Image

സഹകരണത്തിന് ആസ്റ്റര്‍ മെഡിസിറ്റിയും തോമസ് ജഫേഴ്ണ്‍ സര്‍വ്വകലാശാലയും ധാരണയായി

സ്വന്തംലേഖകന്‍ Published on 30 November, 2016
സഹകരണത്തിന് ആസ്റ്റര്‍ മെഡിസിറ്റിയും തോമസ് ജഫേഴ്ണ്‍ സര്‍വ്വകലാശാലയും ധാരണയായി

ന്യൂയോര്‍ക്ക്: ആരോഗ്യമേഖലയിലെ ബഹുരാഷ്ട്ര സഹകരണത്തിനു കേരളത്തിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയും ഫിലഡല്‍ഫിയയിലെപ്രശസ്തമായ തോമസ് ജെഫേഴ്‌സണ്‍ സര്‍വ്വകലാശാലയും തമ്മില്‍ ധാരണയായി.

ആഗോളമേഖലയിലെ പുത്തന്‍ ആരോഗ്യ അറിവുകള്‍ പങ്കു വയ്ക്കുന്നതിനും പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സഹകരണം പരസ്പരം ഉറപ്പാക്കുന്നതിനും ഇരുസ്ഥാപനങ്ങളും തമ്മില്‍ ധാരണപത്രം ഒപ്പിട്ടു. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ രോഗികള്‍ക്ക് അന്താരാഷ്ട്ര ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ ചരിത്രപരമായ നീക്കം.

തുടക്കമായിമള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് പദ്ധതിയില്‍ ഇരു സ്ഥാപനങ്ങളും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 2015 നവംബറില്‍ നടത്തിയ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നിരവധി അവയവദാന ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തിയിട്ടുണ്ടെന്നും ടിജെയു (തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റി) മായുള്ള സഹകരണത്തോടെ ഈ മേഖലയില്‍ കൂടുതല്‍ വിജയപ്രദമായ നീക്കങ്ങളുമായി ആസ്റ്ററിന് കേരളത്തിലെ ആരോഗ്യമേഖലയില്‍ കുതിക്കാനാകുമെന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

ഏറ്റവും നൂതനമായ വൈദ്യശാസ്ത്ര അറിവുകള്‍ പങ്കു വയ്ക്കാന്‍ കഴിയുന്നതോടെ കേരളത്തിലെ ആരോഗ്യമേഖല കൂടുതല്‍ വികസനോന്മുഖമാകുമെന്നും മൂപ്പന്‍ പറഞ്ഞു. ആഗോളതലത്തില്‍ ലഭ്യമായിട്ടുള്ള ശാസ്ത്രസാങ്കേതിക നേട്ടങ്ങള്‍ അവയവദാന ശസ്ത്രക്രിയകളില്‍ വലിയൊരു മുതല്‍ക്കൂട്ടാകുമെന്നും അതിനുള്ള അവസരമാണ് ഇരു സ്ഥാപനങ്ങളുടെയും പരസ്പര സഹകരണത്തോടെ ലഭ്യമാകുന്നതെന്നും അദ്ദേഹം അറിയിച്ചു.

അമേരിക്കന്‍ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ മെഡിക്കല്‍ കോളേജുകളിലൊന്നായ സിഡ്‌നി കിമ്മല്‍ മെഡിക്കല്‍ കോളേജ് ഉള്‍ക്കൊള്ളുന്ന തോമസ് ജെഫേഴ്‌സണ്‍സര്‍വ്വകലാശാലയില്‍ ഒക്യുപേഷണല്‍ തെറാപ്പി, നഴ്‌സിങ്ങ്, ഫാര്‍മസി എന്നിവയ്ക്ക് മാത്രമായി കോളേജുകളുണ്ട്. പോപ്പുലേഷന്‍ ഹെല്‍ത്തിനു വേണ്ടി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന അപൂര്‍വ്വം മെഡിക്കല്‍ സര്‍വ്വകലാശാലകളിലൊന്നാണ് ടിജെയു . കരള്‍, വൃക്ക മാറ്റ ശസ്ത്രക്രിയകള്‍ക്ക് ലോകത്തിലെ തന്നെ ഏറ്റവും പെരുമയുള്ള ആരോഗ്യസ്ഥാപനവും ഇതു തന്നെ.

എയ്റ്റനാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്‌സലന്‍സ് ട്രാന്‍സ്പ്ലാന്റ് സൗകര്യം ലഭ്യമാക്കിയിട്ടുള്ള ഇവിടെ ഒരേസമയം രണ്ട് അവയവമാറ്റ ശസ്ത്രക്രിയകള്‍ നടത്താനുള്ള സൗകര്യമുണ്ട്. ആസ്റ്ററിലെ ഡോക്ടര്‍മാര്‍ക്കു വിദഗ്ധ ചികിത്സകള്‍ക്കുള്ള പ്രായോഗിക പരിശീലനം നല്‍കുക, നൂതനമായ സാങ്കേതികസൗകര്യങ്ങള്‍ കൈമാറുക എന്നിവയാണ് ആദ്യഘട്ടത്തില്‍ ഇരുകൂട്ടരും പ്രയോജനപ്പെടുത്തുക. ട്രാന്‍സ്പ്ലാന്റ് സര്‍ജറി ഡയറക്ടര്‍ ഡോ ക്യറ്റാല്‍ഡോ ഡൊറിയയും ആസാദ് മൂപ്പനും തമ്മില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ഇന്തോ അമേരിക്കന്‍ ആരോഗ്യബന്ധത്തിനു നാന്ദിയായത്.

ടി.ജെ.യു. അഡ്ജംക്റ്റ് പ്രൊഫസര്‍ ഡോ. എം.വി. പിള്ളയുംചരിത്രപരമായ ഈ ധാരണ ഉണ്ടാകുന്നതില്‍ പങ്കു വഹിച്ചു. 
സഹകരണത്തിന് ആസ്റ്റര്‍ മെഡിസിറ്റിയും തോമസ് ജഫേഴ്ണ്‍ സര്‍വ്വകലാശാലയും ധാരണയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക