Image

പണം കൊടുക്കാം, വാങ്ങാം ഭാഗം 1 ചെക്ക് (ലേഖനം) - സുനില്‍ എം എസ്, മൂത്തകുന്നം

സുനില്‍ എം എസ്, മൂത്തകുന്നം Published on 30 November, 2016
 പണം കൊടുക്കാം, വാങ്ങാം  ഭാഗം 1 ചെക്ക് (ലേഖനം) -  സുനില്‍ എം എസ്, മൂത്തകുന്നം
2016 നവംബര്‍ എട്ടാം തീയതി 500, 1000 എന്നീ കറന്‍സി നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ നിലവിലുണ്ടായിരുന്ന ആകെ നോട്ടുകളുടെ എണ്‍പത്താറര ശതമാനം അസാധുവായിത്തീര്‍ന്നു. ശേഷിച്ച പതിമൂന്നര ശതമാനം ഇവിടത്തെ ഇടപാടുകള്‍ക്കു തികയില്ലെന്നു വ്യക്തം. രണ്ടായിരത്തിന്റെ നോട്ടുകള്‍ വന്നെങ്കിലും, അക്കൗണ്ടില്‍ നിന്നു പിന്‍വലിയ്ക്കാവുന്ന തുകയിന്മേലുള്ള നിയന്ത്രണം മൂലം അവയുടെ ലഭ്യതയും നിയന്ത്രിതമായിത്തുടരുന്നു. ഇതെഴുതുമ്പോഴും, പുതിയ 500, 1000 എന്നീ നോട്ടുകള്‍ പലയിടങ്ങളിലും എത്തിയിട്ടില്ല.

പണമിടപാടുകളില്‍ ചെക്കുകളുടെ ഉപയുക്തതയെക്കുറിച്ചു ജനത്തെ ഓര്‍മ്മപ്പെടുത്താന്‍ കറന്‍സി നോട്ടുകളുടെ ക്ഷാമം സഹായിച്ചിട്ടുണ്ട്. കറന്‍സി നോട്ടുകളില്‍ ഏറ്റവും വലുത് രണ്ടായിരമാണ്. ഒരാള്‍ക്കൊരു പത്തുലക്ഷം രൂപ കൊടുക്കാനുണ്ടെന്നു കരുതുക. രണ്ടായിരത്തിന്റെ അഞ്ഞൂറു നോട്ടു കൊടുത്താല്‍ മാത്രമേ തുക തികയുകയുള്ളൂ. ആയിരത്തിന്റേതാണെങ്കില്‍ 1000 നോട്ടുകള്‍ വേണം. നൂറിന്റേതാണെങ്കില്‍ പതിനായിരം നോട്ടുകളും. ചെക്കാണെങ്കിലോ, ഒരെണ്ണം മാത്രം മതി! ചെക്കിന്റെ തുകയ്ക്ക് പരിധിയില്ല; ലക്ഷമോ, ദശലക്ഷമോ, കോടിയോ ഒക്കെയാകാം. അത്രയും തുക അക്കൗണ്ടിലുണ്ടാകണമെന്നേയുള്ളൂ. ചെക്കു തപാല്‍ വഴി അനായാസം അയയ്ക്കാം. കറന്‍സി നോട്ടുകളാകട്ടെ, ഇന്‍ഷൂര്‍ ചെയ്തയയ്‌ക്കേണ്ടി വരും.

ചെക്ക് വെള്ളിവെളിച്ചത്തിന്‍ കീഴില്‍ വന്നതു നോട്ടുകളുടെ അസാധുവാക്കലിനെ തുടര്‍ന്നാണെങ്കിലും, നൂറ്റാണ്ടുകള്‍ മുമ്പു തന്നെ അതു പ്രചാരത്തിലുണ്ട്. ക്രിസ്തുവിന് ഒരു നൂറ്റാണ്ടു മുമ്പും, ക്രിസ്തുവിനു ശേഷമുള്ള ഒമ്പതാം നൂറ്റാണ്ടിലും പതിനഞ്ചാം നൂറ്റാണ്ടിലും ചെക്കുണ്ടായിരുന്നതായി പരാമര്‍ശമുണ്ട്. ഇന്ത്യയില്‍ ചെക്കുകളെ സംബന്ധിച്ചുള്ള നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ് ആക്റ്റ് നിലവില്‍ വന്നത് 1881ലായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ നിയമനിര്‍മ്മാണസഭയായിരുന്ന ഇംപീരിയല്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ആണതു പാസ്സാക്കിയത്. സ്വാതന്ത്ര്യലബ്ധിയ്ക്കു ശേഷവും വളരെക്കാലം ആ നിയമം ഇവിടെ നിലവിലിരുന്നു. പലപ്പോഴായി അതു പരിഷ്‌കരിയ്ക്കപ്പെട്ടു. അതനുസരിച്ച്, രണ്ടായിരാമാണ്ടു മുതല്‍, ചെക്കിന്റെ കെട്ടിലും മട്ടിലും വലുതായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇന്ന ആള്‍ക്ക് ഇത്ര രൂപ കൊടുക്കണം എന്നൊരു നിര്‍ദ്ദേശം ഒരു വ്യക്തി കടലാസ്സില്‍ പെന്‍സില്‍ കൊണ്ടെഴുതിയൊപ്പിട്ട്, തനിയ്ക്ക് അക്കൗണ്ടുള്ള ബാങ്കിനു നല്‍കിയാല്‍ അതു നിയമാനുസൃതമായൊരു ചെക്ക് ആയി പരിഗണിയ്ക്കപ്പെട്ടിരുന്നു, പണ്ടുപണ്ട്. എന്നാലിപ്പോള്‍ അത്തരം കുറിപ്പുകളെ ചെക്കുകളായി ബാങ്കുകള്‍ കണക്കാക്കാറില്ല.

ചെക്കുകളുടെ എണ്ണത്തിലുള്ള വര്‍ദ്ധന മൂലമാണമത്. നൂറുകണക്കിനു ചെക്കുകളാണിപ്പോള്‍ മിക്ക ബാങ്കുശാഖകള്‍ക്കും ദിവസേന കൈകാര്യം ചെയ്യേണ്ടി വരുന്നത്; അതു യന്ത്രവല്‍ക്കൃതവുമാണ്. യന്ത്രങ്ങളുടെ നിബന്ധനകള്‍ പാലിയ്ക്കുന്ന ചെക്കുകളെ മാത്രമേ യന്ത്രങ്ങള്‍ തിരിച്ചറിയൂ. യന്ത്രങ്ങളുടെ നിബന്ധനകള്‍ പാലിയ്ക്കാതെ കാര്യങ്ങളൊന്നും നടക്കില്ലെന്നായിട്ടുണ്ട്. ഏതാനും വര്‍ഷം മുമ്പ് ഇവിടെ അടുത്തുള്ളൊരു ബാങ്കില്‍ ചെന്നപ്പോള്‍, ബാങ്കു നിറയെ ആളുകള്‍; ബാങ്കുജീവനക്കാരെല്ലാം യഥാസ്ഥാനങ്ങളിലുണ്ട്. പ്രവര്‍ത്തനം മാത്രം നടക്കുന്നില്ല. കാരണം, കമ്പ്യൂട്ടര്‍ പണിമുടക്കിയിരിയ്ക്കുന്നു. മനുഷ്യരെ പ്രസാദിപ്പിയ്ക്കുക എളുപ്പമാണ്, ചിലപ്പോളൊന്നു തൊഴുതാല്‍ മതിയായേയ്ക്കും. പക്ഷേ, കമ്പ്യൂട്ടറിന്റെ മുന്നില്‍ സാഷ്ടാംഗം നമസ്‌കരിച്ചാലും ഫലമില്ല. അതുകൊണ്ട്, യന്ത്രത്തിനു സ്വീകാര്യമായ രൂപം ധരിയ്ക്കുകയല്ലാതെ, മറ്റു മാര്‍ഗങ്ങളൊന്നും ചെക്കിന്റെ മുന്നിലില്ല.

നോട്ടുകള്‍ അസാധുവാക്കുന്നതിനു മുമ്പും പണമിടപാടുകളില്‍ ഭൂരിഭാഗവും ചെക്കുകളിലൂടെയായിരുന്നു നടന്നിരുന്നത്. നോട്ടുകളുടെ അസാധുവാക്കലിനു ശേഷം, ചെക്കുകളുടെ പ്രചാരം കൂടിയിട്ടുണ്ടാകണം. ബാങ്ക് ഡ്രാഫ്റ്റുകളും പലപ്പോഴും ചെക്കുകളുടെ കൂട്ടത്തില്‍ തന്നെ പെടുത്താറുണ്ട്. ഇന്നയാള്‍ക്ക് ഇത്ര രൂപ നല്‍കണം എന്ന് ഒരു വ്യക്തി ഒരു ബാങ്കുശാഖയ്ക്കു നല്‍കുന്ന നിര്‍ദ്ദേശമാണു ചെക്ക്. ഇന്നയാള്‍ക്ക് ഇത്ര രൂപ നല്‍കണം എന്ന് ഒരു ബാങ്കുശാഖ മറ്റൊരു ശാഖയ്ക്കു നല്‍കുന്ന നിര്‍ദ്ദേശമാണു ഡ്രാഫ്റ്റ്. നിര്‍ദ്ദേശം ഒരു കേവലവ്യക്തിയുടേതാകുമ്പോള്‍, പണം കിട്ടുമെന്ന് ഉറപ്പില്ല. എന്നാല്‍, നിര്‍ദ്ദേശം ബാങ്കിന്റേതാകുമ്പോള്‍, പണം കിട്ടുമെന്നുറപ്പ്. ഡ്രാഫ്റ്റും ചെക്കും തമ്മിലുള്ള കാതലായ വ്യത്യാസം അതു മാത്രം.

ചെക്കിടപാടുകളില്‍ വന്നിരിയ്ക്കുന്ന മാറ്റങ്ങള്‍ ലളിതമായി വിശദീകരിയ്ക്കാന്‍ വേണ്ടി ഒരുദാഹരണം പറയാം. കൊല്ലത്തുള്ളൊരു കശുവണ്ടി മുതലാളിയാണു തങ്കപ്പന്‍ പിള്ള. തൃശൂരുള്ളൊരു വ്യാപാരിയാണു ദേവസ്സി. തങ്കപ്പന്‍ പിള്ളയുടെ പക്കല്‍ നിന്നു കുറേ കശുവണ്ടി ഇടയ്ക്കിടെ ദേവസ്സി വാങ്ങാറുണ്ട്. അപ്പോഴൊക്കെ ദേവസ്സി ആയിരം രൂപയുടെ ഒരു ചെക്ക് തങ്കപ്പന്‍ പിള്ളയ്ക്ക് അയച്ചു കൊടുക്കാറുമുണ്ട്. ദേവസ്സിയുടെ അക്കൗണ്ട് കാനറാബാങ്കിന്റെ തൃശൂര്‍ ശാഖയിലായതുകൊണ്ട് ദേവസ്സിയുടെ ചെക്കുകളെല്ലാം, ആ ശാഖയിന്മേലുള്ളവയാണ്. പതിറ്റാണ്ടുകളായി പതിവുള്ളൊരു ഇടപാടാണ് ഇവരുടേത് എന്നും സങ്കല്പിയ്ക്കുക.

വളരെപ്പണ്ട്, ദേവസ്സിയുടെ ചെക്കിന്റെ തുക കൈപ്പറ്റാന്‍ വേണ്ടി തങ്കപ്പന്‍ പിള്ളയ്ക്കു കൊല്ലത്തു നിന്നു തൃശൂരു വരെ യാത്ര ചെയ്ത്, കാനറാബാങ്കിന്റെ തൃശൂര്‍ ശാഖയില്‍ ചെക്കു നേരിട്ടു ഹാജരാക്കേണ്ടി വന്നിരുന്നു. ചെക്കിന്റെ പണവുമായി തിരികെ കൊല്ലത്തേയ്ക്കും പോകും. കുറേ നാള്‍ കഴിഞ്ഞപ്പോള്‍ തങ്കപ്പന്‍ പിള്ളയുടെ വീടിനടുത്തൊരു ബാങ്കുശാഖ തുറന്നു. സിന്‍ഡിക്കേറ്റ് ബാങ്കിന്റേതായിരുന്നു, അത്. തങ്കപ്പന്‍ പിള്ള അവിടെ അക്കൗണ്ടു തുടങ്ങി. ദേവസ്സിയുടെ ചെക്കു കിട്ടുമ്പോഴൊക്കെ അതവരെ ഏല്പിയ്ക്കാന്‍ തുടങ്ങി. സിന്‍ഡിക്കേറ്റ് ബാങ്കിന് ഒരു ശാഖ തൃശൂരുമുണ്ടായിരുന്നു.

തങ്കപ്പന്‍ പിള്ള സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കൊല്ലം ശാഖയില്‍ ദേവസ്സിയുടെ ചെക്ക് ഏല്പിച്ചയുടന്‍ അവരതു തപാല്‍ വഴി തങ്ങളുടെ തൃശൂര്‍ ശാഖയ്ക്ക് അയച്ചുകൊടുത്തു. തൃശൂര്‍ ശാഖയിലെ ഒരുദ്യോഗസ്ഥന്‍ കാനറാബാങ്കിന്റെ തൃശൂര്‍ ശാഖയില്‍ ചെക്കു കൊണ്ടുപോയി കൊടുത്ത്, അതിന്റെ പണം വാങ്ങുകയും, തന്റെ ശാഖയില്‍ മടങ്ങിച്ചെന്ന് അവിടെ പണമടയ്ക്കുകയും ചെയ്തു. ചെക്കിന്റെ പണം കിട്ടിയിട്ടുണ്ടെന്നു സിന്‍ഡിക്കേറ്റ് ബാങ്കിന്റെ തൃശൂര്‍ ശാഖ കൊല്ലം ശാഖയെ എഴുതി അറിയിച്ചു. കമ്മീഷന്‍ ഈടാക്കിയ ശേഷമുള്ള തുക കൊല്ലം ശാഖ തങ്കപ്പന്‍ പിള്ളയുടെ അക്കൗണ്ടില്‍ വരവു വെച്ചു. തങ്കപ്പന്‍ പിള്ള പണം പിന്‍വലിച്ചു. ഈ ഉദാഹരണത്തില്‍ ചെക്കിന്റേയും പണത്തിന്റേയും ഗതികള്‍ താഴെക്കൊടുക്കുന്നു:

ചെക്ക്:

ദേവസ്സിയില്‍ നിന്നു തങ്കപ്പന്‍ പിള്ളയിലേയ്ക്ക്
സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കൊല്ലം ശാഖയിലേയ്ക്ക്.
സിന്‍ഡിക്കേറ്റ് ബാങ്കിന്റെ തൃശൂര്‍ ശാഖയിലേയ്ക്ക്.
കാനറാബാങ്കിന്റെ തൃശൂര്‍ ശാഖയിലേയ്ക്ക്.

പണം

ദേവസ്സിയില്‍ നിന്നു കാനറാബാങ്കിന്റെ തൃശൂര്‍ ശാഖയിലേയ്ക്ക്.
കാനറാബാങ്കിന്റെ തൃശൂര്‍ ശാഖയില്‍ നിന്നു സിന്‍ഡിക്കേറ്റ് ബാങ്കിന്റെ തൃശൂര്‍ ശാഖയിലേയ്ക്ക്.
സിന്‍ഡിക്കേറ്റ് ബാങ്കിന്റെ തൃശൂര്‍ ശാഖയില്‍ നിന്നു കത്തുവഴി കൊല്ലം ശാഖയിലേയ്ക്ക്.
കൊല്ലം ശാഖയില്‍ നിന്നു തങ്കപ്പന്‍ പിള്ളയ്ക്ക്.

കുറേക്കാലം കഴിഞ്ഞപ്പോള്‍ തൃശൂരുള്ള സ്‌റ്റേറ്റ് ബാങ്ക് അവിടെയുള്ള ബാങ്കുകളുടെ മദ്ധ്യവര്‍ത്തിയായി പ്രവര്‍ത്തിയ്ക്കാന്‍ തുടങ്ങി. കാനറാബാങ്കും സിന്‍ഡിക്കേറ്റ് ബാങ്കുമുള്‍പ്പെടെ, തൃശൂരുള്ള എല്ലാ ബാങ്കുകളും സ്‌റ്റേറ്റ് ബാങ്കില്‍ അക്കൗണ്ടു തുടങ്ങി. എല്ലാ ബാങ്കുകളുടേയും പ്രതിനിധികള്‍ ദിവസേന രണ്ടു നേരം വീതം സ്‌റ്റേറ്റ് ബാങ്കിലെത്തും. ദേവസ്സിയുടെ ചെക്കു കിട്ടുമ്പോഴൊക്കെ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ പ്രതിനിധി അതു സ്‌റ്റേറ്റ് ബാങ്കിനെ ഏല്പിയ്ക്കുന്നു. സ്‌റ്റേറ്റ് ബാങ്ക് അതു കാനറാബാങ്കിന്റെ പ്രതിനിധിയ്ക്കു കൊടുക്കുന്നു.

കാനറാബാങ്കിന്റെ പ്രതിനിധി ചെക്കുമായി തന്റെ ശാഖയിലേയ്ക്കു ചെല്ലുന്നു. ദേവസ്സിയുടെ അക്കൗണ്ടില്‍ നിന്ന് ആയിരം രൂപ കുറവു ചെയ്ത് ചെക്കു പാസ്സാക്കുന്നു. ആയിരം രൂപയുമായി സ്‌റ്റേറ്റ് ബാങ്കില്‍ച്ചെന്ന്, കാനറാബാങ്കിന് സ്‌റ്റേറ്റ് ബാങ്കിലുള്ള അക്കൗണ്ടില്‍ അതടയ്ക്കുന്നു. ചെക്കു പാസ്സായ വിവരം സ്‌റ്റേറ്റ് ബാങ്കിനെ അറിയിയ്ക്കുന്നു. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ പ്രതിനിധിയും വീണ്ടും സ്‌റ്റേറ്റ് ബാങ്കിലെത്തിയിട്ടുണ്ടാകും. സ്‌റ്റേറ്റ് ബാങ്ക് കാനറാബാങ്കിന്റെ അക്കൗണ്ടില്‍ നിന്ന് ആയിരം രൂപയെടുത്ത് സിന്‍ഡിക്കേറ്റ് ബാങ്കിന്റെ അക്കൗണ്ടില്‍ വരവു വെയ്ക്കുന്നു. സിന്‍ഡിക്കേറ്റ് ബാങ്ക് അതു പിന്‍വലിയ്ക്കുന്നു. ചെക്കിന്റെ തുക കിട്ടിയ കാര്യം കൊല്ലം ശാഖയെ തപാല്‍ വഴി അറിയിയ്ക്കുന്നു. കൊല്ലം ശാഖ തങ്കപ്പന്‍ പിള്ളയുടെ അക്കൗണ്ടില്‍ കമ്മീഷന്‍ കഴിച്ചുള്ള ചെക്കിന്റെ തുക വരവു വെയ്ക്കുന്നു. തങ്കപ്പന്‍ പിള്ള അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിയ്ക്കുന്നു.

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ പ്രതിനിധിയ്ക്കും കാനറാബാങ്കിന്റെ പ്രതിനിധിയ്ക്കും ചെക്കു പരസ്പരം കൈമാറാനുള്ള വേദിയായതു സ്‌റ്റേറ്റ് ബാങ്കിന്റെ തൃശൂര്‍ ശാഖയാണല്ലോ. സിന്‍ഡിക്കേറ്റ് ബാങ്കും കാനറാബാങ്കും മാത്രമല്ല, തൃശൂരുള്ള എല്ലാ ബാങ്കുകളും അവര്‍ക്കു കിട്ടിയ ചെക്കുകളുമായി പ്രതിനിധികളെ സ്‌റ്റേറ്റ് ബാങ്കിലേയ്ക്കയയ്ക്കാന്‍ തുടങ്ങി. സ്‌റ്റേറ്റ് ബാങ്കില്‍ അവരെല്ലാവരും ഒരുമിച്ചിരുന്ന്, പരസ്പരം ചെക്കുകള്‍ കൈമാറി. സ്‌റ്റേറ്റ് ബാങ്ക് പ്രത്യേകം ഒരുക്കിയ ഒരു കെട്ടിടത്തില്‍ വെച്ചായിരുന്നു ഈ കൈമാറല്‍ നടന്നിരുന്നത്. ആ കെട്ടിടത്തെ ക്ലിയറിംഗ് ഹൗസ് എന്നു വിളിയ്ക്കാന്‍ തുടങ്ങി. 200910 കാലഘട്ടത്തില്‍ ഇന്ത്യയിലിത്തരം 1148 ക്ലിയറിംഗ് ഹൗസുകളുണ്ടായിരുന്നു.

തൃശൂര്‍ ക്ലിയറിംഗ് ഹൗസ് തുടങ്ങിയിട്ടും തങ്കപ്പന്‍ പിള്ളയ്ക്കു പണം കിട്ടാനുള്ള കാലതാമസത്തില്‍ വലുതായ കുറവുണ്ടായില്ല. ചെക്ക് രജിസ്‌റ്റേഡ് പോസ്റ്റ് ആയി തൃശൂരെത്താന്‍ നാലു ദിവസം, അതു സ്‌റ്റേറ്റ് ബാങ്കു വഴി കാനറാബാങ്കിലെത്താന്‍ ഒരു ദിവസം, ചെക്കു പാസ്സായ വിവരം തപാല്‍ വഴി സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കൊല്ലം ശാഖയിലെത്താന്‍ മൂന്നു ദിവസം; ഇടയില്‍ ഒഴിവുദിവസങ്ങളുണ്ടെങ്കില്‍ താമസം കൂടുന്നു.

ചുരുക്കത്തില്‍, കൊല്ലത്തുള്ള ബാങ്കില്‍ കൊടുത്തേല്പിച്ച ചെക്കിന്റെ പണം അക്കൗണ്ടില്‍ വരവു വെച്ചുകിട്ടാന്‍ പത്തു ദിവസം വേണം, അതായിരുന്നു സ്ഥിതി. അത്രയും നാള്‍ പണം ആര്‍ക്കും ഉപയോഗപ്പെടാതെ പോകുന്നു: തങ്കപ്പന്‍ പിള്ളയ്ക്കു ചെക്കിന്റെ പണം കിട്ടുന്നില്ലാത്തതുകൊണ്ട് അതു മറ്റൊരാള്‍ക്കു കൊടുക്കാനാകുന്നില്ല; ദേവസ്സിയ്ക്കാണെങ്കില്‍ ചെക്ക് തങ്കപ്പന്‍ പിള്ളയ്ക്കു കൊടുത്തുപോയിരിയ്ക്കുന്നതുകൊണ്ട് അതിനായി അക്കൗണ്ടില്‍ കരുതിയിരിയ്ക്കുന്ന പണം മറ്റു കാര്യങ്ങള്‍ക്കായി ഉപയോഗിയ്ക്കാനുമാവില്ല.

പണത്തിന്റെ ഈ നിഷ്‌ക്രിയത്വം ഒരു പ്രശ്‌നമായി അവശേഷിച്ചു. അതുപോലുള്ള ദശലക്ഷക്കണക്കിന് ഇടപാടുകള്‍ ഇന്ത്യയൊട്ടാകെ ദിവസേന നടന്നിരുന്നു. അനേകം ചെക്കുകള്‍ പാസ്സാവാന്‍ എട്ടും പത്തും ദിവസങ്ങളെടുത്തിരിയ്ക്കണം. 200910ല്‍ അന്നുണ്ടായിരുന്ന 1148 ക്ലിയറിംഗ് ഹൗസുകളിലായി 130 കോടിയിലേറെ ചെക്കുകള്‍ കൈകാര്യം ചെയ്യപ്പെട്ടെന്നു കണക്കുകള്‍ കാണിയ്ക്കുന്നു. ഇത്രയധികം ചെക്കുകള്‍ മാറുന്നതിലുള്ള കാലതാമസം അകറ്റിയാല്‍, അല്ലെങ്കില്‍ താമസമല്പം കുറയ്ക്കുകയെങ്കിലും ചെയ്താല്‍, അത് ഇടപാടുകാര്‍ക്കു മാത്രമല്ല, രാഷ്ട്രത്തിന്റെ സാമ്പത്തികനിലയ്ക്കും ഗുണം ചെയ്യുമെന്നു സര്‍ക്കാര്‍ മനസ്സിലാക്കി.

ഒരു ദിവസം തന്നെ വളരെയധികം ചെക്കുകള്‍ കൈകാര്യം ചെയ്യേണ്ടി വന്നപ്പോള്‍, ക്ലിയറിംഗ് ഹൗസുകള്‍ യന്ത്രത്തെ ആശ്രയിയ്ക്കാന്‍ തുടങ്ങി. ബാങ്കുകള്‍, അവയുടെ ശാഖകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ചെക്കുകളെ തരം തിരിയ്ക്കാന്‍ യന്ത്രങ്ങള്‍ എം ഐ സി ആര്‍ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചു, അതിനു വേണ്ടി ചെക്കുകളുടെ ഘടനയില്‍ ഐകരൂപ്യം വരുത്തി. എം ഐ സി ആര്‍ എന്നാല്‍ മാഗ്‌നറ്റിക്ക് ഇങ്ക് കാരക്റ്റര്‍ റെക്കഗ്‌നിഷന്‍. ചെക്കിന്റെ ചുവട്ടില്‍ എം ഐ സി ആര്‍ കോഡ് എന്നറിയപ്പെടുന്ന, ഒമ്പതക്കമുള്ളൊരു നമ്പറുണ്ട്: ഓരോ ബാങ്ക് ശാഖയ്ക്കും ഒരു പ്രത്യേക എം ഐ സി ആര്‍ കോഡുണ്ടാകും. കോഡിലെ ആദ്യത്തെ മൂന്നക്കങ്ങള്‍ സ്ഥലത്തേയും, അടുത്ത മൂന്നക്കങ്ങള്‍ ബാങ്കിനേയും അവസാനത്തെ മൂന്നക്കങ്ങള്‍ ബാങ്കുശാഖയേയും സൂചിപ്പിച്ചു. ചെക്കിലുള്ള എം ഐ സി ആര്‍ കോഡ് യന്ത്രം വായിയ്ക്കുകയും, ചെക്ക് ഏതു ബാങ്കിന്റെ, ഏതു ശാഖയുടേതെന്നു തിരിച്ചറിയുകയും, അതനുസരിച്ചു ചെക്കുകളെ തരം തിരിയ്ക്കുകയും ചെയ്തു.

എം ഐ സി ആര്‍ യന്ത്രത്തിന്റെ ആഗമനം മൂലം ക്ലിയറിംഗ് ഹൗസുകളുടെ എണ്ണം 1148ല്‍ നിന്ന് 66 ആയി കുറഞ്ഞു. ക്ലിയറിംഗ് കുറേക്കൂടി കാര്യക്ഷമമായി. എങ്കിലും, തങ്കപ്പന്‍ പിള്ളയ്ക്കു ദേവസ്സിയുടെ ചെക്കിന്റെ പണം കിട്ടാനുള്ള കാലതാമസത്തില്‍ കാര്യമായ കുറവു വന്നില്ല. പത്തുദിവസത്തെ താമസമുണ്ടായിരുന്നതില്‍ ഒന്നോ രണ്ടോ ദിവസത്തെ കുറവു വന്നു എന്നു മാത്രം. കൊല്ലത്തു നിന്നു തൃശൂരിലേയ്ക്കുള്ള ദൂരം 216 കിലോമീറ്റര്‍. അത്ര മാത്രം അകലമുള്ളപ്പോള്‍ പോലും എട്ടു ദിവസം വേണ്ടി വന്നിരുന്ന നിലയ്ക്ക്, ആയിരവും രണ്ടായിരവും കിലോമീറ്റര്‍ അകലെയുള്ള സ്ഥലങ്ങള്‍ തമ്മിലുള്ള ഇടപാടുകളില്‍ പണം ചെക്കുകളുടെ രൂപത്തില്‍ കൂടുതല്‍ ദിവസം കുടുങ്ങിക്കിടന്നു കാണണം.

വിവരസാങ്കേതികവിദ്യയിലുണ്ടായ പുരോഗതി ഏറ്റവുമധികം സഹായിച്ച പല രംഗങ്ങളിലൊന്ന് ചെക്ക് കളക്ഷനാണ്. സാങ്കേതികവിദ്യ പുരോഗമിച്ചപ്പോള്‍ റിസര്‍വ് ബാങ്ക് പുതിയൊരു രീതി നടപ്പില്‍ വരുത്തി. അതു ചെക്ക് കളക്ഷന്‍ രംഗത്തു വിപ്ലവകരമായ മാറ്റത്തിനിട വരുത്തി. പുതിയ രീതിയനുസരിച്ച്, സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കൊല്ലം ശാഖ ദേവസ്സിയുടെ ചെക്ക് തൃശൂര്‍ക്ക് അയച്ചുകൊടുക്കുന്നില്ല. പകരം, ചെക്കിന്റെ ഫോട്ടോ  അതായത് സ്‌കാന്‍  മാത്രം അയയ്ക്കുന്നു. അതയയ്ക്കുന്നതു തൃശൂര്‍ക്കല്ല, ചെന്നൈയിലുള്ള റിസര്‍വ് ബാങ്കിന്റെ ക്ലിയറിംഗ് ഹൗസിലേയ്ക്കാണ്. ഇലക്‌ട്രോണിക് മാര്‍ഗത്തിലൂടെ, ഡിജിറ്റലായാണ് അതിന്റെ യാത്ര. ചെന്നൈ ക്ലിയറിംഗ് ഹൗസില്‍ നിന്നതു കാനറാബാങ്കിന്റെ തൃശൂര്‍ ശാഖയിലെത്തുന്നു. ശാഖയതു പാസ്സാക്കുന്നു.

ചെക്കു പാസ്സായ ഉടന്‍ ആ വിവരം ചെന്നൈയിലെ ക്ലിയറിംഗ് ഹൗസിലെത്തുന്നു. ക്ലിയറിംഗ് ഹൗസില്‍ എല്ലാ ബാങ്കുകള്‍ക്കും അക്കൗണ്ടുണ്ട്. ക്ലിയറിംഗ് ഹൗസ് കാനറാബാങ്കിന്റെ അക്കൗണ്ടില്‍ നിന്നു ചെക്കിന്റെ തുകയായ ആയിരം രൂപയെടുത്തു സിന്‍ഡിക്കേറ്റ് ബാങ്കിന്റെ അക്കൗണ്ടില്‍ വരവു വെയ്ക്കുന്നു. ആ വിവരം ഉടന്‍ തന്നെ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കൊല്ലം ശാഖയ്ക്കു കിട്ടുന്നു. അവര്‍ തുക തങ്കപ്പന്‍ പിള്ളയുടെ അക്കൗണ്ടില്‍ വരവു വെയ്ക്കുന്നു. തുടര്‍ന്ന്, തങ്കപ്പന്‍ പിള്ളയ്ക്കു തുക എപ്പോള്‍ വേണമെങ്കിലും പിന്‍വലിയ്ക്കാം.

പുതിയ രീതിയില്‍, കൊല്ലത്തുള്ള അക്കൗണ്ടില്‍ തൃശൂരുള്ളൊരു ചെക്കിന്റെ പണം വരവു വെച്ചു കിട്ടാന്‍ ആകെ വേണ്ടിവരുന്ന സമയം ഏതാനും മണിക്കൂറുകള്‍ മാത്രം! അങ്ങേയറ്റം ഒരു ദിവസം. ചെക്ക് ട്രങ്കേഷന്‍ സിസ്റ്റം അഥവാ സി ടി എസ് എന്നാണ് ഈ സംവിധാനത്തിനു പേര്. ട്രങ്കേറ്റ് ചെയ്യുകയെന്നാല്‍ വെട്ടിച്ചുരുക്കുക എന്നര്‍ത്ഥം: വിസ്താരമേറിയ ചെക്കിനെ അക്കങ്ങളുടെ (ഡിജിറ്റല്‍) സൂക്ഷ്മരൂപത്തിലാക്കുന്ന പ്രക്രിയ.

ദേവസ്സിതങ്കപ്പന്‍പിള്ള ഇടപാടിലെ യഥാര്‍ത്ഥ ചെക്ക് കൊല്ലം സിന്‍ഡിക്കേറ്റ് ബാങ്കിന്റെ പക്കലാണുണ്ടാകുക. അവരാണു തങ്കപ്പന്‍ പിള്ളയുടെ ചെക്കുനിക്ഷേപം സ്വീകരിച്ചത്. അത്തരത്തില്‍ ചെക്കുനിക്ഷേപം സ്വീകരിയ്ക്കുന്ന ബാങ്കുകള്‍ യഥാര്‍ത്ഥ ചെക്ക് പത്തു വര്‍ഷത്തോളം സൂക്ഷിച്ചു വെക്കേണ്ടി വരും.

ചെക്ക് ട്രങ്കേഷന്‍ സംവിധാനത്തിന്റെ നടത്തിപ്പിന്റെ ചുമതല നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്കാണ്. എന്‍ പി സി ഐ എന്ന ചുരുക്കപ്പേരുള്ള ഇത് റിസര്‍വ് ബാങ്കിന്റെ സഹോദരസ്ഥാപനമാണ്. ചെന്നൈ കൂടാതെ ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലും സമാനമായ ക്ലിയറിംഗ് ഹൗസുകളുണ്ട്. മുമ്പ് ഇന്ത്യയിലെ ക്ലിയറിംഗ് പ്രവര്‍ത്തനം മുഴുവനും നടത്തിയിരുന്നത് എം ഐ സി ആര്‍ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്ന 66 ക്ലിയറിംഗ് ഹൗസുകളായിരുന്നെന്നു മുകളില്‍ സൂചിപ്പിച്ചിരുന്നു. ഇന്നിപ്പോള്‍ അവയുടെ ചുമതലകള്‍ മുഴുവന്‍ ചെക്ക് ട്രങ്കേഷന്‍ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ചെന്നൈ, ന്യൂഡല്‍ഹി, മുംബൈ എന്നീ മൂന്ന് ക്ലിയറിംഗ് ഹൗസുകള്‍ നിര്‍വഹിയ്ക്കുന്നു. എം ഐ സി ആര്‍ ക്ലിയറിംഗ് ഹൗസുകള്‍ നിറുത്തലാക്കുകയും ചെയ്തു.

കോടിക്കണക്കിനു ചെക്കുകളാണിപ്പോള്‍ ഓരോ മാസവും ക്ലിയറിംഗ് ഹൗസുകള്‍ കൈകാര്യം ചെയ്യുന്നത്. 201516 സാമ്പത്തികവര്‍ഷത്തില്‍ 69.88 ലക്ഷം കോടി രൂപയ്ക്കുള്ള 91.98 കോടി ചെക്കുകള്‍ കൈകാര്യം ചെയ്തുവെന്നു എന്‍ പി സി ഐയുടെ വെബ്‌സൈറ്റില്‍ കാണുന്നു. നടപ്പുവര്‍ഷത്തില്‍ അവയില്‍ വര്‍ദ്ധനവുണ്ടാകാനാണിട. ചെക്ക് ട്രങ്കേഷന്‍ എന്ന സാങ്കേതികവിദ്യ ഉദയം ചെയ്തില്ലായിരുന്നെങ്കില്‍, കുറേയേറെ ചെക്കുകളുടെ പണം ഏഴെട്ടു ദിവസത്തോളം ആര്‍ക്കും ഉപയോഗിയ്ക്കാനാകാതെ നിഷ്‌ക്രിയമായി കിടക്കുമായിരുന്നു.

1995ല്‍ ചെക്ക് ട്രങ്കേഷന്‍ ആരംഭിയ്ക്കാന്‍ വേണ്ടി നിയമങ്ങള്‍ പരിഷ്‌കരിച്ച ന്യൂസിലന്റാണ് ഈ രംഗത്തു വഴികാട്ടിയായത്. ചെക്ക് ട്രങ്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളാണധികവും. നാം 2002ല്‍ പാസ്സാക്കിയ നിയമത്തിലൂടെ ചെക്ക് ട്രങ്കേഷനു നിയമസാധുത നല്‍കി; പിന്നേയും കുറേക്കൊല്ലം കൂടി കഴിഞ്ഞാണെങ്കിലും, ചെക്ക് ട്രങ്കേഷന്‍ സംവിധാനം നടപ്പില്‍ വരുത്തുകയും ചെയ്തു; വികസിതരാജ്യമായ ബ്രിട്ടനേക്കാള്‍ മുമ്പ്!

കറന്‍സി നോട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ സത്യത്തിന്റെ പ്രകാശം ചെക്കിന്മേലുണ്ട്. ഒരാള്‍ കുറേ കറന്‍സി നോട്ടുകള്‍, ഒരു ചെക്ക് എന്നിവയൊരുമിച്ചു മോഷ്ടിച്ചെന്നു കരുതുക. അയാള്‍ക്കു നോട്ടുകള്‍ യഥേഷ്ടം ചെലവഴിയ്ക്കാനാകും; പക്ഷേ, ചെക്കിന്റെ പണം കൈപ്പറ്റുന്നത് എളുപ്പമാവില്ല. ചെക്കിന്റെ പണം കൈപ്പറ്റാന്‍ അയാള്‍ക്ക് ബാങ്കിലേയ്ക്കു ചെല്ലുകയും ചെക്കിന്റെ പിറകില്‍ പേരെഴുതി ഒപ്പിട്ടു കൊടുക്കുകയും ചെയ്യേണ്ടി വരും. അതിനിടയില്‍ ചെക്കിന്റെ ഉടമയ്ക്കു തന്റെ ചെക്കു നഷ്ടപ്പെട്ടെന്നു മനസ്സിലാക്കാനായാല്‍, ചെക്കിന്റെ പണം ആര്‍ക്കും നല്‍കരുത് എന്ന നിര്‍ദ്ദേശം ബാങ്കിനു കൊടുക്കാനാകും. 'സ്‌റ്റോപ്പ് പേയ്‌മെന്റ്' നിര്‍ദ്ദേശം നിലവിലുള്ളപ്പോള്‍ ബാങ്ക് ആ ചെക്കിന്റെ പണം നല്‍കുകയില്ല.

ചെക്കുകളില്‍ 'ഓര്‍ ബെയറര്‍' എന്ന വാക്കുകളുണ്ടാകും. ചെക്കു കൈവശമുള്ളയാള്‍ ആരുമാകട്ടെ, അയാള്‍ക്കു ചെക്കിന്റെ പണം നല്‍കണം എന്നാണ് 'ഓര്‍ ബെയറര്‍' എന്ന വാക്കുകളുടെ അര്‍ത്ഥം. ചെക്കിന്റെ പണം നല്‍കരുത് എന്ന നിര്‍ദ്ദേശം ബാങ്കിനു കിട്ടിയിട്ടില്ലെങ്കില്‍, മോഷ്ടാവിനു പോലും ബെയറര്‍ചെക്കിന്റെ പണം കിട്ടും, ബാങ്കില്‍ച്ചെന്ന് ഒപ്പിട്ടു കൊടുക്കാന്‍ അയാള്‍ തയ്യാറാണെങ്കില്‍. ബെയറര്‍ചെക്കു കൊണ്ടുവരുന്നയാളോട് 'നിങ്ങള്‍ക്ക് ഈ ചെക്ക് എങ്ങനെ കിട്ടി' എന്നു ബാങ്ക് ചോദിയ്ക്കാന്‍ മിനക്കെടില്ല.

'ഓര്‍ ബെയറര്‍' എന്ന വാക്കുകള്‍ പേന കൊണ്ടു വെട്ടിക്കളഞ്ഞിരിയ്ക്കുന്നു എന്നു കരുതുക. 'ഓര്‍ ബെയറര്‍' വെട്ടിയിട്ടുണ്ടെങ്കില്‍ ഓര്‍ഡര്‍ചെക്ക് ആയിത്തീര്‍ന്നു എന്നര്‍ത്ഥം. 'ഓര്‍ ബെയറര്‍' എന്ന വാക്കുകള്‍ വെട്ടിയിട്ടുണ്ടെങ്കില്‍ അതിനു മുകളില്‍ 'ഓര്‍ ഓര്‍ഡര്‍' എന്നെഴുതിയിട്ടുണ്ടെങ്കിലും എഴുതിയിട്ടില്ലെങ്കിലും 'ചെക്കു കൊണ്ടുവരുന്നയാള്‍ ആരെന്നു തിരിച്ചറിഞ്ഞ ശേഷമേ പണം കൊടുക്കാവൂ' എന്ന വ്യക്തമായ നിര്‍ദ്ദേശമാണ് അതില്‍ നിന്നു ബാങ്കിനു കിട്ടുന്നത്. 'ഓര്‍ ബെയറര്‍' എന്ന വാക്കുകള്‍ വെട്ടിയിരിയ്ക്കുന്നതു കാണുന്ന മാത്രയില്‍ ബാങ്ക് ജാഗ്രത്താകും; 'യോദ്ധാ' എന്ന മലയാളസിനിമയില്‍ എം എസ് തൃപ്പൂണിത്തുറ മോഹന്‍ലാലിനോടു ചോദിച്ച 'താനാരാ, ഹൂ ആര്‍ യൂ, തും കോന്‍ ഹോ' എന്ന ചോദ്യം തന്നെ ബാങ്കും ചോദിയ്ക്കും. 'നിങ്ങള്‍ക്ക് ഈ ചെക്ക് എങ്ങനെ കിട്ടി' എന്നും ചോദിയ്ക്കും, ആധാര്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡുമൊക്കെ കൊണ്ടുവരാനും പറയും. കസ്റ്റമറോടു കൂടുതല്‍ പ്രതിബദ്ധതയുള്ള ബാങ്കുകള്‍ കസ്റ്റമറുമായി ഫോണില്‍ ബന്ധപ്പെട്ട് 'ചെക്കു കൊണ്ടുവന്നിരിയ്ക്കുന്നയാള്‍ക്കു പണം കൊടുക്കണോ' എന്ന് ആരാഞ്ഞെന്നും വരാം. ബോദ്ധ്യം വരാത്ത സന്ദര്‍ഭങ്ങളില്‍ 'ഏതെങ്കിലും ബാങ്കു വഴി പ്രസന്റു ചെയ്യുക' എന്ന നിര്‍ദ്ദേശത്തോടെ ആളെ മടക്കിവിട്ടെന്നും വരും. മോഷ്ടാക്കള്‍ ചെക്കിന്റെ പണം വാങ്ങുന്നതു തടയാന്‍ 'ഓര്‍ ബെയറര്‍' എന്ന വാക്കുകള്‍ വെട്ടുന്നതു സഹായകമാകും എന്നു ചുരുക്കം.

ചെക്കിലെ 'ഓര്‍ ബെയറര്‍' വെട്ടുന്നതിനേക്കാളേറെ സുരക്ഷിതത്വം ചെക്കു 'ക്രോസ്സു' ചെയ്യുന്നതാണ്. ചെക്കിന്റെ ഇടതുമുകള്‍മൂലയില്‍ രണ്ടു ചെറുസമാന്തരരേഖകള്‍ ചരിച്ചു വരയ്ക്കുന്നതിനാണു ക്രോസ്സിംഗ് എന്നു പറയുന്നത്. വരകള്‍ക്കിടയില്‍ '&ഇീ' എന്നെഴുതുന്നതും പതിവാണ്, പക്ഷേ, നിര്‍ബന്ധമില്ല. 'ആന്റ് കോ'യ്ക്കു പകരം 'അക്കൗണ്ട് പേയീ' എന്നുമെഴുതിയിട്ടുണ്ടാകാം. ക്രോസ്സു ചെയ്ത ചെക്കിന്റെ പണം കിട്ടാന്‍ ഏതെങ്കിലുമൊരു ബാങ്കിനെ ഏല്‍പ്പിയ്ക്കുക തന്നെ വേണം. അതിന്, അവിടെ ഒരക്കൗണ്ട് ഉണ്ടായിരിയ്ക്കണം. അക്കൗണ്ടില്ലെങ്കില്‍ പുതിയ ഒരക്കൗണ്ടു തുടങ്ങേണ്ടി വരും. അക്കൗണ്ടു തുടങ്ങാന്‍ തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധം. തിരിച്ചറിയപ്പെടേണ്ടി വരുമെന്നതിനാല്‍, ക്രോസ്സു ചെയ്ത ചെക്കിന്റെ പണം വാങ്ങുകയെന്ന സാഹസത്തിനു മോഷ്ടാക്കള്‍ തുനിയാനിടയില്ല.

ക്രോസ്സു ചെയ്‌തൊരു ചെക്കിന്റെ പണം അക്കൗണ്ടിലൂടെയല്ലാതെ, രൊക്കം പണമായി ഒരന്യനു ബാങ്കു നല്‍കിപ്പോയി എന്നു കരുതുക. അങ്ങനെ പണം നല്‍കാന്‍ ബാങ്കിന് അധികാരമില്ല. അങ്ങനെ പണം നല്‍കിപ്പോയെങ്കില്‍, കസ്റ്റമര്‍ക്കു പണം തിരികെ നല്‍കാന്‍ ബാങ്കിനു ബാദ്ധ്യതയുണ്ട്, തിരികെ നല്‍കുകയും ചെയ്യും. ചെക്കു ക്രോസ്സു ചെയ്യുന്നതു വഴി കസ്റ്റമര്‍ക്കു സംരക്ഷണം കിട്ടുന്നു. സ്വന്തം ചെക്കുകള്‍ എപ്പോഴും ക്രോസ്സു ചെയ്തു വെയ്ക്കുന്നതു നന്നായിരിയ്ക്കും.

കറന്‍സി നോട്ടുകള്‍ കള്ളപ്പണമായിരിയ്ക്കാമെന്നു നാം ഈയിടെ കണ്ടു. കള്ളപ്പണമെന്നാല്‍ കണക്കില്‍ പെടാത്ത പണം, അണ്‍ അക്കൗണ്ടഡ് മണി, അക്കൗണ്ടിലടയ്ക്കാത്ത പണം, നികുതിയടയ്ക്കാത്ത പണം, എന്നെല്ലാമര്‍ത്ഥം. അക്കൗണ്ടിലുള്ള പണത്തെ, അക്കൗണ്ടഡ് മണിയെ ആണു ചെക്കു പ്രതിനിധീകരിയ്ക്കുന്നത്. കറന്‍സിയുടെ നിറം ഇടയ്‌ക്കൊക്കെ 'കറുപ്പ്' അഥവാ ബ്ലാക്ക് ആകാമെങ്കില്‍, ചെക്കിന്റെ നിറം സദാ 'വെളുപ്പ്' അഥവാ വൈറ്റ് ആയിരിയ്ക്കും. 'കറുപ്പി'നെതിരേയുള്ള പോരാട്ടത്തില്‍ 'വെളുപ്പി'ന്റെ മൂല്യം വര്‍ദ്ധിച്ചിരിയ്ക്കുന്നു; ചെക്കിനു മാന്യത കൂടിയിരിയ്ക്കുന്നു.

കറന്‍സി നോട്ടു വ്യാജനുമാകാം. നമ്മുടെ തന്നെ നാട്ടുകാരില്‍പ്പലരും വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ അച്ചടിച്ചിവിടെ വിതരണം ചെയ്തിട്ടുണ്ടെന്നാണു സര്‍ക്കാര്‍ പറയുന്നത്. നാട്ടുകാരേക്കാള്‍ കൂടുതല്‍ വ്യാജ ഇന്ത്യന്‍ കറന്‍സി അച്ചടിച്ചു വിതരണം ചെയ്തിരിയ്ക്കുന്നതു പാക്കിസ്ഥാനാണെന്നും വാര്‍ത്തകളില്‍ കാണുന്നു. പറഞ്ഞതു സര്‍ക്കാരായതുകൊണ്ട് സംഗതി വാസ്തവമായിരിയ്ക്കണം. കറന്‍സി നോട്ടു വ്യാജനായാലും, ചെക്ക് വ്യാജനാകുന്ന പ്രശ്‌നമില്ല. ചെക്ക് വ്യാജനിര്‍മ്മിതമായാല്‍ കമ്പ്യൂട്ടര്‍ തിരസ്‌കരിയ്ക്കും. ചെക്കിലെ ഒപ്പു വ്യാജമാണെന്നും അക്കാര്യം കണ്ടുപിടിയ്ക്കാതെ ബാങ്കതു പാസ്സാക്കുന്നെന്നും കരുതുക; അതിന്റെ പണം കസ്റ്റമര്‍ക്കു തിരികെക്കൊടുക്കാന്‍ ബാങ്കു ബാദ്ധ്യസ്ഥമാണ്. കാരണം, കസ്റ്റമറുടെ ഒപ്പില്ലാതെ പണം അന്യനു കൈമാറാന്‍ ബാങ്കിന് അധികാരമില്ല. അന്യരിട്ടിരിയ്ക്കുന്ന വ്യാജഒപ്പ് കസ്റ്റമറുടെ ഒപ്പിനേക്കാള്‍ അഴകുള്ളതാണെങ്കില്‍പ്പോലും, പണം കൈമാറാന്‍ ബാങ്കിനാവില്ല. പണം കൈമാറിപ്പോയാല്‍ കസ്റ്റമര്‍ക്കു പണം ഉറപ്പായും തിരികെക്കിട്ടും.

ചുരുക്കിപ്പറഞ്ഞാല്‍, കറന്‍സി നോട്ടു കൊടുക്കുന്നതിനു പകരം അതിനേക്കാള്‍ സുരക്ഷിതത്വമുള്ള ചെക്കെഴുതി കൊടുക്കാവുന്നതേയുള്ളൂ. കറന്‍സി നോട്ടു വാങ്ങുന്നതിനു പകരം ചെക്കു വാങ്ങുകയും ചെയ്യാം. ചെക്കെഴുത്തിനെ ഇപ്പോള്‍ പ്രോത്സാഹിപ്പിയ്ക്കുന്ന സര്‍ക്കാര്‍ തന്നെയാണ് അതിനെ ഇതുവരെ നിരുത്സാഹപ്പെടുത്തിപ്പോന്നിട്ടുള്ളത്. വീട്ടുനികുതി, വസ്തുനികുതി, വൈദ്യുതിബില്ല്, വെള്ളക്കരം, ഇങ്ങനെ സര്‍ക്കാരിലേയ്ക്കടയ്‌ക്കേണ്ട പലതും രൊക്കം പണമായി വേണം എന്ന സര്‍ക്കാരിന്റെ നിര്‍ബന്ധബുദ്ധിയാണ് ഏറ്റവും വലിയ പ്രതിബന്ധം. ഈയടുത്ത കാലത്തായി ചില വകുപ്പുകള്‍ ഈ നിലപാടിനു മാറ്റം വരുത്തിക്കാണുന്നുണ്ട്; അതു ചെക്കുകള്‍ക്ക് അനുകൂലമല്ലെന്നു മാത്രം.

മുന്‍കാലങ്ങളില്‍ അക്കൗണ്ടില്‍ പണമില്ലാതെ ചെക്കുകള്‍ മടങ്ങുന്നതു വ്യാപകമായിരുന്നു. ചെക്കുമടക്കത്തെ നിരുത്സാഹപ്പെടുത്താനായി സര്‍ക്കാര്‍ തന്നെ നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്റ്റില്‍ ഭേദഗതികള്‍ വരുത്തി. അക്കൗണ്ടില്‍ പണമില്ലാത്തതുകൊണ്ടു ചെക്കു മടങ്ങിയാല്‍ ചെക്കെഴുതിയ വ്യക്തിയ്ക്കിപ്പോള്‍ രണ്ടുവര്‍ഷത്തെ ജയില്‍ശിക്ഷ ലഭിച്ചെന്നു വരാം. ചെക്കിന്റെ ഇരട്ടിത്തുക പിഴയായി അടയ്‌ക്കേണ്ടിയും വരാം. അക്കൗണ്ടില്‍ പണമില്ലാത്തതു കൊണ്ട് ചെക്കു മടങ്ങിയാലുടന്‍ അക്കൗണ്ടു ക്ലോസുചെയ്തു കളയുന്ന ബാങ്കുകളും ഇവിടെയുണ്ട്: 'ചെക്കു മടങ്ങുന്ന അക്കൗണ്ട് ഞങ്ങള്‍ക്കു വേണ്ട!' എന്നാണ് അവരുടെ നിലപാട്. പണമില്ലാതെ മടങ്ങുന്ന ചെക്കുകള്‍ 'വണ്ടിച്ചെക്കുകള്‍' എന്ന പേരില്‍ പരിഹസിയ്ക്കപ്പെടാറുണ്ട്. വണ്ടിച്ചെക്കുകള്‍ രാജ്യത്തിനു പോലും അപമാനമാണെന്നു കരുതുന്നവരും ധാരാളം. ഈ കര്‍ക്കശനിലപാടുകള്‍ മൂലം ചെക്കുകള്‍ കറന്‍സി നോട്ടുപോലെ തന്നെ മൂല്യമുള്ളതായിത്തീര്‍ന്നിരിയ്ക്കുന്നു. തടസ്സമേതുമില്ലാതെ ചെക്കുകള്‍ സ്വീകരിച്ചുകൊണ്ടു സര്‍ക്കാര്‍ തന്നെ ചെക്കെഴുത്തിനെ പ്രോത്സാഹിപ്പിയ്‌ക്കേണ്ടതാണ്.

പക്ഷേ, പഴയൊരു സിനിമയില്‍ പ്രേംനസീര്‍ 'വൈകിപ്പോയനിയാ, വൈകിപ്പോയി' എന്നു പറഞ്ഞതു പോലെ, ചെക്കുകളുടെ വൈശിഷ്ട്യം തിരിച്ചറിയാന്‍ വൈകിപ്പോയി എന്നു പറയേണ്ടിയിരിയ്ക്കുന്നു. സാങ്കേതികവിദ്യയിലുണ്ടായ മുന്നേറ്റം ചെക്കു മാറാനുണ്ടായിരുന്ന കാലതാമസത്തെ കേവലം മണിക്കൂറുകള്‍ മാത്രമായി കുറവു ചെയ്തു വിപ്ലവം സൃഷ്ടിച്ചെങ്കിലും, സാങ്കേതികവിദ്യയില്‍ തുടര്‍ന്നുണ്ടായ ചില മുന്നേറ്റങ്ങള്‍ ചെക്കുകളുടെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തിയിരിയ്ക്കുന്നു. മെയില്‍ ഈമെയിലായും പത്രം ഈപത്രമായും ബുക്ക് ഈബുക്കായും മാറിയതു പോലെ, ചെക്കിനു പകരം 'ഈചെക്ക്' ഇപ്പോള്‍ നിലവിലുണ്ട്, അതിനു നിയമത്തിന്റെ പിന്‍ബലം കിട്ടിക്കഴിഞ്ഞു; തല്‍ക്കാലം അധികം പ്രചാരം നേടിയിട്ടില്ലെന്നു മാത്രം.

പക്ഷേ, സാങ്കേതികവിദ്യയില്‍ വന്നിരിയ്ക്കുന്ന മറ്റു ചില മാറ്റങ്ങള്‍ 'ഈചെക്കു' പോലും ആവശ്യമില്ലാത്തൊരു യുഗത്തിനു തുടക്കമിട്ടിരിയ്ക്കുന്നു. 'ഈചെക്കി'ന്റെ പോലും ഗതി അതായിരിയ്‌ക്കെ, കടലാസ്സുചെക്കുകളുടെ സ്ഥിതി അതിനേക്കാള്‍ പരുങ്ങലിലാണെന്നു പറയേണ്ടതില്ലല്ലോ. ഓരോ വീട്ടിലും ഇന്റര്‍നെറ്റു ലഭ്യമാക്കാന്‍ സര്‍ക്കാരാഗ്രഹിയ്ക്കുന്ന നിലയ്ക്ക്, കടലാസ്സുചെക്കുകള്‍ ഒരു പതിറ്റാണ്ടിനപ്പുറം കടക്കുമോ എന്നു സംശയമാണ്. സാങ്കേതികവിദ്യയുടെ പുരോഗതി മൂലമുണ്ടായ ഈ മാറ്റങ്ങള്‍ക്ക് നോട്ടുകളുടെ അസാധുവാക്കല്‍ ആക്കം കൂട്ടുകയും ചെയ്തിരിയ്ക്കുന്നു. അതേപ്പറ്റി ഈ ലേഖനത്തിന്റെ അടുത്ത ഭാഗത്തില്‍.

 പണം കൊടുക്കാം, വാങ്ങാം  ഭാഗം 1 ചെക്ക് (ലേഖനം) -  സുനില്‍ എം എസ്, മൂത്തകുന്നം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക