Image

ലൈറ്റ് ഇന്‍ ലൈഫ്’ ഒരുക്കിയ ചാരിറ്റി ഗാല അവിസ്മരണീയമായി

Published on 05 December, 2016
ലൈറ്റ് ഇന്‍ ലൈഫ്’ ഒരുക്കിയ ചാരിറ്റി ഗാല അവിസ്മരണീയമായി

 സൂറിച്ച്: സ്വിറ്റസര്‍ലന്‍ഡിലെ ചാരിറ്റി സംഘടനയായ ലൈറ്റ് ഇന്‍ ലൈഫ് ചാരിറ്റിയുടെ ധനശേഖരണാര്‍ഥം സംഘടിപ്പിച്ച മെഗാ ചാരിറ്റി ഗാലയില്‍ ബാലഭാസ്‌കറിന്റെ ടീം വയലിന്‍ തന്ത്രികള്‍ കൊണ്ട് സംഗീതമായാജാലം തീര്‍ത്തു. 

ഡിസംബര്‍ മൂന്നിന് സൂറിച്ച് വിന്റര്‍ത്തൂറിലെ വീസന്‍ദാന്‍ഗണ്‍ ഓഡിറ്റോറിയത്തിലായിരുന്ന മ്യൂസിക് ഷോ അരങ്ങേറിയത്. ‘എ മാജിക്കല്‍ മിക്‌സ് ഓഫ് ഫ്യൂഷന്‍ ആന്‍ഡ് ഫാഷന്‍’ ഹാള്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് അവിസ്മരണീയമായി. പരിപാടിക്കു മാറ്റുകൂട്ടുവാന്‍ ഡെല്‍സി നൈനാന്റെ സ്വരമാധുരിയും ഒപ്പം സൂറിച്ചിലെ നാച്ചലെ ഡാന്‍സ് ഗ്രൂപ്പിന്റെ നൃത്തനിര്‍ത്യങ്ങളും അരങ്ങേറി. 

ലൈറ്റ് ഇന്‍ ലൈഫ് സെക്രട്ടറി ഏബ്രാഹം മാത്യു സംഘടനയുടെ മൂന്നുവര്‍ഷത്തെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പവര്‍ പോയിന്റ് പ്രസന്റേഷന്‍ നടത്തി. പ്രസിഡന്റ് ഷാജി അടത്തല, തൗഫന്‍ ഗമൈന്‍ദേ പള്ളി കമ്മിറ്റി പ്രസിഡന്റ് അല്‍ഫോന്‍സ് അങേന്‍, പാരിഷ് പ്രസിഡന്റ് ക്രിസ്‌റ്റോഫ് വൂര്‍മിലി, മാത്യു തെക്കോട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. അല്‍ഷാ അടത്തലയും ജോര്‍ജ് നടുവത്തേട്ടും പരിപാടിയുടെ അവതാരകരായിരുന്നു. സ്വിസിലെ അറിയപ്പെടുന്ന ഇന്ത്യന്‍ റസ്റ്ററന്റ് ആയ കേരള റസ്റ്ററന്റ് ഒരുക്കിയ വിഭവസമൃദ്ധമായ ഇന്ത്യന്‍ ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.

സ്വിറ്റസര്‍ലന്‍ഡിലെ പതിനൊന്നു മലയാളി കുടുംബങ്ങള്‍ ചേര്‍ന്ന് മൂന്നു വര്‍ഷം മുന്‍പ് രൂപം കൊടുത്ത ലൈറ്റ് ഇന്‍ ലൈഫ് എന്ന സംഘടന ഇന്ത്യയില്‍ വിവിധ പ്രോജക്ടുകളിലായി ചുരുങ്ങിയ കാലയളവില്‍ ഒന്നര കോടിയിലധികം രൂപയാണ് സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കായി വിനിയോഗിച്ചത്. ഇപ്പോള്‍ മേഘാലയത്തില്‍ ഏറ്റെടുത്തിരിക്കുന്ന പ്രോജക്ടിന്റെയും ഇടുക്കിയിലെ ഭവന നിര്‍മാണ പദ്ധതിയുടെ നാലാം ഘട്ടത്തിന്റെ പത്തു വീടുകള്‍ പണിയുന്നതിനുള്ള ധനശേഖരണാര്‍ഥമാണ് ചാരിറ്റി ഷോ സംഘടിപ്പിച്ചത്.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക