Image

നബിദിനം(മീട്ടു റഹ്മത്ത് കലാം)

മീട്ടു റഹ്മത്ത് കലാം Published on 11 December, 2016
നബിദിനം(മീട്ടു റഹ്മത്ത് കലാം)
മുഹമ്മദ് നബിയുടെ ജനനവും മരണവും ഇസ്ലാമിക വിശ്വാസപ്രകാരം റബീഉല്‍ അവ്വല്‍ 12നാണ്. അതുകൊണ്ടു തന്നെ നബിദിനം എന്നതിന് ആഘോഷം എന്ന വാക്കിനെക്കാള്‍ ചേരുന്നത് ആചരിക്കുക എന്നോ നബിയുടെ ഓര്‍മ്മകളില്‍ ലയിക്കുക എന്നോ ആകും.

അന്ത്യപ്രവാചകന്റെ ജീവിതദര്‍ശനങ്ങള്‍ ആദരവോടും അത്ഭുതത്തോടും കൂടിയല്ലാതെ സ്മരിക്കുനാവില്ല ജിവിതത്തില്‍ കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങളും പുലര്‍ത്തേണ്ട മര്യാദകളും അദ്ദേഹം തന്റെ അനുയായികളെ പഠിപ്പിച്ചത് വാക്കുകളിലൂടെയല്ല, സ്വന്തം ജീവിതത്തിലൂടെയാണ്.

വിഗ്രഹങ്ങളെ ആരാധിച്ചിരുന്ന ഒരു അറബ് ഗോത്രത്തിലാണ് എഡി 570 ല്‍ മുഹമ്മദ് നബി ജനിച്ചത്. അനാഥനായി ജനിച്ച അദ്ദേഹം സമൂഹത്തിലെ അധഃസ്ഥിതരെയും അടിമകളെയും വിധവകളെയും അനാഥരെയും അഗതികളെയും ആര്‍ദ്രതയോടെ സമീപിച്ചു. സാമൂഹിക വിപ്ലവത്തിന്റെ സൂര്യതേജസ്സായിട്ടാണ് ചരിത്രത്തില്‍ അദ്ദേഹം നിലകൊള്ളുന്നത്.

ഒരു സമുദായത്തെയും നബി വേര്‍തിരിച്ച് കണ്ടിട്ടില്ല. 'ഹേ മനുഷ്യസമൂഹമേ' എന്നു വിളിച്ചല്ലാതെ മുസ്ലീം സമൂഹമേ എന്നദ്ദേഹം സംബോധന ചെയ്തിട്ടില്ല. അമേരിക്കന്‍ ചരിത്രകാരന്‍ മൈക്കിള്‍.എച്ച്. ഹാര്‍ട്ട് 1992 ല്‍ പ്രസിദ്ധീകരിച്ച 'ദി ഹണ്ട്രഡ്' എന്ന പുസ്തകത്തില്‍ ലോകത്ത് ജീവിച്ചിരുന്ന 100 മഹാന്മാരെ കുറിച്ച് പറയുന്നുണ്ട്. ലോക ജനതയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തിത്വമായി അതില്‍ പറയുന്നത് മുഹമ്മദ് നബിയെ കുറിച്ചാണ്. മാതൃകായോഗ്യനായ നേതാവും ഭര്‍ത്താവും പിതാവുമാണദ്ദേഹം.

വെറും മണല്‍ക്കാടുകളായിരുന്ന അറേബ്യയെ വിസ്മയകരമായ വിജയത്തിലെത്തിച്ചതില്‍ മുഹമ്മദ് നബിയ്ക്കുള്ള ഗണ്യമായ പങ്കിനെക്കുറിച്ച് ജവഹര്‍ലാല്‍ നെഹ്‌റു തന്റെ ആത്മകഥയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അനീതിയും അക്രമവും നടമാടിയിരുന്ന കാലഘട്ടത്തില്‍ ജനതയെ സന്മാര്‍ഗ്ഗികളാക്കാന്‍ ഇറങ്ങിത്തിരിച്ചപ്പോള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്ന യാതനകള്‍ വാക്കുകള്‍ക്കതീതമാണ്. അഗ്നിപരീക്ഷണങ്ങള്‍ നിറഞ്ഞ പ്രവര്‍ത്തന കാലഘട്ടത്തെ മനസ്സാന്നിദ്ധ്യം കൊണ്ടാണ് നബി നേരിട്ടത്. 

അടിച്ചമര്‍ത്തലുകള്‍ സഹിച്ചും വിധേയത്വം പാലിച്ച് തന്റെ അനുയായികളെ കൂടെ ഉറച്ചമനസ്സോടെ നിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. നീതിപൂര്‍ണ്ണമായ സമൂഹം സൃഷ്ടിക്കുന്നതില്‍ എല്ലാവര്‍ക്കും തുല്യപങ്കാണെന്ന് നബി ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.
നബിയുടെ നേതൃത്വത്തില്‍ ആദ്യ മുസ്ലീംപള്ളി പണിതുയരുമ്പോള്‍ ആദ്യമായി ആര് ബാങ്കുവിളിയ്ക്കണം എന്ന ചോദ്യമുയര്‍ന്നു. നബി തന്നെ അത് നിര്‍വ്വഹിക്കണമെന്ന് അനുയായികള്‍ പറഞ്ഞപ്പോള്‍ മറ്റൊരു മതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്തു വന്ന ബിലാല്‍ ആണ് അതിന് തന്നെക്കാള്‍ യോഗ്യനെന്ന് വിനയാന്വിതനായി അദ്ദേഹം അവരെ ബോധ്യപ്പെടുത്തി. കറുത്ത് പൊക്കം കുറഞ്ഞ ബിലാല്‍ എന്ന യുവാവിന് മിംബറിലേയ്ക്ക് കയറുവാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ നബി തന്റെ കൈകള്‍ ഭിത്തിയോട് ചേര്‍ത്തുവച്ച് അതില്‍ ചവിട്ടിക്കയറാന്‍ സഹായിച്ചതും ചരിത്രത്തിന്റെ അടിവരയിട്ട ഒരു സാക്ഷ്യപത്രം തന്നെ. അന്ന് നിലനിന്നിരുന്ന വര്‍ണ്ണവിവേചനത്തിനും അടിമത്വത്തിനും എതിരായുള്ള ആഹ്വാനം കൂടി മുഹമ്മദ് നബി ഇതിലൂടെ നടത്തുകയായിരുന്നു.

അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നവന്‍ എന്റെ അനുയായികളില്‍പെട്ടവനല്ല എന്ന നബിവചനം സമത്വത്തിന്റെ ഏറ്റവും മധുരമായ ഭാഷ്യമാണ്.

ഒരിക്കല്‍ നമ്മുടെ രാഷ്ട്രപിതാവ് മഹാത്മഗാന്ധി താന്‍ ഇഷ്ടപ്പെടുന്ന ഭരണം ബലീഫ ഉമറിന്റെ കാലധഘട്ടത്തിലേതാണെന്ന് പ്രസ്താവിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭരണം സൂക്ഷമമായി പരിശോധിച്ചാല്‍ വലിയൊരു സോഷ്യലിസ്റ്റ് വക്താവാണ് ഉമര്‍ എന്ന് നമുക്ക് ബോധ്യപ്പെടും. ധാരാളം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഉമറില്‍, നബിയുമായുള്ള അടുപ്പവും സ്‌നേഹവുമാണ് ഹൃദയശുദ്ധിവരുത്തിയതെന്നാണ് ചരിത്രം. മനുഷ്യന്‍ പരസ്പരം കലഹിക്കരുതെന്നും വ്യത്യസ്ത മതസ്ഥര്‍പോലും ഒരുമിച്ച് ജീവിക്കണമെന്നും നബി നമ്മെ പഠിപ്പിച്ചു. ഇന്ന് മതങ്ങള്‍ തമ്മില്‍ കലഹിക്കുകയും ഒരു മതത്തിലുള്ളവര്‍ തന്നെ വ്യത്യസ്ത ആശയങ്ങള്‍ പ്രചരിപ്പിച്ച് ഭിന്നരായി കഴിയുകയും ചെയ്യുന്നത് തികച്ചും നിര്‍ഭാഗ്യകരമാണ്. ഖുര്‍ആനിലൂടെ മാനവരാശിയ്ക്ക് സമ്മാനിക്കപ്പെട്ട പ്രകാശം ഉള്‍ക്കൊണ്ട് കാരുണ്യത്തിന്റെ പര്യായമായ നബിയുടെ അദ്ധ്യാപനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയുന്നതുവഴി എങ്ങും സമാധാനം പരക്കട്ടെ.

നബിദിനം(മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക