Image

ഡോ. പി.സി നായര്‍: മാതൃഭാഷാ സ്‌നേഹത്തിന്റെ എഴുത്തറിവ് (അഭിമുഖം: എ.എസ് ശ്രീകുമാര്‍)

Published on 08 December, 2016
ഡോ. പി.സി നായര്‍: മാതൃഭാഷാ സ്‌നേഹത്തിന്റെ എഴുത്തറിവ് (അഭിമുഖം: എ.എസ് ശ്രീകുമാര്‍)
ഒരു വെളിച്ചത്തിനു മുന്നില്‍ വേറൊരു വെളിച്ചം ചെറുതായിപ്പോകുന്നില്ല. വലുതാകുന്നുമില്ല. അവബോധ വെളിച്ചം അങ്ങനെയാണ്. പുറത്ത് വിളക്ക് തെളിച്ച് ഒടുവില്‍ അവബോധത്തിലും വിളക്ക് കൊളുത്തപ്പെടുന്നു... അമേരിക്കയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരന്‍, സര്‍വകലാശാല അദ്ധ്യാപകന്‍, സര്‍വോപരി അനുഗ്രഹീത എഴുത്തുകാരന്‍ തുടങ്ങി വിവിധ തലങ്ങളില്‍ കിടയറ്റ സാന്നിധ്യമുറപ്പിച്ച  ഡോ. പി.സി നായര്‍ മലയാളികളുടെ സാഹിത്യ അവബോധത്തിലേയ്ക്ക് സര്‍ഗാത്മകതയുടെ വിളക്കു തെളിയിക്കുന്ന നിരന്തര പ്രക്രിയയില്‍ സജീവമായി ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണിപ്പോള്‍. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച് കേരള സര്‍ക്കാരിന്റെ 2014ലെ വള്ളത്തോള്‍ പുരസ്‌കാരം നേടിയ ഡോ. പി.സി നായര്‍ ഈ ബഹുമതി കരസ്ഥമാക്കുന്ന ആദ്യ പ്രവാസി മലയാളി എഴുത്തുകാരനാണ്. ഇതു മാത്രമല്ല, സമാനതകളില്ലാത്ത ഒട്ടേറെ അപൂര്‍വ നേട്ടങ്ങളും സിദ്ധിവിശേഷങ്ങളും അമേരിക്കന്‍ മലയാളി തറവാട്ടിലെ ഈ കാരണവരുടെ പേരില്‍ തങ്കശോഭയില്‍ എഴുതപ്പെട്ടിട്ടുണ്ട്. 

തിരുവല്ല സ്വദേശിയായ ഡോ. പി.സി നായരുടെ മനസില്‍ സാഹിത്യാഭിമുഖ്യത്തിന്റെ സര്‍ഗ വെളിച്ചം പരന്നത് നന്നേ ചെറുപ്പത്തില്‍ തന്നെയാണ്. ചങ്ങനാശേരി എന്‍.എസ്.എസ് കോളേജില്‍ ഇന്റര്‍മീഡിയറ്റ് പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് 1959ല്‍ ബി.എ ഓണേഴ്‌സ് പാസായി. എക്കണോമിക്‌സായിരുന്നു ഇഷ്ട വിഷയം. തുടര്‍ന്ന് ഡല്‍ഹിയിലേയ്ക്ക്. അവിടെ ലോകപ്രശസ്ത എക്കണോമിസ്റ്റായ അമേരിക്കന്‍ പ്രൊഫസര്‍ ഡോ. ഇ.എ.ജെ ജോണ്‍സണുമായി ചേര്‍ന്ന് ഡോ.പി.സി നായര്‍ ഇന്ത്യയിലെ കാര്‍ഷിക വിപണനം സംബന്ധിച്ച് ബൃഹത്തായൊരു പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു. ഡോ. ജോണ്‍സന്റെ അഭിനന്ദനങ്ങള്‍ക്കും ആശീര്‍വാദങ്ങള്‍ക്കും പാത്രീഭൂതനായ ഡോ.പി.സി നായര്‍ക്ക് അദ്ദേഹം തന്നെയാണ് അമേരിക്കയില്‍ ഉപരിപഠനത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കിയത്.

അങ്ങനെ 1965ല്‍ കാനഡയിലും 1966ല്‍ തന്റെ 29-ാമത്തെ വയസ്സില്‍ ഡോ.പി.സി നായര്‍ അമേരിക്കയിലുമെത്തി. ബഫല്ലോയിലെ ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. എം.എയും പി.എച്ച്.ഡിയും എടുത്ത ശേഷം 1969 മുതല്‍ ഒഹായോ, മേരിലാന്‍ഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസറായി അധ്യാപന ജീവിതം ആരംഭിച്ചു. ഔദ്യോഗിക ജോലിത്തിരക്കുകള്‍ക്കിടയിലും കര്‍മഭൂമിയില്‍ മലയാള സാഹിത്യത്തെ പരിപോഷിപ്പിക്കുവാനുള്ള മാതൃകാപരമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ഡോ. പി.സി നായര്‍ 1985ല്‍ വാഷിങ്ടണിലെ രണ്ടാം ലോക മലയാള സമ്മേളനം സ്തുത്യര്‍ഹമാം വിധം സംഘടിപ്പിച്ചു കൊണ്ടാണ് ഭാഷാ സ്‌നേഹത്തിന്റെ പതാകാ വാഹകനായത്. 

ഇതേ പറ്റി ഡോ.പി.സി നായര്‍ പറയുന്നു... ''1977ല്‍ തിരുവനന്തപുരത്ത് എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍, പുതുശേരി രാമചന്ദ്രനുമൊക്കെ ചേര്‍ന്ന് ഒന്നാം ലോക മലയാള സമ്മേളനം നടത്തുകയുണ്ടായി. അതിനു ശേഷം രണ്ടാം ലോക മലയാള സമ്മേളനം നടത്തുന്നില്ല എന്ന് പറഞ്ഞു കേട്ടു. ഈ സാഹചര്യത്തിലാണ് വാഷിങ്ടണ്‍ സമ്മേളനം വിപുലമായ രീതിയില്‍ സംഘടിപ്പിച്ചത്. കെ.എം. മാണി ഉദ്ഘാടനം ചെയ്ത ആ സമ്മേളനത്തില്‍ പ്രൊഫ. എസ്. ഗുപ്തന്‍ നായരെ പോലെയുള്ള മലയാള സാഹിത്യത്തിലെ മഹാരഥന്മാര്‍ പങ്കെടുത്തു. അവിസ്മരണീയമായ ഈ സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്...''
***
ചെറുപ്പത്തില്‍ തന്നെ ഡോ. പി.സി നായര്‍ 'തടവുചാടല്‍' എന്ന കഥാസമാഹാരം എഴുതി. അമേരിക്കയിലെത്തിയ ശേഷം ഹെര്‍മന്‍ ഹെസ്സെയുടെ 'സിദ്ധാര്‍ത്ഥ' എന്ന വിഖ്യാത കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. കേരളത്തിനും മലയാള ഭാഷയ്ക്കും അതുല്യമായ സംഭാവനകള്‍ നല്‍കിയ വ്യാകരണ-നിഘണ്ടു കര്‍ത്താവ് ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ മകള്‍ മേരി ഗുണ്ടര്‍ട്ടിന്റെ മകനാണ്, 1946ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ കവിയും നോവലിസ്റ്റും ചിത്രകാരനുമായ ഹെര്‍മ്മന്‍ ഹെസ്സെ. 'ഹെസ്സെയ്‌ക്കൊരു മുഖവുര' എന്നൊരു ഗ്രന്ഥം ഇപ്പോള്‍ ഡോ. പി.സി നായര്‍ എഴുതി പൂര്‍ത്തിയാക്കിയിട്ടുണ്ട്. മൂന്നു മാസത്തിനുള്ളില്‍ ഈ പുസ്തകം പ്രകാശനം ചെയ്യുമെന്ന് അദ്ദേഹം ഇ-മലയാളിയോട് പറഞ്ഞു.

ഹെര്‍മന്‍ ഹെസ്സെയോടുളള ആഭിമുഖ്യത്തെ പറ്റി ഡോ. പി.സി നായരുടെ വാക്കുകള്‍... ''ഹെര്‍മന്‍ ഗുണ്ടര്‍ട്ട് വളരെ കാലം തലശ്ശേരിയില്‍ താമസിച്ചിട്ടുണ്ട്. ഹെസ്സെയുടെ അമ്മ മേരി തലശ്ശേരിയിലാണ് ജനിച്ചത്. എന്നാല്‍ ഹെസ്സെയുടെ പിതാവ് ജോനാഥന്‍ ഹെസ്സെയ്ക്ക് തലശ്ശേരിയിലെ കാലാവസ്ഥ പിടിക്കാതെ വന്നതിനാല്‍ അവരെല്ലാം സ്വിറ്റ്‌സര്‍ലന്റിലേക്കു പോയി. ഹെസ്സെ വളര്‍ന്നത് അവിടെയാണ്. ഹെസ്സെയുടെ കൃതികളില്‍ ഭാരതീയ ദര്‍ശനത്തിന്റെ തിളക്കവും ഹിന്ദു മതത്തിലധിഷ്ഠിതമായ പ്ലോട്ടുകളുമുണ്ട്. ഗുണ്ടര്‍ട്ടിന് ഇന്ത്യയെ സംബന്ധിക്കുന്ന വലിയൊരു ഗ്രന്ഥ ശേഖരമുണ്ടായിരുന്നു. ഇതെല്ലാം വായിച്ചാണ് ഹെസ്സെയ്ക്ക് ഭാരതീയ ദര്‍ശനങ്ങളോട് ആഭിമുഖ്യമുണ്ടായത്, ആദരവുണ്ടായത്. ഹെസ്സെയുടെ കൃതികളെ മലയാളികള്‍ക്ക് പരിചയപ്പെടുത്താന്‍ വേണ്ടിയാണ് എന്റെ ഏറ്റവും പുതിയ കൃതി പ്രകാശനം ചെയ്യാന്‍ ഒരുങ്ങുന്നത്...''
***
'സിദ്ധാര്‍ത്ഥ'യുടെ മലയാള പരിഭാഷ 1988 മുതല്‍ 1999 വരെ കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ മലയാള സാഹിത്യം ഐഛിക വിഷയമായി എടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഉപപാഠപുസ്തകമായിരുന്നു എന്നത് ഡോ. പി.സി നായര്‍ക്കുള്ള അംഗീകാര മുദ്രയാണ്. ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റൊരു മലയാള പരിഭാഷ, ആധുനിക നാടകത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നോര്‍വീജിയന്‍ നാടക കൃത്ത് ഹെന്റി ഇബ്‌സന്റെ 'ദി മാസ്റ്റര്‍ ബില്‍ഡര്‍' (ശ്രേഷ്ഠ ശില്പി) ആണ്. വിക്‌ടോറിയന്‍ കെട്ടുപാടുകളെ മറി കടന്ന് മുന്നോട്ടു പോകുന്ന മാനസിക സംഘര്‍ഷങ്ങളെ പര്യവേഷണം ചെയ്യുന്നതാണ് 'ദി മാസ്റ്റര്‍ ബില്‍ഡര്‍'. ഈ പരിഭാഷയ്ക്കു ശേഷം ഡോ. പി.സി നായര്‍ സ്വതന്ത്രമായി എഴുതിയത് 'മേരി മഗ്ദലന്റെ ആത്മകഥ' എന്ന നോവലാണ്. ഇത് നാലു കൊല്ലം മുമ്പ് പബ്ലിഷ് ചെയ്തു. ഈ കൃതി ഹിന്ദിയിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കൂടാതെ 'ദൈവസന്നിധിയില്‍ കുറ്റം' എന്ന നാടകവും പ്രസിദ്ധീകരിച്ചു.

ഈ നാടകത്തിന്റെ പ്രമേയത്തെ പറ്റി സൃഷ്ടാവ് തന്നെ വ്യക്തമാക്കുന്നു...''പ്രശസ്ത നാടകകൃത്ത് സി.ജെ തോമസിന്റെ വിഖ്യാതമായ 'ആ മനുഷ്യന്‍ നീ തന്നെ' എന്ന നാടകത്തില്‍ നിന്നാണ് ഈ പ്രമേയം കിട്ടിയത്. പുരാതന യഹൂദ രാജ്യത്തിലെ രാജാക്കന്മാരില്‍ രണ്ടാമനും പ്രബലനുമായിരുന്നല്ലോ ദാവീദ് രാജാവ്. അദ്ദേഹത്തിന് തന്റെ ഭടന്‍ ഉറിയയുടെ ഭാര്യ ബെത്ഷിബയില്‍ മോഹമുണ്ടായിരുന്നു. അങ്ങനെ ഒരിക്കല്‍ ഉറിയയെ യുദ്ധക്കളത്തിലേക്ക് പറഞ്ഞു വിട്ട് അവിടെ വച്ച് സൂത്രത്തില്‍ അയാളെ കൊല്ലുകയും പിന്നീട് ബെത്ഷിബയെ വിവാഹം കഴിക്കുകയുമായിരുന്നു. ഇതാണ് സി.ജെ നാടകമാക്കിയത്. ഇതിന്റെ മറ്റൊരു ആംഗിളിലാണ് എന്റെ നാടകം. ഗുപ്തന്‍ നായര്‍ സാറൊക്കെ ഈ നാടകത്തെ മനസ്സറിഞ്ഞു പുകഴ്ത്തിയിട്ടുള്ളത് ആദരവോടെ സ്മരിക്കുന്നു. സിംഗപ്പൂരിലെ മലയാളി അസോസിയേഷന്‍ ഈ നാടകം രംഗത്ത് അവതരിപ്പിച്ചുട്ടുണ്ട്...''
***
ഈ അടുത്ത കാലത്ത് ഡോ. പി.സി നായരെ കൂടുതല്‍ പ്രശസ്തനും വ്യത്യസ്തനുമാക്കിയത് പുരാതന ചൈനീസ് കവിതകളുടെ മലയാള പരിഭാഷയാണ്. 'മരതകവീണ' എന്ന പേരില്‍ ഈ സമാഹാരം പ്രസിദ്ധീകരിക്കുകയും ചെയ്തു. ചൈനീസ് കവിതകളുടെ പരിഭാഷ മലയാളത്തില്‍ ആദ്യത്തേതാണ്. മനോഹരമായ ഈ കവിതകള്‍ മലയാള ഭാഷയ്‌ക്കൊരു മുതല്‍ക്കൂട്ടാണ്. 'മരതകവീണ'യ്ക്ക് അവതാരിക എഴുതിയ മലയാളത്തിന്റെ മാതൃസ്ഥാനീയയായ കവയിത്രി സുഗതകുമാരിയുടെ പ്രസക്തമായ വാക്കുകള്‍ തന്നെ പരിശോധിക്കാം... 

''നമുക്ക് ഏതാണ്ട് അപരിചിതമാണ് ചൈനീസ് കവിതാ ലോകം. പേള്‍ബക്കിന്റെ നോവലുകളിലൂടെ പഴയ ചീനയുടെ ജീവിതം നമുക്ക് സുവിദിതമാണ്. മാവോ കാലഘട്ടം വന്നപ്പോഴുണ്ടായ ആഴമുള്ള മുറിവുകളും, പേള്‍ബക്ക് നമുക്ക് അനുഭവയോഗ്യമാക്കി തന്നു. അപ്പോഴും കവിതകള്‍ നമുക്ക് ലഭ്യമായില്ല. ശ്രീ പി.സി നായര്‍ അദ്ദേഹത്തിന്റെ സ്വതന്ത്ര പരിഭാഷയിലൂടെ തികച്ചും അജ്ഞാതമായ ഒരു പഴയ ലോകമാണ് നമുക്കു മുമ്പില്‍ തുറന്നിട്ടിരിക്കുന്നത്. ഇതൊരു പുതിയ അനുഭവമാണ്. പഴയ ചീന ചക്രവര്‍ത്തിമാര്‍ നീരസം തോന്നിയാലുടന്‍ 'വെട്ടട്ടേ കഴുത്ത്' എന്ന് കല്‍പ്പിക്കുന്ന കാലം. അന്നും പ്രണയവും വിരഹവും പ്രകൃതി ലാവണ്യാസ്വാദനവും പ്രണയിനിയുടെ സൗന്ദര്യ വര്‍ണനയും എല്ലാം, ഇന്നുള്ള എല്ലാം തന്നെ ഉണ്ടായിരുന്നു. പഴയ ചീനയുടെ കാല്‍പ്പനിക ഭാവാവിഷ്‌കാരങ്ങള്‍, അസാധാരണമായ ഇമേജുകള്‍, വിചിത്ര കഥാരൂപങ്ങള്‍ എന്നിവ കൗതുകകരമാണ്. 'സാന്ധ്യ മഴയില്‍ മുഴങ്ങിയ ചേങ്ങലനാദം' പോലെ ഈ കവിതകള്‍ ഏതോ പുരാതന കാലത്തിന്റെ നഷ്ട സ്വപ്നങ്ങളെ നമുക്കു വേണ്ടി ചൊല്ലിത്തരുന്നു. ഇവ വായിച്ചപ്പോള്‍ ചീനക്കവിതയുടെ രാഗം എന്താവാം, താളം എന്താവാം, അറിയാവില്ലല്ലോ എന്നൊക്കെ എന്റെ മനസ്സ് വ്യാകുലമായി. എങ്കിലും ആ അജ്ഞാത മനോഹര ലോകത്തേയ്ക്ക് ഒരു കവാടം തുറന്നിട്ട ഡോ. പി.സി നായര്‍ക്കു നന്ദി... അഭിനന്ദനങ്ങള്‍...''
***
സാഹിത്യ പരിശ്രമങ്ങള്‍ തുടരുകയും ആനുകാലികങ്ങളില്‍ എഴുതുകയും ചെയ്യുന്ന ഡോ. പി.സി നായര്‍ തന്റെ കുടിയേറ്റ കാലത്തെ അമേരിക്കന്‍ അനുഭവങ്ങളും ഇ-മലയാളികളുടെ വായനക്കാര്‍ക്കായി പങ്കു വച്ചു... ''ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായതു കൊണ്ട് ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ തൊട്ടടുത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ തന്നെ താമസിക്കുവാനുള്ള ആനുകൂല്യം ലഭിച്ചു. പഠനം പൂര്‍ത്തിയാക്കി 1969ല്‍ നാട്ടില്‍ പോയി വിവാഹം കഴിച്ചു. പഠന കാലത്ത് പൊതു ജനങ്ങളുമായി പ്രത്യേകിച്ച് അമേരിക്കന്‍ ജനതയുമായി ഇടപഴകുവാനുള്ള സന്ദര്‍ഭം ലഭിച്ചിരുന്നില്ല. അക്കാലത്താണ് ചൈനയില്‍ സാംസ്‌കാരിക വിപ്ലവം ഉണ്ടായത്. അതിനെതിരായി അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തു തുടങ്ങി. അവര്‍ നമ്മുടെ നാട്ടിലേതു പോലെ സമരമുഖത്തേയ്ക്ക് ഇടിച്ചിറങ്ങുകയോ വിപ്ലവ മുദ്രാവാക്യങ്ങള്‍ വിളിക്കുകയോ ചെയ്യുമായിരുന്നില്ല. 1965 മുതല്‍ അമേരിക്ക വിയറ്റ്‌നാമിലെ യുദ്ധം കടുപ്പിച്ചതോടു കൂടി അവര്‍ ഡ്രാഫ്റ്റ് ചെയ്യപ്പെടാന്‍ തുടങ്ങി. അതിനെതിരായിട്ടാണ് അവര്‍ പ്രക്ഷോഭം തുടങ്ങിയത്...'' -ഡോ.പി.സി നായര്‍ തുടര്‍ന്നു. 

''അവിടെ കുട്ടികള്‍ ബഹളമുണ്ടാക്കുകയും പോലീസ് ഇടപെടുകയുമൊക്കെ ചെയ്തത് വളരെ കൗതുകത്തോടെയാണ് ഞാന്‍ നോക്കിക്കണ്ടത്. അതുവരെ അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ അങ്ങനെ പോയിട്ടില്ല എന്ന് എന്റെ അധ്യാപകര്‍ പറയുമായിരുന്നു. വിയറ്റ്‌നാം യുദ്ധത്തിനോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് കുട്ടികള്‍ സമരം ചെയ്യുന്നത് പുതിയ അനുഭവമായി...'' മലയാള ഭാഷയോടും സംസ്‌കാരത്തോടുമുള്ള അഭിനിവേശവും ആദരവും അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന കുട്ടികള്‍ക്ക് തീരെ ഇല്ല എന്ന് വ്യക്തമാക്കുന്ന ഡോ. പി.സി നായര്‍ തന്റെ മക്കളെയും മലയാളം പഠിപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല എന്നു പറഞ്ഞു.

അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന കുട്ടികള്‍ മലയാള ഭാഷ പഠിച്ചാല്‍ മറ്റൊരു മഹത്തായ സംസ്‌കാരത്തിന്റെ അംശവും അവരില്‍ ഉണ്ടാകും. നാട്ടിലെ സംസ്‌കാരത്തിനും വളരെ പ്രത്യേകതയുണ്ട്. അമേരിക്കന്‍ രീതികളോടിണങ്ങി ജീവിക്കുമ്പോഴും മലയാള സംസ്‌കാരം അവരുടെ ചിന്താഗതിയിലും ജീവിത രീതിയിലും ആരോഗ്യകരമായി സ്വാധീനിക്കും എന്നാണ് ഡോ. പി.സി നായരുടെ അഭിപ്രായം. തിരുവനന്തപുരം സ്വദേശിയും ഡയബറ്റിക് എജ്യുക്കേറ്റര്‍ ആയി വിരമിക്കുകയും ചെയ്ത രാജലക്ഷ്മിയാണ് ഭാര്യ. ഐ.റ്റി പ്രൊഫഷണലായ ഇന്ദു, സ്‌കൂള്‍ അധ്യാപകനായ രവി എന്നിവരാണ് മക്കള്‍. വെര്‍ജീനിയയിലെ അലക്‌സാണ്ട്രിയയിലാണ് ഡോ. പി.സി നായരും കുടുംബവും താമസിക്കുന്നത്. 

ഡോ. പി.സി നായര്‍: മാതൃഭാഷാ സ്‌നേഹത്തിന്റെ എഴുത്തറിവ് (അഭിമുഖം: എ.എസ് ശ്രീകുമാര്‍)
Join WhatsApp News
Truth 2016-12-08 10:05:29
Mattom vijarikkaruthe. Makkal Ellam Malayalam medium Schoolil aano padichathu?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക