Image

പ്രസ്റ്റണില്‍ കമ്മീഷന്‍ ചെയര്‍മാന്മാരുടെ ആദ്യസമ്മേളനം ചേര്‍ന്നു

Published on 05 December, 2016
പ്രസ്റ്റണില്‍ കമ്മീഷന്‍ ചെയര്‍മാന്മാരുടെ ആദ്യസമ്മേളനം ചേര്‍ന്നു

 പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ അജപാല പ്രവര്‍ത്തനങ്ങളില്‍ രൂപതാധ്യക്ഷനെ സഹായിക്കുന്നതിനായി രൂപീകരിച്ച വിവിധ കമ്മീഷനുകളുടെ ചെയര്‍മാന്മാരുടെ ആദ്യ സമ്മേളനം പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ദേവാലയ പാരിഷ് ഹാളില്‍ ചേര്‍ന്നു. പതിനഞ്ചോളം വിവിധ കമ്മീഷനുകളുടെ തലവന്മാരായി നിയമിതരായവരാണ് മാര്‍ സ്രാമ്പിക്കലുമായി കൂടിക്കാഴ്ച നടത്തിയത്. 

അജപാലനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വിശ്വാസികളുടെ സൗകര്യത്തെ പരിഗണിച്ചും രൂപത വിവിധ റീജണുകളായി തിരിക്കുന്നതുമായി ബന്ധപ്പെട്ട ചിന്തകള്‍ മാര്‍ സ്രാമ്പിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്മാരുമായി പങ്കുവച്ചു. വിവിധ രൂപതകളുടെ ഭൂമിശാസ്ത്രപരമായ സൗകര്യം പരിഗണിച്ചാണ് ഓരോ റീജണുകളിലും രൂപതകളുടെ എണ്ണം നിശ്ചയിക്കപ്പെടുന്നത്.

രൂപത അടിസ്ഥാനത്തില്‍ അടുത്തവര്‍ഷം മുതല്‍ ബൈബിള്‍ കലോത്സവം നടത്താനും മതബോധന രംഗത്ത് ഇന്നു നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും യോഗം തീരുമാനിച്ചു. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിവിധ സംഘടനകളുടെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് അതാതു സംഘടനകളുടെ ചെയര്‍മാന്മാര്‍ തങ്ങളുടെ ആശയങ്ങള്‍ പങ്കുവയ്ക്കുകയും രൂപതാധ്യക്ഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. രൂപതയുടെ ആദ്യ പൊതുസംരഭമായ ദൈവശാസ്ത്ര ക്ലാസുകളെക്കുറിച്ചും ചര്‍ച്ച ചെയ്തു. വളരെ ആവേശകരമായ പ്രതികരമാണ് വിവിധ ഭാഗങ്ങളില്‍നിന്നും ഉണ്ടായതെന്ന് ചുമതല വഹിക്കുന്ന ഫാ. ജോയി വലയില്‍ പറഞ്ഞു. തലശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആല്‍ഫ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയോളജി ആന്ഡ് സയന്‍സ് എന്ന സ്ഥാപനമാണ് യുകെയില്‍ ഈ പഠനാവസരം ഒരുക്കുന്നത്. രണ്ടു യൂണിവേഴ്‌സിറ്റികളുടെ അംഗീകാരമുള്ള ഡിപ്ലോമ, ബിരുദ, ബിരുദാനന്തര കോഴ്‌സുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ദൈവശാസ്ത്ര പണ്ഡിതനായ റവ. ഡോ. ജോസഫ് പാംബ്ലാനിയുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍.

സമ്മേളനത്തില്‍ വികാരി ജനറാളന്മാരായ റവ. ഡോ. തോമസ് പാറയടിയില്‍, റവ. ഫാ. സജി മലയില്‍ പുത്തന്‍പുരയ്ക്കല്‍, റവ. ഫാ. മാത്യു ചൂരപൊയ്കയില്‍, ഫാ. ഫാന്‍സ്വ പത്തില്‍ എന്നിവരും പങ്കെടുത്തു. 

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക