Image

രാജ്യത്ത്‌ അതിദാരുണമായ അവസ്‌ഥ ; മോദിയെ വിമര്‍ശിച്ച്‌ വീണ്ടും മന്‍മോഹന്‍ സിംഗ്‌

Published on 09 December, 2016
 രാജ്യത്ത്‌  അതിദാരുണമായ അവസ്‌ഥ ; മോദിയെ വിമര്‍ശിച്ച്‌ വീണ്ടും മന്‍മോഹന്‍ സിംഗ്‌



ന്യൂഡല്‍ഹി: നോട്ട്‌ നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ വീണ്ടും രംഗത്ത്‌. നോട്ട്‌ നിരോധനത്തിലൂടെ യുദ്ധകാലത്തേതിന്‌ സമാനമായ അവസ്‌ഥയാണ്‌ സംജാതമായിരിക്കുന്നതെന്നും രാജ്യത്തെ സാധാരണക്കാര്‍ അതിദാരുണമായ അവസ്‌ഥയിലാണെന്നും സാമ്പത്തിക വിദഗ്‌ധന്‍കൂടിയായ മന്‍മോഹന്‍ ആരോപിച്ചു. ഹിന്ദു ദിനപ്പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ്‌ മന്‍മോഹന്‍ നിലപാട്‌ വീണ്ടും വ്യക്‌തമാക്കിയത്‌.

അത്ഭുതപ്പെടുത്തുന്നതോ ബുദ്ധിപരമായ ആയ നീക്കമായിരുന്നില്ല നോട്ട്‌ നിരോധനം. മറ്റ്‌ രാജ്യങ്ങളെ സംബന്ധിച്ച്‌ നോട്ട്‌ നിരോധനമെന്ന പ്രക്രിയ വളരെയേറെ വെല്ലുവിളിയാകുമെങ്കില്‍ ജനസംഖ്യ ഇത്രയധികമുള്ള ഇന്ത്യയ്‌ക്ക്‌ അതിന്റെ രണ്ടിരട്ടിയാണ്‌ പ്രശ്‌നങ്ങള്‍. 

എല്ലായിടത്തും ആവശ്യമായ സമയം അനുവദിച്ച്‌ കൊടുത്തതിന്‌ ശേഷം മാത്രം നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ ഇന്ത്യയില്‍ പൊടുന്നനെ അര്‍ധരാത്രിയിലാണ്‌ തീരുമാനമുണ്ടായത്‌. രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ അവരുടെ ദൈനംദിന ചെലവുകള്‍ക്കായുളള പണത്തിന്‌ മണിക്കൂറുകളോളം ക്യൂ നില്‍ക്കുക, തികച്ചും ഹൃദയഭേദകമായ കാഴ്‌ച തന്നെയാണിത്‌. മുന്‍പ്‌ യുദ്ധകാലങ്ങളില്‍ ആയിരുന്നു കുടിവെള്ളത്തിനും ഭക്ഷണത്തിനുമായി ജനങ്ങള്‍ ഇത്രയേറെ കാത്തുനില്‍ക്കേണ്ടി വന്നിട്ടുളളത്‌ മന്‍മോഹന്‍ ലേഖനത്തില്‍ വ്യക്‌തമാക്കി.

ഞാനൊരിക്കലും ചിന്തിച്ചിരുന്നില്ല, എന്റെ രാജ്യത്തെ ജനങ്ങള്‍ക്ക്‌ ദിവസേനയുളള ചെലവുകള്‍ക്കായി റേഷന്‍ കണക്കില്‍ വിതരണം ചെയ്യുന്ന പണത്തിനായി ഇങ്ങനെ ക്യൂ നില്‍ക്കേണ്ടി വരുമെന്ന്‌. രാജ്യത്തെ വലിയ സമ്പദ്‌ വ്യവസ്‌ഥയ്‌ക്ക്‌ ഇതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരും. കള്ളപ്പണം രാജ്യത്തെ പ്രധാന പ്രശ്‌നം തന്നെയാണ്‌.

വര്‍ഷങ്ങളായി ഇത്തരത്തില്‍ കള്ളപ്പണം സമ്പാദിക്കുന്നവര്‍ അത്‌ സ്‌ഥലമായിട്ടോ, സ്വര്‍ണമായിട്ടോ, മറ്റ്‌ രാജ്യങ്ങളിലെ നിക്ഷേപമായിട്ടോ മാറ്റുകയാണ്‌ ചെയ്യാറുളളത്‌. കള്ളപ്പണത്തിനെതിരെന്ന പേരില്‍ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം അതിദാരുണമായ അവസ്‌ഥയാണ്‌ ഉണ്ടാക്കിയതെന്നും മന്‍മോഹന്‍ ആരോപിക്കുന്നു.

നേരത്തെ പാര്‍ലമെന്റിലും മന്‍മോഹന്‍ മോദിക്കെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക