Image

ജനങ്ങളോട്‌ ഇത്രയും ക്രൂരത മറ്റൊരു പ്രധാനമന്ത്രിയും കാട്ടിയിട്ടില്ലെന്ന്‌ മമതാ ബാനര്‍ജി

Published on 08 December, 2016
ജനങ്ങളോട്‌ ഇത്രയും ക്രൂരത മറ്റൊരു പ്രധാനമന്ത്രിയും കാട്ടിയിട്ടില്ലെന്ന്‌  മമതാ ബാനര്‍ജി

കൊല്‍ക്കത്ത: നോട്ട്‌ നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ വീണ്ടും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. താനൊരു കടുവയാണെന്നും താന്‍ മാത്രമാണ്‌ ശരിയെന്നുമാണ്‌ മോദിയുടെ ഭാവമെന്ന്‌ മമത പറഞ്ഞു.

നോട്ടുകള്‍ പിന്‍വലിച്ച നടപടി കൊണ്ട്‌ ഗുണമുണ്ടായത്‌ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ അനുയായികളും മാത്രമാണെന്നും മമത കുറ്റപ്പെടുത്തി. മോദി രാജ്യത്തെ ജനങ്ങളോട്‌ കാട്ടിയ ക്രൂരത ഇന്ത്യയിലെ മറ്റൊരു പ്രധാനമന്ത്രിയും കാട്ടിയിട്ടുണ്ടാകില്ലെന്നും കൊല്‍ക്കത്തയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മമത ആരോപിച്ചു.

രാജ്യത്തെ ജനങ്ങളെക്കുറിച്ച്‌ പ്രധാനമന്ത്രിയ്‌ക്ക്‌  ഒരു ചിന്തയുമില്ല. പൊതുജനത്തിന്റെ പണമാണ്‌ കേന്ദ്രസര്‍ക്കാര്‍ പിടിച്ചുവെച്ചിരിക്കുന്നത്‌. എന്നാല്‍ എല്ലാ പണവും തന്റേതാണെന്നാണ്‌ മോദി കരുതുന്നു. നിലവിലെ പ്രധാനമന്ത്രിയുടെ കീഴില്‍ കേന്ദ്രഭരണം പൂര്‍ണമായും താളം തെറ്റിയിരിക്കുകയാണ്‌. നോട്ട്‌ നിരോധനത്തില്‍ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ ഒന്നും പറയുന്നില്ല. പ്രതിസന്ധി പരിഹരിക്കാന്‍തക്ക കറന്‍സികള്‍ എപ്പോള്‍ പുറത്തിറക്കുമെന്നും ആര്‍ക്കും അറിയില്ല, മമത കുറ്റപ്പെടുത്തി.


മോദി ചില ആലി ബാബമാരെ പോലെ എല്ലാം വളരെ രഹസ്യ സ്വഭാവത്തോടെയാണ്‌ നടപ്പാക്കിയത്‌. ഭരണഘടനാ പദവിയാണ്‌ താന്‍ വഹിക്കുന്നതെന്ന്‌ അദ്ദേഹം ഓര്‍ക്കണമെന്നും മമത പറഞ്ഞു.

 നാളെ എന്ത്‌ സംഭവിക്കുമെന്ന കാര്യത്തില്‍ ജനത്തിന്‌ ഒരു പിടിയുമില്ല. മോദിക്ക്‌ പ്രസംഗിക്കാനേ അറിയൂ. ആര്‍ക്കും ഉത്തരം നല്‍കുന്നില്ല. കഴിഞ്ഞ ഒരു മാസമായി ജനം നേരിടുന്ന നോട്ടുദുരിതത്തിന്റെ ഉത്തരവാദിത്വം മോദി ഏറ്റെടുക്കണമെന്നും മമത ആവശ്യപ്പെട്ടു.

നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിനു മുന്‍പ്‌ മോദി വിദഗ്‌ധരുടെ ഉപദേശം തേടിയിരുന്നില്ലെന്നും മമത കുറ്റപ്പെടുത്തി. മോദി സര്‍ക്കാരിന്റെ നോട്ടുനിരോധനത്തിനെതിരെ ഏറ്റവുമധികം പ്രതികരിച്ച രാജ്യത്തെ മുഖ്യമന്ത്രിമാരിലൊരാളാണ്‌ മമതാ ബാനര്‍ജി. വിഷയത്തില്‍ സി.പി.ഐ.എമ്മുമായി വരെ സഹകരിക്കാന്‍ തയ്യാറാണെന്ന്‌ മമത പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക