Image

പാറ്റകള്‍ പറഞ്ഞത്‌ (കവിത:പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D)

Published on 17 February, 2012
പാറ്റകള്‍ പറഞ്ഞത്‌ (കവിത:പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D)
ഓര്‍മ്മകള്‍ പാറ്റകളായ്‌ സംക്രമിച്ച്‌
അനുഭൂതിതന്‍ അണുപ്രസരം,
ദീപക്കാഴ്‌ചതന്‍ ദീപ്‌തിയില്‍
ചത്തുവീഴും ചൈതന്യം.
ലക്ഷ്‌മീസരസ്വതീ കടാക്ഷത്തിനായ്‌
പാറ്റയുടെ സ്വര്‍ണ്ണവിഗ്രഹത്തില്‍
തത്ത്വമറിയാതെ തീര്‍ത്ഥം തെളിച്ച്‌
ആത്മക്ഷതത്തില്‍ അകക്കുറി ചാര്‍ത്തി.
കൊടും തണുപ്പില്‍ ചിരതപസ്സില്‍
കശേരുക്കള്‍ ശൂന്യതയില്‍ ലയിപ്പിച്ച്‌
അനുഷ്‌ഠാനകലയുടെ ഇതിവൃത്തം രചിച്ച്‌
ഉല്‌ക്കകള്‍ സ്വപ്‌നം കാണും
ആകാശഗംഗയായ്‌.
അധികവായനയുടെ പേറ്റുനോവു പേറും
കറുത്തുതുടുത്ത വക്രമൊഴികള്‍
പാറ്റകളായ്‌ ന്യൂറോണുകളിലരിച്ച്‌
മറവിലഹരിയിലാത്മാഹുതി.
മദിരാപണത്തില്‍ സുരപാനം കഴിഞ്ഞ്‌
സ്വപ്‌നസുരതസല്ലാപം ചെയ്‌ത്‌
കിടപ്പുമുറിയിലൊളിക്കും പാറ്റകളോട്‌
തലയിണമന്ത്രം ഉരുക്കഴിക്കുമ്പോള്‍
സാങ്കേതികത്തികവിന്നരമനയില്‍
അടഞ്ഞകത്തളത്തിലലമാരയില്‍
സ്വീകരണിയാം ദന്തമാപിനികളില്‍
വ്യക്തമാം വ്യതിരിക്ത ചലനങ്ങള്‍
ദിഗന്തം നടുക്കുമാഘാതത്തില്‍
റിക്‌ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തും.
കാലക്കേടിന്‍ ഭാഗ്യക്കുറി ചുരത്തും
പരകോടി സമ്പത്തിന്‍ മൂലധനത്തില്‍
പാറ്റപ്പഠനം ഏകലക്ഷ്യം ചാര്‍ത്തി
സര്‍വകലാശാല വായനപ്പുര തീര്‍ക്കും:
ഏകദൈവമാണു പാറ്റ -
പാറ്റതാന്‍ ജ്ഞാനസര്‍വസ്വം!
പാറ്റകള്‍ പറഞ്ഞത്‌ (കവിത:പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക