Image

മാഞ്ചസ്റ്ററില്‍ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും മാര്‍ സ്രാമ്പിക്കലിന്റെ ഇടവക സന്ദര്‍ശനവും

Published on 03 December, 2016
മാഞ്ചസ്റ്ററില്‍ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും മാര്‍ സ്രാമ്പിക്കലിന്റെ ഇടവക സന്ദര്‍ശനവും

  മാഞ്ചസ്റ്റര്‍: സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ സീറോ മലബാര്‍ കത്തോലിക്കാ ഇടവകയുടെ ഇടവക ദിനവും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. 

ശനിയാഴ്ച മാര്‍ സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ സന്ദര്‍ശന പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് സീറോ മലബാര്‍ പാരീഷ് സെന്ററില്‍ നടന്ന സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടികള്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. കുടുംബംങ്ങള്‍ മാതാവിനോട് ചേര്‍ന്ന് നിന്ന് യേശുവിനെ തങ്ങളുടെ കുടുംബത്തിലേക്കും ജീവിതത്തിലേക്കും സ്വീകരിക്കുവാന്‍ പാപരഹിതമായ മനസുകളോടെ ഒരുങ്ങുവാനും തയാറെടുക്കുവാനും ഉദ്ഘാടന സന്ദേശത്തില്‍ മാര്‍ സ്രാമ്പിക്കല്‍ ഉദ്‌ബോധിപ്പിച്ചു. ചടങ്ങില്‍ ലോംഗ് സൈറ്റ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ഉപഹാരം ട്രസ്റ്റി ജോര്‍ജ് മാത്യു മാര്‍ സ്രാമ്പിക്കലിന് സമ്മാനിച്ചു. ഫാ. ഇയാന്‍ ഫാരന്‍, ഫാ.തോമസ് തൈക്കൂട്ടത്തില്‍, ഫാ. ഫാന്‍സ്വ പത്തില്‍, പോള്‍സണ്‍ തോട്ടപ്പള്ളി, ജയ്‌സന്‍ മേച്ചേരി, ജെസി ജോസഫ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പ്രീതി ജോണി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. സ്‌നേഹവിരുന്നോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.

ഇടവക സന്ദര്‍ശനത്തിന്റെ ഭാഗമായി മാര്‍ സ്രാമ്പിക്കല്‍ മതബോധന അധ്യാപകരുമായുള്ള യോഗത്തോടെയാണ് ഞായറാഴ്ചത്തെ പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് പാരീഷ് കമ്മിറ്റി അംഗങ്ങളുമായും മാതൃദീപ്തി അംഗങ്ങള്‍, യുവജന സംഘടനയായ ടങഥഘ അംഗങ്ങള്‍ എന്നിവരുമായി പ്രത്യേകം യോഗങ്ങള്‍ ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തി. ഇടവകയിലെ രോഗികളായവരെ സന്ദര്‍ശിച്ച് അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവാനും അദ്ദേഹം സമയം കണ്ടെത്തി. തുടര്‍ന്ന് ഇടവക വാര്‍ഡുകളില്‍ നടന്ന കുടുംബയോഗങ്ങളിലും അദ്ദേഹം സംബന്ധിച്ചു. വൈകുന്നേരം 4.30 ന് ഇടവകയ്ക്കു വേണ്ടി പ്രത്യേക ദിവ്യബലി അര്‍പ്പിച്ച മാര്‍ സ്രാമ്പിക്കല്‍, മാതൃവേദിയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു.

റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക