Image

അമേരിക്കന്‍ മലയാള സാഹിത്യം ഒരു അവലോകനം (ന്യൂയോര്‍ക്കിലെ അമേരിക്കന്‍ സര്‍ഗ്ഗവേദിയുടെ ചരിത്രവും) ഭാഗം -2

Published on 29 November, 2016
അമേരിക്കന്‍ മലയാള സാഹിത്യം ഒരു അവലോകനം (ന്യൂയോര്‍ക്കിലെ അമേരിക്കന്‍ സര്‍ഗ്ഗവേദിയുടെ ചരിത്രവും) ഭാഗം -2
(Protected by copyright Law)

ഈ ക്രുതിയുടെഒന്നാം ഭാഗത്തിന്റെ ആശയവും, ഈ ലേഖകന്റെ നിരൂപണങ്ങളിലെ വിലയിരുത്തലുകളും മോഷ്ടിക്കപ്പെട്ടിരുന്നു. (Plagiarism) അതു കൊണ്ട് ഈ രചനക്ക് കോപ്പി റൈറ്റ് എടുത്തിത്തിട്ടുണ്ട്.. എന്നിരുന്നാലും ഇതിലെ ആശയവും, അതേപോലെ ലേഖകന്റെ നിരൂപണങ്ങളും മോഷ്ടിക്കാനും അതില്‍ ഭേദഗതി വരുത്തി സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കാനും വേണ്ടി പണം ചോദിച്ചോ അല്ലാതെയോ പ്രിയ വായനകാരേ, എഴുത്തുകാരേ നിങ്ങളെ സമീപിക്കുന്നവരെ പ്രോത്സാഹിപ്പിക്കരുതെന്നു വിനീതമായി അപേക്ഷിക്കുന്നു.

സുധീര്‍ പണിക്കവീട്ടില്‍

അമേരിക്കന്‍ മലയാള സാഹിത്യം ഇന്നലെ, ഇന്നു, നാളെ എന്ന പേരില്‍ ഈ ലേഖകന്‍പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂയോര്‍ക്കിലെ വിചാരവേദിയുടെ പ്രഥമ സമ്മേളനത്തില്‍ ഒരു ലേഖനം അവതരിപ്പിച്ചിരുന്നു. ഈ മാസം (നവംബര്‍ 11,2016) വിചാരവേദി അവരുടെ പത്താം വാര്‍ഷികം ആഘോഷിക്കയാണു. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ ഭാഷക്ക് നല്‍കിയ സംഭാവനകളെ പരിഗണിച്ച് ഇവിടത്തെ പതിനൊന്ന് എഴുത്തുകാരെ വിചാരവേദി ആദരിക്കുന്നുവെന്ന വാര്‍ത്ത വായിക്കുകയുണ്ടായി. വിദേശത്ത് വളരുന്ന മാത്രുഭാഷയുടെ മാതാപിതാക്കളെ അംഗീകരിക്കുന്നത് നല്ല കാര്യമായി കണക്കാക്കാം.വിചാരവേദിയുടെ ഈ സംരംഭം അഭിനന്ദമര്‍ഹിക്കുന്നു.ആരംഭകാലം മുതല്‍ അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയും വികാസവും ലക്ഷ്യമാക്കി വിചാരവേദിയുടെ ചുക്കാന്‍ പിടിക്കുന്നവര്‍ മറ്റ് സംഘടനകള്‍ക്ക് അനുകരണീയമായ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഈ പ്രബന്ധം അവരുടെ സമ്മേളനത്തില്‍ വായിക്കാമോ എന്നു ചോദിച്ച അതിന്റെ സെക്രട്ടറി ശ്രീ സാംസി കൊടുമണ്ണിനു നന്ദി അറിയിക്കുന്നു.

അമേരിക്കന്‍ മലയാള സാഹിത്യം എന്നു പറയുന്നത് അമേരിക്കയിലേക്ക് കുടിയേറിയിട്ടുള്ള മലയാളികള്‍ എഴുതുന്ന സാഹിത്യ രചനകള്‍ക്കാണു. മലയാളികള്‍ കുടിയേറിയ സ്തലങ്ങളുടെ പേരില്‍ മലയാളസാഹിത്യം അറിയപ്പെടുന്നത് ഒരു പുതുമയാകാന്‍ വഴിയുണ്ട്. കാരണം നാട്ടിലെ മുഖ്യധാര എഴുത്തുകാര്‍ ഇത്തരം പ്രവാസസാഹിത്യത്തെ അര്‍ഹിക്കുന്ന വിധത്തില്‍ അംഗീകരിക്കാന്‍ തയ്യാറല്ല. അതിനുത്തരവാദികള്‍ ഇവിടെയുള്ളവര്‍ തന്നെയെന്നുള്ളതും ഖേദകരം. പ്രവാസസാഹിത്യം എന്ന തലവാചകത്തില്‍ ഇത്തരം രചനകളെ ഉള്‍പ്പെടുത്താന്‍ പലരും ശ്രമിക്കുന്നു. അന്യദേശത്തു കഴിയുന്ന ഒരാള്‍ അയാളുടെ മാത്രുഭാഷയില്‍ എഴുതുന്നതൊക്കെ പ്രവാസസാഹിത്യമെന്ന മേല്‍ വിലാസം ചാര്‍ത്തി കൊടുക്കുന്നതിലൂടെ അത്തരം സാഹിത്യത്തിന്റെ മേന്മ കുറയ്ക്കലാണ്.

കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ കൊണ്ട് അമേരിക്കന്‍ മലയാള സാഹിത്യരംഗത്ത് പുരോഗമനകരമായ പല മാറ്റങ്ങള്‍ വന്നെങ്കിലും അവ അര്‍ഹിക്കുന്ന വിധത്തില്‍ അംഗീകരിക്കപ്പെടുകയുണ്ടായില്ല. നാട്ടിലെ പ്രസിദ്ധീകരണങ്ങളില്‍ വരുന്നത് മാത്രം ഉല്‍ക്രുഷ്ടമായ രചന എന്ന ചിന്താഗതിയുള്ള എഴുത്തുകാരും പേരിനു മാത്രമുള്ള വായനക്കാരും ഇന്നും ശങ്കരന്‍ തെങ്ങേല്‍ തന്നെ എന്ന ചൊല്ലില്‍ നിന്നു വിമുക്തരല്ല. ന്യൂയോര്‍ക്കിലെ വിചാരവേദിയും ഹൂസ്റ്റനിലും, ഡാലസ്സിലുമുള്ള സാഹിത്യസംഘടനകളും എഴുത്തുകാരെ ആദരിക്കയുംഅവര്‍ക്ക് അവാര്‍ഡുകള്‍, അംഗീകാരങ്ങള്‍ തുടങ്ങിയവ നല്‍കി അമേരിക്കന്‍ മലയാള സാഹിത്യത്തെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കയും ചെയ്യുന്നത് അഭിലഷണീയമാണ്. അത്തരം പ്രവര്‍ത്തികളെ നിന്ദിച്ചും, നിരുത്സാഹപ്പെടുത്തിയും ചിലര്‍ നടത്തുന്ന കുത്സിതയത്‌നങ്ങള്‍ ഹാനികരമാണെന്നു മനസ്സിലാക്കാതെ അവരോട് പൊതുജനവും ഒത്തുചേരുന്നത് അമേരിക്കന്‍ മലയാള സാഹിത്യത്തെ/ അവിടത്തെ എഴുത്തുകാരെകോമാളികളാക്കുന്നു. അതേസമയം പാദസേവകര്‍ കുനിഞ്ഞു കുമ്പിട്ട് ആരാധിക്കുന്നവര്‍ ഭീമമായ സംഖ്യകള്‍ നല്‍കി വലിയ വലിയ അവാര്‍ഡുകള്‍ വാങ്ങുന്നതൊന്നും പൊതുജനം അറിയുന്നില്ല. മറ്റുള്ള ചെറിയ അവാര്‍ഡുകളാണു പരിഹസിക്കപ്പെടുന്നത്.

അമേരിക്കന്‍ മലയാളി എഴുത്തുകാരെ കേരളത്തിലെ മുഖ്യധാര എഴുത്തുകാര്‍ക്കൊപ്പം പരിഗണിക്കുന്നില്ല അവര്‍ക്ക് വേണ്ടത്ര അംഗീകാരങ്ങള്‍ ലഭിക്കുന്നില്ല തുടങ്ങിയ പരിദേവനങ്ങള്‍ ഇവിടെ സാധാരണ കേട്ടു വരുന്നുണ്ട്. ചിലരൊക്കെ നാട്ടിലെ മാധ്യമങ്ങളെ, അവാര്‍ഡുകള്‍ക്കും, അംഗീകാരങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന അവിടത്തെ അറിയപ്പെടുന്ന എഴുത്തുകാരെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്ന പോലെ സംസാരിക്കാറുണ്ട്. അമേരിക്കന്‍ മലയാളി എഴുത്തുകാരോട് അവരൊക്കെ പുലര്‍ത്തുന്ന നയം ആത്മാര്‍ത്ഥമല്ല അതൊരു ചിറ്റമ്മ നയം പോലെയല്ലേ എന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നാറുമുണ്ട്.

എന്നാല്‍ അമേരിക്കന്‍ മലയാള സാഹിത്യചരിത്രത്തില്‍ ഒരു സൂക്ഷ്മാവലോകനം നടത്തുമ്പോള്‍ പ്രസ്തുത ചിന്തകള്‍ ഉണ്ടാകുന്നത് പൂര്‍ണ്ണമായി കാര്യങ്ങളെ ഗ്രഹിക്കാത്തതുകൊണ്ടാണെന്ന് കാണാവുന്നതാണ്്. നാട്ടിലെ മാധ്യമങ്ങളും എഴുത്തുകാരും ഇവിടത്തെ എഴുത്തുകാര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ നല്‍കിയിട്ടുണ്ട്. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പെഴുതിയ കവിതകള്‍ക്ക് അന്നത്തെ കവികള്‍ എഴുതുന്ന കവിതകളോളം നിലവാരം ഇല്ലാത്തതിനാല്‍ അന്നു അവ തിരസ്കരിക്കപ്പെട്ടെങ്കിലും ഇപ്പോള്‍ പൊതുവെ കവിതകളുടെ നിലവാരം കുറഞ്ഞപ്പോള്‍ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന നീതി പ്രകാരം അത്തരം കവിതകളെ സാഹിത്യഅക്കാദമി അംഗീകരിച്ചു. അതെന്തു വ്യക്തമാക്കുന്നു? എഴുതുന്നതു കുറച്ചെങ്കിലും നന്നായിരിക്കണം എങ്കില്‍ സ്രുഷ്ടികള്‍ എന്നെങ്കിലും ശ്രദ്ധിക്കപ്പെടും. നമ്മളറിയാതെ ഡോളര്‍ ഭഗവാനും തന്നാലായത് ചെയ്യുമെന്നും അറിഞ്ഞിരിക്കേണ്ടതാണ്.

ഇവിടത്തെ നല്ലൊരു വിഭാഗം എഴുത്തുകാരുടെ പുസ്തകങ്ങള്‍ക്ക് നാട്ടിലെ പ്രമുഖരായ എഴുത്തുകാര്‍ അവതാരികകളും, പഠനങ്ങളും, സ്‌നേഹക്കുറിപ്പുകളും എഴുതീട്ടുണ്ട്. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ സംഘടിപ്പിച്ച സാഹിത്യ സമ്മേളനങ്ങളിലെല്ലാം നാട്ടിലെ പ്രശസ്ത എഴുത്തുകാരെ ക്ഷണിക്കുകയും അവര്‍ സന്നിഹിതരാകുകയും ചെയ്തീട്ടുണ്ട്. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ അവര്‍ വിട്ടു പോന്ന കേരളത്തെ കുറിച്ച് ഗ്രഹാതുരത്വത്തോടെ എഴുതാതെ പ്രവാസജീവിതത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കി അതില്‍ നിന്നും രചനകള്‍ സ്രുഷ്ടിക്കണമെന്ന അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ നാട്ടിലെ എഴുത്തുകാരും അതേപോലെസമൂഹത്തിലെ പ്രശസ്തരും ഇവിടത്തെ എഴുത്തുകാര്‍ക്ക് നല്‍കിയതായി ചില പത്രങ്ങളില്‍ വായിച്ചത് ഓര്‍ക്കുന്നു. ഇത് ഒരുതരം അവഹേളനമാണ്. എഴുത്തുകാര്‍ എന്തെഴുതണമെന്ന് എഴുതി തെളിഞ്ഞവരോ, സമൂഹത്തിലെ മറ്റ് പ്രമാണിമാരോ ആവശ്യപ്പെടുകയെന്ന താല്‍പ്പര്യത്തെ എന്തു പേരു വിളിക്കും?അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകളെക്കുറിച്ച് മനസ്സിലാക്കാതെ അവ വായിക്കാതെ അവരോട് മറ്റ് പ്രവാസികള്‍ എഴുതുന്നത് കണ്ട് മനസ്സിലാക്കി എഴുതണമെന്ന അഭിപ്രായം പറയുന്നത് അവരെ അപമാനിക്കുന്നതിനു തുല്യമാണു. അത്തരം വിവരം കെട്ടവിലയിരുത്തലുകളെ അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ അവഗണിക്കേണ്ടതാണ്.

അത്രയൊന്നും സാഹിത്യഗുണമില്ലത്ത ആടുജീവിതമെന്ന ഒരു നോവലിന്റെ പേരും പറഞ്ഞ് അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ അത്തരം നോവലുകള്‍ എഴുതണമെന്നൊക്കെ സാഹിത്യത്തെ കുറിച്ച് കാര്യമായ വിവരമില്ലാത്തവര്‍ ബഹളം വയ്ക്കുകയും അത് ചെവിയോര്‍ത്തു നിന്നു അമേരിക്കയിലെ തന്നെ എഴുത്തുകാര്‍ എന്ന ലേബലും താങ്ങി നടക്കുന്നവര്‍, കാളകളെ പോലെ കൊമ്പു കുലുക്കി അത് ശരിയാണെന്നു അമറുന്നുന്നത് കാണാന്‍ രസകരമാണ്.

പത്രങ്ങളില്‍ നിന്ന് അറിയുന്ന വിവരങ്ങളും വായിക്കാന്‍ കിട്ടുന്ന പുസ്തകങ്ങളും വച്ച് നോക്കുമ്പോള്‍ ഇവിടെ നല്ല നോവലുകള്‍ എഴുതിയ എഴുത്തുകാര്‍ ഉണ്ട്.അവരുടെ കഥകളിലെ പ്രമേയം അമേരിക്കയില്‍ ജീവിക്കുന്ന മലയാളി കുടുംബങ്ങളുടെ പശ്ചാത്തലത്തിലാണെന്നു കാണം.അത്തരം കഥകള്‍ തുടങ്ങുന്നത് സ്വഭാവികമായും നാട്ടില്‍ നിന്നും തന്നെ. അങ്ങനെ തന്നെ വേണം താനും.അമേരിക്കയിലെ ഒരു വെള്ളക്കാരന്റെ, അല്ലെങ്കില്‍ നിറമുള്ളവരുടെ ജീവിതകഥകള്‍ മലയാളത്തില്‍ എഴുതുന്നതിനേക്കാള്‍ ഇംഗ്ലീഷില്‍ എഴുതുന്നതായിരിക്കും ഗുണപ്രദം. മലയാളഭാഷയെ പരിപോഷിപ്പിക്കലാണല്ലോ പ്രത്യക്ഷത്തില്‍ അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ ദൗത്യം.

അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ ഇവിടെ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമല്ല. മറിച്ച് ഇവിടെനിന്നും നാട്ടിലേക്ക് ചെല്ലുമ്പോഴാണു അവര്‍ പ്രശ്‌നങ്ങളുടെ നീരാളിപിടുത്തത്തില്‍ കിടന്നുശ്വാസം മുട്ടുന്നത്.ഇവിടത്തെ വളരെ കുറച്ച് എഴുത്തുകാരുടെ രചനകളില്‍ അത്തരം പ്രശ്‌നങ്ങളുടെ, ഊരാക്കുടുക്കുകളുടെ കലാപരമായ ആവിഷ്കാരം കണ്ടിട്ടുണ്ട്. ചെറുകഥാക്രുത്തും നോവലിസ്റ്റുമായ ബാബു പാറക്കലിന്റെ ഒരു കഥയില്‍ ഒരു പ്രവാസിക്ക് നാട്ടില്‍ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ അനാവ്രുതമാക്കിയിട്ടുണ്ട്. ലേഖകനും കവിയുമായ ശ്രീ എ.സി. ജോര്‍ജിന്റെ രചനകളിലും നാടിന്റെ സൗഹ്രുദമില്ലാത്ത പരുക്കന്‍ മുഖത്തെക്കുറിച്ചുള്ള നഗ്നമായ വിവരണങ്ങള്‍ കാണാം.

ഇവിടെ ഇയ്യിടെ പുറത്തിറങ്ങിയ രണ്ട് നോവലുകളാണു ശ്രീ ജോണ്‍ മാത്യുവിന്റെ "ഭൂമിക്ക് മേലെ ഒരു മുദ്ര'' യും ശ്രീ സാംസി കൊടുമണ്ണിന്റെ "പ്രവാസികളുടെ ഒന്നാം പുസ്തകം'' എന്ന നോവലും. (എല്ലാ നോവലുകളേയും കുറിച്ച് പരാമര്‍ശിക്കുന്നില്ല) നോവല്‍ സാഹിത്യത്തിന്റെ പേരില്‍ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നവരുടെ പേരുകള്‍ അഡ്വക്കെറ്റ് രതീ ദേവി, ജോണ്‍ മാത്യു, സാംസി കൊടുമണ്‍, ജോര്‍ജ് മണ്ണിക്കരോട്ട്, എബ്രഹാം തെക്കേമുറി (ഇദ്ദേഹത്തിന്റെ പേരു ആദ്യം പറയേണ്ടിയിരുന്നു), നീന പനക്കല്‍, മുരളി ജെ നായര്‍, ബാബു പാറക്കല്‍, ടോം മാത്യൂസ്, ജോണ്‍ ഇളമത, നിര്‍മ്മല തോമസ്, ആന്‍ഡ്രൂ പാപ്പച്ചന്‍, മാത്യു നെല്ലിക്കുന്നേല്‍, ജോണ്‍ കുന്തറ, സരോജ വര്‍ഗീസ്സ് തുടങ്ങിയവരാണ്. ജോണ്‍ മാത്യുവിന്റെ നോവലിന്റെ പ്രത്യേകതയായി തോന്നിയത് ഇത് അമേരിക്കയിലെ ഒരു പ്രത്യേക സമൂഹത്തിന്റെ (ഉദാ: നേഴ്‌സ്, ടാക്‌സി ഡ്രൈവര്‍, ഡോക്ടര്‍, എഞ്ചിനീയര്‍, മറ്റ് തൊഴിലില്‍ ഏര്‍പ്പെട്ടവര്‍) കഥയല്ലെന്നാണ്. ഈ നോവല്‍ഒരു പ്രത്യേക വിഭാഗത്തിനെ വിമര്‍ശിക്കയും ചെളിവാരി തേക്കുകയും ചെയ്യുന്നില്ല. എഴുത്തുകാരന്റെ സംസ്കാരമാണ് പലപ്പോഴും അദ്ദേഹത്തിന്റെ രചനയില്‍ തെളിയുന്നത്.

പ്രവാസി എഴുത്തുകാരുടെ കാഴ്ച്ചപ്പാട് ഒരേപോലെയാണു അല്ലെങ്കില്‍ അത് സങ്കുചിതമാണെന്ന ചിന്ത പ്രവാസികള്‍ വിട്ടിട്ട് പോന്ന ജന്മനാട്ടിലുള്ളവര്‍ കരുതുന്നു. അങ്ങനെയൊരു തോന്നല്‍ പ്രവാസ സാഹിത്യത്തിനു ഹാനികരമാണ്. അമേരിക്കയെ സംബന്ധിച്ചേടത്തോളം ഇവിടെ വരുന്നവര്‍ പലര്‍ക്കും പല സാഹചര്യങ്ങളാണ് അഭിമുഖീകരിക്കേണ്ടി വന്നത്. അവരുടെ സര്‍ഗ്ഗപരമായ ഭാവങ്ങള്‍ അതുകൊണ്ട് തന്നെ വ്യത്യസ്തമായിരിക്കും. ശ്രീ ജോണ്‍ മാത്യുവും, സാംസി കൊടുമണ്ണും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ജീവിച്ചവരാണ്. അവര്‍ നാട്ടില്‍ നിന്നും കൊണ്ട് വന്ന ചിന്തകള്‍ക്കും അറിവിനും വ്യ്ത്യാസമുണ്ട്.എന്നാല്‍ അവരിലെ പൊതുവായ സാമ്യം അവര്‍ അമേരിക്കന്‍ മലയാളികള്‍ എന്നാണു.അതുകൊണ്ട് രണ്ട് വ്യത്യസ്ത നോവലുകള്‍ പിറന്നു.

ഇവിടെ എഴുതുന്ന ചിലര്‍ക്കു മുന്‍ധാരണകളും, ഏതെങ്കിലും തൊഴില്‍ ചെയ്ത് ജീവിക്കുന്നവരോട് അസൂയയും, അസഹിഷ്ണതയും ഉണ്ടാകുന്നന്നത് മൂലം അവര്‍ വികസിപ്പിച്ചെടുക്കുന്ന കലാസ്രുഷ്ടിയെ പ്രവാസസാഹിത്യത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. അവസരങ്ങളുടെ നാടായ അമേരിക്കയിലേക്ക് കുടിയേറുന്ന മലയാളി കുടുംബങ്ങള്‍ അവരുടെ അന്തര്‍മുഖത്വവും, അവരുടെ സമൂഹങ്ങളില്‍ മാത്രം കഴിവതും ഒതുങ്ങിക്കൂടുന്നതില്‍ കാണുന്ന സുരക്ഷിതത്വബോധവും മൂലം അമേരിക്കയുടെ മുഖ്യധാരയിലേക്ക് കടന്നുവരാന്‍ താല്‍പ്പര്യം കാണിക്കുന്നില്ല. അവരുടെ സാഹിത്യരചനകളിലും പൂര്‍ണ്ണമായി ഇവിടത്തെ മെല്‍റ്റിംഗ്‌പോട്ടില്‍ അലിഞ്ഞ് ചേര്‍ന്ന ഒരു സമൂഹത്തിന്റെ കഥയല്ല തെളിയുന്നത്.

പ്രവാസ (കുടിയേറ്റ) സാഹിത്യം എന്ന ഒരു സാഹിത്യരൂപത്തിനു ഇപ്പോള്‍ വളരെ പ്രചാരമായിക്കഴിഞ്ഞു. ആഗോളവല്‍ക്കരണവും, കൂട്ടത്തോടെയുള്ള കുടിയേറ്റവുമായിരിക്കാം പ്രവാസസാഹിത്യ ശാഖയെ വളര്‍ത്തുന്നത്. കാരണം. ഇത്തരം നോവലുകളില്‍ കാണൂകകുടിയേറിയ രാജ്യത്ത് ഒരു പ്രവാസിക്കനുഭവപ്പെട്ട വിവരങ്ങളായിരിക്കും. പലപ്പോഴും എഴുത്തുകാരന്റെ കാഴ്ച്ചപ്പാടുകളും, മുന്‍വിധികളും അതിനെ സ്വാധീനിക്കും. മലയാളത്തില്‍ അത്തരം പുസ്തകങ്ങള്‍ കുറവാണെന്നു തോന്നുന്നു. പ്രവാസികള്‍ എഴുതുന്നതൊക്കെ പ്രവാസസാഹിത്യമായി കരുതാന്‍ കഴിയില്ല. അമേരിക്ക പോലുള്ള ഒരു രാജ്യത്ത് ജോലിയുടെ ബലത്തില്‍ ഒറ്റക്ക് വരുന്ന യുവതികളായ നേഴ്‌സുമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്ന കഥകള്‍ അല്ലെങ്കില്‍ നോവലുകള്‍ പ്രവാസസാഹിത്യത്തില്‍ ഉള്‍പ്പെടുന്നില്ല. അത്തരം ചൂഷണങ്ങള്‍ എല്ലായിടത്തുമുണ്ടല്ലോ. ഗ്രന്ഥകാരന്‍ പ്രവാസിയാണെങ്കിലും അയാള്‍ പറയുന്ന കഥകള്‍ അയാളുടെ അല്ലെങ്കില്‍ അയാളുടെ കൂട്ടുകാരുടെ അനുഭവമാണെങ്കിലും അത്തരം സ്രുഷ്ടികള്‍ പ്രവാസസാഹിത്യത്തില്‍ പെടുന്നില്ല; അവ അമേരിക്കന്‍ പശ്ചാത്തലത്തില്‍ എഴുതിയ നോവലുകളായി പരിഗണിക്കപ്പെടുന്നില്ല.

എഴുത്തുകാര്‍ അവര്‍ എഴുതുന്നത് മാത്രം വായിക്കുകയും വായനകാരുടെ എണ്ണം വിരളവുമായിരിക്കെ ഇവിടെ നിന്നിറങ്ങുന്ന നോവലുകളെക്കുറിച്ച് പുറംലോകം അധികമായി അറിയാതിരിക്കാന്‍ കാരണം നോവലിസ്റ്റുകള്‍ തന്നെയാണെന്നാണ് മാധ്യമങ്ങളില്‍ നിന്നും മനസ്സിലാകുന്നത.് നോവലിസ്റ്റുകള്‍ അവരുടെ പുസ്തകം നാട്ടില്‍ അച്ചടിച്ച് അവിടത്തെ ഏതോ പ്രശസ്ത സാഹിത്യകാരനെ, രാഷ്ട്രീയകാരനെ കൊണ്ട് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ച് അവിടെയുള്ള ഏതെങ്കിലും വ്യക്തിയെകൊണ്ട് (പ്രശസ്തനോ, അപ്രശസ്തനോ) ഒരു നിരൂപണം, ആസ്വാദനം എഴുതിപ്പിച്ച് അതിവിടത്തെ ഏതെങ്കിലും പ്രസിദ്ധീകരണത്തില്‍ വെളിച്ചം കാട്ടി പുസ്തക്തത്തിന്റെ കോപ്പികള്‍ പരിചയമുള്ളവര്‍ക്ക് അയച്ച് കൊടുത്ത് അവര്‍ അപ്രത്യക്ഷരാകുന്നു. ചുരുക്കം ചിലര്‍ മാത്രം ഇവിടെയുള്ളവരെകൊണ്ട് നിരൂപണം എഴുതിപ്പിച്ച്, ഇവിടത്തെ സാഹിത്യസംഘടനകളില്‍ ചര്‍ച്ച ചെയ്തു പിന്‍വാങ്ങുന്നു. അപകര്‍ഷതബോധമുള്ള ഒരു പരദൂഷണവീരന്റെ ചെളിവാരിയെറിയല്‍ മൂലം ഇവിടത്തെ നിരൂപണവും, അത് ഇവിടത്തെ മാദ്ധ്യമങ്ങളില്‍ വരുന്നതും പിന്നീട് അവഗണിക്കപ്പെട്ടുപോകുന്നു. ഇത് എത്രയോ ദയനീയം. നോവല്‍ അവിടെ സ്തംഭിച്ചു പോകുന്നു. ആടിനെ പട്ടിയാക്കുന്നഈ വീരന്റെ, അദ്ദേഹത്തിനു കുട പിടിച്ച് കൊടുക്കുന്ന കുറച്ച് പേരുടെ ഇരകളാകാതെ ചുരുക്കം ചിലര്‍ രക്ഷപ്പെടുന്നെങ്കിലും നന്മയുടെ എണ്ണം അഞ്ചും തിന്മയുടെ എണ്ണം നൂറുമാണു. നന്മ ജയിക്കാന്‍ ഒരു കുരുക്ഷേത്ര യുദ്ധമൊക്കെ വേണം. കലിയുഗത്തില്‍ അതുണ്ടാകാന്‍ പോകുന്നില്ല.

വാസ്തവത്തില്‍ നിരൂപണങ്ങള്‍, സാഹിത്യചര്‍ച്ചകള്‍, അപഗ്രഥനങ്ങള്‍, പഠനങ്ങള്‍ വായനകാരും എഴുത്തുകാരും കൂടി തുടര്‍ന്നും നടത്തുകയും അത്തരം സര്‍ഗ്ഗസംവാദങ്ങള്‍ക്ക് നല്ല പ്രചാരമുണ്ടാകുകയും വേണം.സംഭവിക്കുന്നത് ഒരാളുടെ നുണപ്രചാരണവും അതു കേട്ട് സന്തോഷിക്കുന്ന വിധേയരുടെ പിന്‍തുണയും കൂടി ഒരാളുടെ ക്രുതിയെ നാമാവശേഷമാക്കുന്നു എന്ന ദുരവസ്ഥയാണു. പലരും ഇത് മനസ്സിലാക്കാതെ ക്രുതികള്‍ ശ്രദ്ധിക്കപ്പെടുന്നില്ലെന്ന് പരാതിപ്പെടുന്നു.സാഹിത്യത്തെ വളര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്താതെ അതിനെ അട്ടിമറിക്കാന്‍ ഒരാള്‍ ചെയ്യുന്ന പ്രവര്‍ത്തികളെ നേരിടാന്‍ എല്ലാ എഴുത്തുകാരും തയ്യാറാകണം. എഴുത്തുകാര്‍ കുറേകൂടി നട്ടെല്ലുള്ളവരായാല്‍ ഈ പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാം. എന്നാല്‍ പലര്‍ക്കും സത്യം പറയാന്‍ ഭയമാണെന്നു കാണുന്നു. അമേരിക്കന്‍ മലയാളി എഴുത്തുകാരേയും അവര്‍ എഴുതുന്ന സാഹിത്യത്തിലെ വിഭിന്ന ശാഖകളേയും കുറിച്ച് മനസ്സിലാക്കാന്‍ കഴിവില്ലാത്തവര്‍അത്തരം വളര്‍ച്ചയെ തടയുന്നുണ്ടെങ്കിലും അവര്‍ തന്നെ സാഹിത്യത്തെ പോഷിപ്പിക്കുന്ന എന്ന അംഗീകാരവും നേടി നടക്കുന്നത് അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ ഇടയില്‍ മാത്രം കാണുന്ന വിചിത്ര സ്വഭാവ വിശേഷമാണ്.

ഒരു ക്രുതിയും അച്ചടിച്ച് അലമാരയില്‍ വച്ചാല്‍ പ്രസിദ്ധമാകുന്നില്ല. എഴുത്തുകാരും വായനക്കാരും, മാധ്യമങ്ങളും അതിനെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. എഴുത്തുകാരും വായനകാരും തമ്മില്‍ നല്ല സൗഹ്രുദങ്ങള്‍ പുലര്‍ത്തി ഇവിടെ സാഹിത്യമില്ല, നിരൂപണമില്ല, നല്ല രചനയില്ല എന്ന ജല്‍പ്പനങ്ങളില്‍ ന്ന് അവരുടെ രചനകളെ രക്ഷിക്കേണ്ടതാണു. നോവലിസ്റ്റുകള്‍ ആര്‍ഷഭാരത സംസ്കാരത്തിന്റെ മാന്ദ്യത്തില്‍ നിന്നും ഉണരേണ്ടിയിരിക്കുന്നു. സംസ്കാരങ്ങളുടെ സങ്കരവും മനുഷ്യ പുരോഗതിയും അവര്‍ മനസ്സിലാക്കണം. നമുക്കറിയുന്നത് മാത്രം നല്ലതെന്ന ബോധം മുഴുവന്‍ ശരിയാകണമെന്നില്ല.വിദേശത്തേക്ക്് പ്രവാസികള്‍ കൊണ്ട് വന്നത് മാത്രം നല്ലത് പ്രവാസഭൂമിയിലെ സഭ്യതയും സംസ്കാരവും ഒരു പടി താഴെ എന്ന സങ്കല്‍പ്പം രചനകളില്‍ ഏകപക്ഷീയമായി വരുമ്പോള്‍ അത് വംശീയ വിദ്വേഷം എന്ന പട്ടികയിലേക്ക് അധ:പതിക്കുമല്ലോ. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ ധാരാളം നോവലുകള്‍ ഇന്നും പ്രബുദ്ധരായ വായനകാരുടെ കയ്യിലെത്താതെ കെട്ടികിടക്കുന്നുണ്ടാകും. ഈ സാഹചര്യത്തില്‍ അവാര്‍ഡുകള്‍ക്ക് പ്രസക്തിയുണ്ട്. അവാര്‍ഡുകളെ ആരൊക്കെ പരിഹസിച്ചാലും അത്തരം അംഗീകാരങ്ങളിലൂടെ എത്രയോ പുസ്തകങ്ങളുടെ പേരു വിവരങ്ങള്‍ പുറത്ത് വരുന്നു.

കവിത അമേരിക്കന്‍ മലയാളിയുടെ ഹ്രുദയസ്പന്ദനമാണു.ഓരോ ദിവസവും എത്രയോ കവിതകള്‍ നമ്മള്‍ വായിച്ച് തള്ളുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ അമേരിക്കന്‍ മലയാള സാഹിത്യരംഗത്ത് കവിതകളുടെ ഒരു വെള്ളപ്പൊക്കമായിരുന്നു. പഴയ കവികള്‍ വിശ്രമിക്കുകയും പുതിയ കവികള്‍, കവയിത്രികള്‍ പ്രതിദിനം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.പലരും ആധുനികത എന്ന മേല്‍ വിലാസത്തില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന പോലെ ദുര്‍ഗ്രഹമായ കവിതകള്‍ എഴുതി വിടുന്നുണ്ട്. മനസ്സിലാകാത്ത കവിതകള്‍ ഉദാത്തമെന്നു ധരിക്കുന്ന ഒരു വിഭാഗത്തിന്റെ മുന്നിലേക്ക് കവികള്‍ അവരുടെ ഊരാക്കുടുക്കുകള്‍ വീണ്ടും വീണ്ടും വലിച്ചെറിയുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ അവക്കൊന്നും കലാമേന്മ ഇല്ലാ അല്ലെങ്കില്‍തീരെ കുറവാണെന്നു അവര്‍ മനസ്സിലാക്കുന്നില്ല. വായനകാരും ഗൗനിക്കുന്നില്ല.

സ്വയം ബുദ്ധിരാക്ഷസന്മാര്‍ എന്നു കരുതുന്ന കുറേ പാവത്താന്മാര്‍ കാല്‍പ്പനിക സൗന്ദര്യം നിറയുന്ന കവിതകളെ പൈങ്കിളി എന്നാക്ഷേപിച്ച് മേല്‍പ്പറഞ്ഞ കണ്‍കെട്ടു കവിതകളെ തോളിലേറ്റി നടക്കുമ്പോള്‍ അസംബന്ധം എഴുതി വിടുന്നവര്‍ അവരുടെ കലാമൂല്യമില്ലാത്ത വാക്കുകള്‍ നിരത്തി മലയാളഭാഷക്ക് കുറേ നോക്കുക്കുത്തികളെ സമ്മാനിക്കുന്നു.അതേസമയം കവിതകളില്‍ പരാമര്‍ശങ്ങല്‍ (allusions
) ഉള്‍ക്കൊള്ളിച്ച് പ്രമേയത്തിന്റെ തീഷ്ണത വര്‍ദ്ധിപ്പിക്കുന്ന ഒരു സമ്പ്രദായം സ്വീകരിക്കുന്ന കവികളും ഉണ്ട്. ഡോക്ടര്‍ ജോയ് ടി കുഞ്ഞാപ്പുവിന്റെ (Refereeing ) എന്ന ഇംഗ്ലീഷ് കവിതയെപ്പറ്റിയുള്ള നിരൂപണത്തില്‍ നിന്നും ഉദ്ധരിക്കുന്നു. "മറ്റുള്ളവരെ വിധിക്കാന്‍ മുതിരുന്ന നാഡികോശത്തെ ഗൈറോസ്‌കോപ്പിനോട്് ഉപമിച്ചിട്ടുണ്ട്. ഈ ഉപകരണം ഒരു അച്ചുതണ്ഡില്‍ പമ്പരം പോലെ കറങ്ങുന്നതാണു. അതിന്റെ പ്രത്യേകത ഒരേ ദിശയിലേക്ക് മാത്രമാണു കറങ്ങുന്നതെന്നാണു. കവിതയുടെ ആരംഭത്തില്‍ വിധി നിര്‍ണ്ണായക ന്യൂനതകളെ വിവരിക്കുന്നത് ഇങ്ങനെ. അന്യന്റെ പോരായ്മകളുടെ അല്ലെങ്കില്‍ തെറ്റുകളുടെ ഒരു കിരണം കാണുമ്പോഴെക്കും അവിടേക്ക് മുഴുവന്‍ ശ്രദ്ധയുടെ ഒരു പ്രവാഹം ഉണ്ടാകുന്നു. അപരനില്‍ പൂര്‍ണ്ണതയുടെ ദ്രുശ്യം പ്രകാശിക്കുമ്പോള്‍ നാഡികോശത്തിനു ഉദാസീനത സംഭവിക്കുന്നു സ്വന്തം കണ്ണിലെ കോലു കാണാതെ അന്യന്റെ കണ്ണിലെ കരട് അന്വേഷിക്കുന്ന പ്രവണത. ഇവിടെ നമ്മള്‍ കാണുന്നത് ചിന്തിക്കാതെ ചിന്തിക്കാനുള്ള മനുഷ്യന്റെ സവിശേഷതയെയാണു്. കവി വിരല്‍ ചൂണ്ടുന്നത് അവിടേക്കാണു. ഈ വിവരണം ഗൈറോസ്‌കോപ്പിന്റെ ഉദാഹരണത്തിലൂടെ വായിക്കുമ്പോള്‍ അനുവാചകമനസ്സില്‍ വിസ്മയത്തിന്റെ ചിരിമിന്നല്‍ ഉണ്ടാകുന്നു. "

അമേരിക്കന്‍ മലയാളികളുടെ കവിതകള്‍ മുഴുവന്‍ സര്‍ഗ്ഗത്മകരചനകള്‍ എന്നു വിശേഷിപ്പിക്കാന്‍ വിഷമമുണ്ട്. പലരും അവരുടെ പ്രതിഭാപ്രസരം പ്രകടിപ്പിക്കയാണു ചെയ്യുന്നത്. അപ്പോള്‍ കവിതയുടെ ആത്മാവ് നഷ്ടപ്പെടുന്നു. സര്‍ഗാത്മകരചനകളേക്കാള്‍ പലപ്പോഴും നമ്മള്‍ വായിക്കുന്നത് എഴുതാന്‍ വേണ്ടി കവികള്‍ആലോചിച്ചുണ്ടാക്കിയ നിര്‍ജീവമായ രചനകളാണ്. കാല്‍പ്പനികതയുടെ മേമ്പൊടി ചേര്‍ത്ത് എഴുതുന്ന ശുദ്ധസാങ്കല്‍പിക കവിതകള്‍ക്ക് വായനാസുഖമെങ്കിലുമുണ്ടാകും. മിക്ക കവിതകളിലും ദാര്‍ശനിക സമസ്യകളോ, ഇവിടത്തെ സമകാലിക പ്രമേയങ്ങളോ വളരെ വിരളമായെ കാണുന്നുള്ളു.കാല്‍പ്പനിക ലാവണ്യവും ശാലീനതയുമുള്ള കവിതകള്‍ വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്നത് ഒരു അനുഗ്രഹം തന്നെ. കവിത എഴുത്ത് വളരെ സുഗമമാണെന്നു ധരിച്ച് ഒരാള്‍ എഴുതുന്നപോലെ അനുകരിക്കാനും ആളുകളുണ്ടായി. അര്‍ത്ഥസമ്പുഷ്ടവും ലാളിത്യവുമുള്ള കവിതകള്‍ എഴുതിയാല്‍ ജനപ്രിയമെന്ന മുദ്ര ചാര്‍ത്തപ്പെടുമെന്നു ഭയന്ന് നല്ല കവിതകള്‍ എഴുതാന്‍ കഴിവുള്ളവര്‍ പോലുംവെറുതെ വാക്കുകള്‍ നിരത്തി കവിത എന്നു പേരിട്ട് കാവ്യദേവതയുടെ കരണത്തടിക്കുന്നു.

കാവ്യപാരമ്പര്യത്തില്‍ നിന്നും വ്യതിചലിക്കാതെ, എന്നാല്‍ കവിതയുടെ വളര്‍ച്ചയും, മാറ്റങ്ങളും മനസ്സിലാക്കി കവിതാ രചനയില്‍ അവരുടേതായ ശൈലികള്‍ വികസിപ്പിച്ചവരാണു ശ്രീമതി എത്സി യോഹന്നന്‍ ശങ്കരത്തില്‍, അബ്ദുള്‍ പുന്നയൂര്‍ക്കുളം ബിന്ദു ടി.ജി., ജോസ് ചെരിപുരം, പീറ്റര്‍ നീണ്ടൂര്‍, ജി. പുത്തന്‍കുരിശ്, ജയന്‍ വര്‍ഗീസ്, ജോണ്‍ വേറ്റം, ഡോക്ടര്‍ നന്ദകുമാര്‍, മോന്‍സി കൊടുമണ്‍, റെജിസ് നെടുങ്ങാടപ്പിള്ളി തുടങ്ങിയവര്‍.കാവ്യരചനയില്‍ വന്ന നൂതനരീതികള്‍ പരീക്ഷിക്കയും ആധുനികതഎന്ന സങ്കല്‍പ്പത്തിനൊപ്പം കവിതകള്‍ എഴുതുന്നവരുമാണ് ജയന്‍ കെ.സി., തമ്പി ആന്റണി, ഡോണ മയൂര, ജോര്‍ജ് നടവയല്‍, റജിസ് നെടുങ്ങാടപ്പിള്ളി, ത്രേസ്യാമ്മ നാടാവള്ളി, ജോര്‍ജ് നടവയല്‍, ജോസഫ് നമ്പിമഠം, സോയ നായര്‍, അനിത പണിക്കര്‍, ഗീത രാജന്‍, രാജു തോമസ്, സന്തോഷ് പാല ഡോക്ടര്‍ ജോയ് ടി.കുഞ്ഞാപ്പു. ഇവര്‍ കവിതയുടെ രൂപത്തിലും ദര്‍ശനത്തിലും അവരുടേതായ മാറ്റങ്ങള്‍ വരുത്തി പുതുമയുണ്ടാക്കാന്‍ ശ്രമിച്ചതായി കാണുന്നു. ചുരുക്കം ചില കവികളുടെ കവിതകളില്‍ അവ .സൂചനകളിലൂടെ (Allusions) ഒരു പ്രമേയം ബലപ്പെടുത്തുമ്പോള്‍ അതിന്റെ അര്‍ത്ഥതലങ്ങള്‍ കണ്ടെത്താന്‍ ധാരാളം പുസ്തകങ്ങളിലൂടെ അറിവു നേടിയ വായനകാരനു മാത്രമേ കഴിയു. എഴുത്തുകാര്‍ എഴുത്തിനോട് എന്തുമാത്രം പ്രതിജ്ഞാബദ്ധരാണെന്നു അവരുടെ രചനകള്‍ വ്യക്തമാക്കുന്നു. സ്റ്റീഫന്‍ മല്ലാര്‍ മേ (1842-1898) പറഞ്ഞപോലെ കവിത നിര്‍മ്മിക്കുന്നത് "ആശയങ്ങള്‍ കൊണ്ടല്ല വാക്കുകള്‍കൊണ്ടാണെന്ന്'' ധരിക്കുന്ന അമേരിക്കന്‍ മലയാളകവികളുമുണ്ട്. വികാരങ്ങളുടേയും വ്യക്തിത്വത്തിന്റേയും ഭാവാവിഷ്കാരമല്ല അതില്‍ നിന്നുമുള്ള പലായനമാണു കവിത എന്നു പറഞ്ഞ ടി.എസ്. എലിയാറ്റിനെ പിന്‍തുടരുന്ന കവികളും നമുക്കുണ്ട്. അമേരിക്കന്‍ കവി വാള്‍ട് വിറ്റ്മാന്‍ തന്റെ പുല്‍-പത്രങ്ങള്‍ (Leaves of Grass) എന്ന കവിതയിലൂടെ മുക്തഛന്ദസ്സിലുള്ള കവിതക്ക് നാന്ദി കുറിച്ചു. അതേസമയം ഫ്രഞ്ച്കവി ചാള്‍സ് ബോദ്‌ലേര്‍ ഒരു ലഘു ഗദ്യസമാഹാരമിറക്കി കവിതക്ക് ഗദ്യവും ഒരു ഉപാധിയാണെന്നു തെളിയിച്ചു. ഇപ്പോള്‍ ശുദ്ധമായ ഗദ്യത്തില്‍ മലയാളകവികളും കവിതകള്‍ എഴുതുന്നുണ്ട്. അമേരിക്കയിലെ ചില കവികളും അതുപയോഗിക്കുന്നുണ്ട്. പക്ഷെ എത്രമാത്രം വിജയകരമായി അതുപയോഗിക്കുന്നുവെന്ന കാര്യത്തില്‍ സംശയങ്ങളുണ്ട്.

അനുകര്‍ത്താക്കളാണു അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ എണ്ണം കൂട്ടിയത്. അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ ശാപവും അവര്‍ തന്നെ.സര്‍ഗ്ഗസ്രുഷ്ടിഅത്ര പ്രയാസമുള്ള കാര്യമൊന്നുമല്ല വേണമെങ്കില്‍ ഞങ്ങള്‍ക്കും സാധിക്കുമെന്നു വെല്ലു വിളിച്ച് പേനയെടുത്ത് വരുന്നവര്‍ മറ്റുള്ളവര്‍ എഴുതുന്നത് നോക്കി അതേപോലെ അനുകരിക്കുന്നു. കവിതയും നിരൂപണവും ലേഖനവുമാണു അധികവും അനുകരിക്കപ്പെടുന്നത്. കഥ എഴുതുന്നവരുടെ എണ്ണം കുറവാണു. ആ കല അനുകരിക്കാന്‍ ബുദ്ധിമുട്ടായത്‌കൊണ്ട് തന്നെ ആ മേഖലയിലേക്ക് അധികം പേര്‍ കടന്നു വന്നില്ല. അതുകൊണ്ട് കഥാലോകത്ത് കള്ളനാണയങ്ങള്‍ ഉണ്ടായില്ല.തന്മൂലം കഥകള്‍ പലതും നിലവാരം പുലര്‍ത്തി. ഇവിടത്തെ മുഖ്യധാരയില്‍ നില്‍ക്കുന്നവരുടെ ചില പേരുകള്‍, ലൈല അലെക്‌സ്, നീന പനക്കല്‍, റീനി മമ്പലം, നിര്‍മ്മല തോമസ്, സരോജ വര്‍ഗീസ്, മാലിനി, സി.എം.സി,ബിജു ചെമാന്ത്ര, മുരളി ജെ നായര്‍, സാംസി കൊടുമണ്‍, രാജു ചിറമണ്ണേല്‍, ജോണ്‍ വേറ്റം എന്നിവരാണ്.

ഇവിടത്തെഎഴുത്തുകാരെ അവഗണനയോടെ, അവജ്ഞയോടെ കണ്ടത് ഇവിടെയുള്ള എഴുത്തുകാരും, വായനക്കാരും (അങ്ങനെ ശക്തമായ ഒരു വിഭാഗം ഉണ്ടെങ്കില്‍ കാരണം നീര്‍ക്കോലികള്‍ക്കും അത്താഴം മുടക്കാന്‍ സാധിക്കും) ഒരു പരിധി വരെ മാധ്യമങ്ങളുമല്ലേ എന്ന് താഴെ വിവരിക്കുന്ന സംഗതികള്‍ നിര്‍ഭാഗ്യവശാല്‍ സാക്ഷ്യം വഹിക്കുന്നു.

ഇവിടത്തെ എഴുത്തുകാര്‍ കാലമാടന്മാരും, തല്ലിപ്പൊളികളുമാണെന്ന് കലാകൗമുദിയില്‍ എഴുതിയത് നാട്ടിലെ എഴുത്തുകാരല്ല. ഇവിടെയുള്ള എഴുത്തുകാര്‍ ശുംഭന്മാരാണെന്ന് ഇവിടത്തെ ഒരു പത്രത്തില്‍ എഴുതിയതും നാട്ടിലെ എഴുത്തുകാരനോ എഴുത്തുകാരിയോ അല്ല. ഇവിടത്തെ എഴുത്തുകാര്‍ കാശ് കൊടുത്ത് വല്ലവരേയും കൊണ്ടെഴുതിച്ച് സ്വന്തം പേരു വച്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നു എന്ന് എഴുതുന്നത്, പറയുന്നത് നാട്ടിലെ എഴുത്തുകാരോ മാദ്ധ്യമങ്ങളോ അല്ല. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകളെ കുറിച്ചുള്ള നിരൂപണങ്ങള്‍ വന്നപ്പോള്‍ അത് പുറം ചൊറിയലാണെന്നും, നിരൂപണം എന്നാല്‍ എഴുത്തുകാരനെ കുറ്റം പറയുകയും, അധിക്ഷേപിക്കുകയുമാണെന്ന് അടക്കം പറഞ്ഞതും നാട്ടിലെ എഴുതുകാരോ, മാദ്ധ്യമങ്ങളോ അല്ല. ഇവിടത്തെ ഏതെങ്കിലും എഴുത്തുകാര്‍ക്ക് നാട്ടില്‍ നിന്നും അവാര്‍ഡുകള്‍ കിട്ടിയപ്പോള്‍ അത് കാശു് കൊടുത്ത് സംഘടിപ്പിച്ചതാണെന്ന് (ചിലത് അങ്ങനെയായിരുന്നുവെന്നത് ലജ്ജാവഹം) നിസ്സങ്കോചം പറഞ്ഞ് പരത്തിയവര്‍ നാട്ടിലുള്ളവര്‍ അല്ല. കണ്ടു വായിച്ചില്ല, അല്ലെങ്കില്‍ ഇവിടെയുള്ള എഴുത്തുകാര്‍ എഴുതുന്നത് ഞങ്ങള്‍ക്ക് വേണ്ട നാട്ടിലെ എഴുത്തുകാര്‍ എഴുതുന്നത് മതിയെന്ന് പറഞ്ഞതും നാട്ടിലുള്ളവര്‍ അല്ല. സ്വന്തം ശിങ്കിടികള്‍ എഴുതുന്നത് ഉദാത്തം, അപാരം, അസാദ്ധ്യം എന്നും ആരുടേയും കാല്‍ക്കല്‍ വീഴാത്ത നട്ടെല്ല് ഉള്ളവര്‍ എഴുതുന്നത് ചവറു് എന്നും പറഞ്ഞത് നാട്ടിലെ എഴുത്തുകാരോ മാദ്ധ്യമങ്ങളോ അല്ല. ഒരു മരക്കച്ചവടക്കാരന്റെ പരസ്യപ്പണത്തിന്റെ മുന്നില്‍ ഒരു എഴുത്തുകാരന്റെ രചനകള്‍ ഏകദേശം രണ്ടു ദശാബ്ദകാലം ഒരു പത്രം തിരസ്കരിച്ചതും എവിടെയാണ്, നാട്ടിലല്ല. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ തമ്മിലുള്ള സ്പര്‍ദ്ധയും, സഹകരണക്കുറവും, പരസ്പരം കുറ്റം പറയലും, അങ്ങനെ ഉണ്ടെങ്കില്‍ അതിനുത്തരവാദി നാട്ടിലുള്ളവര്‍ അല്ല.

നിരൂപണത്തെ കുറിച്ച് അമേരിക്കന്‍ മലയാളികള്‍ക്കുള്ള അഭിപ്രായത്തിനു ഉത്തരവാദി പരേതനായ ശ്രീ എം.ക്രുഷണന്‍ നായരായിരിക്കും.ശ്രീ ജോസ് ചെരിപുറത്തിന്റെ ഒരു കവിതയില്‍ അദ്ദേഹം എഴുതി "അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ പലരും മദ്ധ്യവയസ്സ് കഴിഞ്ഞപ്പോള്‍ സാഹിത്യത്തിലേക്ക് കടന്നുവന്നു'' എന്ന്. ഇതു ശരിയാണെങ്കില്‍ അവരില്‍ പലരും മലയാളത്തിലെ ശ്രേഷ്ഠ നിരൂപകരായിരുന്ന ഏ.ആര്‍. രാജരാജ വര്‍മ്മ , കേസരി ബാലക്രുഷ്ണ പിള്ള, കുട്ടിക്ക്രുഷ്ണമാരാര്‍, ജോസഫ് മുണ്ടശ്ശേരി, സുകുമാര്‍ അഴീക്കോട്, എം.കെ. സാനു, എസ്.ഗുപ്തന്‍ നായര്‍, എം. ലീലാവതി, കെ.പി.അപ്പന്‍, നരേന്ദ്രപ്രസാദ് മുതലായവര്‍ എഴുതിയ നിരൂപണങ്ങള്‍ വായിക്കാന്‍ വഴിയില്ല. അവര്‍ ആദ്യം വായിച്ചത് ഇവിടത്തെ ഒരു മലയാള പ്രസിദ്ധീകരണത്തില്‍ ശ്രീ എം.ക്രുഷ്ണന്‍ നായര്‍ എഴുതിയ നിരൂപണങ്ങള്‍ ആയിരിക്കാം. വിശ്വോത്തരക്രുതികള്‍ വായിച്ച് അനുഭൂതി പൂണ്ടിരുന്ന ശ്രീ നായര്‍ക്ക് ഇവിടത്തെ എഴുത്തുകാരുടെ രചനകള്‍ കണ്ട് കലി കയറി, അദ്ദേഹം അവയെ നിശിതം വിമര്‍ശിച്ചു. അദ്ദേഹത്തിന്റെ നിരൂപണ ശൈലിയില്‍ എഴുത്തുകാരനെ അധിക്ഷേപിക്കുന്ന ഒരു പ്രവണത കാണാം. അത് ശരിയായിക്കൊള്ളണമെന്നില്ല.എന്നാല്‍ അദ്ദേഹത്തിന്റെ കമന്റുകള്‍ അക്കാലത്ത് മലയാളികളെ രസിപ്പിച്ചിരുന്നു. സ്വാഭാവികമായി അവര്‍ അത്തരം നിരൂപണങ്ങള്‍ മറ്റു നിരൂപകരില്‍ നിന്നും പ്രതീക്ഷിച്ചത് അവരുടെ തെറ്റല്ല. ശ്രീ നായര്‍ ചിലരുടെയൊക്കെ രചനകളെ പ്രശംസിച്ചിരുന്നു.

ഇവിടെയുള്ള പലരും നാട്ടിലെ മാദ്ധ്യമങ്ങളില്‍ എഴുതി. നാട്ടിലെ മാദ്ധ്യമങ്ങള്‍ അവരുടെ രചനകള്‍ സ്വീകരിച്ചു. അതില്‍ നിന്നും നാട്ടിലെ മാദ്ധ്യമങ്ങള്‍ അമേരിക്കന്‍ മലയാളി എഴുത്തുകാരേയും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. നല്ല എഴുത്തുകാരും ചീത്ത എഴുത്തുകാരും എക്കാലത്തും എല്ലായിടത്തും ഉണ്ടായിട്ടുണ്ട്. അവര്‍ തമ്മിലുള്ള വ്യത്യാസം - ചീത്ത എഴുത്തുകാര്‍ കുറെ എഴുതി നിറുത്തികളയുന്നു. നല്ല എഴുത്തുകാര്‍ എഴുതികൊണ്ടേയിരിക്കുന്നു. അമേരിക്കയില്‍ വായനക്കാരേക്കാള്‍ കൂടുതല്‍ എഴുത്തുകാരാണെന്ന് ശ്രീ മധു നായര്‍ പറഞ്ഞത് ശരിയായിരിക്കാം.ധാരാളം എഴുത്തുകാര്‍ പ്രതിദിനം പ്രത്യക്ഷപ്പെടുന്നു. അവരില്‍ എത്ര പേര്‍ എഴുത്തുകാര്‍ എന്ന പേരില്‍ രക്ഷപ്പെടുമെന്നു കണ്ടറിയേണ്ടതാണ്.

അമേരിക്കന്‍ മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കേണ്ടത് ഇവിടെയുള്ള വായനക്കാരും മാദ്ധ്യമങ്ങളുമണു്. ലാന, ഫൊക്കാന, ഫോമ തുടങ്ങിയ പ്രമുഖ സംഘടനകള്‍ ആ കര്‍മ്മം ഭംഗിയായി നിര്‍വഹിക്കുന്നതായി പതങ്ങളില്‍ കാണുന്നുണ്ട്. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ സംഘടനയായ ലാന ഇവിടെയുള്ള എഴുത്തുകാരുടെ തിരഞ്ഞെടുത്ത രചനകള്‍ സമാഹരിച്ച് ഒരു പുസ്തകം ഇറക്കിയത് അമേരിക്കന്‍ മലയാളസാഹിത്യത്തിലെ ഒരു നാഴികക്കല്ലായി കരുതാവുന്നതാണു. ഡാല്ലസ്സിലേയും ഹൂസ്റ്റനിലേയും എഴുത്തുകാര്‍ കവിതാ, കഥാസമാഹാരങ്ങള്‍ ഇറക്കി മാത്രുക കാണിച്ചവരാണു. ഫോറിന്‍ കവിതകള്‍(അമേരിക്ക) എന്ന പേരില്‍ അമേരിക്കന്‍ മലയാളിയായ കവി റജീസ് നെടുങ്ങാടപ്പിള്ളി അദ്ദേഹത്തിന്റെ സ്വന്തം ചിലവില്‍ ഒരു കവിതാ സമാഹാരമിറക്കുകയുണ്ടായി. അതിനു മുമ്പും അദ്ദേഹം അതേപോലെ ഒരു സമാഹാരമിറക്കിയിരുന്നു. അമേരിക്കന്‍ മലയാളികളില്‍ പലരും മാത്രുഭാഷ പ്രേമികളായതുകൊണ്ട് മലയാളഭാഷയും, കേരളീയ കലകളും ഇവിടെ തഴച്ചു വളരും.

ശ്രീ ജോസ് തയ്യലിന്റെ പത്രാധിപത്വത്തില്‍ ന്യൂയോര്‍ക്കില്‍ നിന്നും ഇറങ്ങുന്ന പ്രസിദ്ധീകരണത്തിന്റെ താളുകള്‍ എന്നും ഇവിടത്തെ എഴുത്തുകാര്‍ക്കായി മാത്രം അദ്ദേഹം നീക്കി വച്ചിരിക്കുന്നു. ഓരൊ പ്രസിദ്ധീകരണങ്ങള്‍ക്കും അവരുടേതായ നയങ്ങള്‍ ഉണ്ട്. വായനക്കാരുടെ അഭിരുചിയും താല്‍പ്പര്യവും നോക്കേണ്ടത് അവരുടെ ധര്‍മ്മമാണു. എഴുത്തുകാര്‍ എഴുതുന്നത് വായിക്കാനും മനസ്സിലാക്കാനും ആസ്വദിക്കാനും ആളില്ലെങ്കില്‍ പിന്നെ എന്തു പ്രയോജനം? എല്ലാ നല്ല രചനകളും അവ ആസ്വാദകര്‍ തിരിച്ചറിഞ്ഞപ്പോഴാണു പ്രസിദ്ധമായത്. നാട്ടിലും ഇവിടേയും നല്ല എഴുത്തുകാരും ചീത്ത എഴുത്തുകാരും ഉണ്ട്. നാട്ടില്‍ എഴുതുന്നവര്‍ മുഴുവന്‍ നല്ലത് ഇവിടെയുള്ളവര്‍ ചീത്ത എന്ന ചിന്താഗതി ശരിയാണോ എന്നറിയില്ല.എഴുത്തുകാരില്‍ നിന്നും എഴുത്തുകാരെ തിരിച്ചറിയുക എന്ന് ഈ ലേഖകന്‍ അഭിപ്രായപ്പെട്ടത് എല്ലാവരേയും ഒരു നുകത്തില്‍ കെട്ടി ഉഴുന്ന സമ്പ്രദായം ശരിയല്ലെന്ന് തോന്നിയത് കൊണ്ടാണു. എല്ലാവരും എഴുത്തുകാര്‍ എന്ന പദവിയുമായി പ്രത്യക്ഷപ്പെടുന്നത് കണ്ടത്‌കൊണ്ടാണു. ഒരാള്‍ എഴുതുന്നത് കണ്ട് എനിക്കും ഇങ്ങനെ സാധിക്കുമെന്ന വിശ്വാസത്തില്‍ എഴുതുമ്പോള്‍ അത് നല്ല സാഹിത്യമാകുന്നില്ല. അത് മൗലികതയില്ലാത്ത നിര്‍ജീവ സ്രുഷ്ടിയായിരിക്കും. വായനക്കാര്‍ ശ്രദ്ധിക്കുകയും പ്രതികരിക്കയും ചെയ്യുമ്പോള്‍ അത്തരം കളകളെ പിഴുതു കളയാന്‍ പ്രയാസമില്ല.

തൊണ്ണൂറുകളില്‍ അച്ചടി മാധ്യമങ്ങളുടെ കുതിച്ച് കയറ്റമുണ്ടായപോലെ രണ്ടായിരത്തിനു ശേഷം എണ്ണമറ്റ ഓണ്‍ലൈന്‍ പബ്ലിക്കേഷന്‍സ് പ്രത്യക്ഷപ്പെടുകയുണ്ടായി. പല എഴുത്തുകാരും അവരുടേതായ ബ്ലോഗുകള്‍ ഉണ്ടാക്കി പ്രസിദ്ധീകരണ രംഗത്ത് ഒരു വലിയ ചലനമുണ്ടാക്കി. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്ക് അവരുടെ ക്രുതികള്‍ പ്രസാധനം ചെയ്യാന്‍ ഇ-മലയാളി, ജോയിച്ചന്‍ പുതുക്കുളം, മലയാളം ഡെയിലി ന്യൂസ് എന്നീ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ സഹായകമായി.രചനകളെക്കുറിച്ചുള്ള വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാന്‍ പ്രസ്തുത പ്രസിദ്ധീകരണങ്ങളില്‍ പത്രാധിപര്‍ അവസരമൊരുക്കി. ഇവയില്‍ ഇ-മലയാളി എന്ന പ്രസിദ്ധീകരണത്തില്‍ സ്വന്തം പേരു വയ്ക്കാതെ അഭിപ്രായങ്ങള്‍ എഴുതിവിടുന്നവരുണ്ട്.അത്തരം പേരില്ലാ വിമര്‍ശനങ്ങള്‍ വെറും നേരമ്പോക്കായി വായനകാര്‍ കരുതുന്നു. എന്നാല്‍ പുല്ലിനടിയിലെ പാമ്പെന്ന പോലെ വല്ലവന്റേയും കാല്‍കീഴില്‍ കിടന്നു അവര്‍ക്ക് വേണ്ടി വാദിക്കാന്‍, സ്‌നേഹപൂര്‍വ്വം മാതാപിതാക്കള്‍ ഓമനിച്ച് നല്‍കിയ നല്ല പേരുകള്‍ മറച്ച് വച്ച് നാണം കെട്ട് വരുന്നവരുമുണ്ട്. അവരോട് സഹതപിക്കാം. എല്ലാ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളും എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നു. ഇ-മലയാളി ധാരാളം പുതിയ പംക്തികള്‍ എഴുത്തുകാര്‍ക്ക് വേണ്ടി ആരംഭിച്ചിട്ടുണ്ട്. കൂടാതെ എഴുത്തുകരുടെ ഒരു ഡയറക്ടറിയും, അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ പുസ്തകങ്ങള്‍ വില്‍ക്കാനുള്ള സംവിധാനങ്ങളും അവര്‍ ഒരുക്കിയിട്ടുണ്ട്. വായനക്കാര്‍ തിരഞ്ഞെടുക്കുന്ന ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന എഴുത്തുകാരന്‍, നല്ല കഥാ്രകുത്ത്, നല്ല കവി തുടങ്ങി പല വിഭാഗത്തിലും നല്ല രചനകള്‍ നടത്തിയിട്ടുള്ളവരെ ഇ-മലയാളി പ്രതിവര്‍ഷം ആദരിക്കുന്നു. ഈ വര്‍ഷം മേയ് മാസത്തില്‍ അവര്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ വച്ച് ഇവിടത്തെ എഴുതുകാര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി ആദരിക്കയുണ്ടായി. സ്വയം നല്ല ഒരു എഴുത്തുകാരനായ മൊയ്തീന്‍ പുത്തന്‍ ചിറ പ്രസിദ്ധീകരിക്കുന്ന മലയാളം ഡെയിലിന്യൂസ് അവരുടെ എഴുത്തുകാരുടെ രചനകള്‍ പ്രസിദ്ധീകരിച്ചതിനു ശേഷം അതിന്റെ ലിങ്കുകള്‍ അവര്‍ക്ക് അയച്ച് കൊടുക്കുന്നു. എഴുത്തുകാരുടെ ചോദ്യങ്ങള്‍ക്ക് ക്രുത്യമായി മറുപടി കൊടുക്കുന്നു. എഴുത്തുകാരുടെ അഭിപ്രായങ്ങള്‍ പ്രാബല്യത്തില്‍ വരുത്താന്‍ സന്നദ്ധത കാണിക്കുന്നു. ജോയിച്ചന്‍ പുതുകുളം പ്രതിദിനമുള്ള രചനകളെ ഇ-മെയില്‍ വഴി അനവധി പേര്‍ക്ക് എത്തിക്കുന്നു. എഴുത്തുകാരുടെ അഭ്യര്‍ത്ഥനകളെ മാനിക്കുന്നു. ചുരുക്കത്തില്‍ പ്രസിദ്ധീകരണങ്ങളെല്ലാം അമേരിക്കന്‍ മലയാളസാഹിത്യത്തെ പ്രോത്സഹിപ്പിക്കുന്നതില്‍ അതീവ ശ്രദ്ധയുള്ളവരാണു.

അമേരിക്കന്‍ മലയാള സാഹിത്യത്തെ ആദ്യം മുതല്‍ നിരീക്ഷിക്കുകയും നിരൂപണങ്ങള്‍ എഴുതുകയും ചെയ്തിരുന്നഈ ലേഖകന്‍ തന്റെ നിരൂപണങ്ങളുടെ ഒരു സമാഹാരം 2013 ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രവാസസാഹിത്യത്തിലെ പ്രഥമ വിമര്‍ശനഗ്രന്ഥം എന്ന ഖ്യാതി നേടിയ പ്രസ്തുത പുസ്തകം ഇന്നും ഭാഷാസ്‌നേഹികള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

അമേരിക്കന്‍ മലയാളി എഴുത്തുകാരി സരോജ വര്‍ഗ്ഗീസ്സ് സാഹിത്യത്തിലെ വിവിധ മേഖലകളില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചയാളാണ്. അവരുടെ ആത്മകഥ 2010 ല്‍ പ്രസിദ്ധീകരിച്ചു.ഭര്‍ത്താവിന്റെ വിയോഗത്തില്‍ മനം നൊന്ത് അവര്‍ രചിച്ച "പ്രിയ ജോ നിനക്കായ് ഈ വരികള്‍'' എന്ന ക്രുതി പ്രവാസസാഹിത്യത്തിലെ ആദ്യത്തെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന വിഭാഗത്തില്‍ പെടുത്താവുന്ന പുസ്തകമാണു. അതേപോലെ സഞ്ചാരസാഹിത്യം എഴുതിയ പ്രഥമ അമേരിക്കന്‍ മലയാളി എഴുത്തുകാരിയാണിവര്‍. ബിരുദത്തിനു പഠിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ചതിനു സമ്മാനം നേടിയ അമേരിക്കന്‍ മലയാളി എഴുത്തുകാരി അഡ്വക്കെറ്റ് രതീ ദേവിയുടെ അടിമവംശം എന്ന പുസ്തകത്തിന്റെ വളരെയധികം കോപ്പികള്‍ വിറ്റഴിയുകയും പ്രസിദ്ധിയാര്‍ജ്ജിക്കയും ചെയ്തിട്ടുണ്ട്. അവരുടെ മഗ്ദ്‌ലീനയുടെ (എന്റേയും) പെണ്‍സുവിശേഷം എന്ന പുസ്തകം ഇന്നു അന്തര്‍ദ്ദേശീയ തലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നത് അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമാണ്. വിദ്യാര്‍ത്ഥി ജീവിതം മുതല്‍ ആരംഭിച്ച കാവ്യസപര്യ വിശ്രമജീവിതം നയിക്കുമ്പോഴും അതേ ആവേശത്തോടെ, ഉത്സാഹത്തോടെ ശ്രീമതി എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ തുടരുന്നു. ഇംഗ്ലീഷ് ഭാഷയില്‍ നിന്നും നല്ല നല്ല ക്രുതികള്‍ വിവര്‍ത്തനം ചെയ്തു മലയാള ഭാഷയെ സമ്പന്നമാക്കുന്നു ശ്രീ പുത്തെന്‍ കുരിശ്ശ്. അഞ്ച് വ്യാഴവട്ടക്കാലത്തിനു മുമ്പ് ഡോക്ടര്‍ എ.കെ.ബി. എഴുതിയ കഥകകളില്‍ നിന്നും വ്യത്യസ്ഥമായി ഡോക്ടര്‍ എ.കെ.ബി.പിള്ള ഇപ്പോള്‍ എഴുതുന്ന കഥകള്‍ കഥാലോകത്ത് ഒരു നൂതന രീതി അവതരിപ്പിക്കുന്ന വിധത്തിലാണു. ആധുനികത എന്ന അസംബന്ധത്തില്‍ നിന്നും ഒഴിഞ്ഞ് എന്നാല്‍ ഈ കാലഘട്ടത്തിന്റെ മൂല്യച്യുതികള്‍ കണ്ടറിഞ്ഞ് അത് കലാപരമായി ആവിഷ്ക്കരിക്കുക എന്ന ശൈലിയാണു അദേഹം അവലംബിക്കുന്നത്. മലയാള ചെറുകഥകളുടെ വികാസ കാലഘട്ടം മുതല്‍ ആ കല പരീക്ഷിക്കുകയും അനവധി കഥകളും നോവലുകളും മലയാള ഭാഷക്ക് സമ്മാനിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ക്രുതികള്‍ മലയാള സാഹിത്യത്തിലെ കഥ-നോവല്‍ മേഖലയുടെ വളര്‍ച്ചയും വികാസവും വായനകാരെ പരിചയപ്പെടുത്തുന്ന രീതിയിലാണു. പുതിയ സഹസ്രാബ്ദത്തിലേക്ക് പുതിയ ബൈബിള്‍ എന്ന പുസ്തക പരമ്പര എഴുതി ശ്രീ ആന്‍ഡ്രൂസ് വിശ്വാസികളുടെ ചിന്തകളോട് ഇതിലേ ഇതിലേ എന്നു വിളിച്ച് പറഞ്ഞു.

അമേരിക്കന്‍ മലയാള സാഹിത്യം ലേഖനങ്ങളാല്‍ സമ്രുദ്ധമാണ്. എന്തു കണ്ടാലും കേട്ടാലും ഉടനെ പേന എടുത്ത് എന്തെങ്കിലും കുത്തിക്കുറിക്കുന്നവരും ധാരാളമുണ്ട്. ആശയ സമ്പുഷ്ടമായ ലേഖനങ്ങള്‍ എഴുതുന്നവരില്‍ പ്രമുഖരാണു ജോസഫ് പടന്നമാക്കലും, വാസുദേവ്പുളിക്കലും.ആദ്യകാലങ്ങളില്‍ ശ്രീ ജയന്‍ വര്‍ഗീസും ഈടുറ്റലേഖനങ്ങള്‍ എഴുതിയിരുന്നു. നോവലിസ്റ്റുകളും ചെറുകഥാക്രുത്തുക്ക ളുമാണെങ്കിലും ജോണ്‍ മാത്യുവും, ജോണ്‍ വേറ്റവും നല്ല ലേഖനങ്ങള്‍ എഴുതുന്നു. കാലിക പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ച് ഡോക്ടര്‍ എന്‍.പി.ഷീല, തോമസ് ഫിലിപ്പ് റാന്നി, എ.സി. ജോര്‍ജ്, കോരസന്‍ വര്‍ഗീസ്, ജോര്‍ജ് നടവയല്‍, പി.ടി.പൗലോസ്, ഇ.എം. സ്റ്റീഫന്‍, ബിനോയ് സെബാസ്റ്റിയന്‍, ജോസ് കാടാപ്പുറം, ബ്ലസ്സന്‍ ഹൂസ്റ്റന്‍ , ഷോലി കുമ്പിളുവേലി, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, എബ്രാഹം തെക്കെമ്മുറി തുടങ്ങിയവര്‍ എഴുതുന്നു. ഗൗരവതരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ലേഖനം എഴുതുമ്പോഴും കാല്‍പ്പനിക സൗന്ദര്യം കലര്‍ത്തി അവയെ മനോഹരമാക്കാന്‍ മീനു എലിസബത്ത് എന്ന എഴുത്തുകാരിക്ക് കഴിവുണ്ട്. വാങ്ങ്മയചിത്രങ്ങള്‍ കൊണ്ട് രചനകളെ ആകര്‍ഷകമാക്കാന്‍ ശ്രീ ജോര്‍ജ് തുമ്പയിലിനു കഴിയുന്നു. പ്രക്രുതിയുടെ നിഴലുകള്‍ തേടി എന്ന പരമ്പരയില്‍ പ്രക്രുതി സൗന്ദര്യം വാക്കുകളുടെ സൗന്ദര്യത്തില്‍ ഇഴുകിച്ചേര്‍ന്ന് അലയടിച്ച്‌കൊണ്ട് വായനകാരുടെ മുന്നില്‍ ഓളം വെട്ടുന്ന പ്രതീതി ജനിപ്പിക്കതക്കവിധമായിരുന്നു. കാലിക പ്രാധാന്യമുള്ള വിഷയങ്ങള്‍ക്കൊപ്പം വിജ്ഞാനപ്രദമായ ലേഖനങ്ങളും അദ്ദേഹം എഴുതുന്നു. പ്രവാസികളുടെ പ്രശ്‌നങ്ങളെ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിലേക്ക് കൊണ്ട്‌വരാന്‍ വേണ്ടി ശ്രീ മൊയ്തീന്‍ പുത്തന്‍ചിറ എഴുതുന്ന തിളക്കമാര്‍ന്ന, ഉജ്ജ്വലമായ (dazzling and brilliant)
) ലേഖനങ്ങള്‍ വളരെ ശ്രദ്ധിക്കപ്പെട്ടവയാണു. കൂടാതെ വിവരണാത്മകമായ, വിശദീകരണങ്ങളോടുകൂടിയ, അനുനയക്ഷമമായ ലേഖനങ്ങളും ഇദ്ദേഹം എഴുതുന്നു. അമേരിക്കന്‍ മലയാളിയാകുന്നതിനു മുമ്പ് ഗള്‍ഫിലും പ്രവാസിയായി കഴിഞ്ഞിരുന്ന ഇദ്ദേഹം രണ്ട് രാജ്യങ്ങളിലും പ്രവാസികള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളും സ്വന്തം നാട്ടിലെ അവസരങ്ങള്‍ നഷ്ടപ്പെടുത്തി പ്രവാസികളായി പലായനം ചെയ്യുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തികൊണ്ട് ആനുകാലികങ്ങളില്‍ നിറയെ എഴുതീട്ടുണ്ട്. ഇദ്ദേഹത്തിന്റെ രചനകള്‍ ചിന്തോദ്ദീപകവും (thought provoking), പരിചിന്തനാപരവും (Reflective ), അപ്രമാദിത്വമുള്ള (Infallible) ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാണു. ചിലപ്പോള്‍ വളരെ നിശിതവും (incisive).

രണ്ട് മലയാളി പ്രൊഫസ്സര്‍മാര്‍, രണ്ട് വന്‍കരകളില്‍ ജീവിച്ചിരുന്നവര്‍ ഇംഗ്ലീഷില്‍ എഴുതിയ രണ്ട് ആത്മകഥാപരമായ നോവലുകള്‍ പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നു. അവരില്‍ ഒരാള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ജോലി ചെയ്തപ്രൊഫസ്സര്‍ സ്റ്റീഫന്‍ നടുക്കുടിയിലും, മറ്റേയാള്‍ ഉപരിപഠനാര്‍ത്ഥം അമേരിക്കയില്‍ വന്ന് ഇവിടത്തെ കോളെജില്‍ ആംഗലഭാഷ പഠിപ്പിച്ച് വിരമിച്ച പ്രൊഫസ്സര്‍ ചെറുവേലിയുമാണു. ഇംഗ്ലീഷ് ഭാഷയിലാണു പുസ്തകം എഴുതിയിരിക്കുന്നതെങ്കിലും മലയാള ഭാഷയില്‍ പരിമിതമായ അറിവുകള്‍ ഉള്ള പുതിയ തലമുറയെ അത് പഴയ തലമുറയുമായി ബന്ധിപ്പിക്കുന്നു. ഇംഗ്ലീഷ് പുസ്തകങ്ങള്‍ മലയാള ഭാഷയെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും ഇത്തരം പുസ്തകങ്ങള്‍ മലയാള നാടുമായി വായനകാരെ അടുപ്പിക്കുന്നു.

കാനഡയില്‍ താമസക്കാരെങ്കിലും അമേരിക്കന്‍ മലയാളി എഴുത്തുക്കാരായി പരിഗണിക്കുന്ന നിര്‍മ്മല തോമസ്പ്രവാസി എഴുത്തുകാര്‍ക്കായി കേരള സര്‍ക്കാര്‍ കൊടുക്കുന്ന നോര്‍ക്ക അവാര്‍ഡ് എന്നറിയപ്പെടുന്ന അംഗീകാരത്തോടൊപ്പം (ഇത് കേരളത്തിലെ മുഖ്യധാര എഴുത്തുകാരില്‍ മുന്‍ നിരയിലുള്ള റീനി മമ്പലം എന്ന എഴുത്തുകാരിക്കും കിട്ടിയിട്ടുണ്ട്) അനവധി പുരസ്കരങ്ങള്‍ നേടിയിട്ടുണ്ട്. നര്‍മ്മവും, ചെറുകഥകളും വിട്ട് ശ്രീ ജോണ്‍ ഇളമത ചരിത്രത്തില്‍ നിന്നും കണ്ടെടുത്ത കഥകളുടെ പുനരാവിഷ്ക്കാരം നടത്തുകയുണ്ടായി. അതില്‍ പ്രധാനപ്പെട്ടത് സോക്രട്ടീസ്സും മാര്‍ക്കോപോളോയുമാണു. മാര്‍ക്കോപോളോയുടെ ആയിരം കോപ്പി അഞ്ചു മാസം കൊണ്ട് വിറ്റഴിഞ്ഞത് മുഴുവന്‍ പ്രവാസി എഴുത്തുകാര്‍ക്കും അഭിനന്ദനാര്‍ഹമാണു.

ഇവിടത്തെമലയാളി എഴുത്തുകാര്‍ക്ക് അംഗീകാരങ്ങളും, പ്രോത്സാഹനങ്ങളും ഇവിടെ നിന്ന് തന്നെ ലഭിക്കാനുള്ള അവസരം ഉണ്ടാക്കണം.ഇവിടത്തെ എഴുത്തുകാര്‍ എന്തിനു നാട്ടിലുള്ളവരുടെ ഔദാര്യങ്ങള്‍ക്ക് കാത്തിരിക്കണം. അതേ സമയം അവര്‍ (നാട്ടിലുള്ളവര്‍) ഇവിടത്തെ അര്‍ഹതയുള്ളഎഴുത്തുകാരെ അംഗീകരിച്ചിട്ടുള്ളതായി വാര്‍ത്തകള്‍ സ്ഥിരീകരിക്കുന്നു. അതൊക്കെ കാശ് കൊടുത്തും സ്വാധീനിച്ചുമാണെന്ന് പറഞ്ഞാല്‍ ഒന്നും ചെയ്യാന്‍ പറ്റുകയില്ല. ആയിരം കുടങ്ങളുടെ വായ അടയ്ക്കുകയല്ലാതെ.

സര്‍ഗ്ഗവേദിയുടെ ചരിത്രം

അമേരിക്കന്‍ സര്‍ഗ്ഗവേദിയുടെ ചരിത്രം ചുരുക്കമായി കൊടുക്കുന്നത് ഈ സംഘടനയെക്കുറിച്ചുള്ള പലരുടേയും തെറ്റിദ്ധാരണ മാറ്റാന്‍ സഹായകമാകുമെന്ന് വിശ്വസിക്കുന്നു. ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിച്ച് വരുന്ന സര്‍ഗ്ഗവേദി ജനുവരി 5, 1992 ല്‍ എട്ടു പേര്‍ കൂടിയ ഒരു യോഗത്തില്‍ വച്ച് രൂപീകരിച്ചതാണ്. ആ എട്ടു പേര്‍: പ്രൊഫസ്സര്‍ ജോസഫ് ചെറുവേലില്‍, ഡോക്ടര്‍ മാത്യൂ ഇല്ലിക്കല്‍, ശ്രീമതി ലില്ലിക്കുട്ടി ഇല്ലിക്കല്‍,ജോയ് ലുക്കോസ് മറ്റത്തിപ്പറമ്പില്‍, ഗോപാലന്‍ നായര്‍, ജയന്‍ കെ.സി, മനോഹര്‍ തോമസ്, സുധീര്‍ പണിക്കവീട്ടില്‍. (ഇവരില്‍ ഡോക്ടര്‍ മാത്യു ഇല്ലിക്കല്‍, ഗോപാലന്‍ നായര്‍, ജോയ് ലൂക്കോസ്എന്നിവര്‍ ഇഹലോകവാസം വെടിഞ്ഞു.) മനോഹര്‍ തോമസ് ഈ കൂട്ടായ്മക്ക് നല്‍കിയ പേരു അമേരിക്കന്‍ സര്‍ഗ്ഗതാര എന്നായിരുന്നു. സര്‍ഗ്ഗവേദിയെന്നായിരിക്കും കൂടുതല്‍ ഉചിതമെന്നു ശ്രീ ജയന്‍ കെ.സി. അഭിപ്രായപ്പെടുകയും യോഗം അത് അംഗീകരിക്കയും ചെയ്തു. സര്‍ഗ്ഗവേദിയുടെ ആദ്യത്തെ സംരംഭമായി ആ വര്‍ഷം ഒക്‌ടോബറില്‍ അറുപതു തികയുന്ന ചെറിയാന്‍ കെ ചെറിയാന്‍ എന്ന് കവിക്ക് ഒരു കവിതാസമാഹാരം സമര്‍പ്പിക്കുക, അദ്ദേഹത്തെ ആദരിക്കുക എന്നീ തീരുമാനങ്ങള്‍ എടുത്തു. സര്‍ഗ്ഗവേദിയിലെഅംഗങ്ങള്‍ക്ക് മറ്റ് സംഘടനകളിലെപോലെ പദവികള്‍ വേണ്ടെന്നും മനോഹര്‍ തോമസ്സ് കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കാമെന്നും ഏറ്റു. എഴുത്തുകുത്തുകള്‍ സുധീറിനെ ചുമതലപ്പെടുത്തി.. സര്‍ഗ്ഗവേദിയുടെ ആരംഭം മുതല്‍ അതിലെ അംഗങ്ങള്‍ക്ക് സാഹിത്യ ചര്‍ച്ചകള്‍ നടത്താനായി കേരള സെന്ററിലെ ഒരു മുറി നല്‍കി പ്രോത്സാഹിപ്പിച്ച ശ്രീ ഇ.എം. സ്റ്റീഫന്റെ പേരു സര്‍ഗ്ഗവേദിയുടെ ചരിത്രം എഴുതുമ്പോള്‍ പ്രത്യേകം ഓര്‍ക്കേണ്ടതാണു. സര്‍ഗ്ഗവേദി വിജയകരമായി തീരുമാനങ്ങള്‍ നടപ്പിലാക്കി. ചെറിയാനു അറുപതാം പിറന്നാളിനു ''സമുദ്രശില"എന്ന കാവ്യ സമാഹാരാം ഉപഹാരമായി നല്‍കി. വര്‍ണ്ണാഭമായ സദസ്സില്‍ വച്ച് അദ്ദേഹത്തെ ആദരിച്ചു,പുസ്തകത്തിന്റെ കോപ്പി നല്‍കി.

അതിനു ശേഷം ഇതിന്റെ പേരു സാഹിതീ സഖ്യമെന്നാക്കാന്‍ ചെറിയാന്‍ ശ്രമിച്ചെങ്കിലും സര്‍ഗ്ഗവേദി അംഗങ്ങള്‍ ഇടപ്പെട്ട് അത് നിയന്ത്രിച്ചു. അങ്ങനെ പ്രവര്‍ത്തനങ്ങള്‍ തുടരവേ സര്‍ഗ്ഗവേദിയിലെ അംഗങ്ങളെ അപകീര്‍ത്തിപ്പെടുത്തിയും ആക്ഷേപിച്ചും ചെറിയാന്‍ കലാകൗമുദിയില്‍ ഒരു കായിതം പ്രസിദ്ധീകരിച്ചു. (December 18, 1994) ഒരു പക്ഷെ അമേരിക്കന്‍ മലയാളികള്‍ക്ക് കലാകൗമുദി വായിക്കാന്‍ അവസരമുണ്ടാകില്ല അതുകൊണ്ടവര്‍ അറിയാന്‍ പോകുന്നില്ലെന്നദ്ദേഹം കരുതിയിരിക്കും. എന്നാല്‍ ശ്രീ ജയന്‍ കെ.സി. സര്‍ഗ്ഗവേദിയുടെ സമ്മേളനത്തില്‍ കലാകൗമുദിയുടെ കോപ്പിയുമായി വന്ന് അംഗങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചു. ചെറിയാന്റെ അറുപതാം പിറന്നാള്‍ ആഘോഷമാക്കാനും,ആ അവസരത്തില്‍ അദ്ദേഹത്തിനു കവിതാസമാഹാരം പുറത്തിറക്കാനും മുന്‍ കൈ എടുത്ത സര്‍ഗ്ഗവേദിയും, കാശു മുടക്കിയവരും, ആസംസകള്‍ നേര്‍ന്നവരും, അഭ്യുദയകാംക്ഷികളും ശ്രീകോവിലില്‍ തൊഴുത് നില്‍ക്കുമ്പോള്‍ പൂജാരി അവരുടെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പിയപോലെയുള്ള തിക്താനുഭവത്തില്‍ മുഷിഞ്ഞിരുന്നു. ഇരുപത് വര്‍ഷക്കാലം ആരുമറിയാതെ സാഹിത്യരംഗത്ത് നിന്നും മാറി നിന്ന ചെറിയാനെ സര്‍ഗ്ഗവേദി ആദരിച്ച് വെളിച്ചത്തേയ്ക്ക് കൊണ്ടു വന്നില്ലായിരുന്നെങ്കില്‍ ഒരു പക്ഷെകാലം അദ്ദേഹത്തെവിസ്മരിച്ച്കളയുമായിരുന്നു. എന്നാല്‍ അതിന്റെ യാതൊരു നന്ദിയും കാണിക്കാതെ, അദ്ദേഹത്തെ ആദരിച്ച് നിന്ന സര്‍ഗ്ഗവേദിയെ അദ്ദേഹം അപമാനിച്ചത് നിക്രുഷ്ടവും നീചവുമായ പ്രവര്‍ത്തിയായിപ്പോയിയെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.

ഇതേതുടര്‍ന്ന് സര്‍ഗ്ഗവേദി രൂപീകരിച്ചവര്‍ ഡിസംബര്‍ 30, 1994 ഒരു യോഗം കൂടി. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പ്രതികരിക്കാന്‍ യോഗത്തിനു ഭാരവാഹികള്‍ വേണമെന്നും അതിനായി തിരഞ്ഞെടുപ്പു വേണമെന്നും സര്‍ഗ്ഗവേദി ഉടനെ തന്നെ റജിസ്റ്റര്‍ ചെയ്യണമെന്നും തീരുമനിച്ചു. ഈ സംഭവവികാസത്തിന്റെ വെളിച്ചത്തില്‍ ആദ്യം എഴുതിയത് ന്യായീകരിച്ചുകൊണ്ട് ചെറിയാന്‍ വീണ്ടും കലാകൗമുദിയില്‍ എഴുതി. ഈ വിവരങ്ങളൊക്കെ അമേരിക്കയില്‍ നിന്നും ഇറങ്ങുന്ന കൈരളി പബ്ലിക്കേഷന്‍സ് മാത്രമാണു പ്രസിദ്ധീകരിച്ചത്. മലയാളംപത്രം ഇതൊന്നും എന്തുകൊണ്ടൊ റിപ്പോര്‍ട്ട് ചെയ്തില്ലെന്നുമാത്രമല്ല ചെറിയാനെ അനുകൂലിച്ച് എഴുതുകയും ചെയ്തു. അതുകൊണ്ടായിരിക്കും ഫെബ്രുവരി 10, 1995 കൈരളിയില്‍ ശ്രീ ജോസ് ചെരിപ്പുറം അമേരിക്കന്‍ സര്‍ഗ്ഗവേദിക്ക് ഒരു തുറന്ന കത്ത് എന്ന ശീര്‍ഷകത്തില്‍ ഇങ്ങനെ എഴുതിയത്: "ഇതൊന്നും അറിയാത്ത മട്ടില്‍.. അറിഞ്ഞിട്ടും അറിഞ്ഞെന്നു ഭാവിക്കാത്തതുമാകാം, ശ്രീ ചെറിയാന്‍ കെ ചെറിയാനെ മാത്രുകയായി സ്വീകരിക്കണം എന്ന മലയാളംപത്രത്തില്‍ വന്ന മുഖപ്രസംഗവും ഇതെഴുതാന്‍ മറ്റൊരു പ്രേരകശക്തിയാണു.''

പ്രതീക്ഷിക്കാതെ പ്രശസ്തി കിട്ടിയ ചെറിയാന്‍ സര്‍ഗ്ഗവേദിയെ പിളര്‍ത്തിക്കൊണ്ട് സാഹിതീസഖ്യം എന്ന സംഘടന രൂപീകരിച്ചു. സര്‍ഗ്ഗവേദിക്ക് അകാല ചരമം എന്നു ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം ആരംഭിച്ച സാഹിതീസഖ്യത്തില്‍ സര്‍ഗ്ഗവേദി വിട്ട് മനോഹര്‍ ചേരുകയും ചെറിയാനൊടൊപ്പം അതില്‍ പ്രവര്‍ത്തിക്കയും ചെയ്തു. സര്‍ഗ്ഗവേദിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ ജോയ് ലൂക്കോസും ചെറിയാന്റെ സാഹിതീസഖ്യത്തിലും, സര്‍ഗ്ഗവേദിയിലും ഒരേപോലെ സന്നിഹിതനായി. ഈ പ്രവര്‍ത്തി സര്‍ഗ്ഗവേദിയിലെ മറ്റ്‌സ്ഥാപക അംഗങ്ങള്‍ക്ക് അമ്പരപ്പും അതേപോലെ അംഗങ്ങള്‍ക്ക് അതിശയവും ഉണ്ടാക്കി. സര്‍ഗ്ഗവേദിയുമായുള്ള മുഴുവന്‍ ബന്ധവും ഉപേക്ഷിച്ച് ചെറിയാന്റെ സാഹിതീസഖ്യത്തിലേക്ക് മനോഹര്‍ പോയതിനും, സര്‍ഗ്ഗവേദിയില്‍ സന്നിഹിതനാകുമെങ്കിലും സാഹിതീ സഖ്യത്തിലും ഹാജര്‍ കൊടുക്കാന്‍ ജോയ് ലൂക്കോസ് പോയതിനും, ഈ സംഭവവികാസങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ മലയാളംപത്രം മൂടി വച്ച് പ്രസിദ്ധീകരിക്കാതിരുന്നതിനും രേഖകള്‍ നല്‍കി ചരിത്രം സാക്ഷ്യം വഹിക്കുന്നു. (കൈരളിയുടെ താളുകള്‍ പരിശോധിച്ച് വായനകാര്‍ക്ക് ബോദ്ധ്യപ്പെടാവുന്നതാണ്)

സര്‍ഗ്ഗവേദിയുടെ മുന്നോട്ടുള്ളപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ഗ്ഗവേദിയുടെ ആദ്യ പ്രസിഡണ്ടായി ഡോക്ടര്‍ എ.കെ.ബി പിള്ളയേയും, സെക്രട്ടറിയായി ശ്രീ ജോസ് ചെരിപുറത്തിനേയും തിരഞ്ഞെടുത്ത വിവരം കൈരളി പബ്ലിക്കേഷിന്‍സിന്റെ നവമ്പര്‍ 17, 1995 ലെ ലക്കത്തില്‍ ഉണ്ട്. സര്‍ഗ്ഗവേദിക്ക് ഒരു കരട്‌നിയമാവലി സുധീര്‍ തയ്യാറാക്കിയിരുന്നെങ്കിലും പൂര്‍ണ്ണമായ ഒരു നിയമാവലി എഴുതിയുണ്ടാക്കാന്‍ ശ്രീ ഉദയഭാനുവിനെചുമതലപ്പെടുത്തുകയും അദ്ദേഹം അത് തയ്യാറാക്കി ഡോക്ടര്‍ പാലക്കലിനെഏല്‍പ്പിക്കയും ചെയ്തിരുന്നു. പ്രസിഡണ്ട് പദം തുടരാന്‍ ചില കാരണങ്ങളാല്‍ ശ്രീ എ.കെ.ബി. പിള്ളക്ക് കഴിയാതെ വന്നപ്പോള്‍ സര്‍ഗ്ഗവേദിയില്‍ വീണ്ടും പ്രതിസന്ധി ഉണ്ടായെങ്കിലും പ്രൊഫസ്സര്‍ ചെറുവേലി, സുധീര്‍ പണിക്കവീട്ടില്‍, ജയന്‍ ആന്‍ഡ്രൂസ്, കെ.സി. ജയന്‍ ജോസ് ചെരിപുറം എന്നിവര്‍ കൂടി അപേക്ഷിച്ചതനുസരിച്ച് ഡോക്ടര്‍ തോമസ് പാലക്കല്‍ പ്രസിഡണ്ട് എന്ന ആ ദൗത്യം ഏറ്റെടുക്കുകയും സര്‍ഗ്ഗവേദിയുടെ ബാലാരിഷ്ടതകള്‍ നീക്കി അതിനെ വളര്‍ത്തി വലുതാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മുന്നില്‍ വലിയ ഒരു വെല്ലു വിളിയുണ്ടായിരുന്നു. അന്ധമായ വ്യക്തിപൂജയും പരദൂഷണ പ്രചാരണവും, കൈരളി പബ്ലിക്കേഷന്‍സ് മാത്രം നിജസ്ഥിതി വെളിപ്പെടുത്തുകയും ചെയ്തുകൊണ്ടിരിന്നപ്പോള്‍ സ്വന്തം അഭിപ്രായമില്ലത്തവര്‍ സ്വാധീനിക്കപ്പെട്ടു. അവര്‍ സത്യമറിയാതെ സര്‍ഗ്ഗവേദിക്ക് എതിരായി പ്രവര്‍ത്തിച്ചു. ആദര്‍ശധീരതയുള്ള കുറച്ച് പേര്‍ ഉണ്ടായിരുന്നത്‌കൊണ്ട് പ്രതിബന്ധങ്ങളെ തരണം ചെയ്ത് സര്‍ഗ്ഗവേദി വളര്‍ന്നു. (കൈരളിയുടെ പഴയ ലക്കങ്ങള്‍ അതിനു സാക്ഷ്യം വഹിക്കുന്നു. ഒരു പത്രം വാര്‍ത്തകള്‍ മൂടി വച്ചാല്‍ അത് സമൂഹത്തില്‍ എന്തെല്ലാം സംശയങ്ങളും, തെറ്റിദ്ധാരണകളും ഉണ്ടാക്കുമെന്നറിയാന്‍ ചരിത്രവിദ്യാര്‍ത്ഥികള്‍ക്ക്് അമേരിക്കന്‍ മലയാള സാഹിത്യ പഠനം ഉപകാരപ്രദമാകും) ചെറിയാന്‍ ന്യൂയോര്‍ക്കില്‍ നിന്നും താമസം മാറ്റിയപ്പോള്‍ പ്രവര്‍ത്തനം നിന്നു പോയ സാഹിതിസഖ്യത്തില്‍ നിന്നും വന്ന മനോഹറിനെ സര്‍ഗ്ഗവേദി സ്വാഗതം ചെയ്തു.ആ സമയത്ത് നാട്ടിലേക്ക് ദീര്‍ഘകാലാവധിക്ക് യാത്ര പുറപ്പെടാനിരുന്ന ഡോക്ടര്‍ പാലക്കല്‍ സര്‍ഗ്ഗവേദിയുടെ ചുമതല മനോഹറിനെ ഏല്‍പ്പിക്കയും അദ്ദേഹം ഇപ്പോള്‍ അത് ഉത്തരവാദിത്വത്തോടെ കൊണ്ടു നടക്കയും ചെയ്യുന്നു. സത്യം പലപ്പോഴും പരദൂഷണത്തിന്റെ മൂടി കൊണ്ടു മറഞ്ഞിരിക്കുന്നു. അവാര്‍ഡ്ദാന കമ്മറ്റിക്കാര്‍ പോലും തന്മൂലം സത്യം എന്തെന്നറിയുന്നില്ല.

ശുഭം
Join WhatsApp News
James Mathew, Chicago 2016-12-01 17:03:49
എന്താ സാറേ നല്ലൊരു ലേഖനത്തിനു ഞാൻ
എഴുതിയ കമന്റ് ഇടാതിരുന്നത്?  വിവാദമൊന്നും
ഇല്ലായിരുന്നല്ലോ? രാജാവ് നഗ്നനാണെന്ന് പറയാൻ
ധൈര്യമുള്ളവർ ഈ കാലത്തും വേണമെന്നല്ലേ
ഞാൻ പറഞ്ഞുള്ളു.  സുധീർ,താങ്കൾ സത്യം എഴുതുക സമൂഹത്തെ പ്രബുദ്ധധരാക്കുക.ഇതും
പത്രാധിപർ അമക്കുമോ?  പത്രാധിപർക്കും
ഭയമുണ്ടോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക