Image

ഒറ്റപ്പെട്ടവരുടെ വേദനയായി `മാന്‍ഹോള്‍'

ആഷ എസ് പണിക്കര്‍ Published on 12 December, 2016
ഒറ്റപ്പെട്ടവരുടെ വേദനയായി `മാന്‍ഹോള്‍'

അഴുക്കുപുരണ്ട ജീവിതങ്ങളെ അതേപടി അഭ്രപാളിയിലെത്തിച്ച വിധു വിന്‍സന്റ്‌ ചിത്രം `മാന്‍ഹോളി'ന്‌ ചലച്ചിത്രമേളയില്‍ മികച്ച പ്രേക്ഷക സ്വീകരണം. 

മനുഷ്യ വിസര്‍ജ്യം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കംചെയ്യുന്ന പ്രവൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന ശുചീകരണ തൊഴിലാളികള്‍ ഇരുണ്ട നിറമുള്ള കഥാപാത്രങ്ങളായി എത്തിയതോടെ `കമ്മട്ടിപ്പാട'ത്തിനുശേഷം മറ്റൊരു ദളിത്‌ പ്രാതിനിധ്യം കൂടി മലയാള സിനിമയില്‍ സാധ്യമായി. 

അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളുടെ സംരക്ഷണം പോലുമില്ലാതെ ഡ്രൈനേജ്‌ കുഴികളിലേക്കും മാന്‍ഹോളുകളിലേക്കും ഇറങ്ങി ശുചീകരണ ജോലി ചെയ്യുന്നവരും `തോട്ടി' എന്ന ജാതിപ്പേരിന്റെ ചാപ്പ കുത്തപ്പെട്ട്‌ അരികുവത്‌കരിക്കപ്പെട്ടവരുമായ ഒരുവിഭാഗം മനുഷ്യരാണ്‌ `മാന്‍ഹോള്‍' എന്ന ചിത്രത്തിന്റെ പ്രമേയം.


ശുചീകരണ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കൊല്ലം ജില്ലയിലെ ഒരു കോളനിയെ പശ്ചാത്തലമാക്കിക്കൊണ്ട്‌ വിധു വിന്‍സന്റ്‌ തന്നെ നിര്‍മിച്ച `വൃത്തിയുടെ ജാതി' എന്ന ഡോക്യുമെന്ററിയുടെ തുടര്‍ച്ചെയന്നോണമാണ്‌ മാന്‍ഹോള്‍ പ്രേക്ഷകര്‍ക്കുമുന്നിലെത്തിയിരിക്കുന്നത്‌.

 നിത്യജീവിതത്തിന്റെ സ്വച്ഛമായ ഒഴുക്കിന്‌ അത്യന്താപേക്ഷിതമായ സേവനമാണ്‌ ശുചീകരണ തൊഴിലാളികള്‍ നിര്‍വഹിക്കുന്നതെങ്കിലും ഏറ്റവും അവജ്ഞതയോടെ മുഖ്യധാരയില്‍ നിന്നും അവരെ മാറ്റിനിര്‍ത്തുന്ന പ്രവണതയാണ്‌ പൊതുവെ കണ്ടുവരാറുള്ളത്‌. 

മെച്ചപ്പെട്ട വേതനമോ ജീവിത സുരക്ഷയോ സാമൂഹിക പരിഗണനയോ ലഭിക്കുന്നില്ലെങ്കിലും ജീവിത പ്രതിസന്ധികള്‍ നിമിത്തം ഈ തൊഴിലില്‍ തന്നെ തുടരാന്‍ നിര്‍ബന്ധിതരാകുന്ന മനുഷ്യരുടെ ജീവിതങ്ങള്‍ പലപ്പോഴും ഒറ്റപ്പെട്ട തുരുത്തുകായി ഒടുങ്ങാറാണ്‌ പതിവ്‌. മലവും മലം ചുമട്ടുകാരും ഒരേ സമയം സമൂഹത്തിന്റെ ആവശ്യവും അന്യവുമാകുന്ന വിരോധാഭാസത്തെ അതിന്റെ എല്ലാ പൂര്‍ണതകളോടും കൂടി ചലച്ചിത്രാവിഷ്‌കാരമാക്കാന്‍ വിധു വിന്‍സന്റ്‌ നടത്തിയ ശ്രമമാണ്‌ മാന്‍ഹോളായി പരിണമിച്ചത്‌.

ഇത്തവണത്തെ ചലച്ചിത്രോത്സവ ചിത്രങ്ങളില്‍ തുടക്കം മുതലേ ആവര്‍ത്തിച്ചുകേട്ട പേരായിരുന്നു മാന്‍ഹോളിന്റേത്‌. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കാണാന്‍ ഡെലിഗേറ്റുകളുടെ വന്‍ ഒഴുക്കാണ്‌ ടാഗോറില്‍ കണ്ടത്‌. പ്രദര്‍ശനത്തിനൊടുവില്‍ പ്രേക്ഷകരില്‍ നിന്ന്‌ മികച്ച അഭിപ്രായങ്ങള്‍ സമ്പാദിക്കാനും ചിത്രത്തിന്‌ സാധിച്ചു.

തങ്ങള്‍ക്ക്‌ ഇവിടെയെങ്കിലും ഒരിടം ലഭിച്ചല്ലോ എന്ന പ്രതികരണമാണ്‌ മാന്‍ഹോളിനെ `അയ്യന്‍' എന്ന കഥാപാത്രത്തിലൂടെ സ്വന്തം സമുദായത്തിലെ അനേകം മനുഷ്യരുടെ ശബ്‌ദമായി മാറിയ രവികുമാര്‍ നല്‍കിയത്‌. തന്റെ കോളനിയിലെ താമസക്കാര്‍ക്കൊപ്പം അദ്ദേഹവും ചിത്രത്തിന്റെ പ്രദര്‍ശനത്തിനെത്തിയിരുന്നു. 

ശുചീകരണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന താന്‍ ഉള്‍പ്പെടെയുള്ള മനുഷ്യരുടെ ദുരിതപൂര്‍ണമായ ജീവിതത്തോട്‌ പൂര്‍ണമായും കൂറുപുലര്‍ത്തി നിര്‍മിച്ച ചിത്രമാണ്‌ മാന്‍ഹോളെന്നും രാജ്യാന്തര ചലച്ചിത്രമേള പോലൊരു വേദിയില്‍ ഇത്രയധികം കാണികള്‍ക്കു മുമ്പില്‍ ചിത്രം പ്രദര്‍ശിപ്പിക്കപ്പെടുകയും മികച്ച പ്രതികരണം ആര്‍ജിക്കുകയും ചെയ്‌തതില്‍ ഏറെ അഭിമാനമുണ്ടെന്നും അവര്‍ പങ്കുവെച്ചു.

ദളിത്‌ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അഭിഭാഷകയായ പ്രീത കെ.കെ., ജാതിയും തൊഴിലും തമ്മില്‍ എത്രയധികം ബന്ധപ്പെട്ടിരിക്കുന്നുവെന്ന യാഥാര്‍ഥ്യത്തെ ശുചീകരണ തൊഴിലാളികളുടെ ജീവിതത്തിലൂടെ വരച്ചുകാട്ടാന്‍ മാന്‍ഹോളിന്‌ കഴിഞ്ഞു എന്ന്‌ അഭിപ്രായപ്പെട്ടു.

 നഗരജീവിതം സുഗമമാക്കാനായി ഏറ്റവും നികൃഷ്‌ടമെന്നു കരുതപ്പെടുന്ന തൊഴില്‍ പോലും യാതൊരു മടിയും കൂടാതെ ചെയ്യാന്‍ തയാറാവുന്ന ഈ വിഭാഗത്തെ അവരുടെ ജാതിയുടെ പേരില്‍ അദൃശ്യവത്‌കരിക്കുന്ന പ്രവണത ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടതാണെന്നും അവര്‍ പറഞ്ഞു.
രാജ്യാന്തര മത്സവിഭാഗത്തിലേക്ക്‌ മലയാളത്തില്‍ നിന്ന്‌ ആദ്യമായി സ്വന്തം ചിത്രം പ്രദര്‍ശിപ്പിച്ച വനിതാ സംവിധായികയായ വിധു വിന്‍സന്റ്‌ അങ്ങനെ ചലച്ചിത്രമേളയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക