Image

മരുഭൂമിയിലെ ആടുജീവിതത്തില്‍ നിന്നും മലയാളിയെ നവയുഗം രക്ഷപ്പെടുത്തി.

Published on 07 December, 2016
മരുഭൂമിയിലെ ആടുജീവിതത്തില്‍ നിന്നും മലയാളിയെ നവയുഗം രക്ഷപ്പെടുത്തി.
അല്‍ഹസ്സ: ഹൌസ് ഡ്രൈവര്‍ വിസയില്‍ കൊണ്ടുവന്ന്, മരുഭൂമിയില്‍ ഒട്ടകത്തെ മേയ്ക്കാന്‍ നിര്‍ബന്ധിതമായതിനാല്‍ ദുരിതത്തിലായ മലയാളി യുവാവ്,  നവയുഗം സാംസ്‌കാരികവേദിയുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

കൊല്ലം പള്ളിമുക്ക് സ്വദേശിയായ ദീപു ദേവരാജന്‍ ഒന്‍പതു മാസങ്ങള്‍ക്ക് മുന്‍പാണ് ഹൌസ് െ്രെഡവര്‍ വിസയില്‍ അല്‍ഹസ്സയില്‍ എത്തിയത്. പള്ളിമുക്കില്‍ തന്നെയുള്ള  അയല്‍വാസിയായ ഒരു ഏജന്റ് ആണ്, ഒരു ലക്ഷം രൂപ വാങ്ങി, ദീപുവിന് വിസ നല്‍കിയത്.

എന്നാല്‍ സൗദിയില്‍ എത്തിക്കഴിഞ്ഞപ്പോള്‍, സ്‌പോണ്‍സര്‍ ദീപുവിനെ മരുഭൂമിയുടെ ഉള്ളിലുള്ള ഒരു ഒട്ടകഫാമിലാണ് കൊണ്ടുപോയത്. അവിടത്തെ ഒട്ടകങ്ങളെ മേയ്ക്കുകയും, പരിചരിയ്ക്കുകയും ചെയ്യുന്ന ജോലിയാണ് ദീപുവിന് കിട്ടിയത്. ചില സുഡാനികളും, സൗദികളും മാത്രമായിരുന്നു ആ ഫാമില്‍ ജോലിയ്ക്ക് ഉണ്ടായിരുന്നത്. മരുഭൂമിയിലെ ചൂടിലും വെയിലിലും, പുറംലോകവുമായി ബന്ധമില്ലാതെ, പലപ്പോഴും ഭക്ഷണമോ, വെള്ളമോ ആവശ്യത്തിന് സമയത്ത് കിട്ടാതെ, ദീപുവിന്റെ ജീവിതം ദുരിതമയമായി. പലപ്പോഴും, ചെയ്യുന്ന ജോലിയില്‍ കുറ്റം കണ്ടുപിടിച്ച്, സുഡാനികളും സൗദികളും ദീപുവിനെ മര്‍ദ്ദിയ്ക്കാനും തുടങ്ങി.

 ഫാമില്‍ വെള്ളവും മറ്റു സാധനങ്ങളും കൊണ്ട് വരുന്ന മലയാളികളുടെ സഹായത്തോടെ ദീപു പല സാമൂഹ്യപ്രവര്‍ത്തകരെയും ഫോണില്‍ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും, ഫലമുണ്ടായില്ല. ഒടുവില്‍ ഒരാള്‍ നല്‍കിയ വിവരമനുസരിച്ച് , നവയുഗം അല്‍ഹസ്സ മേഖല രക്ഷാധികാരി ഹുസ്സൈന്‍ കുന്നിക്കോടിനെ ഫോണില്‍ ബന്ധപ്പെട്ട ദീപു. തന്റെ ദയനീയാവസ്ഥ വിവരിച്ച് സഹായം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ഹുസൈനും നവയുഗം പ്രവര്‍ത്തകരും നടത്തിയ പരിശ്രമങ്ങള്‍ക്ക് ഒടുവില്‍, മരുഭൂമിയ്ക്കുള്ളില്‍ ദീപു ജോലി ചെയ്യുന്ന ഒട്ടകഫാീ കണ്ടുപിടിച്ചു. കിട്ടിയ നിര്‍ദ്ദേശപ്രകാരം അവിടെ നിന്ന് ആരും കാണാതെ പുറത്തു കടന്ന ദീപുവിനെ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകര്‍  രക്ഷപ്പെടുത്തി അല്‍ ഹസ്സയില്‍ കൊണ്ടുവന്നു. നവയുഗം ശുഖൈക്ക് യൂണിറ്റ് രക്ഷാധികാരി ഷെമീല്‍ നെല്ലിക്കോട് ദീപുവിന് അഭയം നല്‍കി.

ഹുസ്സൈന്‍ കുന്നിക്കോട് ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട്, ദീപുവിന്റെ കേസില്‍ ഇടപെടാന്‍ അനുമതിപത്രം വാങ്ങി. തുടര്‍ന്ന് ഹുസ്സൈന്റെ സഹായത്തോടെ ദീപു ലേബര്‍ കോടതിയില്‍ സ്‌പോണ്‍സര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു. ലേബര്‍ കോടതിയില്‍ മൂന്നു തവണ കേസ് വിളിച്ചപ്പോഴൊന്നും, സ്‌പോണ്‍സര്‍ കോടതിയില്‍ ഹാജരായില്ല. തുടര്‍ന്ന് കോടതി സൗദി പോലീസില്‍ വിവരമറിയിച്ചപ്പോള്‍, അപകടം മണത്ത സ്‌പോണ്‍സര്‍, കോടതിയില്‍ ഹാജരായി. ദീപുവിന്റെ നോട്ടക്കുറവ് കൊണ്ട് തന്റെ ഒരു ഒട്ടകത്തിന്റെ കുട്ടി മരണപ്പെട്ടു പോയെന്നും, അതിന് നഷ്ടപരിഹാരമായി 8000 രൂപ തരണമെന്നും സ്‌പോണ്‍സര്‍ കോടതിയില്‍ വാദിച്ചു. ഇത് തെറ്റായ ആരോപണമാണെന്നും, പൈസ നല്‍കാന്‍ കഴിയില്ലെന്നും, തര്‍ക്കപരിഹാരം ഉണ്ടാകുന്നില്ലെങ്കില്‍ ഈ  കേസ് മേല്‍ക്കോടതിയിലേയ്ക്ക് റഫര്‍ ചെയ്യണമെന്നുമുള്ള ഉറച്ച നിലപാട്  ഹുസ്സൈന്‍ കുന്നിക്കോട് കോടതിയില്‍ സ്വീകരിച്ചു. തുടര്‍ന്ന് കേസ് മറ്റൊരു തീയതിയിലേയ്ക്ക് മാറ്റി വെച്ചു.

ദീപുവിന് വിസ നല്‍കിയ ഏജന്റിനെ ഹുസ്സൈന്‍ കുന്നിക്കോട് പലതവണ ബന്ധപ്പെട്ടെങ്കിലും, അയാള്‍ ഒരു സഹായവും ചെയ്യാന്‍ തയ്യാറായില്ല.

 

 കോടതിയുടെ പുറത്ത്, ഹുസൈന്‍ കുന്നിക്കോട് സ്‌പോണ്‍സറുമായി പലപ്രാവശ്യം ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തി.  ദീപുവിന്റെ വിസയ്ക്കും മറ്റുമായി തനിയ്ക്ക് ചെലവാക്കേണ്ടി വന്ന തുകയുടെ കണക്കുകള്‍ പറഞ്ഞ സ്‌പോണ്‍സര്‍,  ഒടുവില്‍ 2000 രൂപ നഷ്ടപരിഹാരം നല്‍കിയാല്‍ ഒത്തുതീര്‍പ്പിന് തയ്യാറാകാമെന്ന് അറിയിച്ചു.

 

ദീപുവിന്റെ സാമ്പത്തികപരിമിതികള്‍ അറിയുന്ന ഷെമീല്‍ നെല്ലിക്കോട് തന്നെ ആ പണം നല്‍കി. തുടര്‍ന്ന് സ്‌പോണ്‍സര്‍ ദീപുവിന്റെ പാസ്സ്‌പോര്‍ട്ടും ഫൈനല്‍ എക്‌സിറ്റും നല്‍കി. നവയുഗം ഹാരാത്ത് യൂണിറ്റ് ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ രതീഷ് രാമചന്ദ്രനും, നവയുഗം അല്‍ഹസ്സ മേഖല ട്രെഷറര്‍ സുശീല്‍ കുമാറും ദീപുവിന്റെ വിമാനടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്തു.

 

നവയുഗം ഹാരാത്ത് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് ദീപുവിന് യാത്രരേഖകളും, വിമാനടിക്കറ്റും, നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള സാധനങ്ങളും കൈമാറി. നിറഞ്ഞ കണ്ണുകളോടെ  നവയുഗത്തിന് ഒരായിരം നന്ദി രേഖപ്പെടുത്തി ദീപു നാട്ടിലേയ്ക്ക് മടങ്ങി.

 

ഫോട്ടോ: 

ദീപുവിന് ഹുസ്സൈന്‍ കുന്നിക്കോട് യാത്രരേഖകള്‍ കൈമാറുന്നു. നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ രതീഷ് രാമചന്ദ്രന്‍, ഷെമീല്‍ നെല്ലിക്കോട്, സുശീല്‍ കുമാര്‍, സിയാദ് കൊല്ലം എന്നിവര്‍ സമീപം.

മരുഭൂമിയിലെ ആടുജീവിതത്തില്‍ നിന്നും മലയാളിയെ നവയുഗം രക്ഷപ്പെടുത്തി.മരുഭൂമിയിലെ ആടുജീവിതത്തില്‍ നിന്നും മലയാളിയെ നവയുഗം രക്ഷപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക