Image

പുതിയ ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു; ഐ ഗ്രൂപ്പിനു മുന്‍തൂക്കം

Published on 08 December, 2016
പുതിയ ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു; ഐ ഗ്രൂപ്പിനു മുന്‍തൂക്കം
ന്യൂഡല്‍ഹി: ഗ്രൂപ്പില്ലെന്നു വാദിക്കുമ്പോഴും ഗ്രൂപ്പുകള്‍ക്കു വീതംവച്ച് കേരളത്തിലെ എല്ലാ ജില്ലകളിലും പുതിയ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരെ എഐസിസി നിയമിച്ചു. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും അറുതിവരുത്തി ഇന്നലെ പ്രഖ്യാപിച്ച ജില്ലാ പ്രസിഡന്റുമാരില്‍ ഐ ഗ്രൂപ്പിനാണ് മേധാവിത്വം. 

എട്ടു പേര്‍ ഐ ഗ്രൂപ്പുകാരോ ഐ ഗ്രൂപ്പുമായി ആഭിമുഖ്യം പുലര്‍ത്തിയവരോ ആണ്. എ ഗ്രൂപ്പില്‍നിന്ന് അഞ്ചു പേര്‍ ജില്ലാ പ്രസിഡന്റുമാരായപ്പോള്‍ വി.എം. സുധീരന്റെ അടുപ്പക്കാരനായി മാറിയ ടി.എന്‍. പ്രതാപനും സ്ഥാനം നേടി. എല്ലാവരും പദവിയില്‍ പുതു മുഖങ്ങളാണ്. ഗ്രൂപ്പ് നോക്കാതെ, പുതുമുഖങ്ങള്‍ക്കും യുവജനങ്ങള്‍ക്കും പരിചയസമ്പന്നര്‍ക്കും മുന്‍ഗണന നല്‍കിയാണു പട്ടിക പ്രഖ്യാപിച്ചതെന്നാണു ഹൈക്കമാന്‍ഡിന്റെ വിശദീകരണം. എല്ലാ ജില്ലകളിലും പുതിയ നേതൃത്വവും പുതിയ ഉണര്‍വും ഉണ്ടാക്കുകയും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു പാര്‍ട്ടിയെ സജ്ജമാക്കുകയുമാണു ലക്ഷ്യം. ജാതി, മത സമവാക്യങ്ങളും വനിതാ പ്രാതിനിധ്യവും ഉറപ്പാക്കാനും നേതൃത്വം മറന്നില്ല. കൊല്ലത്തു മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണയെ നിയമിച്ചതു കോണ്‍ഗ്രസ് ചരിത്രത്തിലെ തന്നെ ഡിസിസി പ്രസിഡന്റുമാരിലെ അപൂര്‍വ വനിതാ സാന്നിധ്യമായി. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക