Image

സുധീരന്‍ 'ക്ലീനാക്കി'യ ഡി.സി.സി പ്രസിഡന്റ് അവരോധിക്കല്‍ (എ.എസ് ശ്രീകുമാര്‍)

Published on 09 December, 2016
സുധീരന്‍ 'ക്ലീനാക്കി'യ ഡി.സി.സി പ്രസിഡന്റ് അവരോധിക്കല്‍ (എ.എസ് ശ്രീകുമാര്‍)
കേരളത്തിലെ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്മാരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തു കഴിഞ്ഞപ്പോള്‍ എമ്പിടി പരാതികളും പരിഭവങ്ങളും ആഹ്ലാദവും അസൂയയുമൊക്കെ അകമ്പടിയുണ്ട്. എല്ലാ വിഭാഗക്കാര്‍ക്കും വേണ്ടി, അങ്കം ജയിച്ച മട്ടിലുള്ള കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ സന്തോഷ വര്‍ത്തമാനം കേള്‍ക്കാം... ''ഗ്രൂപ്പുകളൊക്കെ നിലവിലുണ്ടായിരുന്നു, ഇപ്പോഴും നിലവിലുണ്ട് എന്ന കാര്യത്തിലൊന്നും സംശയമില്ല. പക്ഷേ ഈ പട്ടിക ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ അടിസ്ഥാനത്തിലുള്ള പങ്കുവയ്പാണെന്ന് ആരും പറയില്ല. വന്ന ആളുകളുടെ മെറിറ്റാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായിട്ടുള്ളത് എ.ഐ.സി.സിയുടെ സെലക്ഷനാണ്. ഏതെങ്കിലും പ്രത്യേക വിഭാഗത്തില്‍ നേരത്തെ പ്രവര്‍ത്തിച്ചുവെന്നതോ ഇപ്പോള്‍ അങ്ങനെ നില്‍ക്കുന്നു എന്നതോ ഒരു അപാകതയായി ആരും കാണുന്നില്ല. പക്ഷേ, അതിനെക്കാളൊക്കെ ഉപരിയായി പാര്‍ട്ടിയാണ് പ്രധാനം. പാര്‍ട്ടിക്കാണ് പ്രാധാന്യം. പാര്‍ട്ടി താത്പര്യങ്ങള്‍ അനുസരിച്ച് മുന്നോട്ടു നീങ്ങും...''

സംസ്ഥാന കോണ്‍ഗ്രസിലെ പുതുതലമുറ ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനങ്ങളില്‍ പ്രകടമായത് പ്രബലമായ ഗ്രൂപ്പ് സംവിധാനങ്ങളെ മറികടന്നുകൊണ്ടുള്ള വി.എം സുധീരന്റെ ശക്തി കേന്ദ്രീകരണമാണ്. ഡി.സി.സി പ്രസിഡന്റുമാരെ നിശ്ചയിക്കും മുമ്പ് ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വി.എം സുധീരന്‍ എന്നിവരുമായി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തിയിരുന്നു. ഇതേപ്പറ്റി തീരുമാനമെടുക്കാന്‍ 21 അംഗ രാഷ്ട്രീയകാര്യ സമിതിയെ മുന്‍കൂട്ടി നിയോഗിക്കുകയുണ്ടായി. കേരളത്തില്‍ സമവായമുണ്ടാക്കി പട്ടിക തയ്യാറാക്കുന്ന പതിവ് കലാപരിപാടിക്ക് വിരുദ്ധമായി രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങളില്‍ നിന്ന് പേരുകള്‍ വാങ്ങിയായിരുന്നു മാരത്തോണ്‍ ചര്‍ച്ചകള്‍. എന്നാല്‍ സംസ്ഥാനത്ത് കാര്യമായ സ്വാധീനമില്ലെങ്കില്‍ കൂടി ഈ പുനഃസംഘടനയില്‍ സുധീരന് ലഭിച്ച മേല്‍ക്കൈ സോകോള്‍ഡ് ഗ്രൂപ്പ് നേതാക്കളെ അങ്കലാപ്പിലാക്കിയിരിക്കുന്നുവെന്നാണ് മനസിലാക്കേണ്ടത്. വിദേശത്തായതിനാല്‍ ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പ്രതികരണങ്ങള്‍ തല്‍സമയം ലഭ്യമായതുമില്ല.

ഗ്രൂപ്പ്, പ്രായം, പ്രവര്‍ത്തന മികവ്, സമുദായം, വനിതാ പ്രാതിനിധ്യം തുടങ്ങിയ മാനദണ്ഡങ്ങള്‍ വച്ച് ഡി.സി.സി പ്രസിഡന്റുമാരെ നിശ്ചയിച്ചപ്പോള്‍ നിലവിലുള്ള പ്രസിഡന്റുമാരെ ആരെയും പരിഗണിച്ചില്ല എന്നത് ഈ പുനഃസംഘടനയുടെ ഇതുവരെയില്ലാത്ത ചരിത്രപരമായ പ്രത്യേകതയാണ്. എ.കെ ആന്റണി അദൃശ്യനായി നിന്ന് എല്ലാം നിയന്ത്രിച്ചു. ഉമ്മന്‍ ചാണ്ടിയും 'എ' ഗ്രൂപ്പും നിഷ്പ്രഭരായി. ഈ നിയമനങ്ങളിലെ ഗ്രൂപ്പ്, സമുദായ സമവാക്യങ്ങള്‍ പരിശോധിക്കേണ്ടതാണ്. എട്ട് ഡി.സി.സികള്‍ 'ഐ' ഗ്രൂപ്പിനും നാലെണ്ണം 'എ' ഗ്രൂപ്പിനും ലഭിച്ചപ്പോള്‍ രണ്ട് ജില്ലകള്‍ വ്യക്തമായും വി.എം സുധീരന്റെ അക്കൗണ്ടില്‍ പോയി. മാത്രമല്ല മറ്റ് പല ജില്ലകളില്‍ നിയമിക്കപ്പെട്ടവരും സുധീരന്റെ ഇഷ്ട നോമിനികളാണ്.

തിരുവനന്തപുരം (നെയ്യാറ്റിന്‍കര സനല്‍), കൊല്ലം (ബിന്ദു കൃഷ്ണ), ആലപ്പുഴ (എം ലിജു), എറണാകുളം (ടി.ജെ വിനോദ്), ഇടുക്കി (ഇബ്രാഹിം കുട്ടി കല്ലാര്‍), വയനാട് (ഐ.സി ബാലകൃഷ്ണന്‍), കണ്ണൂര്‍ (സതീശന്‍ പാച്ചേനി), പാലക്കാട് (വി.കെ ശ്രീകണ്ഠന്‍) എന്നീ ജില്ലകളാണ് 'ഐ' ഗ്രൂപ്പ് സ്വന്തമാക്കിയിരിക്കുന്നത്. പത്തനംതിട്ട (ബാബു ജോര്‍ജ്), കോട്ടയം (ജോഷി ഫിലിപ്പ്), കോഴിക്കോട് (ടി സിദ്ദിഖ്), കാസര്‍കോട് (ഹക്കീം കുന്നേല്‍) എന്നീ ജില്ലകള്‍ കൊണ്ട് 'എ' ഗ്രൂപ്പ് സംതൃപ്തിപ്പെട്ടു. തൃശൂര്‍ (ടി.എന്‍ പ്രതാപന്‍), മലപ്പുറം (വി.വി പ്രകാശ്) ജില്ലകള്‍ സുധീരന്റെ പോക്കറ്റിലുമായി. ബിന്ദു കൃഷ്ണയും നെയ്യാറ്റിന്‍കര സനലും ഗ്രൂപ്പിനപ്പുറം സുധീരനുമായി ഊഷ്മള ബന്ധം പുലര്‍ത്തുന്നവരാണ്.

നെയ്യാറ്റിന്‍കര സനല്‍, വി.കെ ശ്രീകണ്ഠന്‍, വി.വി പ്രകാശ് എന്നിവര്‍ നായര്‍ സമുദായത്തില്‍ പെട്ടവരും, ബിന്ദു കൃഷ്ണ, എം ലിജു എന്നിവര്‍ ഈഴവരും, ഇബ്രാഹിം കുട്ടി കല്ലാര്‍, ടി. സിദ്ദിഖ്, ഹക്കീം കുന്നേല്‍ എന്നിവര്‍ മുസ്ലീം വിഭാഗത്തില്‍ പെട്ടവരും, ഐ.സി ബാലകൃഷ്ണന്‍, സതീശന്‍ പാച്ചേനി എന്നിവര്‍ പട്ടിക വിഭാഗക്കാരും, ടി.ജെ വിനോദ് ലത്തീന്‍ സമുദായാംഗവും, ബാബു ജോര്‍ജ് ഓര്‍ത്തഡോക്‌സും, ജോഷി ഫിലിപ്പ് റോമന്‍ കത്തോലിക്കാ സഭക്കാരനുമാണ്. ധീവര സമുദായാംഗമാണ് ടി.എന്‍ പ്രതാപന്‍. അതേ സമയം കോണ്‍ഗ്രസിനെ എക്കാലവും പിന്തുണച്ചിരുന്ന യാക്കോബായ വിഭാഗത്തെ പരിഗണിക്കാത്തതില്‍ ചില നേതാക്കള്‍ക്ക് ശക്തമായ പരാതിയുണ്ട്. ഇനി പ്രായത്തിന്റെ കാര്യമെടുത്താല്‍ ടി.എന്‍ പ്രതാപനൊഴികെ ബാക്കിയെല്ലാവരും അന്‍പതു വയസില്‍ താഴെയുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്. ബിന്ദു കൃഷ്ണയാല്‍ വനിതാ പ്രാതിനിധ്യത്തിനും പരിഹാരമായി.

മാസങ്ങള്‍ നീണ്ട കൂടിയാലോചനകള്‍ക്കൊടുവിലാണ് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റുമാരുടെ പട്ടിക കഴിഞ്ഞ ദിവസം പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി പ്രഖ്യാപിച്ചത്. തന്റെ വിശ്വസ്തരായ പി.സി വിഷ്ണുനാഥിനെ കൊല്ലത്തും ഡീന്‍ കുര്യാക്കോസിനെ ഇടുക്കിയിലും പരിഗണിക്കാതെ അപ്പാടെ തഴഞ്ഞത് ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ചിടത്തോളം കനത്ത നഷ്ടമാണ്. ഈ പുനഃസംഘടനയില്‍ 'എ' ഗ്രൂപ്പിന്റെ പക്കല്‍ നിന്ന് കൊല്ലം, ഇടുക്കി ജില്ലകള്‍ 'ഐ' ഗ്രൂപ്പിന് കിട്ടി. തൃശൂര്‍, മലപ്പുറം ജില്ലകളും 'എ' ക്കാര്‍ക്ക് നഷ്ടപ്പെട്ടു. മലപ്പുറത്തെ നിയുക്ത ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് 'എ'ഗ്രൂപ്പുകാരനായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്താണ് അദ്ദേഹം ഉമ്മന്‍ ചാണ്ടിയുമായി അകന്നത്. കണ്ണൂരില്‍ പ്രസിഡന്റായ സതീശന്‍ പാച്ചേനിയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്താണ് 'എ' ഗ്രൂപ്പില്‍ നിന്ന് 'ഐ' ഗ്രൂപ്പിലേയ്ക്ക് ചേക്കേറിയത്. പാര്‍ലമെന്ററി രംഗത്ത് സജീവമായി നില്‍ക്കുന്നവരെയും ജില്ലാ പ്രസിഡന്റുമാരായി പരിഗണിച്ചത് മറ്റൊരു പ്രത്യേകതയാണ്. നിയമസഭാംഗമായ ഐ.സി ബാലകൃഷ്ണന്‍, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കൊച്ചി ഡെപ്യൂട്ടി മേയര്‍ ടി.ജെ വിനോദ് എന്നിവര്‍ ഈ ഗണത്തില്‍ പെടുന്നവരാണ്.

ഇതിനിടെ ഹൈക്കമാന്‍ഡ് തീരുമാനത്തെ പരസ്യമായി തള്ളിപ്പറയുന്നില്ലെങ്കിലും എ, ഐ ഗ്രൂപ്പുകള്‍ക്ക് ഈ നിയമനങ്ങളില്‍ പരാതിയുണ്ട്. സംഘടനാ രംഗത്ത് മികച്ച കാര്യശേഷിയും വ്യക്തി പ്രഭാവവുമുള്ളവരെയും പാടേ അവഗണിച്ചുവെന്നാണ് ഒരു ആരോപണം. പക്ഷേ തൃശൂരില്‍ എ, ഐ ഗ്രൂപ്പുകള്‍ കൈ കോര്‍ത്തുകൊണ്ട്, ജില്ലാ അധ്യക്ഷനാവാന്‍ നറുക്കുവീണ ടി.എന്‍ പ്രതാപനെതിരെ പടപ്പുറപ്പാട് നടത്തുന്നുവെന്നതാണ് കൗതുകകരമായ വാര്‍ത്ത. ഒരു കാലത്ത് ലീഡര്‍ കെ. കരുണാകരന്റെയും 'ഐ' ഗ്രൂപ്പിന്റെയും ശക്തമായ കോട്ടയായിരുന്നു തൃശൂര്‍. പിന്നീട് 2013ല്‍ 'ഐ'ക്കാരെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തി അബ്ദു  റഹ്മാന്‍ കുട്ടിയിലൂടെ 'എ' ഗ്രൂപ്പ് ജില്ല പിടിച്ചെടുത്തു. അന്ന് പട്ടികയിലുണ്ടായിരുന്ന വി. ബല്‍റാം, തേറമ്പില്‍ രാമകൃഷ്ണന്‍ എന്നിവരുടെ ആരോഗ്യ നില വഷളായിയെന്ന് പ്രചരിപ്പിച്ച് പി.സി ചാക്കോയാണ് 'എ' ഗ്രൂപ്പിനു വേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞ് നേടിയത്.

അതേ തന്ത്രം പയറ്റിക്കൊണ്ടാണിപ്പോള്‍ ടി.എന്‍ പ്രതാപന്‍ മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണനെ മലര്‍ത്തിയടിച്ചിരിക്കുന്നതെന്നോര്‍ക്കുക. ജില്ല 'എ' വിഭാഗത്തില്‍ നിന്ന് തിരിച്ചു പിടിക്കാന്‍ 'ഐ' വിഭാഗം മുതിര്‍ന്ന നേതാക്കള്‍ രംഗത്തിറങ്ങിയിരുന്നു. എന്നാല്‍ ഇരു കൂട്ടരുടെയും കണക്കു കൂട്ടലുകള്‍ തെറ്റിച്ച് , അവരെ അട്ടിമറിച്ച് പ്രതാപന്‍ അവതരിക്കുകയായിരുന്നു. സി.എന്‍ ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ ഡി.സി.സി പ്രസിഡന്റ് പദത്തിനായി ആഞ്ഞു കളിച്ചെങ്കിലും വി.എം സുധീരന്റെ ആശീര്‍വാദത്തോടെ പ്രതാപന്റെ 'ഡല്‍ഹി ഓപ്പറേഷന്‍' ഫലം കണ്ടു. തദ്ദേശ ഇലക്ഷനിലും നിയസഭാ തിരഞ്ഞെടുപ്പിലും ഇടക്കാല തിരഞ്ഞെടുപ്പിലുമൊക്കെയുണ്ടായ കോണ്‍ഗ്രസിന്റെ കനത്ത പരാജയം മൂലം ജില്ലാ ഭരണം കൈയാളിയിരുന്ന 'എ' ഗ്രൂപ്പിന്റെ പ്രതിഛായയ്ക്ക് മങ്ങലേറ്റിരുന്നു. ഇവിടെ ഈയിടെ നടന്ന ഗ്രൂപ്പ് കൊലപാതകങ്ങളും പ്രതാപന്‍ കളമറിഞ്ഞ് ആയുധമാക്കി. എന്നാല്‍ അഴിമതി വിരുദ്ധനായ പ്രതാപനെതിരെയുള്ള അഴിമതി ആരോപണങ്ങളും ചില കേസുകളും ഉപയോഗിച്ച് അദ്ദേഹത്തെ ആക്രമിക്കാന്‍ കച്ചകെട്ടിയിരിക്കുകയാണ് എ.ഐ ഗ്രൂപ്പുകള്‍. ഏതായാലും ഗ്രൂപ്പ് രാഷ്ട്രീയത്തിന് ശക്തമായ സ്വാധീനമുള്ള കേരളത്തില്‍ ഈ പുനഃസംഘടന കോണ്‍ഗ്രസിന് എപ്രകാരം ഗുണകരമാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

സുധീരന്‍ 'ക്ലീനാക്കി'യ ഡി.സി.സി പ്രസിഡന്റ് അവരോധിക്കല്‍ (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക