Image

ഇന്ത്യയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ: കോടിയേരി ബാലകൃഷ്ണന്‍

Published on 11 December, 2016
ഇന്ത്യയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ: കോടിയേരി ബാലകൃഷ്ണന്‍


കുവൈത്ത് സിറ്റി: കേരളത്തിലെ നവോഥാന പ്രസ്ഥാനങ്ങള്‍ ഉഴുതു മറിച്ച മണ്ണാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായി രൂപപ്പെട്ടെതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഒരുക്കിയ ‘നവോഥാന സദസില്‍’ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

താന്‍ കമ്യൂണിസ്റ്റായത് ശ്രീനാരായണ ഗുരുവിന്റെ പുസ്തകങ്ങളിലൂടെയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ശ്രീനാരായണ ഗുരുവിന്റെ ‘നമുക്ക് ജാതിയില്ല’ പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷിക സമ്മേളനം നടക്കുമ്പോഴും ജാതിയുടെ പേരിലുള്ള എല്ലാ തിന്മകളും തിരിച്ചു കൊണ്ടുവരുവാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും അതിനെതിരെ പ്രതിരോധം സൃഷ്ടിക്കേണ്ടത് ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അത്യന്താപേക്ഷിതമാണെന്നും കോടിയേരി വ്യക്തമാക്കി.

മതവിശ്വാസം വ്യക്തിപരമാണ്. ജവഹര്‍ലാല്‍ നെഹ്‌റു മത നിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച ഭരണാാധികാരിയായിരുന്നു. കേരളത്തില്‍ മത നിരപേക്ഷ ഭരണം കൊണ്ടുവന്നത് ഇഎംഎസ് ആണ്. ഇന്ത്യ മതനിരപേക്ഷ മൂല്യങ്ങള്‍ കൈവിട്ടാല്‍ സോവിയറ്റ് യൂണിയന്റെ അനുഭവമായിരിക്കും നമുക്ക് സംഭവിക്കുക. ഇന്ന് പാര്‍ലമെന്റ് പോലും അര്‍ഥവക്തല്ലാതായി മാറിയിരിക്കുന്നു. ഇന്ന് സാമ്പത്തിക അടിയന്തരാവസ്ഥ സംജാതമായിരിക്കുന്നു ഇന്ത്യയില്‍. ഭരണഘടനയെ നിഷ്പ്രഭമാക്കുന്നു ദേശീയതയുടെ പേരില്‍. കോടിയേരി വ്യക്തമാക്കി.

അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കല കുവൈറ്റ് പ്രസിഡന്റ് ആര്‍. നാഗനാഥന്‍ അധ്യക്ഷത വഹിച്ചു. കല കുവൈറ്റിന്റെ മുതിര്‍ന്ന പ്രവര്‍ത്തകനും കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ സാം പൈനുംമൂട് രചിച്ച ‘കുവൈറ്റ് ഇന്ത്യന്‍ കുടിയേറ്റ ചരിത്രം’ എന്ന പുസ്തകം ചടങ്ങില്‍ കോടിയേരിക്കു സമ്മാനിച്ചു. ഉപരിപഠനാര്‍ഥം അമേരിക്കയിലേക്ക് പോകുന്ന കല കുവൈറ്റ് പ്രസിഡന്റ് ആര്‍. നാഗനാഥന്റെ മകള്‍ വിജയലക്ഷ്മിക്കും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജേക്കബ് മാത്യു, ആനി മാത്യു, അബ്ദുള്‍ ജമാല്‍ എന്നിവര്‍ക്ക് കല കുവൈറ്റിന്റെ സ്‌നേഹോപഹാരം കോടിയേരി ബാലകൃഷ്ണന്‍ സമ്മാനിച്ചു. ജോണ്‍ ആര്‍ട്‌സ് വരച്ച കോടിയേരിയുടെ കാരിക്കേച്ചര്‍ വേദിയില്‍ അദ്ദേഹത്തിനു നല്‍കി. 

കല കുവൈറ്റ് സംഘടിപ്പിക്കുന്ന പ്രവാസി ഐഡി കാര്‍ഡ് കാമ്പയിന്റെ ഭാഗമായി ലഭിച്ച ഐഡി കാര്‍ഡുകള്‍ കോടിയേരി ബാലകൃഷ്ണന്‍ വിതരണം ചെയ്തു. 

കല കുവൈറ്റ് വൈസ് പ്രസിഡന്റ് ടി.കെ സൈജു, കലയുടെ മുതിര്‍ന്ന അംഗം എന്‍. അജിത്ത് കുമാര്‍, കല കുവൈറ്റ് കേന്ദ്രകമ്മിറ്റിക്കുവേണ്ടി ട്രഷറര്‍ അനില്‍ കൂക്കിരി, നാലു മേഖലകളെ പ്രതിനിധീകരിച്ച് മൈക്കിള്‍ ജോണ്‍സന്‍ (അബാസിയ), പ്രസീദ് കരുണാകരന്‍ (ഫഹാഹീല്‍), മുസ്ഫര്‍ (അബു ഹലീഫ), രമേഷ് കണ്ണപുരം (സാല്‍മിയ) തുടങ്ങിയര്‍ പങ്കെടുത്തു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സി.കെ. നൗഷാദ്, ജോയിന്റ് സെക്രട്ടറി സുഗതകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക