Image

ശബള ബ്രഹ്മം (കവിത: ഗീത വി)

Published on 12 December, 2016
ശബള ബ്രഹ്മം (കവിത: ഗീത വി)
അമൃതുമഭയവുമായ ദേവീ
അമൃതാംശു നിന്നെയമൃതൂട്ടുന്നു
പര്‍ജ്ജന്യന്‍ നിന്നില്‍ ചൊരിയുന്നു ഗംഗാജലം
മാതരിശ്വാവ് വെഞ്ചാമരം വീശുന്നു

ഹേ ഗായത്രീ, പ്രാണന്‍
നിനക്കേകീ പട്ടുവസ്ത്രം
അരുണനേകി കുങ്കുമക്കൂട്ട്,
മിന്നല്‍ വജ്രാഭരണങ്ങള്‍

ചരാചര ഭൂതയായ സാവിത്രീ
ജ്യേഷ്ഠനും ശ്രേഷ്ഠനുമായ ദേവന്‍
നിനക്കേകുന്നു
തേജസ്സുമൂര്‍ജ്ജവും

ആകാശമണ്ഡലം നിന്‍ നെറ്റിത്തടം
വെണ്‍മേഘ ശകലങ്ങള്‍ നിന്‍ നെറ്റിയിലെ ഭസ്മക്കുറികള്‍
വസന്ത ഗ്രീഷ്മ ശരത് ഹേമന്ത ഋതുക്കള്‍
മാറിമാറി നൃത്തമാടുന്നു നിന്‍ മടിത്തട്ട് മഹാനടന വേദി

അംഭസ്സിനേയുമഗ്‌നിയേയും
വൈഡൂര്യത്തേയും വൈരപ്യത്തേയും
ഗര്‍ഭത്തിലൊരേസമയം പേറുന്ന സത്യഭാമേ
ശ്രേഷ്ഠയായ മാതാവവിടുന്നു നിശ്ചയം

വിശ്വരൂപം ധരിച്ചുനില്‍ക്കുന്ന
ഭൂവനേശ്വരീ നീ
ശബളബ്രഹ്മം,
പാദസ്പര്‍ശം ക്ഷമസ്വ മേ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക