Image

ദുബായില്‍ ‘സീറോ മലബാര്‍ ഡേ 2016’ ന് ഉജ്ജ്വല സമാപനം

Published on 06 December, 2016
ദുബായില്‍ ‘സീറോ മലബാര്‍ ഡേ 2016’ ന് ഉജ്ജ്വല സമാപനം

  ദുബായ്: സീറോ മലബാര്‍ വിശ്വാസികളുടെ ‘സീറോ മലബാര്‍ ഡേ 2016’ ഈ വര്‍ഷവും വിപുലമായ പരിപാടികളോടെ ദുബായില്‍ ആഘോഷിച്ചു ഡിസംബര്‍ രണ്ടിന് ദുബായ് സെന്റ് മേരീസ് കത്തോലിക്ക ദേവാലയത്തില്‍ വൈകുന്നേരം 5.30ന് ഇരിഞ്ഞാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയോടുകൂടി ആഘോഷങ്ങള്‍ക്ക് തുടക്കമായി. 

തുടര്‍ന്നു നടന്ന പൊതുസമ്മേളനം മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യ അഥിതിയായി പങ്കെടുത്ത് ഉദ്ഘാടനം ചെയ്തു. ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പടെ വിദേശത്തുള്ള സീറോ മലബാര്‍ വിശ്വാസികള്‍ തിരുസഭയുടെ ഭാഗം തന്നെ ആണെന്നും അവര്‍ക്കു സഭയുടെ എല്ലാവിധ പിന്തുണയും എപ്പോഴും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുബായ് സീറോ മലബാര്‍ കമ്യൂണിറ്റി പ്രസിഡന്റ് ജോഷി സീറോ മലബാര്‍ ആരാധന ക്രമത്തില്‍ ഉള്ള വേദപാഠം, വിവാഹ ഒരുക്ക ക്ലാസുകള്‍, മാമ്മോദീസ എന്നിവ 2016ല്‍ തന്നെ ആരംഭിക്കാനായത് വലിയ നേട്ടവും സഭ നേതൃത്വത്തിന് നമ്മോടുള്ള സ്‌നേഹത്തിന്റെയും അംഗീകാരത്തിന്റെയും തെളിവാണെന്നും മിഡില്‍ ഈസ്റ്റിലെ പ്രതിനിധികളോടൊപ്പം വത്തിക്കാനിലെത്തി മാര്‍പാപ്പയ്ക്ക് തങ്ങളുടെ ആവശ്യങ്ങളടങ്ങിയ നിവേദനം സമര്‍പ്പിച്ച കാര്യവും അനുസ്മരിച്ചു. ജനറല്‍ സെക്രട്ടറി എം.എല്‍ തോമസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദേശം വായിച്ചു. വികാരി ഫാ. ലെനി കൊന്നുള്ളി, മലയാളി കമ്യൂണിറ്റിയുടെ ആത്മീയ ഗുരു ഫാ. അലക്‌സ് വാച്ചാപറമ്പില്‍, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ബെന്നി മാത്യു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കമ്യൂണിറ്റിയിലെ അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. ബെന്നി തോമസും ഷെറിയും കലാപരിപാടികളുടെ അവതാരകരായിരുന്നു. 

റിപ്പോര്‍ട്ട്: ബെന്നി തോമസ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക