Image

ഫെസ്റ്റിവല്‍ ചിത്രങ്ങള്‍ തിയേറ്ററിലെത്തുമ്പോള്‍ പ്രേക്ഷകര്‍ കുറവ്‌: അടൂര്‍

ആഷ എസ് പണിക്കര്‍ Published on 13 December, 2016
ഫെസ്റ്റിവല്‍ ചിത്രങ്ങള്‍ തിയേറ്ററിലെത്തുമ്പോള്‍ പ്രേക്ഷകര്‍ കുറവ്‌: അടൂര്‍

ചലച്ചിത്രമേളകള്‍ ഉത്തരവാദിത്വബോധത്തോടെ സിനിമ കാണാന്‍ പരിശീലിപ്പിക്കുന്ന വേദികളാണെന്ന്‌ അടൂര്‍ ഗോപാലകൃഷ്‌ണന്‍. എന്നാല്‍ ഫെസ്റ്റിവലില്‍ പ്രേക്ഷകപങ്കാളിത്തമുണ്ടാകുന്ന ചിത്രങ്ങള്‍ തിയേറ്ററിലെത്തുമ്പോള്‍ കണാന്‍ ആളില്ലാത്ത അവസ്ഥയാണെന്ന്‌ അടൂര്‍ പറഞ്ഞു. സിനിമയുടെ 50 വര്‍ഷങ്ങളിലെത്തിയ അടൂരിന്റെ സംഭാവനകളോടുള്ള ആദരവായി ശ്രീ തിയേറ്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രദ്ധാലുവായ സംവിധായകനെന്നാണ്‌ മുഖ്യ പ്രഭാഷണം നടത്തിയ ശ്യാം ബനഗല്‍ അടൂരിനെ വിശേഷിപ്പിച്ചത്‌. പൂര്‍ണതയാണ്‌ അടൂര്‍ ചിത്രങ്ങളുടെ മുഖമുദ്രയെന്ന്‌ അദ്ദേഹം നിരീക്ഷിച്ചു. ആദ്യ ചിത്രത്തിലെ നായകന്‍കൂടിയായ മധു, കെ.പി.എ.സി. ലളിത, `അനന്തര'ത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അശോകന്‍ എന്നിവര്‍ അടൂരുമായി പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു.

 ഓരോന്നും അളന്നു തൂക്കി ചെയ്യുന്ന, വേണ്ടത്‌ മുന്‍കൂട്ടി മനസ്സില്‍ കാണുന്ന സംവിധായകനാണ്‌ അടൂരെന്ന്‌ മധു പറഞ്ഞു. ഏറിയാല്‍ രണ്ടോ മൂന്നോ ദിവസം കൊണ്ടു കഴിയേണ്ട ഡബ്ബിങ്‌ പൂര്‍ണതയ്‌ക്കായി 14 ദിവസമെടുത്ത്‌ അനന്തരത്തിനുവേണ്ടി തന്നെക്കൊണ്ടു ചെയ്യിച്ച അനുഭവം അശോകന്‍ പങ്കുവെച്ചു. 

സംവിധായകന്‍ സയ്‌ദ്‌ മിര്‍സ, `നിര്‍മാതാവ്‌ ബേബി മാത്യു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. പാര്‍ഥജിത്‌ ബറുവ എഴുതിയ `ഫെയ്‌സ്‌ ടു ഫെയ്‌സ്‌: ദി സിനിമ ഓഫ്‌ അടൂര്‍ ഗോപാലകൃഷ്‌ണന്‍ എന്ന പുസ്‌തകവും ചടങ്ങില്‍ പ്രകാശിപ്പിച്ചു. അടൂരിന്റെ ആദ്യ ഡിജിറ്റല്‍ ചിത്രമായ `പിന്നെയും' പ്രദര്‍ശിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക