Image

ഒസ്‌ക്യൂറോ ആനിമല്‍: കൊളംബിയന്‍ രാഷ്‌ട്രീയത്തിന്റെ നേര്‍ചിത്രം

ആഷ എസ് പണിക്കര്‍ Published on 11 December, 2016
ഒസ്‌ക്യൂറോ ആനിമല്‍: കൊളംബിയന്‍ രാഷ്‌ട്രീയത്തിന്റെ നേര്‍ചിത്രം
കൊളംബിയന്‍ മഴക്കാടുകളുടെ പശ്ചാത്തലത്തില്‍ സ്വാഭാവിക ശബ്‌ദം മാത്രം കേള്‍പ്പിച്ചുകൊണ്ട്‌ വേദനകളുടെയുംഅതീജീവനത്തിന്റെയും കഥപറയുന്ന ചിത്രമാണ്‌ ഒസ്‌ക്യൂറോ ആനിമല്‍. ഫിലിപ്പ്‌ ഗുറൈറോയുടെ ആദ്യ സംവിധാനം. ലോക സിനിമാ വിഭാഗത്തില്‍ തീര്‍ച്ചയായും കണ്ടിരിക്കണമെന്നു ചലച്ചിത്ര വിദഗ്‌ധര്‍ പറഞ്ഞ സിനിമ കൂടിയാണ്‌ ഒസ്‌ക്യൂറോ ആനിമല്‍. അതിതീവ്രമായ ജീവിതാനുഭവങ്ങളുമായി തങ്ങളുടെ ജീവിതം ദുരന്തമയമാക്കി തീര്‍ക്കുന്ന മനുഷ്യരില്‍ നിന്നും രക്ഷപെടാന്‍ വന്യമൃഗങ്ങളുമായി ചേരുന്ന മൂന്നു സ്‌ത്രീകളുടെ കഥ. അതാണ്‌ സിനിമ പറയുന്നത്‌.

ഒസ്‌ക്യൂറോ ആനിമല്‍ എന്നാല്‍ വന്യമൃഗം എന്നാണര്‍ത്ഥം. സിനിമ തുടങ്ങുമ്പോള്‍ കാടിനു നടുക്കുള്ള അരുവിയില്‍ തുണി അലക്കുന്ന ഒരു യുവതി. പ്രകൃതിയുടെ സ്വാഭാവിക ശബ്‌ദം മാത്രം. നീണ്ടസമയം ക്യാമറ അവളുടെ മുഖത്തു തന്നെ. ഒടുവില്‍ അലക്കിയ തുണികളുമായി അവള്‍ തന്റെ വീട്ടിലെത്തുമ്പോള്‍ അര്‍ദ്ധ സൈനിക വിഭാഗം അവളുടെ വീടുള്‍പ്പെടെ ഗ്രാമം മുഴുവന്‍ തകര്‍ത്തുകളഞ്ഞതായി അവള്‍ മനസിലാക്കുന്നു. 

ചിത്രത്തില്‍ മൂന്നു സ്‌ത്രീകഥാപാത്രങ്ങളുണ്ട്‌. സൈനികരാല്‍ അവര്‍ നേരിട്ട ശാരീരികാതിക്രമങ്ങളില്‍ മനസും ശരീരവും തകര്‍ക്കപ്പെട്ടവര്‍. സൈനികാധികാരത്തിന്റെ പൈശാചികത മുവുവന്‍ ഈ ചിത്രത്തില്‍നിശബ്‌ദമായി ആക്രോശം നടത്തുന്നുണ്ട്‌. ലാ മോണ എന്ന യുവതിയുടെ കാമുകനും സൈനികനാണ്‌. അയാള്‍ അവളെ ക്രൂരമായി മാനഭംഗപ്പെടുത്തുന്നു. അവരുടെ കണ്ണിലും മനസിലും സൈനിക ക്രൂരതയ്‌ക്കെതിരേയുളള തീക്കനലുകളാണ്‌.

 പക്ഷേ ഒരു ഗ്രാമത്തെ തന്നെ ഇല്ലാതാക്കാന്‍ പോന്ന വിധമുള്ള സൈനികാധികാര പൈശാചികത അവരുടെ വിലാപങ്ങളെ ഉള്ളില്‍ തന്നെ മുദ്ര വയ്‌ക്കുകയാണ്‌. സൈനികരുടെ മനുഷ്യത്വരഹിതമായ ക്രൂരതയ#ില്‍ മനം നൊന്ത ലാ മോണ ഒരിക്കല്‍ തന്നെ ക്രൂരമായി മാനഭംഗപ്പെടുത്തിയ കാമുകന്‍ ഉറങ്ങിക്കിടക്കുന്നതു കാണുന്നു. പ്രതികാരം ഉള്ളില്‍ ആളിക്കത്തിയ അവള്‍ ഒരു കത്തിയെടുത്ത്‌അയാളുടെ നെഞ്ചില്‍ തന്നെ കുത്തിയിറക്കുകയാണ്‌. അതിനു ശേഷം കാട്ടിലേക്ക്‌ അവള്‍ഓടി രക്ഷപെടുന്നു. ഗ്രാമം മുവുവന്‍ സൈനികരാല്‍ വലയം ചെയ്യപ്പെട്ടിരിക്കുകയാണ്‌.

സൈനികരാല്‍ കൊല്ലപ്പെട്ടഗ്രാമീണ കര്‍ഷകരുടെ മൃതദേഹം മറവു ചെയ്‌തിട്ടാണ്‌ സെല്‍സ കാട്ടിലേക്ക്‌ ഓടിയെത്തുന്നത്‌. മൂന്നു സ്‌ത്രീകളു#ം തമ്മില്‍ കഥയില്‍ ഒരു ബന്ധവുമില്ലെങ്കിലും അവര്‍ നേരിടേണ്ടി വരുന്ന യാതനകള്‍ക്ക്‌ ഒരേ മുഖമായിരുന്നു. നാട്ടിലെ മനുഷ്യരുടെ ആക്രമണത്തില്‍ നിന്നു രക്ഷ നേടാന്‍
കൊടും കാട്ടില്‍ ഇരുട്ടിന്റെ സംരക്ഷണം തേടി അവര്‍ ഓടിയെത്തുന്നു. മനസും ശരീരവും കാമപൂര്‍ത്തിക്കായി വേട്ടയാടപ്പെട്ടവര്‍. അതിജീവനത്തിനു മനുഷ്യരെ ഉപേക്ഷിച്ച്‌ കാട്ടിലെ മൃഗങ്ങളോടൊത്തു ചേരുന്നവര്‍.

കൊളംബിയന്‍ രാഷ്‌ട്രീയത്തിന്റെ നേര്‍ചിത്രമായി ഒസ്‌ക്യൂറോ ആനിമല്‍ എന്ന സിനിമയെ വിലയിരുത്താം. സംഭാഷണം കൂടി ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനെ എന്നു തോന്നിപ്പോകുന്ന ഒരുപാട്‌ രംഗങ്ങള്‍ ഈ സിനിമയിലുണ്ട്‌. എങ്കിലും കണ്ട്‌ ആസ്വദിക്കാന്‍ കഴിയുന്ന ഒരു ചിത്രം തന്നെയാണിത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക