Image

ഫെസ്റ്റിവല്‍ ചിത്രങ്ങള്‍ തിയേറ്ററിലെത്തുമ്പോള്‍ പ്രേക്ഷകര്‍ കുറവ്: അടൂര്‍

ആശാ പണിക്കര്‍ Published on 13 December, 2016
ഫെസ്റ്റിവല്‍ ചിത്രങ്ങള്‍ തിയേറ്ററിലെത്തുമ്പോള്‍ പ്രേക്ഷകര്‍ കുറവ്: അടൂര്‍
ചലച്ചിത്രമേളകള്‍ ഉത്തരവാദിത്വബോധത്തോടെ സിനിമ കാണാന്‍ പരിശീലിപ്പിക്കുന്ന വേദികളാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. എന്നാല്‍ ഫെസ്റ്റിവലില്‍ പ്രേക്ഷകപങ്കാളിത്തമുണ്ടാകുന്ന ചിത്രങ്ങള്‍ തിയേറ്ററിലെത്തുമ്പോള്‍ കണാന്‍ ആളില്ലാത്ത അവസ്ഥയാണെന്ന് അടൂര്‍ പറഞ്ഞു. സിനിമയുടെ 50 വര്‍ഷങ്ങളിലെത്തിയ അടൂരിന്റെ സംഭാവനകളോടുള്ള ആദരവായി ശ്രീ തിയേറ്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രദ്ധാലുവായ സംവിധായകനെന്നാണ് മുഖ്യ പ്രഭാഷണം നടത്തിയ ശ്യാം ബനഗല്‍ അടൂരിനെ വിശേഷിപ്പിച്ചത്. പൂര്‍ണതയാണ് അടൂര്‍ ചിത്രങ്ങളുടെ മുഖമുദ്രയെന്ന് അദ്ദേഹം നിരീക്ഷിച്ചു. ആദ്യ ചിത്രത്തിലെ നായകന്‍കൂടിയായ മധു, കെ.പി.എ.സി. ലളിത, "അനന്തര'ത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അശോകന്‍ എന്നിവര്‍ അടൂരുമായി പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു. ഓരോന്നും അളന്നു തൂക്കി ചെയ്യുന്ന, വേണ്ടത് മുന്‍കൂട്ടി മനസ്സില്‍ കാണുന്ന സംവിധായകനാണ് അടൂരെന്ന് മധു പറഞ്ഞു. ഏറിയാല്‍ രണ്ടോ മൂന്നോ ദിവസം കൊണ്ടു കഴിയേണ്ട ഡബ്ബിങ് പൂര്‍ണതയ്ക്കായി 14 ദിവസമെടുത്ത് അനന്തരത്തിനുവേണ്ടി തന്നെക്കൊണ്ടു ചെയ്യിച്ച അനുഭവം അശോകന്‍ പങ്കുവെച്ചു. സംവിധായകന്‍ സയ്ദ് മിര്‍സ, "നിര്‍മാതാവ് ബേബി മാത്യു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. പാര്‍ഥജിത് ബറുവ എഴുതിയ "ഫെയ്‌സ് ടു ഫെയ്‌സ്: ദി സിനിമ ഓഫ് അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന പുസ്തകവും ചടങ്ങില്‍ പ്രകാശിപ്പിച്ചു. അടൂരിന്റെ ആദ്യ ഡിജിറ്റല്‍ ചിത്രമായ "പിന്നെയും' പ്രദര്‍ശിപ്പിച്ചു.


അടൂരിന്റെ അന്‍പത് ചലച്ചിത്ര വര്‍ഷങ്ങള്‍

.അടൂര്‍ ഗോപാലകൃഷ്ണനെന്ന വിഖ്യാത ചലച്ചിത്രകാരനെയും അദ്ദേഹത്തിന്റെ ചിത്രങ്ങളെയും സംവാദ വിഷയമാക്കിയ "അടൂര്‍ സിനിമയുടെ 50 വര്‍ഷങ്ങള്‍' എന്ന പരിപാടി ഐ.എഫ്.എഫ്.കെ ഡെലിഗേറ്റുകളുടെ ക്രിയാത്മക പങ്കാളിത്തം കൊണ്ടുകൂടി ശ്രദ്ധിക്കപ്പെട്ടു.

അനിശ്ചിതത്വവും സങ്കീര്‍ണതയുമാണ് അടൂരിന്റെ ചിത്രങ്ങളെ വേറിട്ടുനിര്‍ത്തുന്നതെന്ന് മുഖ്യ പ്രഭാഷകനും ചലച്ചിത്ര ഗവേഷകനുമായ എം.കെ. രാഘവേന്ദ്ര പറഞ്ഞു. തന്റെ സിനിമകളെയും അതിലെ കഥാപാത്രങ്ങളെയും പ്രേക്ഷകന്റെ ഇംഗിതത്തിന് വിട്ടുകൊടുക്കുന്ന അടൂരിന്റെ രീതി ഇന്ത്യന്‍ സിനിമയിലെ കഥാപാത്രങ്ങളുടെ വ്യവസ്ഥാപിത സ്വഭാവത്തെ ചോദ്യം ചെയ്യുന്നതാണ്. സത്യജിത് റേയെപ്പോലുള്ള സംവിധായകര്‍ സിനിമയില്‍ ക്ലാസിക്കല്‍ സമീപനം കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഊന്നല്‍ നല്‍കിയത് ആധുനികതയ്ക്കായിരുന്നു. കഥാപാത്രങ്ങളുടെ സവിശേഷതയും വിഷയാത്മകമായ സമീപനവും കൊണ്ട് പ്രേക്ഷകര്‍ക്ക് അടൂരിന്റെ സിനിമകളെ വ്യാഖ്യാനിക്കാനുള്ള അവസരം ഉണ്ടാക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം മലയാള സിനിമയുടെ കലാമൂല്യത്തെ പ്രശംസിച്ചു.

അടൂര്‍ സിനിമകള്‍ ഓരോ പ്രേക്ഷകനിലും വ്യത്യസ്തമായ അനുഭവങ്ങളാണ് സൃഷ്ടിക്കുകയെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് മെഹല്ലി മോദി പറഞ്ഞു. സൂക്ഷ്മമായ തയാറെടുപ്പുകള്‍ക്കൊടുവില്‍ രൂപപ്പെട്ടവയാണ് അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളെന്നും "സെക്കന്റ് റണ്‍' എന്ന ഡി.വി.ഡി കമ്പനിയുടെ സ്ഥാപകന്‍ കൂടിയായ മെഹല്ലി കൂട്ടിച്ചേര്‍ത്തു.

വിപണിയെ മാത്രം മുന്നില്‍ കണ്ട് സിനിമകള്‍ നിര്‍മിക്കപ്പെടുന്ന ഇന്ത്യ പോലൊരു രാജ്യത്ത് കലാമൂല്യമുള്ള ചിത്രങ്ങളുമായി തന്റെ ജൈത്രയാത്ര തുടരുന്ന അപൂര്‍വ ചലച്ചിത്രകാരനാണ് അടൂരെന്ന് സിനിമാ നിരൂപകന്‍ കൂടിയായ സൈബല്‍ ചാറ്റര്‍ജി അഭിപ്രായപ്പെട്ടു. മറ്റുപല ഇന്ത്യന്‍ സിനിമകളും യാഥാര്‍ഥ്യങ്ങള്‍ "നിര്‍മിക്കാന്‍' ശ്രമിക്കുമ്പോള്‍ അടൂര്‍ ചിത്രങ്ങള്‍ യാഥാര്‍ഥ്യത്തെ പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നത്.
അടൂരിന്റെ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളാണ് പ്രേക്ഷക മനസ്സുകളില്‍ കൂടുതല്‍ ചലനം സൃഷ്ടിക്കാറുള്ളതെന്ന് എഴുത്തുകാരി മീന ടി. പിള്ള പറഞ്ഞു. ജന്മിത്തകാലത്തെ യാഥാസ്ഥിതിക കുടുംബജീവിതത്തില്‍ സ്ത്രീകളനുഭവിച്ചിരുന്ന അരക്ഷിതാവസ്ഥ പലപ്പോഴും അടൂര്‍ ചിത്രങ്ങളില്‍ കണ്ടെത്താനാവുമെന്നും പ്രണയം പോലുള്ള മാനുഷിക വികാരങ്ങള്‍ ചിത്രീകരിക്കാന്‍ സ്ത്രീ ബിംബങ്ങളെ അധിമായി ഉപയോഗിക്കുന്ന പ്രവണത അടൂര്‍ ചിത്രങ്ങളില്‍ കാണാനാവില്ലെന്നും മീര വിശദീകരിച്ചു.

ചലച്ചിത്രകാരനും വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. ഗോപിനാഥന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളിലെ കഥാപാത്രങ്ങളുടെ രൂപാന്തരീകരണ സ്വഭാവത്തെപ്പറ്റി സംസാരിച്ചു. ചലച്ചിത്ര എഴുത്തുകാരിയായ ഉമ ഡി കുന അടൂരിന്റെ സിനിമകളിലെ നര്‍മത്തിന്റെ സ്വഭാവ സവിശേഷതകളെപ്പറ്റിയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ ജീവിത വീക്ഷണത്തെപ്പറ്റിയും പരാമര്‍ശിച്ചു. "പിന്നെയും' എന്ന ഏറ്റവും പുതിയ അടൂര്‍ ചിത്രത്തിലെയുള്‍പ്പെടെ കഥാപാത്രങ്ങള്‍ മനുഷ്യരുടെ അടിസ്ഥാനപരമായ നിസംഗതയുടെ ഉദാഹരണമാണെന്ന് ഉമ അഭിപ്രായപ്പെട്ടു. ജെ. ഗീതയായിരുന്നു മോഡറേറ്റര്‍.


എ പ്ലസ് സര്‍ട്ടിഫിക്കേഷന്‍ സിനിമയെ ഇല്ലാതാക്കുമെന്ന് സംവിധായകര്‍

ആശയങ്ങളെയും സ്വപ്നങ്ങളെയും ഇല്ലാതാക്കുന്നതാണ് പുതിയ സെന്‍സര്‍ഷിപ്പ് നിര്‍ദ്ദേശങ്ങളെന്ന് സംവിധായകന്‍ ജയന്‍ ചെറിയാന്‍. ഭരണകൂടത്തിന്റെ ഇച്ഛയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അടിച്ചമര്‍ത്തുന്നതാണ് കേന്ദ്രനയം. എ പ്ലസ് സര്‍ട്ടിഫിക്കേഷനിലൂടെ സിനിമയെ ഇല്ലാതാക്കാനാണ് സെന്‍സര്‍ഷിപ്പിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. "അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള ഇടം' എന്ന വിഷയത്തെ ആസ്പദമാക്കി ടാഗോര്‍ തിയേറ്ററില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയില്‍ മാത്രമല്ല നവമാധ്യമങ്ങളിലും എതിരഭിപ്രായത്തെ അടിച്ചമര്‍ത്തുന്ന പ്രവണത പ്രകടമാണെന്ന് ഡോക്യുമെന്ററി സംവിധായിക ദീപ ധന്‍രാജ് പറഞ്ഞു. നിശബ്ദതയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കേണ്ടത് അനിവാര്യമാണെന്ന് സംവിധായകന്‍ രാകേഷ് ശര്‍മ അഭിപ്രായപ്പെട്ടു. സിനിമാ പ്രവര്‍ത്തകര്‍ മാത്രമല്ല സമൂഹമൊന്നാകെ ഇതിനെതിരെ പ്രതികരിക്കണം. അധികാരകേന്ദ്രിതമായ സമൂഹത്തില്‍ സ്വതന്ത്ര ചിന്തകള്‍ക്ക് രാഷ്ട്രീയഭേദമില്ലാതെ അവസരമൊരുക്കണമെന്ന വാദമാണ് ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം ഉന്നയിച്ചത്.

എം.സി. രാജനാരായണന്റെ "വിശ്വസിനിമയിലെ ഋതുഭേദങ്ങള്‍', ചന്ദ്രശേഖരന്റെ "ഹരിതസിനിമ' എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ഓപ്പണ്‍ഫോറത്തോടനുബന്ധിച്ച് നടന്നു. സംവിധായിക ദീപ ധന്‍രാജ് പ്രകാശനം ചെയ്തു. പുസ്തകങ്ങള്‍ സി.പി. രാമചന്ദ്രന്‍, സി.എസ്. വെങ്കിടേശ്വരന്‍ എന്നിവര്‍ ഏറ്റുവാങ്ങി.


അതിജീവിക്കുന്നവരുടെ ശബ്ദമാകാന്‍ ഇടതിന് മാത്രമേ കഴിയൂ - സംവിധായകര്‍

അടിച്ചമര്‍ത്തപ്പെടുന്നവരുടെ അതിജീവനത്തിന്റെ ശബ്ദമാകാന്‍ ഇടതുചിന്താഗതികള്‍ക്ക് ഇനിയും കഴിയുമെന്ന് മീറ്റ് ദ പ്രസില്‍ സംവിധായകര്‍. ഫാസിസത്തിനെതിരെയുള്ള ചെറുത്തുനില്‍പാണ് യഥാര്‍ത്ഥ ഇടതുപക്ഷമെന്നും സംവിധായകരായ വിധു വിന്‍സെന്റ്, സജി പലമേല്‍ ശ്രീധരന്‍, ഷെറി ഗോവിന്ദന്‍, ഷാനവാസ് ബാവക്കുട്ടി, എന്നിവര്‍ അഭിപ്രായപ്പെട്ടു.

പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ജീവിതമാണ് താന്‍ പ്രമേയമാക്കിയതെന്ന് മാന്‍ഹോളിന്റെ സംവിധായിക വിധു വിന്‍സെന്റ് പറഞ്ഞു. പ്രതിസന്ധികളിലെ പ്രതീക്ഷയാണ് ഇടതുചിന്ത. തന്റെ സിനിമയിലെ കഥാപാത്രങ്ങള്‍ സാധാരണക്കാരുടെ വികാരമാണെന്നും അവരുടെ ഭാഷയിലെ ഇടതുചിന്ത പ്രതീക്ഷയാണെന്നും അവര്‍ പറഞ്ഞു.

സഹകരണ ബാങ്കില്‍ നിന്ന് വായ്പയുള്ളതു കൊണ്ടാണ് തന്റെ ചിത്രം തിയേറ്ററിലെത്തിയതെന്ന് "ആറടി' യുടെ സംവിധായകന്‍ സജി പലമേല്‍ ശ്രീധരന്‍ പറഞ്ഞു. സഹകരണ ബാങ്കുകളില്‍ തിരിമറി നടക്കുകയാണെന്നും മറ്റുമുള്ള ആരോപണങ്ങളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകസിനിമയിലെ ന്യു വേവ് തരംഗം മലയാള സിനിമയിലും എത്തിയെന്നതിന്റെ തെളിവുകളാണ് മേളയ്‌ക്കെത്തിയ ചിത്രങ്ങളെന്ന് ഷെറി ഗോവിന്ദന്‍ പറഞ്ഞു. ജാതിമത വര്‍ണ വര്‍ഗ ചിന്തകളില്‍ കേരളത്തിന്റെ പൊതുബോധത്തോടുള്ള ചോദ്യമാണ് "കിസ്മത്ത്' എന്ന് ഷാനവാസ് ബാവക്കുട്ടി പറഞ്ഞു. ആറടി മണ്ണിനുപോലും അവകാശമില്ലാത്തവര്‍ കേരളത്തിലുണ്ട്. അവര്‍ക്കുവേണ്ടിയാണ് തന്റെ ചിത്രമെന്നും ഐ.എഫ്.എഫ്.കെയില്‍ ചിത്രത്തിന് നല്ല പ്രതികരണം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും സജി പലമേല്‍ പറഞ്ഞു. ക്ലെയര്‍ ഒബ്‌സ്ക്യൂറിന്റെ സംവിധായിക യെസിം ഓസ്‌തോഗ്ലൂ (തുര്‍ക്കി) പങ്കെടുത്തു.


ഗ്ലാമറിന്റെ ലോകം എന്നെ ഭ്രമിപ്പിച്ചിട്ടില്ല: സീമ ബിശ്വാസ്

ഗ്ലാമറിന്റെ ലോകം തന്നെ ഭ്രമിപ്പിച്ചിട്ടില്ലെന്ന് പ്രശസ്ത തിയേറ്റര്‍ ആര്‍ട്ടിസ്റ്റും അസാമീസ് അഭിനേത്രിയുമായ സീമ ബിശ്വാസ്. ഫൂലന്‍ ദേവി പോലുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്കിഷ്ടമെന്നും അവര്‍ പറഞ്ഞു. ആത്യന്തികമായി സാധാരണ മനുഷ്യരുടെ ജീവിതം ദൃശ്യവത്കരിക്കുന്ന ചിത്രങ്ങളില്‍ അഭിനയിക്കാനാണ് താത്പര്യമെന്നും ബിശ്വാസ് പറഞ്ഞു.

ചലച്ചിത്രമേളയില്‍ സിനിമ നിരൂപകന്‍ ഭരദ്വാജ് രംഗനുമായി നിള തിയേറ്ററില്‍ നടന്ന "ഇന്‍ കോണ്‍വര്‍സേഷന്‍' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ചലച്ചിത്രമേളകളില്‍ ഒന്നാണ് ഐ.എഫ്.എഫ്.കെ എന്നും ഈ മേളയില്‍ ജൂറിയുടെ ഭാഗെമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സീമ ബിശ്വാസ് പറഞ്ഞു. പരമ്പരാഗതമായി അസാമുമായി വളരെ അടുത്തുനില്‍ക്കുന്ന സംസ്കാരമാണ് കേരളത്തിന്റേത്. അതിനാല്‍ തന്നെ സ്വന്തം വീട്ടിലെത്തുന്ന അനുഭൂതിയാണ് കേരളത്തില്‍ വരുമ്പോള്‍ തനിക്കുണ്ടാകുന്നതെന്നും അവര്‍ പറഞ്ഞു.

ദേശീയഗാനം : സുപ്രീംകോടതി നിര്‍ദ്ദേശം അനുസരിക്കണം

തിയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം പ്രേക്ഷകര്‍ അനുസരിക്കണമെന്ന് ചലച്ചിത്ര അക്കാദമി. ദേശീയഗാനാലാപനത്തിന് അഞ്ച് മിനിട്ട് മുമ്പെങ്കിലും തിയേറ്ററിനുള്ളില്‍ പ്രവേശിച്ചില്ലെങ്കില്‍ റിസര്‍വേഷന്‍ റദ്ദാക്കും. പ്രദര്‍ശനം തുടങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പെങ്കിലും പ്രതിനിധികള്‍ റിസര്‍വേഷന്‍ ക്യൂവില്‍ എത്തണമെന്നും അക്കാദമി സെക്രട്ടറി മഹേഷ് .ബി അറിയിച്ചു.

"ഓപ്പണ്‍ഫോറത്തില്‍ 60 വര്‍ഷം പിന്നിടുന്ന കേരളവും മലയാള സിനിമയും'

കേരളം പിന്നിട്ട 60 വര്‍ഷത്തെയും സിനിമാരംഗത്തേയും കുറിച്ചുള്ള ഓപ്പണ്‍ ഫോറത്തില്‍ കെ.പി കുമാരന്‍ ഇന്ന് മുഖ്യാതിഥിയാകും. മധു, ടി.വി ചന്ദ്രന്‍, പി.ടി കുഞ്ഞുമുഹമ്മദ്, ഷാനവാസ് കെ. ബാവക്കുട്ടി, ഷെറി, സജി പലമേല്‍ ശ്രീധരന്‍ എന്നിവര്‍ പങ്കെടുക്കും. സരിതാ വര്‍മ്മ മോഡറേറ്ററാകും. വൈകിട്ട് 6 ന് ടാഗോര്‍ തിയേറ്ററിലെ പി.കെ. നായര്‍ പവലിയനിലാണ് ഓപ്പണ്‍ ഫോറം.

വേറിട്ട സ്വരമായി "ആട്ടും പാട്ടം'

ചലച്ചിത്രോത്സവത്തിനെത്തിയവര്‍ക്ക് ആദിവാസി ഊരിലെത്തിയ പ്രതീതി ഉണര്‍ത്തി ഇരുള നൃത്തസംഘത്തിന്റെ ആട്ടും പാട്ടവും. ഇരുള സമുദായത്തിന്റെ പാരമ്പര്യ കലാരൂപമായ ഇരുള നൃത്തം അട്ടപ്പാടിയില്‍ നിന്നെത്തിയ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള ആസാദ് കലാസംഘമാണ് അവതരിപ്പിച്ചത്.

വജ്രകേരളം ആഘോഷങ്ങളുടെ ഭാഗമായാണ് ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് ടാഗോര്‍ തിയേറ്ററില്‍ ഇരുള നൃത്തം അരങ്ങേറിയത്. ലിപിയില്ലാത്ത ഇരുള ഭാഷയില്‍ നഞ്ചമ അവരുടെ ആഘോഷ നൃത്തത്തെ അവതരിപ്പിച്ചപ്പോള്‍ ആസ്വാദകര്‍ ഇളകിമറിഞ്ഞു. കൊകല്‍, പൊരെ, ധവില്‍, ജംള്‍ട്ര തുടങ്ങി മണ്ണും മരവും കൊണ്ടുണ്ടാക്കിയ ഉപകരണങ്ങളുടെ താളം ഇരുളനൃത്തത്തിന്റെ മാറ്റ് കൂട്ടിയപ്പോള്‍ കാണികളും ഒപ്പം ചുവടുവെച്ചു.


15 ഇന്ത്യന്‍ ചിത്രങ്ങള്‍ ഇന്ന്

വിവിധ വിഭാഗങ്ങളിലായി 15 ഇന്ത്യന്‍ ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍, ഡോ ബിജുവിന്റെ കാടു പൂക്കുന്ന നേരം, സാന്ത്വന ബര്‍ദലോയുടെ മാജ് രാതി കേതകി, എന്നീ മത്സരവിഭാഗം ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് നടത്തും. ഹോമേജ് വിഭാഗത്തില്‍ കല്‍പ്പനയുടെ തനിച്ചല്ല ഞാന്‍, ജെന്‍ഡര്‍ ബെന്‍ഡര്‍ വിഭാഗത്തില്‍ സുധാന്‍ഷു സരിയയുടെ എല്‍.ഒ.ഇ.വി’ലോകസിനിമാ വിഭാഗത്തില്‍ ചൗത്തി കൂട്ട്’ എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ വെസ്റ്റേണ്‍ ഗട്ട്‌സ്, ഭാപ്പാ കി ഭയകഥാ, ഒനാത, റെവലേഷന്‍സ്, ലേഡി ഓഫ് ദ ലേക്ക് എന്നീ ചിത്രങ്ങളും മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ െേഗാഡ്‌സെ, കമ്മട്ടിപ്പാടം, മോഹവലയം എന്നീ ചിത്രങ്ങളോടൊപ്പം കെ.എസ്. സേതുമാധവന്റെ അച്ഛനും ബാപ്പയും പ്രദര്‍ശിപ്പിക്കും.

ഫെസ്റ്റിവല്‍ ചിത്രങ്ങള്‍ തിയേറ്ററിലെത്തുമ്പോള്‍ പ്രേക്ഷകര്‍ കുറവ്: അടൂര്‍ഫെസ്റ്റിവല്‍ ചിത്രങ്ങള്‍ തിയേറ്ററിലെത്തുമ്പോള്‍ പ്രേക്ഷകര്‍ കുറവ്: അടൂര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക