Image

വിയന്നയിലെ പുരാവസ്തു ഷോപ്പില്‍ നിന്നും ’ശാന്തരാത്രി തിരുരാത്രിയുടെ’ ആദ്യ കോപ്പി കണ്ടെടുത്തു

Published on 01 December, 2016
വിയന്നയിലെ പുരാവസ്തു ഷോപ്പില്‍ നിന്നും ’ശാന്തരാത്രി തിരുരാത്രിയുടെ’ ആദ്യ കോപ്പി കണ്ടെടുത്തു

  വിയന്ന: ‘ശാന്തരാത്രി തിരുരാത്രി’ എന്ന ക്രിസ്മസ് ഗാനം കേള്‍ക്കാത്തവര്‍ വളരെ വിരളമാണ്. ലോകത്തിലെ ഏതാണ്ട് മുന്നൂറോളം ഭാഷകളില്‍ ഈ ഗാനം ആലപിച്ചുവരുന്നു. ഓസ്ട്രിയയില്‍ ജര്‍മന്‍ ഭാഷയില്‍ ആദ്യമായി ചിട്ടപ്പെടുത്തിയ ഈ ഗാനത്തിന്റെ ആദ്യകോപ്പി വിയന്നയിലെ ഒരു പുരാവസ്തു ഷോപ്പില്‍ നിന്നും കണ്ടെത്തി. സാല്‍ബുര്‍ഗിലുള്ള സൈലന്റ് നൈറ്റ് സൊസൈറ്റിയായ കാത്പ്രസ് വിവരം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.

അപ്പര്‍ ഓസ്ട്രിയയിലെ സ്റ്റയര്‍ എന്ന പട്ടണത്തില്‍ ജോസഫ് െ്രെഗസിന്റെ പേരില്‍ പ്രിന്റ് ചെയ്തിരിക്കുന്ന ‘നാലു മനോഹരമായ പുതിയ ക്രിസ്മസ് ഗാനങ്ങള്‍’ എന്ന ലഘുലേഖയാണ് അവിചാരിതമായി കണ്ടെടുത്തത്. സൈലന്റ് നൈറ്റ് ഹോളി നൈറ്റ് എന്ന വിശ്വപ്രസിദ്ധ ഗാനത്തിന്റെ ലോകത്തിലെ ആദ്യ കോപ്പിയാണ് ഇതെന്നാണ് നിഗമനം. 

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പ്രിന്റിങ് നടത്തിയിരുന്ന വ്യക്തിയായിരുന്നു 1835ല്‍ മരിച്ച ജോസഫ് ഗ്രെസ്. സ്റ്റയര്‍ പട്ടണത്തിലെ ആദ്യ ബുക്ക് ഷോപ്പും ഇദ്ദേഹത്തിന്റേതായിരുന്നു. 1818ല്‍ പ്രിന്റ് ചെയ്ത ചെറിയ പുസ്തകമാണ് ഇതെന്നു കരുതുന്നു. അതേസമയം ഈ ഗാനത്തില്‍ ആദ്യ കൈയെഴുത്ത് കോപ്പി വര്‍ഷങ്ങള്‍ക്ക് മുമ്പേ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. 

സാല്‍ബുര്‍ഗിന് സമീപമുള്ള ചെറുഗ്രാമമായ ഓബേണ്‍ഡോര്‍ഫില്‍ ജോസഫ് മോര്‍ എന്ന യുവ പുരോഹിതനാണു ഈ ഗാനം എഴുതിയത്. ഗ്രാമത്തിലെ സ്‌കൂളിലെ സംഗീത അധ്യാപകനായ ഫ്രാന്‍സ് ഗ്രൂബറാണ് ഗാനം ചിട്ടപ്പെടുത്തിയത്. തിരൊളിയന്‍ പാട്ടുകളുടെ ശേഖരത്തിന്റെ ഭാഗമായി ഈ ഗാനത്തിന്റെ ഇതുവരെ ആദ്യമെന്നു വിശേഷിപ്പിച്ചിരുന്ന എഡിഷന്‍ പബ്ലിഷ് ചെയ്തത് 1833ല്‍ ജര്‍മനിയിലെ ഡ്രെസ്‌ഡെനിലാണ്. 

വിയന്നയില്‍ കണ്ടെടുത്ത കോപ്പി ഫാ. മോര്‍ എഴുതിയ ഗാനത്തിന്റെ എല്ലാ ഭാഗങ്ങളും ഉള്‍പ്പെട്ടവയാണ്. ഈ ഗാനത്തിന്റെ ആദ്യ ഇംഗ്ലീഷ് തര്‍ജിമ 1859ലാണ് പുറത്ത് വന്നത്. ലോകത്തിലെ ജനപ്രിയ ഗായകരില്‍ ഭൂരിപക്ഷം പേരും ഒരു തവണയെങ്കിലും ഈ ഗാനം ആലപിച്ചട്ടുണ്ട്. 2011ല്‍ ഗാനം ഓസ്ട്രിയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായി യുനെസ്‌കോ പ്രഖ്യാപിച്ചു. 2018ല്‍ സൈലന്റ് നൈറ്റ് സൊസൈറ്റി ഗാനത്തിന്റെ ഇരുനൂറാമതു വാര്‍ഷികാഘോഷ പരിപാടികള്‍ രാജ്യത്ത് സംഘടിപ്പിക്കും. 

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക