Image

ശാരീരികാരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും പ്രധാനം: ഓസ്‌ട്രേലിയന്‍ മനഃശാസ്ത്രജ്ഞന്‍

Published on 30 November, 2016
ശാരീരികാരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും പ്രധാനം: ഓസ്‌ട്രേലിയന്‍ മനഃശാസ്ത്രജ്ഞന്‍

 തിരുവനന്തപുരം: ശാരീരികാരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും പ്രധാനമാണെന്ന് യുഎന്‍എസ്ഡബ്ല്യു ഓസ്‌ട്രേലിയ സ്‌കൂള്‍ ഓഫ് സൈക്യാട്രിയിലെ പ്രമുഖ മനഃശാസ്ത്രജ്ഞനായ ഫിലിപ്പ് ബി. വാര്‍ഡ്. മെഡിക്കല്‍ കോളജ് അലൂംനി അസോസിയേഷന്‍ സംഘടിപ്പിച്ച സില്‍വര്‍ ജൂബിലി പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ശാരീകാരോഗ്യം പോലെ പ്രധാനമാണ് ആരോഗ്യമുള്ള മനസ്. വ്യായാമത്തിലൂടെ ആരോഗ്യമുള്ള ശരീരവും മനസും നേടിയെടുക്കാവുന്നതാണ്. മാനസിക പ്രശ്‌നങ്ങള്‍ക്ക് കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലമായി പലപ്പോഴും അമിതവണ്ണത്തിന് കാരണമാകാറുണ്ട്. ഇത്തരം മരുന്നുകള്‍ കഴിച്ചുണ്ടാകുന്ന പാര്‍ശ്വഫലങ്ങളില്‍ നിന്നും രക്ഷനേടാനും വ്യായാമത്തിലൂടെ സാധിക്കും.

വ്യായാമം ജീവിതചര്യയുടെ ഒരു ഭാഗമാക്കി മാറ്റണം. ഇതിലൂടെ പല തരത്തിലുള്ള ജീവിത ശൈലീ രോഗങ്ങള്‍ മാറ്റിയെടുക്കാന്‍ കഴിയും. ഓസ്‌ട്രേലിയയിലുള്ളതുപോലെ ഇവിടുത്തെ ആശുപത്രികളിലും വ്യായാമം ചെയ്യാനുള്ള സൗകര്യം ഒരുക്കേണ്ടതാണെന്നും ഫിലിപ്പ് ബി. വാര്‍ഡ് പറഞ്ഞു. ചടങ്ങില്‍ യുവ ഓസ്‌ട്രേലിയന്‍ മനഃശാസ്ത്രജ്ഞനായ റോസെന്‍ബാം പ്രസംഗിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, മുന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ബലരാമന്‍ നായര്‍, പ്രമുഖ മനഃശാസ്ത്രജ്ഞനായ ഡോ. കെ.എ. കുമാര്‍, മുന്‍ മെഡിസിന്‍ പ്രഫസറും നെഫ്രോളജിസ്റ്റുമായ ഡോ. കൃഷ്ണകുമാര്‍, സൈക്യാട്രി വിഭാഗം പ്രഫസര്‍ ഡോ. ടി.വി. അനില്‍ കുമാര്‍, ഡോ. ഇന്ദു പി.എസ്, ഡോ. രഞ്ജു രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക