Image

ന്യൂസിലന്‍ഡിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ രാജി

Published on 06 December, 2016
ന്യൂസിലന്‍ഡിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ രാജി

 വെല്ലിംഗ്ടണ്‍: രാഷ്ര്ടീയക്കാരന്റെ കുപ്പായം തനിക്ക് ഇണങ്ങുന്നതല്ലെന്നു പറഞ്ഞ് എട്ടുവര്‍ഷമായി പ്രധാനമന്ത്രി പദം വഹിക്കുന്ന ജോണ്‍ കീ രാജി പ്രഖ്യാപിച്ചത് ന്യൂസിലന്‍ഡിനെ ഞെട്ടിച്ചു. താന്‍ എടുത്ത ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമാണിതെന്നും ഭാവിയില്‍ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഭാര്യ ബ്രോണാ അന്ത്യശാസനം നല്‍കിയതിനെത്തുടര്‍ന്നാണു രാജിയെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതിനാലാണു രാജിയെന്ന് 55കാരനായ കീ വ്യക്തമാക്കി. തന്റെ രാഷ്ര്ടീയ ജീവിതത്തിന്റെ പേരില്‍ ഭാര്യയ്ക്കും മക്കള്‍ക്കും ഏറെ ത്യാഗങ്ങള്‍ അനുഷ്ഠിക്കേണ്ടിവന്നുവെന്ന് കീ പറഞ്ഞു.

1984ലാണ് ജോണ്‍ കീയും ബ്രോണായും വിവാഹിതരായത്. രണ്ടു മക്കളുണ്ട്–സ്‌റ്റെഫിയും മാക്‌സിയും.നാഷണല്‍ പാര്‍ട്ടി ഈ മാസം 12നു ചേര്‍ന്നു പുതിയ പാര്‍ട്ടിനേതാവിനെയും പ്രധാനമന്ത്രിയെയും തെരഞ്ഞെടുക്കും.

ഡെപ്യൂട്ടി നേതാവും ധനകാര്യമന്ത്രിയുമായ ബില്‍ ഇംഗ്‌ളീഷ് പ്രധാനമന്ത്രിയാവുമെന്നാണു കരുതുന്നത്. ഇംഗ്‌ളീഷ് മത്സരിച്ചാല്‍ പിന്തുണയ്ക്കുമെന്നു പ്രധാനമന്ത്രി കീ വ്യക്തമാക്കി.

നാഷണല്‍ പാര്‍ട്ടിയെ മൂന്നു തവണ വിജയത്തിലേക്കു നയിച്ച കീ രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ്.2002ലാണ് അദ്ദേഹം പാര്‍ലമെന്റിലെത്തിയത്.2008ല്‍ ലേബര്‍ പാര്‍ട്ടിയെയും അവരുടെ പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്കിനെയും തെരഞ്ഞെടുപ്പിലൂടെ പുറത്താക്കി നാഷണല്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചു.

എംപി സ്ഥാനം തത്കാലം തുടരുമെങ്കിലും 2017ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നു കീ പറഞ്ഞു. എപ്പോഴാണ് അവസാനിപ്പിക്കേണ്ടതെന്നു നല്ല നേതാക്കള്‍ക്ക് അറിയാം. ഇതാണ് ആ സമയം– ജോണ്‍ കീ വ്യക്തമാക്കി.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക