Image

വേട്ടയ്ക്കിരയായത് ജനങ്ങളാണ്: മുഖ്യമന്ത്രി

Published on 11 December, 2016
വേട്ടയ്ക്കിരയായത് ജനങ്ങളാണ്: മുഖ്യമന്ത്രി
സങ്കീര്‍ണ്ണമായ ആഗോള സാമ്പത്തിക സാഹചര്യത്തെയാണ് നാം നേരിടുന്നത്

ബാങ്ക് ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ഏറെ ക്ലേശകരമായ ആഴ്ചകളാണ് പിന്നിട്ടത്. 
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറന്‍സികള്‍
പിന്‍വലിച്ചതിനെത്തുടര്‍ന്ന് നാട്ടില്‍ ഉരുത്തിരിഞ്ഞ അഭൂതപൂര്‍വ്വമായ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനും ആശങ്കക്ക് തെല്ലെങ്കിലും അറുതി
വരുത്തുന്നതിനും ബാങ്ക് ജീവനക്കാര്‍ നടത്തിയ അത്യദ്ധ്വാനം പ്രശംസനീയമാണ്.

നോട്ടു പ്രതിസന്ധി എന്നുമാറുമെന്നത് പ്രവചനാതീതമാണ്. കള്ളപ്പണവേട്ട എന്ന പേരില്‍ നടത്തിയിരിക്കന്ന ഈ നടപടിയില്‍ യഥാര്‍ത്ഥ വേട്ടയ്ക്കിരയായത് ജനങ്ങളാണ്.

അത്യന്തം സങ്കീര്‍ണ്ണമായ ഒരു ആഗോള സാമ്പത്തിക സാഹചര്യത്തെയാണ് നാം ഇന്ന് നേരിടുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ പണിയെടുത്ത് കുടുംബം പുലര്‍ത്തുന്ന ലക്ഷക്കണക്കിന് മലയാളികള്‍ കേരള സമ്പഡി വ്യവസ്ഥയുടെ ആരോഗ്യകരമായ വളര്‍ച്ചക്ക് നല്‍കിപ്പോന്നിട്ടുള്ള സംഭാവനകള്‍
അളന്നുതീര്‍ക്കാനാവാത്തതാണ്. എന്നാല്‍, ഭീഷണമായ പുതിയ സാഹചര്യങ്ങള്‍ അവരുടെ തൊഴില്‍ സുരക്ഷിതത്വത്തിനു നേര്‍ക്ക് വലിയ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. മറ്റേതൊരു സംസ്ഥാനത്തെക്കാളും പ്രവാസി പണത്തെ നന്നായി ആശ്രയിക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. തൊഴില്‍ നഷ്ടപ്പെട്ട് തിരികെ എത്തുന്ന പ്രവാസി മലയാളികളുടെ പുനരധിവാസക്കാര്യത്തിലടക്കം വാണിജ്യ ബാങ്കുകള്‍ക്ക് പങ്കാളിത്തം ആവശ്യമാണ്.

കേരളത്തെ നിക്ഷേപ സമാഹരണത്തിനുള്ള അക്ഷയഖനിയായി ഉപയോഗിച്ചുപോരുന്ന വാണിജ്യ ബാങ്കുകള്‍ നിര്‍ഭാഗ്യവശാല്‍ കേരളത്തോട് പലകാര്യങ്ങളിലും വേണ്ടത്ര സഹകരണം പുലര്‍ത്തുന്നില്ല എന്ന് പൊതുവേ ഒരാക്ഷേപമുണ്ട്.
വായ്പാവിതരണത്തിന്റെ കാര്യമെടുത്താല്‍ ഈ വിവേചനത്തിന്റെ തോത്
വെളിവാകും. നവ ഉദാരീകരണ നയങ്ങളെ പിന്‍പറ്റിയതോടെ ഉല്‍പാദന
മേഖലകളിലേക്കുള്ള വായ്പാവിതരണത്തില്‍ നിന്നും ബാങ്കുകള്‍ വലിയ തോതില്‍ പിന്നോട്ടുപോയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പശ്ചാത്തലസൗകര്യ വികസന പദ്ധതികളില്‍ വാണിജ്യ ബാങ്കുകളുടെ പങ്ക് നാമമാത്രമാണ്. അതേസമയം ഓഹരികളുമായി ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളുടെ വില്‍പനയില്‍ ബാങ്കുകള്‍ അമിതാവേശം കാണിക്കുന്നുമുണ്ട്. നാട്ടിലെ നിക്ഷേപങ്ങള്‍
ഇവിടെത്തെ ഉല്‍പാദന മേഖലകളില്‍ വായ്പകളായി പുനര്‍വിന്യസിച്ച് നമ്മുടെ സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനു പകരം ഇവിടത്തെ സമ്പാദ്യങ്ങളെ ഓഹരിക്കമ്പോളത്തിലേക്കും ഊഹവിപണികളിലേക്കും എത്തിക്കുന്ന ഇടനിലക്കാരായി ബാങ്കുകള്‍ മാറുന്നത് ശരിയായ പ്രവണതയല്ല.

ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ സംബന്ധിച്ചിടത്തോളം മൂലധനസമാഹരണം തീര്‍ച്ചയായും ഒരു വെല്ലുവിളിയാണ്. സംസ്ഥാനത്ത് പരിമിതമായ വരുമാനത്തില്‍ നിന്ന് ആവശ്യമായ മൂലധനം കണ്ടെത്തുക പ്രായോഗികമല്ല. ഈ സാഹചര്യത്തിലാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിനെ (KIIFB) പുനഃസംഘടിപ്പിച്ചത്. മൂലധന സമാഹരണത്തിനുള്ള സവിശേഷ സംവിധാനമായി കിഫ്ബിയെ ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. വിവിധതരത്തിലുള്ള കടപ്പത്രങ്ങളിലൂടെ കിഫ്ബി സമാഹരിക്കുന്ന പണം കര്‍ശനമായ മേല്‍നോട്ട സംവിധാനത്തിന്റെ നിയന്ത്രണത്തിലാണ് വിവിധ പദ്ധതികള്‍ക്കായി വിനിയോഗിക്കുക. കിഫ്ബിയുടെ കടപ്പത്രങ്ങളില്‍ വന്‍തോതില്‍ പണം നിക്ഷേപിക്കാന്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യ ബാങ്കുകള്‍ തയ്യാറാകണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. അതിലൂടെ അവര്‍ക്ക് കേരളത്തിന്റെ വികസനത്തില്‍ അര്‍ത്ഥപൂര്‍ണ്ണമായ പങ്ക് നിര്‍വഹിക്കാന്‍ സാധിക്കും.
അങ്ങനെ സമ്പുഷ്ടമാക്കപ്പെടുന്ന സമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കാനും ധനകാര്യസ്ഥാപനങ്ങള്‍ക്ക് അവസരമുണ്ടാകും.  പുതിയ കേരളത്തെ കെട്ടിപ്പടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ധനകാര്യസ്ഥാപനങ്ങളുടെ ശക്തമായ പിന്തുണയും പങ്കാളിത്തവും ഞങ്ങള്‍ പ്രതീക്ഷിക്കുകയാണ്.

സംസ്ഥാന സമ്പദ്ഘടനയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചുപോരുന്ന സഹകരണ
പ്രസ്ഥാനങ്ങള്‍ ഇന്ന് ഗുരുതരമായ വെല്ലുവിളികള്‍ നേരിടുകയാണ്.

കേന്ദ്രസര്‍ക്കാര്‍ 500, 1000 കറന്‍സികള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ ആ മേഖലയെയാകെ വരിഞ്ഞു മുറുക്കുകയാണ്. സഹകരണ സ്ഥാപനങ്ങളെ നിലനിര്‍ത്തുന്ന കാര്യത്തിലും വാണിജ്യബാങ്കുകള്‍ക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്നാണ്
സര്‍ക്കാറിന്റെ വിശ്വാസം. മതിയായ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സഹകരണ ബാങ്കുകളുമായി ധാരണയുണ്ടാക്കികൊണ്ട് അവരുടെ ഇടപാടുകാര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കാന്‍ വാണിജ്യബാങ്കുകള്‍ക്ക് സാധിക്കും. അത്തരം സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതിന് ശക്തമായ പിന്തുണ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറുമാണ്. വാണിജ്യബാങ്കുകളും സഹകരണ സ്ഥാപനങ്ങളും തമ്മില്‍ പരസ്പര ധാരണയുടെ അടിസ്ഥാനത്തിലുളള സഹകരണം ശക്തിപ്പെടുത്തുന്നതിന് സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ്ബിന് നിര്‍ണ്ണായകമായ പങ്ക് നിര്‍വ്വഹിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ വര്‍ഷം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുത്തിരിക്കുന്നത് ഡോ. പി കെ വാര്യരെയാണ്. ഈ അവാര്‍ഡിന് എന്തുകൊണ്ടും അര്‍ഹനാണ് അദ്ദേഹം. ഒറ്റമുറി വൈദ്യശാലയില്‍ തുടങ്ങി ഇന്ന് നഗരങ്ങളിലും നാട്ടിടങ്ങളിലും ശാഖകളും ഉപശാഖകളുമായി പടര്‍ന്ന് പന്തലിച്ചു കിടക്കുന്ന കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ പരിപാലകനാണ് അദ്ദേഹം.  മഹാനായ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വാക്കുകള്‍ കടമെടുത്താല്‍ 'പൊരിവെയിലത്ത് നില്‍ക്കുന്ന നമുക്ക് ലഭിക്കുന്ന തണുപ്പും കുളിരും ഇളം കാറ്റുമാണ് ഡോ. പി കെ വാര്യര്‍'. പല തലമുറകള്‍ക്ക് സാന്ത്വനവും ആശ്വാസവുമായ ചികിത്സാപദ്ധതികള്‍ ആവിഷ്‌കരിച്ച വലിയ മനുഷ്യനാണദ്ദേഹം. നാടിനു പ്രയോജനപ്പെടുന്ന തരത്തില്‍ സ്വന്തം ജീവിതത്തെ രൂപപ്പെടുത്തിയ കാരുണ്യവാനായ ചികിത്സകന്‍. 

പഠന ഗവേഷണങ്ങളിലൂടെയും പ്രയോഗ നിരീക്ഷണങ്ങളിലൂടെയും ആയുര്‍വേദത്തെ സാര്‍വ ദേശീയ സ്വീകാര്യതയിലേക്കുയര്‍ത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് മുന്‍നിര്‍ത്തി കേരളം അദ്ദേഹത്തോട് കൃതജ്ഞത പുലര്‍ത്തേണ്ടതുണ്ട്. അദ്ദേഹത്തെ ഞാന്‍ അഭിനന്ദിക്കുന്നു.
വേട്ടയ്ക്കിരയായത് ജനങ്ങളാണ്: മുഖ്യമന്ത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക