Image

ഇനിയും ക്ഷമയരുത് ധരേ (കവിത: മഞ്ജുള ശിവദാസ്)

Published on 29 November, 2016
ഇനിയും ക്ഷമയരുത് ധരേ (കവിത: മഞ്ജുള ശിവദാസ്)
നിണമൂറ്റി മക്കളെ ഊട്ടിയിട്ടും
നിന്‍റെ മാംസവും ഭക്ഷിപ്പാനേകിയിട്ടും,
ലവലേശ നന്ദിയില്ലാത്തൊരീ മക്കളെ
ഇന്നുമാ മാറോടു ചേര്‍ത്തു നിര്‍ത്തീടിലും...

അരുതെന്നുരക്കുവാന്‍ പോലുമാകാതെ
നീയരുതാത്തതെല്ലാം സഹിച്ചീടിലും,
കരുതി ലാളിക്കുമാ കൈകളെത്തന്നെയീ
കരുണയില്ലാത്തവരറുത്തിടുമ്പോള്‍..

നിന്‍ പ്രാണവേദന അറിഞ്ഞിടാത്തിവരെന്നും
ആ മാതൃഹൃദയം പിളര്‍ന്നിടുമ്പോള്‍..
കഴിയുകില്ലിനിയുമീ കാഴ്ച്ചകണ്ടിങ്ങനെ
കരളുരുക്കീടുന്ന കര്‍മം പൊറുത്തിടാന്‍.

ഇനിയുമമ്മേ നീ ക്ഷമിച്ചിടാതെ..
ഇനിയെന്‍റെ അമ്മ സഹിച്ചിടാതെ..
ഇനിയൊന്നു പ്രതികരിച്ചീടുകില്ലെങ്കിലീ
മക്കളാല്‍ നിന്‍ അന്ത്യം തീര്‍ച്ചതന്നെ..

വ്രണിതയാം നിന്‍ദീനരോദനത്താല്‍
നിലക്കുന്ന പോലെന്‍ ഹൃദന്തതാളം..
നോവിച്ചു നിന്നെയാവോളമതിലേറ്റമാ
മാതൃ വാത്സല്ല്യവും തട്ടിമാറ്റി.

എങ്കിലും നീ ഒന്നുമറിയാത്തപോല്‍
നിന്‍റെ നിണമൂറ്റി മക്കളെ ഊട്ടിടുന്നു.
അതിരു ലംഘിക്കുമീ അധമ
സന്തതികള്‍ക്കനുഗ്രഹം നല്‍കുന്നതെന്തിനിനിയും.
വയ്യ ധരണീ നിന്‍റെ സഹനമിതു കാണുവാന്‍

ആ സ്‌നേഹപാനത്തിനര്‍ഹരല്ലിവരെന്ന
സത്യമെന്തേ നീയറിഞ്ഞിടാത്തു..
കുറ്റബോധാഗ്‌നി ദഹിപ്പിച്ചിടട്ടെയീ
നന്ദികേടിന്‍ കുല സന്താനമായി
പിറന്നുപോം എന്നെയും..
ഇനിയും ക്ഷമയരുത് ധരേ (കവിത: മഞ്ജുള ശിവദാസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക