Image

നോട്ടു മാറ്റവും നാട്ടുകാരുടെ നെട്ടോട്ടവും (മണ്ണിക്കരോട്ട്)

Published on 09 December, 2016
നോട്ടു മാറ്റവും നാട്ടുകാരുടെ നെട്ടോട്ടവും (മണ്ണിക്കരോട്ട്)
രണ്ടു ദിവസം കഴിഞ്ഞ് സ്വന്തം ഗ്രാമത്തില്‍ പോകണം. പിന്നെ അതിനുള്ള തയ്യാറെടുപ്പായിരുന്നു. അതുവരെ തിരുവന്തപുരത്ത് താമസിച്ചു. പതിവുപോലെ ഈ വര്‍ഷവും നാട്ടിലെത്തിയതാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തെ പോക്കിന് പ്രത്യേക കാരണവുമുണ്ടായിരുന്നു. ഭാര്യയുടെ നേത്രചികിത്സയായിരുന്നു പ്രധാനം. അവിടെയും ഒന്നു പരീക്ഷിയ്ക്കാമെന്നുവച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് യാത്രയ്ക്ക് ഡോക്ടറുടെ അനുവാദമുണ്ടായത്.

പിന്നെ സ്വന്തം നാട്ടില്‍ പോകുന്നത് പണ്ടുള്ളവര്‍ പറയുന്നതപോലെ ‘കയ്യുംവീശി’ ആവരുതല്ലോ. പ്രത്യേകിച്ച് അമേരിക്കയില്‍നിന്നു ചെല്ലുന്നത്. സ്‌നേഹമൊക്കെ ശരിതന്നെ. പക്ഷെ ‘കയ്യിലൊന്നുമില്ലാതെ’ ചെന്നാല്‍? ഹേ! ഞാന്‍ വെറുതെ ആവശ്യമില്ലാത്തതൊക്കെ ചിന്തിക്കുന്നു? എന്തായാലും ഒരുക്കത്തിന്റെ തുടക്കമായി ബാങ്കില്‍നിന്ന് ആവശ്യത്തിന് പണമെടുത്തു, നവംബര്‍ ഏഴിന്. ഒരു പ്രശ്‌നവുമില്ല. മാനേജര്‍ സഹായിച്ചു. ജീവനക്കാര്‍ സൗമ്യമായി പെരുമാറി. എന്തെളുപ്പം? എത്ര സൗകര്യം? അടുത്ത ദിവസം പോകുകതന്നെ.

നേരം ഇരുണ്ടുവെളുത്തു. ഒറ്റ രാത്രികൊണ്ട് ഇന്ത്യയുടെ അന്തരീഷം ആകെ തകിടം മറിഞ്ഞിരിക്കുന്നു. എന്തൊരു മാറ്റം? ജനിച്ചു വളര്‍ന്ന ഇന്ത്യ മറ്റൊന്നായി മാറിയിരിക്കുന്നതുപോലെ. ഇന്നലെത്തെ പണത്തിന് ഇന്ന് വിലയില്ലാതായിരിക്കുന്നു (500/1000 രൂപ നോട്ടുകള്‍). എവിടെത്തിരിഞ്ഞാലും ഇതുതന്നെ സംസാരം. പത്രങ്ങളില്‍ വലിയ അക്ഷരത്തില്‍ തലക്കെട്ട്, ‘അസാധു’. ടെലിവിഷനില്‍ ഇതുതന്നെ പ്രധാന വാര്‍ത്തയും ചര്‍ച്ചയും. ജനങ്ങളില്‍ മുമ്പൊരിക്കലും ഉണ്ടാകാത്ത ഭീതിയും പരിഭ്രാന്തിയും. എന്താണ് സംഭവിക്കുന്നതെന്നും സംഭവിക്കാന്‍ പോകുന്നതെന്നും അറിയാത്ത ആകുലതയും ഇത്ക്കണ്ഠയും. ഞാന്‍ താമസിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാരുടെ സംസാരവിഷയവും അതുതന്നെ.

എങ്കിലും സാരമില്ല; ഞാന്‍ വിചാരിച്ചു. ഇന്നലെ ബാങ്കില്‍നിന്നെടുത്ത ചെറിയ തുക അതുപോലെ തിരിച്ചടച്ച് പുതിയ നോട്ടുകള്‍ വാങ്ങാം. ഒന്നും കള്ളപ്പണവുമല്ല. യാത്രയും തുടരാം. അപ്പോഴാണ് ഹോട്ടല്‍ ജീവനക്കാരുടെ മുന്നറിയിപ്പ് ‘ഇന്ന് ബാങ്കിലോ എ. ടി.എം.-ലൊ പോയിട്ടു കാര്യമില്ല. എല്ലായിടത്തും നീണ്ട വരിയാണ്’(ക്യു). പലരും രണ്ടുമൂന്നു മണിക്കൂര്‍ വരിനിന്ന് പരാജിതരായി മടങ്ങിയവരാണ്. അപ്പോഴാണ് വാസ്തവത്തില്‍ കാര്യത്തിന്റെ ഗൗരവം കുറച്ചെങ്കിലും മനസ്സിലാകുന്നത്. ബാങ്ക് മാനേജരെ വിളിച്ച് ഒന്നു ശ്രമിച്ചുനോക്കാം. പല ശ്രമം കഴിഞ്ഞപ്പോള്‍ അദ്ദേഹവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞു. അവിടെനിന്നും അതേ മറുപടി. ഇന്നിങ്ങോട്ടു വരികയേ വേണ്ട. രണ്ടുമൂന്നു ദിവസമെങ്കിലും കഴിയട്ടേ. കാര്യത്തിന്റെ കാഠിന്യം ശരിക്കും മനസ്സിലാകാന്‍ തുടങ്ങി.

ഇനിയും എന്തുചെയ്യാന്‍? വളരെ ആഗ്രഹത്തോടെ തയ്യാറെടുത്തിരുന്ന ജന്മസ്ഥലത്തേക്കുള്ള യാത്ര. മാത്രമല്ല തിരികെ മടങ്ങാനുള്ള സമയവും അടുത്തുവരുന്നു. എന്തായാലും ആ യാത്ര അവിടെ ഉപേക്ഷിക്കേണ്ടതായി വന്നു. ഇനിയും ഉള്ള സമയം വേണ്ടതുപോലെ ഉപയോഗിക്കാം. റദ്ദാക്കിയ നോട്ടുകള്‍ രണ്ടു ദിവസംകൂടി ഉപയോഗിക്കാമെന്നാണ് ഉത്തരവ്. കുറച്ചു പണവുമായി ഷോപ്പിംഗ് എന്ന സമയംകൊല്ലിക്ക് ഇറങ്ങി. നേത്ര ചികിത്സയ്ക്കുവേണ്ടുന്ന കുറെ മരുന്നകള്‍ വാങ്ങിയ്ക്കാനുമുണ്ട്. പക്ഷെ ആരും പഴയ നോട്ടുകള്‍ സ്വീകരിക്കുന്നില്ല. മെഡിക്കല്‍ ഷോപ്പുകളിലും മറ്റ് ചെറിയ കടകളിലും ക്രെഡിറ്റ് കാറ്ഡ് എടുക്കാനുള്ള സംവിദാനമില്ല. ചെക്ക് വേണ്ടേ വേണ്ട. ഇന്നലെവരെ തിരക്കായിരുന്ന കടകളില്‍ ഉപഭോക്താക്കള്‍ വളരെ ചുരുക്കം. പെട്രോള്‍ പമ്പുകളില്‍ റദ്ദാക്കിയ നോട്ടുകള്‍ എടുക്കാമെന്നുണ്ട്. അവിടെയും അതുവേണ്ട. റോഡുകളിലും തലേദിവസത്തെപ്പോലെ ഓട്ടോ റിക്ഷകള്‍ ഓടുന്നില്ല. വലിയ തുണിക്കടകളിലും മറ്റു ഡിപ്പാര്‍ട്ടുമെന്റു സ്റ്റോറുകളിലും നോക്കി. അവിടെയും ക്യാഷ് വേണ്ട. ക്രെഡിറ്റു കാറ്ഡ് എടുക്കും. അവിടെയും ഉപഭോക്താക്കള്‍ വളരെ കുറവ്.

രണ്ടു ദിവസം കഴിഞ്ഞു. എടുത്ത പണം തിരിച്ചടക്കണം. പുതിയ നോട്ടുകള്‍ എടുക്കണം. വളരെ ചെറിയ നിശ്ചിത തുകയൊഴികെ ബാക്കി പണം അടക്കാന്‍ ഐ. ഡി. വേണം. രണ്ടു ദിവസം മുമ്പ് അവിടെനിന്നും എടുത്ത പണത്തില്‍ ഒരു ഭാഗം തിരിച്ചടയ്ക്കുന്നതിനാണ് ഐ.ഡി. ശരി. സാരമില്ല. പാസ്‌പോര്‍ട്ട് ആകട്ടെ. അതുപോരാ. എന്നാല്‍ ഒ.സി.ഐ. കാര്‍ഡോ? അതെന്തുകുന്തമെന്നായി ചില ജീവനക്കാര്‍. പാന്‍ കാര്‍ഡുതന്നെ വേണം. ഇനിയും അതു സംഘടിപ്പിക്കുമ്പോഴേക്കും എന്റെ നാട്ടിലെ സമയവും കഴിയും. കയ്യിലിരിക്കുന്ന പഴയ നോട്ടുകള്‍ എന്തുചെയ്യും? പാന്‍ കാര്‍ഡില്ലാത്ത വിദേശിയരും പ്രവാസികളും വലഞ്ഞതുതന്നെ. നാട്ടുകര്‍ എന്തെങ്കിലും ചെയ്യട്ടേ. അല്ലെങ്കില്‍ അവര്‍ സമരം ചെയ്യും; ഇങ്വിലാബ് വിളിക്കും. പ്രവാസികളും വിദേശിയരുമോ? ഇനിയും നാട്ടിലെ പണം ഉപയോഗിച്ച് അവിടെ ആഘോഷിക്കാമെന്നൊ അടിച്ചുപൊളിക്കാമെന്നൊ ചിന്തിക്കുന്ന പ്രവാസികള്‍ക്ക് തെറ്റി. നടപ്പില്ല. നിര്‍ബന്ധിച്ചാല്‍ ഒരു ദിവസം 10,000. രൂപ. ഒരാഴ്ചയില്‍ 24,000 മാത്രം. അപ്പോള്‍ നാട്ടില്‍ അവധിക്കു പോയിരിക്കുന്ന ഒരു പ്രവാസിയ്ക്ക് തന്റെ ബാങ്കില്‍ കിടക്കുന്ന പണത്തില്‍ 100,000 (ഒരു ലക്ഷം) രൂപ എടുക്കണമെങ്കില്‍ ആറ് ആഴ്ചകള്‍. അതാണ് കാര്യത്തിന്റെ കിടപ്പ്.

ഹോട്ടലിലും ഡിപ്പാര്‍ട്ടുമെന്റ് സ്റ്റോറുകളിലും മറ്റും ക്രെഡിറ്റു കാറ്ഡുകൊണ്ട് തല്‍ക്കാലം രക്ഷപെട്ടു. അങ്ങനെ പണം നാട്ടിലുള്ളപ്പോള്‍ അമേരിക്കയിലെ ചെറിയ വരുമാനക്കാരനായ എന്റെ ഡോളര്‍ ചോര്‍ന്നു. വിനിമയ ഫീസ് എന്ന പേരില്‍ ക്രെഡിറ്റു കാര്‍ഡു കംബനിക്കാര്‍ ഈടാക്കുന്ന വകുപ്പു വേറെ. അപ്പോഴും മെഡിക്കല്‍ സ്റ്റോറുകളില്‍ പണം കൊടുക്കാന്‍ ബുദ്ധിമുട്ടി. എ.ടി.എം-മുകള്‍ കാലി. അവിടെനിന്നു കിട്ടിയാല്‍തന്നെ 2,000 രൂപ മാത്രം. അഞ്ഞൂറിന്റെ പുതിയ നോട്ട് ഇറങ്ങിയിട്ടില്ല (ഇപ്പോഴും വളരെ ചുരുക്കം). നൂറിന്റെ നോട്ടുകള്‍ എങ്ങും കാണുന്നില്ല. സാധാരണക്കാരന്‍ 2,000-ത്തിന്റെ നോട്ടുമായി ചില്ലറ സാധനങ്ങള്‍ വാങ്ങിയാല്‍ ബാക്കികൊടുക്കാനില്ല.

നോട്ടുകള്‍ റദ്ദാക്കിയത് നല്ലതിനെന്നു കേന്ദ്രസര്‍ക്കാര്‍ പറയുന്നു. അതായത് കള്ളപ്പണം നിയന്ത്രിക്കാനും അത്തരക്കാരെ പിടികൂടാനും. പക്ഷെ അവരിലാരും വെയിലും മഴയും സഹിച്ച് ക്യൂവില്‍ നില്‍ക്കുന്നില്ല. കള്ളപ്പണത്തിലൂടെ സമ്പാദിച്ചവര്‍ ഭൂരിഭാഗവും പല സംസ്ഥാനങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടിയും വമ്പന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചും മണി മാര്‍ക്കെറ്റില്‍ നിക്ഷേപിച്ചും വിവിധ കമ്പനികളുടെ ഷെയര്‍ വാങ്ങിയും വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചും ആര്‍ക്കും തൊടാന്‍ കഴിയാതെ വിലസുന്നു. അവരെ തൊട്ടുകളിക്കാന്‍ ഒരു സര്‍ക്കാരിനും കഴിയുന്നില്ല. പണം പൂഴ്ത്തിവയ്പ് കേവലം നിസാരം. അതെല്ലാം നഷ്ടമായാല്‍തന്നെ അവര്‍ക്ക് ഒന്നും സംഭവിക്കാനില്ല. ഇവിടെ അധ്വാനിച്ചുണ്ടാക്കി ബാങ്കിലിട്ടിരിക്കുന്ന ഇത്തിരി പണത്തില്‍ ഇത്തിരി കൈപ്പറ്റാനാണ് മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കുന്നത്. അതില്‍ പലരും മയങ്ങി വീണിട്ടുണ്ട്. പലര്‍ക്കും പൊലീസിന്റെ തല്ലുകൊള്ളേണ്ടിവന്നിട്ടുണ്ട്. ഇതിനോടകം ഇന്ത്യയില്‍ പൊതുവെ ക്യൂവില്‍ നിന്നവരില്‍ 80-ലേറെ പേര്‍ക്ക് മരണം സംഭവിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. സ്വന്തം അധ്വാനംകൊണ്ട് സ്വരൂപിച്ച പണം തിരിച്ചെടുക്കാനും കയ്യിലുള്ളത് മാറ്റാനം വേണ്ടിയാണ് ഈ തല്ലുകൊള്ളലും മരണവും. ഈ മാറ്റം ആവശ്യമായിരുന്നെങ്കില്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുണ്ടാകാത്തവിധം വേണ്ട സംവിധാനങ്ങള്‍ സജ്ജമാക്കിയ ശേഷമായിരുന്നില്ലേ വേണ്ടത്?

സാധാരണക്കാരുടെ വിവാഹത്തിന് രണ്ടര ലക്ഷം രൂപ വരെ സ്വന്തം അക്കൗണ്ടില്‍നിന്നെടുക്കാം. അതിനും തെളിവകള്‍ സമര്‍പ്പിക്കണം. സര്‍ക്കാരിന്റെ ഈ നിയമം നിലനില്‍ക്കുമ്പോഴാണ് കര്‍ണ്ണാടകയില്‍ ജനാര്‍ദ്ദന റെഡ്ഡിയുടെ (ബി.ജെ.പി., എം.പി.) മകളുടെ വിവാഹത്തിന് 500 കോടി ‘പൊടിപൊടിച്ചത്’. ഈ പണം എങ്ങനെ എവിടെനിന്നുണ്ടായി? ഇത് പലതില്‍ ഒരു ഉദാഹരണം മാത്രം. എന്തൊക്കെ മാറിയാലും അസാധുവാക്കിയാലും അധികാരം കയ്യാളുന്നവര്‍ക്കും പണക്കാര്‍ക്കും (അത് എങ്ങനെ ഉണ്ടാക്കിയതായാലും) തങ്ങളുടെ ദൂര്‍ത്തിനും ആഡംബരത്തിനുമൊന്നും യാതൊരു മാറ്റവുമില്ല. എല്ലാ നിയമങ്ങളും ചട്ടങ്ങളും സാധാരണക്കാര്‍ക്കു മാത്രം. ഇവിടെയും അതുതന്നെ. നോട്ടു മാറ്റത്തിന്റെ കാര്യം അറിയേണ്ടവര്‍ അറിയേണ്ട സമയത്ത് അറിഞ്ഞിരുന്നുവെന്നാണ് സംസാരം. അവര്‍ വേണ്ടതുപോലെ ചെയ്യുകയും ചെയ്തു. എന്തായാലും ‘ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ കഞ്ഞി’ എന്ന പഴമൊഴി ഇവിടെയും അന്വര്‍ത്ഥമാകുകയാണ്.

കേരളത്തെ സംബന്ധിച്ചിടത്തോളം സമസ്ത മേഖലിയിലും ഇടിവും മാന്ദ്യവുമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളുടെ സ്ഥിതി അതിലേറെ കഷ്ടമാണ്. അതിന്റെ അര്‍ത്ഥം ഇന്‍ഡ്യയുടെ സാമ്പിത്തിക സ്ഥിതിയില്‍ കാര്യമായ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ കൃതൃമമായി ഉണ്ടാക്കിയ അനിശ്ചിതത്വവും അരാജകത്വവുമാണ് നാട്ടിലെങ്ങും നടമാടുന്നത്. പ്രധാന മന്ത്രി പറയുന്നു ഇത് അവസാനത്തെ വരിയാണെന്ന്. വരിനിന്നവരില്‍ പലര്‍ക്കും അത് സംഭവിക്കുകയും ചെയ്തു. താമസിയാതെ ഇതിന് പരിഹാരമുണ്ടാകുമെന്ന് ആരെങ്കിലും കരുതുന്നെങ്കില്‍ അത് വെറും പൊള്ളയായ ശുഭാപ്തി വിശ്വാസം മാത്രം.

ഇന്ത്യയെ മുഴുവനും ഡിജിറ്റലൈസ് ചെയ്ത് പ്ലാസ്റ്റിക്ക് മണി അല്ലെങ്കില്‍ ക്യാഷ്‌ലെസ് രാജ്യമാക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്? നല്ല കാര്യം. പട്ടണങ്ങളില്‍ ജീവിക്കുന്നവര്‍ക്കും വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്കും ഒക്കെ ഇതു സാധിച്ചേക്കും. എന്നാല്‍ അവര്‍ മാത്രമല്ലെല്ലോ ഇന്ത്യയില്‍. ഇന്ത്യയുടെ വിദ്യാഭ്യസം കേവലം 74% മാത്രമാണെന്നാണ് കണക്കാക്കയിരിക്കുന്നത്. മുപ്പതു ശതമാനത്തിലേറെ ജനങ്ങള്‍ ദാരിദ്രരേഖയ്ക്കു താഴെയും. ഇന്ത്യ പുരോഗമിച്ചിട്ടുണ്ടെന്നു പറയുമ്പോഴും 6 ലക്ഷത്തിലേറെ ഗ്രാമങ്ങളുള്ള രാജ്യത്തെ ഏറിയ പങ്കു ജനങ്ങളും ബാന്‌ങ്കോ എ.ടി.എം-ഒ എന്താണെന്നുപോലും അറിയാത്തവരാണ്. ഇവരൊക്കെ ഡിജിറ്റലൈസ് ആകാന്‍ എത്രകാലം വേണ്ടിവരും? ഇന്നും പ്രഥമിക കാര്യങ്ങള്‍ക്കുപോലും വേണ്ട സൗകര്യമില്ലാത്ത ഗ്രാമവാസികളുണ്ട്. ഇതിനൊക്കെ ഒരു മാറ്റം വരുത്തിയിട്ട് അതായാത് സാധാരണക്കാരന്റെ ജീവിത നിലവാരം അല്പം ഉയര്‍ത്തി അവര്‍ക്കുവേണ്ട ബോധവത്ക്കരണം നടത്തിയതിനുശേഷം ഡിജിറ്റലൈസ് ചെയ്യുന്നതല്ലേ ഉത്തമം. അങ്ങനെ ആയാല്‍തന്നെ ജനസംഖ്യയില്‍ എത്ര ശതമാനത്തെ ഡിജിറ്റലൈസ് ചെയ്യാന്‍ കഴിയും? ക്യാഷ് ഇല്ലാത്ത ഇന്ത്യ വെറും ദിവാസ്വപ്നം മാത്രമാണെന്നുള്ളതിനു സംശയമില്ല.

എന്തായാലും നോട്ടു മാറ്റം വന്ന് ഒരു മാസം കഴിഞ്ഞപ്പോഴും കാര്യങ്ങള്‍ എവിടെ തുടങ്ങിയൊ അവിടെത്തന്നെ. പലയിടത്തും അതിലും മോശം.

- മണ്ണിക്കരോട്ട് (www.mannickarottu.net)
നോട്ടു മാറ്റവും നാട്ടുകാരുടെ നെട്ടോട്ടവും (മണ്ണിക്കരോട്ട്)
Join WhatsApp News
A.C.George 2016-12-10 10:34:35
True observation and reporting from your experience from India about the recent Rupee note issue and subsequent realties. Your way of expression and writing is trustworhy and great. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക