Image

‘ഒരില മാത്രമുള്ള വൃക്ഷം’ പ്രകാശനം ചെയ്തു

Published on 01 December, 2016
‘ഒരില മാത്രമുള്ള വൃക്ഷം’ പ്രകാശനം ചെയ്തു

ദമാം: പ്രമുഖ പ്രവാസി എഴുത്തുകാരി സോഫിയ ഷാജഹാന്റെ രണ്ടാമത് കവിതാ സമാഹാരം ‘ഒരില മാത്രമുള്ള വൃക്ഷം’ കേരള മുന്‍ വിദ്യാഭ്യാസ മന്ത്രിയും പ്രമുഖ രാഷ്ര്ടീയ, സാംസ്‌കാരിക നേതാവുമായ എം.എ. ബേബി പ്രകാശനം ചെയ്തു. പുസ്തക വായനയിലൂടെ മലയാളി സാംസ്‌കാരിക ജീവിതം വീണ്ടെടുക്കണം. വായന മനുഷ്യനെ സംസ്‌കാര സമ്പന്നനാക്കും. കലയും സാഹിത്യവും വളര്‍ച്ചയുടെയും വികാസത്തിന്റെയും മികവിന്റെയും അളവുകോലായാണ് കണക്കാക്കപ്പെടുന്നത്. എണ്ണപ്പെട്ട പല ഗ്രന്ഥങ്ങളും പ്രമുഖരിലൂടെ മലയാളത്തിന് സമ്മാനിച്ചത് പ്രവാസം പകര്‍ന്ന അനുഭവപാഠമാണ്. അതിനാല്‍ പ്രവാസവും പ്രവാസി എഴുത്തുകാരെയും മലയാളത്തിന് അവഗണിക്കാനാവില്ലെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി. 

ദമാം ക്രിയേറ്റിവ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഐടി വിഭാഗം മേധാവിയായി പ്രവര്‍ത്തിച്ചുവരുന്ന സോഫിയയുടെ ആദ്യ പുസ്തകം ‘നീലവരയിലെ ചുവപ്പ്’ എന്ന കവിതാ സമാഹാരമാണ്. ഇരു പുസ്തകങ്ങളുടെയും പ്രസാധനം നിര്‍വഹിച്ചിരിക്കുന്നത് ഗ്രീന്‍പെപ്പര്‍ പബ്ലിക്കേഷനാണ്.

സൗദി മലയാളി സമാജം ദമാം ചാപ്റ്റര്‍ ബദര്‍ അല്‍ റബീ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പ്രമുഖ എഴുത്തുകാരന്‍ മന്‍സൂര്‍ പള്ളൂര്‍ ഉദ്ഘാടനം ചെയ്തു. സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത കഥാകൃത്ത് ജോസഫ് അതിരുങ്കല്‍ പുസ്തകം ഏറ്റുവാങ്ങി. മാധ്യമ പ്രവര്‍ത്തകന്‍ സാജിദ് ആറാട്ടുപുഴ പുസ്തകം പരിചയപ്പെടുത്തി. ബദര്‍ അല്‍ റബീ മെഡിക്കല്‍ ഗ്രൂപ്പ് എംഡി അഹമ്മദ് പുളിക്കല്‍ ബേബിയെ ഉപഹാരം നല്‍കി ആദരിച്ചു. ഇറാം ഐടിഎല്‍ ഗ്രൂപ്പ് സിഎംഡി ഡോ. സിദ്ദീഖ് അഹമ്മദ്, ഡോ. ബിജു വര്‍ഗീസ്, ഡോ. ടെസി റോണി, ആല്‍ബിന്‍ ജോസഫ്, സോഫിയ ഷാജഹാന്‍, അബ്ദുള്‍ അലി കളത്തിങ്ങല്‍, അഷ്‌റഫ് ആളത്ത്, ഇഖ്ബാല്‍ വെളിയങ്കോട് എന്നിവര്‍ സംസാരിച്ചു. ഡോ. അജി വര്‍ഗീസ്, സാന്ദ്ര ഡിക്‌സണ്‍ എന്നിവര്‍ അവതാരകരായിരുന്നു. പ്രമുഖ നര്‍ത്തകി അതുല്യ മോഹന്റെ കേരള നടനവും കെ. മനോജ്, നിരഞ്ജന്‍ ബിന്‍സ്, സാന്ദ്ര ഡിക്‌സണ്‍ എന്നിവരുടെ ഗാനങ്ങളും ചടങ്ങിന്റെ ഭാഗമായിരുന്നു. 

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക