Image

ഹാപ്പി ക്രിസ്മസ് (പ്രേമ അബ്രഹാം മാന്തുരുത്തില്‍)

പ്രേമ അബ്രഹാം മാന്തുരുത്തില്‍ Published on 09 December, 2016
ഹാപ്പി ക്രിസ്മസ് (പ്രേമ അബ്രഹാം മാന്തുരുത്തില്‍)
അമേരിക്കയില്‍ ആരും ഹാപ്പി ക്രിസ്മസ് ആശംസിക്കാറില്ല, പകരം വളരെ നയതന്ത്രപരമായി ഹാപ്പി ഹോളിഡേസ് എന്നാണ് ആശംസിക്കുക. ഇത് ഒരു മതവിഭാഗത്തിനും മുന്‍തൂക്കം കൊടുക്കാതെ ഒത്തൊരുമിച്ചു പോകാനുള്ളൊരു ഉപാധിയെന്നു പൊതുധാരണ.
എന്നാല്‍ നാട്ടില്‍ കുട്ടികളുടെ സ്‌ക്കൂള്‍ പരീക്ഷകള്‍ പോലും ഓണവും ക്രിസ്മസും ചേര്‍ത്താണ് പറയുക. ഇവ ആഘോഷിക്കാനാകട്ടെ, ഏതാണ്ട് ഏഴെട്ടു ദിവസത്തെ അവധിയും.
എന്റെ ബാല്യത്തില്‍ മാര്‍ച്ചു മാസം, ആണ്ടവസാന പരീക്ഷയുടെ കാലമാണ്. പരീക്ഷ കഴിഞ്ഞ് പോരുമ്പോള്‍ റോഡിലാകെ ദ്രുതഗതിയിലുള്ള പി.ഡബ്ല്യൂ.ഡി. ടാറിങ്ങ് മുന്നേറുകയായി. ഡിസംബര്‍ ആകട്ടെ ക്രിസ്മസ് പരീക്ഷയുടെ കാലം; റോഡരുകിലുള്ള കടകളൊക്കെ വര്‍ണ്ണ ശബളം. തൂങ്ങിയാടുന്ന പല നിറത്തിലുള്ള നക്ഷത്രങ്ങള്‍, ചൈനീസ് വിളക്കുകള്‍, പിന്നെ സ്റ്റാളുകളില്‍ നിരത്തിവച്ച പല ഇനം ക്രിസ്മസ് നവവത്സരകാര്‍ഡുകള്‍.

ക്രിസ്മസിന്റെ ആദ്യ ഒരുക്കം വീട്ടിലെ മുതിര്‍ന്ന കുട്ടികള്‍ ഒത്തുകൂടി ഉണ്ടാക്കുന്ന വലിയ നക്ഷത്രമാണ്. അതിനായി പലവഴിക്ക് പോയി അവര്‍ ഓലമടലും, പട്ടികയും ഒക്കെ സംഘടിപ്പിക്കും. പിന്നെ റീപ്പറുകളില്‍ വര്‍ണ്ണകടലാസ് ഒട്ടിച്ച് നക്ഷത്രം ഒരുക്കും. വയറു വലിച്ച് അതിനുള്ളില്‍ ബള്‍ബു പ്രകാശിപ്പിച്ച്, മുറ്റത്തെ മാവിന്റെ ഉയരത്തിലുള്ള ശിഖരത്തില്‍ തൂക്കുന്നതോടെ അവരുടെ കൈവിരുതും, കലയും പ്രകടമാകും.

പിന്നെയുള്ളത് ക്രിസ്മസ് ട്രീ. എറണാകുളത്ത് അന്നത്തെ ഹൈക്കോടതി വളപ്പില്‍ ധാരാളം ചൂളമരങ്ങളുണ്ടായിരുന്നു. അവിടെ നിന്ന് ഒത്ത ഒരു കമ്പുവെട്ടി, ചെറു അലങ്കാരങ്ങള്‍, ബലൂണ്‍, പല നിറത്തിലുള്ള തോരണങ്ങള്‍, നക്ഷത്രങ്ങള്‍, ഗോളങ്ങള്‍ എന്നിവയൊക്കെ ചാര്‍ത്തി ട്രീ ഒരുക്കി, അതിനടുത്തായി ഒരു ചെറിയ പുല്‍ക്കൂടും ഒരുക്കുന്നതോടെ സന്നാഹങ്ങള്‍ പൂര്‍ത്തിയാകും.
എന്റെ അമ്മ വീട്ടിലും മറ്റും, മുറ്റത്ത് ഏറ്റവും കണ്ണെത്തുന്നിടത്ത് ഒരു വലിയ ചുമന്ന ചെത്തിയുണ്ടാവും. അതുകൊണ്ട് പ്രത്യേകിച്ച് ഒരു ട്രീ തേടി പോവേണ്ട. അതി•േല്‍ തന്നെയാവും ട്രീ ഒരുക്കുക.
അന്നൊക്കെ എറണാകുളത്ത് ക്രിസ്മസ് കാലത്ത് ചെറുപ്പക്കാര്‍ കൂട്ടമായി പപ്പാനി കളിക്കാനിറങ്ങുമായിരുന്നു. ചുവന്ന കുപ്പായമണിഞ്ഞ പപ്പാനിയെ കൂടാതെ ഒരു സായിപ്പും, മദാമ്മയും കൂടെ ഉണ്ടാവും. അവര്‍ നടക്കേക്കിറങ്ങി, ഹോളിവുഡ് സ്‌റ്റൈലില്‍ ചില ഡാന്‍സുകള്‍ കളിക്കും. ഹാപ്പി ക്രിസ്മസ് പാടി പിരിവുമെടുത്തു അടുത്ത വീട്ടിലേക്ക് പോകും മുമ്പേ അന്നത്തേ സിനിമാ പാട്ടുകളുടെ പരാഡികളും പാടിതകര്‍ക്കാന്‍ അവര്‍ മറന്നിരുന്നില്ല. ഒരിക്കല്‍ പാരഡിയില്‍ ലേശം അശ്ലീലചുവ കയറിയതും, തികച്ചും ഒരു ഹിറ്റ്‌ലര്‍ ആയിരുന്ന എന്റെ പിതാവ് അവരെ ഓടിച്ചതും ഓര്‍ത്തുപോവുന്നു.

നാട്ടിന്‍ പുറങ്ങളിലാകട്ടെ, കരോള്‍ പാടുന്നത് വെറും പിള്ളകളിയായിരുന്നില്ല; കരോള്‍ സംഘം പള്ളിയില്‍ നിന്നും മറ്റുമുള്ള കൂട്ടരായിരുന്നു. മഞ്ഞത്ത് തലയില്‍ മഫഌുമൊക്കെ കെട്ടി, ഷാളും പുതച്ചു വന്നിരുന്ന അവര്‍ പാടിയത് എപ്പോഴും ക്രിസ്തീയ ഗീതങ്ങള്‍. അവസാനം ഹാപ്പി ക്രിസ്മസ് ആശംസിക്കുന്നതോടെ വീട്ടുകാര്‍ അവര്‍ക്ക് ആവി പറക്കുന്ന കട്ടനും കടിയും കൊടുത്ത് സല്‍ക്കരിച്ചു. സന്തോഷസൂചകമായി തന്നതൊക്കെ വാങ്ങി അവര്‍ മടങ്ങി ഏറെ കഴിഞ്ഞ്, സംഘത്തില്‍പെട്ട കൊച്ചു പയ്യന്‍ തന്റെ ഇളം തിണ്ണയില്‍ സുഖമായി നിദ്രകൊള്ളുന്നതു കണ്ട്, വീട്ടുകാരന്‍ 'ഇവനെകൂടെ കൊണ്ടുപോകിന്‍' എന്ന് കൂവി വിളിച്ച് സംഘത്തിനു പുറകേ ഓടിയത് അന്നത്തെ ഒരു കഥ.

ഒരിക്കല്‍ ക്രിസ്മസ് കരോളിനെപ്പറ്റി സംസാരിക്കവേ, ഒരു മാന്യ വ്യക്തി ഒരു രഹസ്യം പങ്കിട്ടു. കൊച്ചു നാളില്‍ ഇംഗ്ലീഷ് ഒന്നും പിടികിട്ടിയിരുന്നില്ല. ഗായകസംഘം പാട്ട് അവസാനിക്കുമ്പോള്‍ 'ഹാപ്പി ക്രിസ്മസ്', 'മെറി ക്രിസ്മസ്' എന്നൊക്കെ പറഞ്ഞിരുന്നു. അയാള്‍ മനസ്സിലാക്കിയത്. മേരി ക്രിസ്മസ്, മേരിയാണല്ലോ പുല്‍കൂട്ടിലെ ഒരു പ്രധാന വ്യക്തി. പിന്നെ ഹാപ്പി എന്നത് കാപ്പിയായി പരിണമിച്ചു. കാപ്പി കുടിച്ചാണല്ലോ കാരള്‍ സംഘം പിരിയുന്നത്. അഞ്ചാം ക്ലാസില്‍ ഇംഗ്ലീഷ് പഠനം തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ പിടികിട്ടിപോലും!

മഞ്ഞത്ത് ചൂട്ടുകറ്റയുമായി, സംഘങ്ങളായി പള്ളിയിലേക്കുള്ള പുറപ്പാട്. രാവിലെ നല്ല നാടന്‍ കള്ളു ചേര്‍ത്തുണ്ടാക്കിയ വെള്ളയപ്പവും, നാടന്‍ കോഴികൊണ്ടുള്ള മപ്പാസും, പ്രാതല്‍ കഴിഞ്ഞ് എല്ലാവരും ഒരുമിച്ചിരുന്ന് മുറിക്കുന്ന റൊസാരിയോസിന്റെ പ്ലം കെയിക്ക്.

പോയ വര്‍ഷങ്ങളുടെ വിടവില്‍കൂടി നോക്കുമ്പോള്‍ അന്നത്തെ പ്രാതലിന് രുചിയും പ്രിയവുമേറുന്നു.
മഞ്ഞു പെയ്യുന്ന, മാവ് പൂക്കുന്ന, ശരണം വിളികള്‍ മാറ്റൊലി കൊള്ളുന്ന മകര മാസ ഓര്‍മ്മകള്‍...


ഹാപ്പി ക്രിസ്മസ് (പ്രേമ അബ്രഹാം മാന്തുരുത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക