷണത്തിനായി മുഴുവന്‍ പ്രവാസികളും രാഷ്ര്ടീയ ഭേദമെന്യ മുന്നോട്ടു വരണമെന്ന് കടകംപള്ളി സുരേന്ദ്രന്‍ അഭ്യര്‍ഥിച്ചു.

മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടാഴ്മയുടെ പ്രസിഡന്റ് തിരുവല്ലം ഭാസി അധ്യക്ഷത വഹിച്ചു. ഒഐസിസി ഓസ്‌ട്രേലിയ പ്രസിഡന്റ് ജോസഫ് പീറ്റര്‍ മുഖ്യപ്രഭാഷണം നടത്തി. മാര്‍ട്ടിന്‍ ഉറുമീസ്, ദിലീപ് രാജേന്ദ്രന്‍, പ്രതീഷ് മാര്‍ട്ടിന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി സഹകരണ സംരക്ഷണ ജനാധിപത്യവേദി രൂപീകരിച്ച് അരുണ്‍ പാലക്കലോടി, റോയ് തോമസ് എന്നിവരെ കണ്‍വീനര്‍മാരായി തെരഞ്ഞെടുത്തു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ഗീതു എലിസബത്ത് മാത്യു, അജിത ചിറയില്‍, പി.വി. ജിജേഷ്, വിന്‍സി മാത്യു, ബേബി മാത്യു, തോമസ് കെ. വര്‍ഗീസ്, ടിജോ ജോസ്, റോയ് തോമസ്, ബിനോയ് ജോര്‍ജ്, ബിജോ പടയാറ്റില്‍, എബി പൊയ്ക്കാട്ടില്‍, ബിക്‌സ് ജോസഫ്, ഷൈജു വര്‍ഗീസ്, അനീഷ് ജോസഫ്, ലാലു ജോസഫ്, ബെന്നി, അരുണ്‍ പാലക്കലോടി, ത്രേസ്യാമ്മ ജോസ്, ലിജോ മോന്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക