Image

ശബരീശ സന്നിധിയില്‍ രണ്ടു ദശാബ്ദം: കൃഷ്ണകുമാര്‍ മലയിറങ്ങുന്നത് ചാരിതാഥ്യത്തോടെ

അനിൽ പെണ്ണുക്കര Published on 08 December, 2016
ശബരീശ സന്നിധിയില്‍ രണ്ടു ദശാബ്ദം: കൃഷ്ണകുമാര്‍ മലയിറങ്ങുന്നത് ചാരിതാഥ്യത്തോടെ
ശബരീശ സന്നിധിയില്‍ സേവനത്തിന്റെ രണ്ടു ദശാബ്ദം സേവനം നടത്തിയതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ബി എസ് എന്‍ എല്‍ സബ് ഡിവിഷണല്‍ എന്‍ജിനീയര്‍ എസ്.കൃഷ്ണകുമാര്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്നത്. ട്രങ്ക് കാള്‍ ബുക്ക് ചെയ്ത് അയ്യപ്പന്‍മാര്‍ മണിക്കൂറുകള്‍ കാത്തുനിന്ന് ബന്ധുക്കളുമായി സംസാരിച്ചിരുന്ന കാലം മതുല്‍ സന്നിധാനം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ ജോലിനോക്കി വരുന്ന കൃഷ്‌കുമാര്‍ വരുന്ന മെയ് മാസത്തില്‍  സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്യും.

 1994 ല്‍ ഇന്ന് കാണുന്ന സൗകര്യങ്ങളൊന്നും സന്നിധാനം എക്‌സ്‌ചേഞ്ചിന് ഉണ്ടായിരുന്നില്ല. പിന്നീട് സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടംതന്നെയായിരുന്നു. ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ഷന്‍ മുതല്‍ ത്രീ ജി സംവിധാനംവരെ എത്തിനില്‍ക്കുന്ന വളര്‍ച്ച. ഇന്ന് സന്നിധാനത്തിന്റെ മുക്കിലും മൂലയിലും മികച്ച കവറേജ് ലഭിക്കുന്നുണ്ട്. ഇതിന്റെ എല്ലാം അമരത്ത് കൃഷ്ണകുമാര്‍ ഉണ്ടായിരുന്നു. ടെക്‌നീഷ്യനായിട്ടായിരുന്നു തുടക്കം. 2000 ല്‍ സന്നിധാനം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന്റെ മുഖ്യചുമതലക്കാരനായി. ഇത്രയും ദുര്‍ഘടം പിടിച്ച സ്ഥലത്തേക്ക് ജോലിക്കെത്താന്‍ ആരും തയ്യാറല്ലായിരുന്നു. കൃഷ്ണകുമാര്‍ യാതൊരു പരിഭവും കാട്ടാതെ സന്നിധാനത്ത് കര്‍മനിരതനായി. വടശ്ശേരിക്കര സബ് ഡിവിഷന്റെ പരിധിയില്‍ വരുന്ന ആറ് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളുടെ പൂര്‍ണ ചുമതല വഹിക്കുമ്പോഴും ഇദ്ദേഹത്തിന് ശബരിമലയില്‍ ജോലിനോക്കുന്നതിനായിരുന്നു കൂടുതല്‍ സന്തോഷം.

സീസണല്ലാത്തപ്പോഴും സന്നിധാനത്തെ എക്‌സ്‌ചേഞ്ചില്‍ വരേണ്ടി വന്നിട്ടുണ്ട്. തികച്ചും വിജനമായ കാട്ടിലൂടെയുള്ള യാത്രയില്‍ പലപ്പോഴും വന്യമൃഗങ്ങളുടെ ശബ്ദവും ഗന്ധവും പേടിപ്പെടുത്തിയിട്ടുമുണ്ട്. ഒരിക്കല്‍ മരക്കൂട്ടത്തുനിന്നും പമ്പവരെ ഒറ്റയാന്‍ തന്നെ ഓടിച്ചത് ഇന്നും ഞെട്ടലോടെയാണ് കൃഷ്ണകുമാര്‍ ഓര്‍ക്കുന്നത്.  തികഞ്ഞ അയ്യപ്പ ഭക്തനായ തന്നെ ഇതൊന്നും കര്‍മപഥത്തില്‍ നിന്ന് പിന്‍തിരിപ്പിച്ചിട്ടില്ല. സന്നിധാനം എക്‌സ്‌ചേഞ്ചിനോട് ചേര്‍ന്നുള്ള ഒരു വന്‍മരത്തില്‍ കരടി തേന്‍ എടുക്കാന്‍ എത്തിയിരുന്നതിന് കൗതുകമുള്ള കാഴ്ചയായിരുന്നുവെന്ന് കൃഷ്ണകുമാര്‍ ഓര്‍ക്കുന്നു. മാവേലിക്കര സ്വദേശിയായ ഇദ്ദേഹം തിരുവല്ലയിലാണ് താമസിക്കുന്നത്. സര്‍വീസില്‍ നിന്ന് വിരമിച്ചാലും സീസണില്‍ ഇരുമുടിക്കെട്ടേന്തി തുടര്‍ച്ചയായ നാല്‍പ്പത്തിയേഴാമത്തെ മലകയറാന്‍ താന്‍ ഇനിയുമെത്തുമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.
ശബരീശ സന്നിധിയില്‍ രണ്ടു ദശാബ്ദം: കൃഷ്ണകുമാര്‍ മലയിറങ്ങുന്നത് ചാരിതാഥ്യത്തോടെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക