Image

ഇദയക്കനിയില്ലാ തമിഴകത്തേക്ക് ഊര്‍ജിത രാഷ്ട്രീയ ചൂണ്ടയെറിയലുകള്‍ (എ.എസ് ശ്രീകുമാര്‍)

Published on 07 December, 2016
ഇദയക്കനിയില്ലാ തമിഴകത്തേക്ക് ഊര്‍ജിത രാഷ്ട്രീയ ചൂണ്ടയെറിയലുകള്‍ (എ.എസ് ശ്രീകുമാര്‍)
ബിഗ് ബ്രേക്കിങ് ന്യൂസ്: അപ്രതീക്ഷിതവും ഞെട്ടലുളവാക്കുന്നതുമായ ഒരു വെളിപ്പെടുത്തല്‍ ജയലളിതയുടെ സംസ്‌കാരപ്പിറ്റേന്ന് കേട്ടിരിക്കുന്നു. ജയലളിതയ്ക്ക് സ്ലോ പോയിസണ്‍ നല്‍കിയിരുന്നുവെന്നാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജീമോന്‍ ജേക്കബ്ബ് പറഞ്ഞിരിക്കുന്നത്. അണ്ണാ ഡി.എം.കെ വൃത്തങ്ങളില്‍ നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നും 2012ല്‍ ഇക്കാര്യം തെഹല്‍ക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു എന്നുമാണ് ജീമോന്റെ സ്‌തോഭജനകമായ വെളിപ്പെടുത്തല്‍. പഴങ്ങളില്‍ ലെഡ് കലര്‍ത്തിയാണ് പോയസ് ഗാര്‍ഡനിലെ വിശ്വസ്തരെന്ന് കരുതിയിരുന്ന പരിചാരകര്‍ ജയലളിതയ്ക്ക് നല്‍കിയിരുന്നത്. ഇക്കാര്യത്തില്‍ ജയലളിതയുടെ തോഴി ശശികലയുടെ കുടുംബമായ 'മണ്ണാര്‍കുടി മാഫിയ'യ്ക്കുള്ള പങ്ക് ചോദ്യം ചെയ്യപ്പെടുന്നു എന്നുള്ളതും സുപ്രധാനമായ കാര്യമാണ്. ഒരു ഘട്ടത്തില്‍ ശശികലയെ പോയസ് ഗാര്‍ഡനില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും ജയലളിത പുറത്താക്കിയത് ഇതുമായി ചേര്‍ത്തു വച്ച് നിരീക്ഷിക്കേണ്ടതാണ്.
*** 
''ലോകത്തൊരിടത്തും കാണാന്‍ കഴിയാത്ത, ചിന്തിക്കുവാന്‍ പോലും സാധിക്കാത്ത രംഗം. അവകാശവാദങ്ങളും വാചാടോപങ്ങളുമില്ലാതെ, നികത്താനാവാത്ത വിടവും നടുക്കവും രേഖപ്പെടുത്താതെ, ലോകത്തു മറ്റൊരിടത്തും ഉണ്ടാവില്ല എന്നുറപ്പിക്കാവുന്ന, ഹൃദയത്തില്‍ നിന്നുറവായ തീവ്ര ദുഃഖം. അമ്മയോ അഛനോ അല്ല, രാഷ്ട്രീയ മുന്‍ഗാമിയുടെ നിര്യാണത്തിന്റെ കഠിന ദുഃഖത്തില്‍ തളര്‍ന്ന തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ ശെല്‍വത്തെ ലോകാരാധ്യനായ പ്രധാനമന്ത്രി തന്റെ നെഞ്ചോടണച്ച് ആശ്വസിപ്പിക്കുന്നു. പ്രോട്ടോക്കോളുകള്‍ക്കൊക്കെയതീതം...മനുഷ്യ സ്റ്റേഹത്തിന്റെ പൂര്‍ണ്ണത. ഒരു മുഖ്യമന്ത്രിയും, പ്രധാനമന്ത്രിയും....മാനുഷികമായി വേദനിക്കുന്ന സഹജീവിക്കു സമാശ്വാസം. രണ്ടു പേരും ദാരിദ്ര്യത്തില്‍ നിന്നും വളര്‍ന്നു വന്ന ചായക്കച്ചവടക്കാര്‍ ആയിരുന്നു. ഇടതു-വലതു നേതാക്കന്‍മാരേപോലെ ഉന്നതകുലജാതരുമല്ല. ഒന്നുറപ്പ്, ഇനി അദ്ദേഹവും അദ്ദേഹം പ്രതിനിധീകരിക്കുന്ന സംസ്ഥാനവും ആ കരവലയത്തില്‍ സുരക്ഷിതം. ഭാരത് മാതാ കീ ജയ്...''

എന്റെ പ്രിയ കസിനും ആയൂര്‍വേദ ഭിഷഗ്വരനും എഴുത്തുകാരനും സഞ്ചാരിയുമായ ജയറാം ശിവറാം  മറീന ദുബായിലെ ലാന്‍ഡ്മാര്‍ക്ക് ടവറില്‍ നിന്നും ചെയ്ത ഫേസ്ബുക്ക് പോസ്റ്റാണിത്. തമിഴ് മക്കളുടെ അമ്മയും എം.ജി.ആറിന്റെ ഇദയക്കനിയും ഏഴൈ തോഴിയുമൊക്കെയായ ജയലളിതയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമാശ്വാസ പ്രകടനങ്ങളാണ് ഈ പോസ്റ്റിന് ആധാരം. മോദി പനീര്‍ശെല്‍വത്തെ കെട്ടിപ്പിടിച്ചും ജയലളിതയുടെ തോഴി ശശികലയുടെ മൂര്‍ധാവില്‍ കൈവച്ചും   രാജാജി ഹാളില്‍ ജയയുടെ മൃതദേഹത്തിനു സമീപം തന്നെ നിലയുറപ്പിച്ചിരുന്ന ശശികലയുടെ ഭര്‍ത്താവ് നടരാജന്റെ പുറത്തുതട്ടി സംവദിച്ചും ഏവരുടെയും സജീവ ശ്രദ്ധയാകര്‍ഷിച്ചു. ബി.ജെ.പിയുടെ കേന്ദ്ര മന്ത്രിമാരും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദും   മധുസൂദന്‍ മിസ്ത്രിയുമൊക്കെ ജയയ്ക്ക് ആദരാഞ്ജലികളര്‍പ്പിച്ചു...അന്തരിച്ച നേതാവിനോടുള്ള ശ്രദ്ധാഞ്ജലി...

അതോടൊപ്പം തമിഴ്‌നാടിനെയും ജയയുടെ പാര്‍ട്ടിയായ അണ്ണാ ഡി.എം.കെയെയും ലാക്കാക്കി രാഷ്ട്രീയ നേട്ടം കൊയ്യുവാനുള്ള, ദേശീയ പാര്‍ട്ടികളായ ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും തന്ത്രത്തിന്റെ വിത്തുപാകലും ജയയുടെ മരണശേഷമവിടെ നടന്നുവെന്നത് നിസ്തര്‍ക്കമാണ്. ജയലളിതയില്ലാത്ത തമിഴ്‌നാട് രാഷ്ട്രീയം എങ്ങോട്ടേക്കാണ് പോകുന്നതെന്ന വിഷയം സജീവമായ ചര്‍ച്ചയ്ക്ക് കാരണമായിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. പനീര്‍ശെല്‍വത്തെ പാവ മുഖ്യമന്ത്രിയാക്കി, ശശികലയെ  അധികാര ദുര്‍ഗമാക്കി അണ്ണാ ഡി.എം.കെയില്‍ പിടിമുറുക്കാന്‍ ബി.ജെ.പി വല്ലാതെ ആഗ്രഹിക്കുന്നുണ്ട്.

ജയലളിതയുടെ മൃതദേഹം പൊതു ദര്‍ശനത്തിനു വച്ച രാജാജി ഹാളില്‍ നിറഞ്ഞു നിന്ന ശശികലയുടെ ബോഡി ലാംഗ്വേജ് ശ്രദ്ധേയമായിരുന്നു. ഇത്രയും കാലം അമ്മയുടെ നിഴലായി നിന്ന ശശികലയെ അല്ല അന്ന് രാഷ്ട്രീയ ഭാരതം കണ്ടത്. മൃതദേഹത്തിനരികില്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വവും ലോക് സഭ  ഡെപ്യൂട്ടി സ്പീക്കറും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ തമ്പി ദുരൈയും കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവുമൊക്കെ ദിവസം മുഴുവന്‍ ഉണ്ടായിരുന്നിട്ടും ജയ ടി.വിയുടെ ക്യാമറക്കണ്ണുകള്‍ നിരന്തരം ഒപ്പിയെടുത്തത് ശശികലയുടെ ഭാവഹാവാദികളാണ്. പ്രധാന മന്ത്രിയുമായുള്ള സംഭാഷണ ദൃശ്യങ്ങളും കണ്ണീര്‍ വാര്‍ക്കുന്ന മുഖഭാവങ്ങളും ഇടയ്ക്കിടെ താന്‍ തന്നെ ജയയുടെ പിന്‍ഗാമി എന്ന ഗര്‍വില്‍ നല്‍കുന്ന കമാന്‍ഡുകളും ശശികല പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി അമരത്തെത്തുമെന്ന കൃത്യമായ സൂചനകളാണ് നല്‍കിയത്. മറീന ബീച്ചിലെ അന്ത്യ കര്‍മങ്ങളിലും അവര്‍ തന്നെ മുഖ്യ സ്ഥാനത്ത് നിലയുറപ്പിക്കുന്നതും കണ്ടു. 

ശശികലയെ ഉപകരണമാക്കി അഞ്ചു പതിറ്റാണ്ട് കാലത്തെ ചരിത്രമുള്ള ദ്രാവിഡ രാഷ്ട്രീയത്തിന്റെ  ജനകീയാടിത്തറയില്‍ കണ്ണു വച്ചിരിക്കുകയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം. ജയലളിതയുടെ മരണം അപ്പോളോ ആശുപത്രി സ്ഥിരീകരിച്ച അതേ മാത്രയില്‍ എ.ഐ.എ.ഡി.എം.കെയുടെ തമിഴ്‌നാട് നേതാക്കളുമായി ബി.ജെ.പി ബന്ധപ്പെട്ടു എന്നാണ് കേള്‍ക്കുന്നത്. ശശികല മുഖാന്തിരമായിരുന്നു ആശയവിനിമയമത്രയും. ബി.ജെ.പി നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് ജയലളിത മരിച്ച അതേ രാത്രിയില്‍ തന്നെ പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത് എന്നും പറയപ്പെടുന്നു. ശശികലയുടെ അപ്രമാദിത്വത്തില്‍ പനീര്‍ശെല്‍വത്തിനും തമ്പി ദുരൈയ്ക്കും മറ്റു മിക്ക നേതാക്കള്‍ക്കും എതിര്‍പ്പുണ്ടെങ്കിലും ആരും ഇതുവരെ പരസ്യമായി അവര്‍ക്കെതിരെ ഉരിയാടിയിട്ടില്ലെന്നുള്ളതാണ് വസ്തുത.

ജയലളിതയില്ലാത്ത തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ഭാവി സഞ്ചാരത്തിലേക്കാണ് ഇന്ത്യ ഉറ്റു നോക്കുന്നത്. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. പോണ്ടിച്ചേരിയിലെ ഒരെണ്ണമുള്‍പ്പെടെ നാല്പത് ലോക്‌സഭാംഗങ്ങളെ ഡല്‍ഹിയിലെത്തിക്കുന്ന തമിഴ്‌നാടിനുമേല്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരുപോലെ താത്പര്യവും പ്രതീക്ഷയും ഉണ്ട്. എ.ഐ.എ.ഡി.എം.കെയുടെ നിലപാട് എന്തായിരിക്കും എന്നതില്‍ ഇരു പാര്‍ട്ടികള്‍ക്കും ഉത്ക്കണ്ഠയും ഉണ്ട്. ജയയുടെ നിഴലായി നിന്ന് ഇപ്പോള്‍ നായികാ പദവിയിലേക്ക് എത്താന്‍ തന്ത്രങ്ങള്‍ മെനയുന്ന ശശികലയെ കൂടെ കൂട്ടാന്‍ ഇരുകക്ഷികളും ശ്രമിക്കും എന്നതില്‍ തര്‍ക്കമില്ല. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു മുഴം നീട്ടിയെറിയലാണിത്. 

1967ല്‍ മുഖ്യമന്ത്രിയായി അണ്ണാദുരൈ അധികാരത്തിലെത്തിയ ശേഷം തമിഴ് നാട്ടില്‍ ഒരു ദേശീയ പാര്‍ട്ടിക്കും ഭരണത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടില്ല. ഇന്നും രാജ്യസഭയിലും ലോക്‌സഭയിലും എ.ഐ.എ.ഡി.എം.കെയ്ക്ക് നല്ല അംഗബലമുണ്ട്. അതിനാല്‍ തന്നെ ജയലളിതയുടെ വിയോഗം സൃഷ്ടിച്ച ശൂന്യത ഏതു വിധേനയും മുതലെടുക്കുക എന്നതായിരിക്കും കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ഉദ്ദേശം. 1987ല്‍ എം.ജി.ആര്‍ മണ്‍മറഞ്ഞപ്പോള്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി തമിഴ് നാട്ടില്‍ വലിയ പ്രചാരണം നടത്തിയിരുന്നു. അണ്ണാ ഡി.എം.കെയോടും ഡി.എം.കെയോടും സഖ്യം ചേരാതെ കോണ്‍ഗ്രസിന്റെ അടിത്തറ ബലവത്താക്കാന്‍ വേണ്ടി രാജീവ് ഗാന്ധി തമിഴ് മണ്ണിലേക്ക് പലവട്ടം പറക്കുകയുണ്ടായി. 1989ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചെങ്കിലും ആകെയുള്ള 234 സീറ്റുകളില്‍ വെറും 26 സീറ്റുകള്‍ നേടുവാനേ കോണ്‍ഗ്രസിന് സാധിച്ചുള്ളു. എ.ജി.ആറിന്റെ മരണം, അദ്ദേഹത്തിന്റെ ഭാര്യ ജാനകിയുടെയും ജയലളിതയുടെയും നേതൃത്വത്തില്‍ പാര്‍ട്ടി രണ്ടായി പിരിഞ്ഞത് തുടങ്ങിയ അനുകൂല സാഹചര്യങ്ങള്‍ നേട്ടമാക്കിയെടുക്കാന്‍ കോണ്‍ഗ്രസിന് പറ്റിയില്ല. 

അതേസമയം അണ്ണാ ഡി.എം.കെ വലിയ പ്രതിസന്ധിയിലേക്ക് പോകുന്നു എന്നു വേണം മനസ്സിലാക്കാന്‍. എ.ജി.ആര്‍ വിടപറഞ്ഞതിനു ശേഷം രണ്ടായ പാര്‍ട്ടിയെ ഒന്നാക്കി മാറ്റാനും പിന്നെ പലവട്ടം അധികാരത്തിലെത്തുവാനും ജയലളിതയ്ക്ക് സാധിച്ചു. ജയലളിതയുടെ ജനകീയാടിത്തറയ്ക്ക് തെളിവാണ് അവരുടെ മരണാനന്തരം തമിഴ്‌നാട്ടില്‍ കണ്ട വേദനിക്കുന്ന ജനസാഗരസംഗമം. പക്ഷേ, ജയയുടെ ഉറ്റ തോഴി ശശികലയ്ക്ക് ഇത്തരത്തില്‍ ഒരു ജനകീയ അടിത്തറയും ഭരണനൈപുണ്യവും ഒരു തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനുള്ള വ്യക്തിപ്രഭാവവും ഉണ്ടെന്ന് ഭൂരിപക്ഷം പേരും കരുതുന്നില്ല. എം.ജി.ആറിനു ശേഷം ഭാര്യ ജാനകീ രാമചന്ദ്രന്‍ മുഖ്യമന്ത്രിയായെങ്കിലും പരിമിതമായ ദിവസങ്ങള്‍ മാത്രമാണ് അവര്‍ക്ക് ആ പദവിയിലിരിക്കാന്‍ സാധിച്ചത്. ശശികലയ്ക്ക് മറ്റൊരു ജാനകിയാകാനുള്ള സാധ്യത ഏറെയുണ്ടെന്നാണ് കാണുന്നത്. അതേ സമയം പാര്‍ട്ടിയിലും ഭരണത്തിലും ശശികലയുടെ ആജ്ഞാ ശക്തിയിലുള്ള മണ്ണാര്‍ക്കുടി മാഫിയയ്ക്ക് അതിശക്തമായ വേരുകള്‍ ഉണ്ടെന്നതും യാഥാര്‍ത്ഥ്യം. ദേശീയ രാഷ്ട്രീയത്തില്‍ എക്കാലത്തും അസാധാരണവും കൗതുകകരവുമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച തമിഴ്‌നാടിന്റെ ദ്രാവിഡ രാഷ്ട്രീയ ഭാവിയെന്തന്നതും സസ്‌പെന്‍സാണ്. 

ഇദയക്കനിയില്ലാ തമിഴകത്തേക്ക് ഊര്‍ജിത രാഷ്ട്രീയ ചൂണ്ടയെറിയലുകള്‍ (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക