Image

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആണവ നിലയങ്ങള്‍ അടച്ചുപൂട്ടില്ല

Published on 28 November, 2016
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആണവ നിലയങ്ങള്‍ അടച്ചുപൂട്ടില്ല

 ബേണ്‍: സ്വിറ്റ്‌സര്‍ലന്‍ഡിലെ ആണവ നിലയങ്ങള്‍ സമയ ബന്ധിതമായി അടച്ചുപൂട്ടുന്നതിനോട് പ്രതികൂലമായി സ്വിസ് ജനത വിധിയെഴുതി. നവംബര്‍ 27ന് നടന്ന റഫറണ്ടത്തില്‍ 54.5 ശതമാനം പേര്‍ അടച്ചുപൂട്ടലിനെതിരായി വോട്ടു ചെയ്തു. ഗ്രീന്‍ പാര്‍ട്ടിയുടെ പ്രത്യേക താത്പര്യത്തിലാണ് രാജ്യത്തെ അഞ്ച് ആണവ റിയാക്ടറുകള്‍ ഘട്ടം ഘട്ടമായി അടച്ചു പൂട്ടണം എന്ന ആവശ്യത്തില്‍ ജനഹിത പരിശോധന നടന്നത്. എന്നാല്‍ 45 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ആണവ നിലയങ്ങള്‍ അടച്ചുപൂട്ടുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജ പ്രതിസന്ധി എങ്ങനെ പരിഹരിക്കും എന്ന് വ്യക്തമാക്കാന്‍ അവര്‍ക്കായില്ല.

അഭിപ്രായ സര്‍വേകളില്‍ പ്രവചിച്ചതിന് വിപരീതമായാണ് ജനഹിത പരിശോധനയുടെ ഫലം. രാജ്യത്തെ 18 കന്റോണുകളിലും വന്‍ ഭൂരിപക്ഷത്തോടെയാണ് അടച്ചുപൂട്ടേണ്ട എന്ന് ജനങ്ങള്‍ വിധിയെഴുതിയത്. കന്റോണ്‍ ഷ്വിസില്‍ 68 ശതമാനം പേര്‍ ‘വേണ്ട’ എന്നു രേഖ പ്പെടുത്തിയപ്പോള്‍, ബാസലില്‍ 60.5 ശതമാനംപേര്‍ ‘വേണം’ എന്ന് രേഖപ്പെടുത്തി. പടിഞ്ഞാറന്‍ സംസ്ഥാനങ്ങളായ ഗെന്‍ഫ് (59), ജൂറ (57), നോയന്‍ ബുര്‍ഗ് (57), വാദത് (55) എന്നിവിടങ്ങളില്‍ വേണം എന്നാവശ്യപ്പെട്ടപ്പോള്‍ ജര്‍മന്‍ ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ വേണ്ട എന്ന് വിധിയെഴുതി. 

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക