Image

ഓപ്പണ്‍ ഫോറം ഉദ്‌ഘാടനം

ആഷ എസ് പണിക്കര്‍ Published on 11 December, 2016
ഓപ്പണ്‍ ഫോറം ഉദ്‌ഘാടനം

കേരള രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച്‌ ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറം സിനിമാ സംവിധായകനും നടനുമായ അമോല്‍ പലേക്കര്‍ ഉദ്‌ഘാടനം ചെയ്‌തു. സംവാദങ്ങള്‍ക്കും ചിന്തകളുടെ പ്രതിഫലനത്തിനുമുള്ള ജനാധിപത്യവേദിയാണ്‌ ഓപ്പണ്‍ ഫോറം എന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. 

ആര്‍ട്ട്‌ സിനിമകളുടെ പുനരുദ്ധാരണം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ച മലയാള സിനിമാ സംവിധായകന്‍ ടി.വി. ചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. 

നൂതന സാങ്കേതികവിദ്യ സമാന്തര-ആര്‍ട്‌ സിനിമകള്‍ക്ക്‌ പുതിയ മുഖം നല്‍കിയെന്ന്‌ സംവിധായകനും അക്കാദമി ചെയര്‍മാനുമായ കമല്‍ പറഞ്ഞു. സ്വതന്ത്ര സിനിമകള്‍ക്ക്‌ സര്‍ക്കാരിന്റെയോ തിയേറ്ററിന്റെയോ പ്രേക്ഷകരുടെയോ ഭാഗത്തുനിന്ന്‌ പിന്തുണ ലഭിക്കുന്നില്ലെന്ന്‌ ഡോ. ബിജു പരാതിപ്പെട്ടു. ഫിലിം സൊസൈറ്റി പ്രസ്ഥാനവും ചലച്ചിത്രമേളകളുമാണ്‌ സമാന്തര സിനിമയുടെ വളര്‍ച്ചയ്‌ക്ക്‌ മുഖ്യ പങ്കുവഹിച്ചെന്നും അദ്ദേഹം പറഞ്ഞു.


ഇന്ത്യന്‍ സിനിമയിലെ ആധുനികത ഒരേസമയം യാഥാസ്ഥിതികവും പുരോഗമനോന്മുഖമായിരുന്നുവെന്നാണ്‌ സംവിധായകന്‍ വിപിന്‍ വിജയന്റെ നിരീക്ഷണം. സമാന്തര സിനിമാ ചരിത്രത്തിലെ സ്‌ത്രീയുടെ സ്ഥാനം എവിടെയാണെന്ന ചോദ്യമാണ്‌ വിധു വിന്‍സെന്റ്‌ ഉന്നയിച്ചത്‌. സമയമുള്ള പുരുഷന്റെ വ്യവഹാരം മാത്രമായിരുന്നു ഫിലിം സൊസൈറ്റികളുടെ കാലത്തെ സിനിമയെന്നും അവര്‍ പറഞ്ഞു.

ആര്‍ട്‌ സിനിമകളുടെ പ്രദര്‍ശന വിപണന സാധ്യതകള്‍ക്കായി സംഘടിത സംവിധാനത്തിന്റെ ആവശ്യം ചര്‍ച്ചയില്‍ സംവിധായകന്‍ മനു ഉന്നയിച്ചു. ആര്‍ട്‌ സിനിമകള്‍ സ്വകാര്യ സിനിമകള്‍ മാത്രമായി ചുരുങ്ങിയെന്ന്‌ മനോജ്‌ കാന പറഞ്ഞു. 

 കലാമൂല്യവും ഉള്ളടക്കവും സിനിമയുടെ സ്വീകാര്യതയ്‌ക്ക്‌ പ്രധാന പങ്കുവഹിക്കുന്നുവെന്ന്‌ അദ്ദേഹം വ്യക്തമാക്കി. ആര്‍ട്‌ സിനിമകളെപ്പറ്റി മലയാള സിനിമാ മേഖലയില്‍ വേണ്ടരീതിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന്‌ സനല്‍കുമാര്‍ ശശിധരന്‍ അഭിപ്രായപ്പെട്ടു. 

സ്വന്തം സിനിമയെ ആര്‍ട്‌ സിനിമയുടെ ലേബലില്‍ അടയാളപ്പെടുത്താന്‍ സംവിധായകര്‍ തന്നെ വൈമുഖ്യം കാണിക്കുന്നുവെന്ന്‌ അദ്ദേഹം പരാതിപ്പെട്ടു. സിനിമാ നിരൂപകനായ സി.എസ്‌. വെങ്കിടേശ്വരന്‍ ചര്‍ച്ച മോഡററ്റ്‌ ചെയ്‌തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക