Image

എ പ്ലസ്‌ സര്‍ട്ടിഫിക്കേഷന്‍ സിനിമയെ ഇല്ലാതാക്കുമെന്ന്‌ സംവിധായകര്‍

ആഷ എസ് പണിക്കര്‍ Published on 13 December, 2016
എ പ്ലസ്‌ സര്‍ട്ടിഫിക്കേഷന്‍ സിനിമയെ ഇല്ലാതാക്കുമെന്ന്‌ സംവിധായകര്‍

ആശയങ്ങളെയും സ്വപ്‌നങ്ങളെയും ഇല്ലാതാക്കുന്നതാണ്‌ പുതിയ സെന്‍സര്‍ഷിപ്പ്‌ നിര്‍ദ്ദേശങ്ങളെന്ന്‌ സംവിധായകന്‍ ജയന്‍ ചെറിയാന്‍. ഭരണകൂടത്തിന്റെ ഇച്ഛയ്‌ക്ക്‌ വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അടിച്ചമര്‍ത്തുന്നതാണ്‌ കേന്ദ്രനയം. എ പ്ലസ്‌ സര്‍ട്ടിഫിക്കേഷനിലൂടെ സിനിമയെ ഇല്ലാതാക്കാനാണ്‌ സെന്‍സര്‍ഷിപ്പിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. `അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള ഇടം' എന്ന വിഷയത്തെ ആസ്‌പദമാക്കി ടാഗോര്‍ തിയേറ്ററില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 
സിനിമയില്‍ മാത്രമല്ല നവമാധ്യമങ്ങളിലും എതിരഭിപ്രായത്തെ അടിച്ചമര്‍ത്തുന്ന പ്രവണത പ്രകടമാണെന്ന്‌ ഡോക്യുമെന്ററി സംവിധായിക ദീപ ധന്‍രാജ്‌ പറഞ്ഞു. നിശബ്‌ദതയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കേണ്ടത്‌ അനിവാര്യമാണെന്ന്‌ സംവിധായകന്‍ രാകേഷ്‌ ശര്‍മ അഭിപ്രായപ്പെട്ടു. 

സിനിമാ പ്രവര്‍ത്തകര്‍ മാത്രമല്ല സമൂഹമൊന്നാകെ ഇതിനെതിരെ പ്രതികരിക്കണം. അധികാരകേന്ദ്രിതമായ സമൂഹത്തില്‍ സ്വതന്ത്ര ചിന്തകള്‍ക്ക്‌ രാഷ്‌ട്രീയഭേദമില്ലാതെ അവസരമൊരുക്കണമെന്ന വാദമാണ്‌ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം ഉന്നയിച്ചത്‌. 

എം.സി. രാജനാരായണന്റെ `വിശ്വസിനിമയിലെ ഋതുഭേദങ്ങള്‍', ചന്ദ്രശേഖരന്റെ `ഹരിതസിനിമ' എന്നീ പുസ്‌തകങ്ങളുടെ പ്രകാശനവും ഓപ്പണ്‍ഫോറത്തോടനുബന്ധിച്ച്‌ നടന്നു. സംവിധായിക ദീപ ധന്‍രാജ്‌ പ്രകാശനം ചെയ്‌തു. പുസ്‌തകങ്ങള്‍ സി.പി. രാമചന്ദ്രന്‍, സി.എസ്‌. വെങ്കിടേശ്വരന്‍ എന്നിവര്‍ ഏറ്റുവാങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക