Image

മിശ്രവിവാഹിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന; യുഎസില്‍ ഇന്ത്യാവിരുദ്ധ നീക്കത്തിന് ചൂടുപിടിയ്ക്കുന്നു

Published on 17 February, 2012
 മിശ്രവിവാഹിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന; യുഎസില്‍ ഇന്ത്യാവിരുദ്ധ നീക്കത്തിന് ചൂടുപിടിയ്ക്കുന്നു
ന്യൂയോര്‍ക്ക്: യുഎസില്‍ മിശ്രവിവാഹിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയതായി പഠനം. പ്യൂ റിസര്‍ച്ച്‌ സെന്റര്‍ നടത്തിയ പഠനം അനുസരിച്ച് യുഎസിലെ മിശ്രവിവാഹിതരുടെ എണ്ണം 48 ലക്ഷമായി ഉയര്‍ന്നു. അതായത് 12ല്‍ ഒരാള്‍ മിശ്രവിവാഹിതരാണെന്നര്‍ഥം. ഏഷ്യയില്‍ നിന്നും ഹിസ്പാനിക് വിഭാഗത്തില്‍ നിന്നുമുള്ള കുടിയേറ്റമാണ് നിരക്ക് ഉയരാന്‍ കാരണമെന്നും പഠനം പറയുന്നു.

മുന്‍കാലങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി കറുത്തവര്‍ഗക്കാര്‍ വെളുത്ത വര്‍ഗക്കാരെ വിവാഹം കഴിക്കാന്‍ വിസമ്മതിക്കുന്നില്ലെന്നും പഠനത്തില്‍ വ്യക്തമായി. മിശ്രവിവാഹിതരുടെ എണ്ണം കൂടുന്നത് കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ അമേരിക്കയിലെ വംശീയ ബന്ധങ്ങളില്‍ കാര്യമായ വ്യത്യാസം ഉണ്ടാക്കിയിട്ടുണ്‌ടെന്ന് കോര്‍ണെല്‍ യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി പ്രഫസറായ ഡാനിയേല്‍ ലിച്ച്റ്റര്‍ പറഞ്ഞു. മിശ്രവിവാഹത്തിലൂടെ ജനിക്കുന്ന കുട്ടികള്‍ അമേരിക്കയുടെ വര്‍ണബോധത്തെത്തന്നെ പുനര്‍നിര്‍വചിക്കുന്നുണ്‌ടെന്നും ലിച്ച്റ്റര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ മിശ്രവിവാഹിതരുടെ മക്കള്‍ വിവിധ വംശങ്ങളില്‍പ്പെട്ടവരുടെ ഇടയില്‍ ഒരു ഇടനിലക്കാരായി പ്രവര്‍ത്തുക്കുന്നുണ്‌ടെന്നും ലിച്‌റ്റെര്‍ പറഞ്ഞു.

യുഎസില്‍ നിലവില്‍ നടക്കുന്ന ആകെ വിവാഹങ്ങളില്‍ 8.4 ശതമാനവും മിശ്രവിവാഹമാണ്. 1980കളില്‍ ഇത് 3.2 ശതമാനം മാത്രമായിരുന്നു. മുന്‍ കാലങ്ങളില്‍ എഷ്യക്കാരും ഹിസ്പാനിക്കുകളുമാണ് മിശ്രവിവാഹത്തിന് കൂടുതല്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളതെങ്കില്‍ പോയ ദശകത്തില്‍ അത് കറുത്തവര്‍ഗക്കാരായിരുന്നുവെന്നും പഠനം പറയുന്നു. 1967ലാണ് യുഎസ് സുപ്രീംകോടതി മിശ്രവിവാഹം നിയമവിധേയമാക്കിയത്. 2000ല്‍ അലബാമ സംസ്ഥാനമാണ് ഏറ്റവും ഒടുവിലായി മിശ്രവിവിവാഹത്തിനുള്ള വിലക്ക് നീക്കിയത്.

മേരിലാന്‍ഡില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന ബില്‍ മാറ്റിവച്ചു

അന്നാപോളിസ്: മേരിലാന്‍ഡില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന ബില്ല് അവതരിപ്പിക്കുന്നത് സര്‍ക്കാര്‍ മാറ്റിവച്ചു. ബില്ലിന് വേണ്ടത്ര പിന്തുണയില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഡമേക്രാറ്റ് സര്‍ക്കാര്‍ ബില്ല് അവതരണം നീട്ടിയത്. ഗവര്‍ണര്‍ മാര്‍ട്ടിന്‍ ഒ മാലെയാണ് ബില്ല് അവതരിപ്പാക്കാനുള്ള തീരുമാനം നീട്ടിയകാര്യം സഭയില്‍ പ്രഖ്യാപിച്ചത്. കറുത്ത വര്‍ഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് അവരുടെ പിന്തുണ ഉറപ്പാക്കാതെ ബില്ല് പാസാക്കാനാകുമോ എന്ന് നേരത്തെ തന്നെ സംശയങ്ങളുണ്ടായിരുന്നു. കറുത്ത വര്‍ഗക്കാരാകട്ടെ ബില്ലിനെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. സംസ്ഥാനത്തെ ആകെ ജനസംഖ്യയില്‍ മൂന്നില്‍ ഒരു ഭാഗം ആഫ്രോ അമേരിക്കക്കാരാണ്.

ബില്ലിന് പിന്തുണ ഉറപ്പാക്കാനായി സര്‍ക്കാര്‍ ആഫ്രോ അമേരിക്കക്കാരിലെ പ്രശസ്ത വ്യക്തികളെ ഉള്‍പ്പെടുത്തി വീഡിയോ പ്രചാരണം നടത്തിയിരുന്നു. ഇനി എന്ന് ബില്ല് അവതരിപ്പിക്കുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കറുത്ത വര്‍ഗക്കാരുടെ പിന്തുണ നിര്‍ണായകമായതിനാല്‍ ഇക്കാര്യത്തില്‍ അവരെ പിണക്കിക്കൊണ്ട് ഒരു തീരുമാനമെടുക്കാന്‍ ഡെമോക്രാറ്റ് സര്‍ക്കാരിന് കഴിയില്ല എന്നാണ് കരുതുന്നത്. അതിനിടെ ന്യൂജേഴ്‌സിയില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിക്കൊണ്ടുള്ള ബില്ലിന് സഭ അംഗീകാരം നല്‍കി.

യുഎസില്‍ ഇന്ത്യാവിരുദ്ധ നീക്കത്തിന് വീണ്ടും ചൂടുപിടിയ്ക്കുന്നു

വാഷിംഗ്ടണ്‍: യുഎസില്‍ ഇന്ത്യാവിരുദ്ധ നീക്കത്തിന് വീണ്ടും ചൂടുപിടിക്കുന്നതായി റിപ്പോര്‍ട്ട്. ആണവപ്രശ്‌നത്തില്‍ യുഎസിനെയും ഇസ്രയേലിനെയും വെല്ലുവിളിച്ച ഇറാനെ സഹായിക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നതെന്നാണ് ഇന്ത്യാവിരുദ്ധ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ ആരോപിക്കുന്നത്. ഇന്ത്യാ-യുഎസ് ആണവകരാറോടെ പിന്നണിയിലേക്ക് പോയ ഇന്ത്യാ വിരുദ്ധരാണ് ഇപ്പോള്‍ സംഘടിതമായ പ്രചാരണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. പുതിയ സാഹചര്യത്തില്‍ ഇന്ത്യയെ വില്ലനായി ചിത്രീകരിക്കാന്‍ ലഭിച്ച അവസരം ഇത്തരക്കാര്‍ പരമാവധി മുതലാക്കുകയാണ്.

ഇന്ത്യയുടെ ഇറാനിയന്‍ ബന്ധത്തെ വിമര്‍ശിച്ച് യുഎസിലെ ഇന്ത്യന്‍ സ്ഥാനപതി നിരുപമാറാവുവിന് ഈ ആഴ്ച ലഭിച്ച രണ്ടു കത്തുകളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനപ്രതിനിധിസഭയിലെ ഒരു പ്രമുഖ ഇന്ത്യാ വിരുദ്ധനാണ് ഒരു കത്ത് അയച്ചതെങ്കില്‍ വാഷിംഗ്ടണിലെ ഇസ്രയേലി ലോബിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കു ജൂതസമൂഹമാണ് രണ്ടാമത്തെ കത്തയച്ചത്. വരുംദിവസങ്ങളില്‍ ഇന്ത്യാ വിരുദ്ധ പ്രചാരണം ശക്തിപ്രാപിക്കുമെന്ന് തന്നെയാണ് ഇത് നല്‍കുന്ന സൂചന.

ഒബാമയുടെ ഹെലിക്കോപ്റ്ററിനു സമീപമെത്തിയ ചെറുവിമാനം പിടികൂടി

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ബറാക് ഒബാമ കയറിയ ഹെലിക്കോപ്റ്ററിന്റെ വ്യോമപരിധിയില്‍ അതിക്രമിച്ചുകടന്ന ചെറുവിമാനം അമേരിക്കന്‍ വ്യോമസേന പിടികൂടി. ലോസ്ആഞ്ചല്‍സിലാണ് സംഭവം. ഒബാമ സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്ററിന്റെ വ്യോമമേഖല ലംഘിച്ച ചെറുവിമാനം രണ്ടു എഫ്-16 യുദ്ധവിമാനങ്ങളെത്തിയാണ് അടിയന്തരമായി താഴെയിറക്കിയത്.

ലോംഗ് ബീച്ച് വിമാനത്താവളത്തില്‍ ഇറക്കിയ വിമാനം പരിശോധിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ ശരിക്കുംഞെട്ടി. ഒബാമയ്‌ക്കെതിരെ ഭീഷണിയുയര്‍ത്തുകയായിരുന്നില്ല വിമാനത്തിലുണ്ടായിരുന്നവരുടെ ലക്ഷ്യം. വിമാനത്തില്‍ ലഹരിമരുന്നു കടത്തുന്നതിനിടെ അബദ്ധത്തില്‍ പ്രസിഡന്റിന്റെ വ്യോമപരിധിയില്‍ തലവച്ചുകൊടുക്കുകയായിരുന്നു ഇവര്‍. വിമാനത്തില്‍ നിന്നു 18 കിലോ മരിജുവാന കണ്‌ടെടുത്തതായി അധികൃതര്‍ അറിയിച്ചു. ലോസ്ആഞ്ചല്‍സില്‍ നിന്നു കൊറോണ ഡെല്‍ മാര്‍ നഗരത്തിലേയ്ക്കു പോകുകയായിരുന്നു ഒബാമ. അതേസമയം, ഒബാമയുടെ ഹെലിക്കോപ്റ്ററിനു എത്ര ദൂരെ അകലെവച്ചാണ് ചെറുവിമാനം ശ്രദ്ധയില്‍പ്പെട്ടതെന്ന ചോദ്യത്തോടു പ്രതികരിക്കാന്‍ യുഎസ് വ്യോമയാന അധികൃതര്‍ വിസമ്മതിച്ചു.

വിമാനത്തില്‍ ബോംബ്; നൈജീരിയന്‍ വംശജനു ജീവപര്യന്തം

വാഷിംഗ്ടണ്‍: 2009ലെ ക്രിസ്മസ് ദിനത്തില്‍ യുഎസ് യാത്രാവിമാനം തകര്‍ക്കാന്‍ ശ്രമിച്ച നൈജീരിയന്‍ യുവാവ് ഒമര്‍ ഫറൂഖ് അബ്ദുള്‍മുത്തലബിനു ജീവപര്യന്തം തടവുശിക്ഷ. അല്‍ ക്വയ്ദയ്ക്കു വേണ്ടി ചാവേര്‍ സ്‌ഫോടനം നടത്താനായിരുന്നു ശ്രമമെന്ന് വിചാരണവേളയില്‍ മുത്തലബ് കുറ്റസമ്മതം നടത്തിയിരുന്നു. ശിക്ഷാകാലയളവില്‍ മുത്തലബിനു പരോള്‍ അനുവദിക്കരുതെന്നും വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വധശ്രമം, തീവ്രവാദം തുടങ്ങി എട്ടു കുറ്റങ്ങളിലാണ് മുത്തലബിനെ പരമാവധിശിക്ഷയ്ക്കു വിധിച്ചത്. ഇതിനിടെ, വിധി പുനപരിശോധിക്കണമെന്ന് മുത്തലബിന്റെ കുടുംബം യുഎസ് സര്‍ക്കാരിനോടു ആവശ്യപ്പെട്ടു.

ആംസ്റ്റര്‍ഡാമില്‍ നിന്നു ഡിട്രോയിറ്റിലക്ക് 278 യാത്രക്കാരുമായി വന്ന യുഎസ് വിമാനം സ്‌ഫോടനത്തില്‍ തകര്‍ക്കാനുള്ള ശ്രമത്തിനിടെയാണ് അല്‍ക്വയ്ദ ബന്ധമുള്ള മുത്തലബ് പിടിയിലായത്. ഡിട്രോയിറ്റില്‍ വിമാനം ഇറങ്ങുന്നതിന് 20 മിനിറ്റ് മുമ്പ് സ്‌ഫോടനം നടത്താന്‍ ലക്ഷ്യമിട്ട് സ്‌ഫോടക വസ്തുക്കളുമായി വിമാനത്തിലുണ്ടായിരുന്ന മുത്തലബിനെ വിമാന ജോലിക്കാരും യാത്രക്കാരില്‍ ചിലരും ചേര്‍ന്ന് കീഴ്‌പ്പെടുത്തി പോലീസിനു കൈമാറുകയായിരുന്നു. അപ്രതീക്ഷിതമായി വിമാനത്തിനുള്ളില്‍ തീക്കനല്‍ പ്രകാശവും രൂക്ഷഗന്ധമുള്ള പുകയും ശ്രദ്ധയില്‍പ്പെട്ട ഒരു യാത്രക്കാരന്‍ മുത്തലബിന്റെ മേല്‍ ചാടിവീണു. തുടര്‍ന്ന് മറ്റു യാത്രക്കാരും വിമാനജോലിക്കാരും ഓടിയെത്തി മുത്തലബിനെ കീഴ്‌പ്പെടുത്തി. അഗ്നിശമന ഉപകരണവും വെള്ളവും ഉപയോഗിച്ച് പെട്ടെന്നുതന്നെ തീയണച്ചതിനാല്‍ വന്‍ദുരന്തം ഒഴിവാകുകയായിരുന്നു വിമാനത്തിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ മുത്തലബിന്റെ വസ്ത്രങ്ങള്‍ക്ക് തീപിടിച്ച് കാലിന് സാരമായ പൊള്ളലേറ്റിരു­ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക