Image

മിനിക്കുട്ടിയെന്ന സൂസമ്മ (നീണ്ടകഥ: അദ്ധ്യായം - 17 - സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)

Published on 15 December, 2016
മിനിക്കുട്ടിയെന്ന സൂസമ്മ (നീണ്ടകഥ: അദ്ധ്യായം - 17 - സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)
കാര്‍ സൂസമ്മയുടെ കൊച്ചുഗ്രാമത്തെ ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. ഒപ്പം സൂസമ്മയുടെ തുടിക്കുന്ന ചിന്തകളും. ഏകദേശം നാല്പതു മിനിട്ടു യാത്ര ചെയ്തപ്പോള്‍ കാര്‍ അവളുടെ കൊച്ചുവീടിന്റെ ഇടുങ്ങിയ പാതയിലെത്തി. വീടിന്റെ മുറ്റത്തു നിന്നിരുന്ന മേരി, അല്പം ദൂരെയായി വന്നു നിന്ന കാറില്‍ നിന്നിറങ്ങിയ തന്റെ ചേച്ചിയെ കണ്ടു. അത്ഭുതപരതന്ത്രയായ അവള്‍ അകത്തേയ്ക്കു നോക്കി ""അമ്മച്ചീ, ഇതാ ചേച്ചി വന്നിരിക്കുന്നു'' എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. സാറാമ്മച്ചേടത്തി പുറത്തെത്തുന്നതിനുമുമ്പായി മേരി സൂസമ്മയുടെ അടുത്തെത്തി അവളെ ആലിംഗനം ചെയ്തുകഴിഞ്ഞു. അവള്‍ പരാതിയുടെ പൊതി അഴിക്കാന്‍ തുടങ്ങി:- ""ചേച്ചീ, ഇത്രയും നാള്‍ എവിടെയായിരുന്നു. ഇച്ചാച്ചനും അമ്മച്ചീം വളരെ വിഷമത്തിലാണ്. ചേച്ചീ സ്ഥലംമാറി പുതിയ സ്ഥലത്തെത്തിയതായറിയിച്ചിരുന്നു. എന്നാല്‍ പിന്നീടൊന്നും അറിഞ്ഞില്ല.''

സൂസമ്മ: ""വാ മോളെ, എല്ലാം പറയാം. ഇച്ചാച്ചനും അമ്മച്ചിയും സുഖമായിരിക്കുന്നോ.'' ടാക്‌സിക്കാരന്‍ ലഗേജ് ഇറക്കി വച്ചു. അയാള്‍ ആവശ്യപ്പെട്ട പണം നല്‍കി സൂസമ്മ അയാളെ യാത്രയാക്കി. സൂട്ട്‌കേസ് വീട്ടിലെത്തിക്കുവാന്‍ മേരി സഹായിച്ചു. ആ കൊച്ചുവീടിന്റെ മുറ്റത്തേക്കിറങ്ങിയ മത്തായിച്ചേട്ടനും സാറാച്ചേടത്തിയും തങ്ങളുടെ ഓമനമകളെക്കണ്ടു അത്ഭുതസ്തബ്ധരായി. അവളെ ആലിംഗനം ചെയ്തുകൊണ്ട് ആ പാവം അമ്മ പൊട്ടിക്കരഞ്ഞു. മൂകസാക്ഷിയായി മത്തായിച്ചേട്ടന്‍ തന്റെ തോളില്‍ കിടന്ന തോര്‍ത്തുകൊണ്ടു കണ്ണുനീര്‍ തുടച്ചു. സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന നിഷ്ക്കളങ്കരായ മാതാപിതാക്കള്‍.

സൂസമ്മയുടെ വരവ് അറിഞ്ഞ് അയല്ക്കാര്‍ പലരും വീട്ടുമുറ്റത്തു എത്തിക്കഴിഞ്ഞിരുന്നു. ചിലര്‍ സംശയദൃഷ്ടിയോടെ നോക്കുന്നത് സൂസമ്മ ശ്രദ്ധിച്ചു. പക്ഷെ അവള്‍ പതറിയില്ല. ഇന്നവള്‍ക്ക് ഒരു ലക്ഷ്യമുണ്ട്. തന്റെ കുടുംബത്തിന്റെ ചുമതലയോടൊപ്പം ഒരു ധനികകുടുംബത്തിന്റെ സന്തോഷവും അവളില്‍ നിക്ഷിപ്തമാണ്. അപ്രതീക്ഷിതമായുണ്ടായ സ്ഥലംമാറ്റത്തെക്കുറിച്ച് അവിടെ എത്തിയ ഉടന്‍ അവള്‍ മാതാപിതാക്കളെ അറിയിച്ചിരുന്നു. അവിടെ എത്തിയ ഉടന്‍ ഒരു അപകടം സംഭവിച്ചു കിടപ്പിലായിരുന്നു എന്നും വീട്ടിലറിയിച്ച് വൃദ്ധരായ മാതാപിതാക്കളെ വേദനിപ്പിക്കണ്ടാ എന്നു കരുതിയാണ് ഒന്നും അറിയിക്കാതിരുന്നതെന്നും അവള്‍ പറഞ്ഞ കഥ അവര്‍ വിശ്വസിച്ചു. മേരി സൂട്ട്‌കേസു തുറക്കാന്‍ വെമ്പല്‍ കൊണ്ടു നിന്നിരുന്നു. അവള്‍ സൂസമ്മയെ നോക്കി മൊഴിഞ്ഞു: ""ചേച്ചി ഒത്തിരി സുന്ദരി ആയിരിക്കുന്നു. പുതിയ സ്ഥലത്തെ ജീവിതം ചേച്ചിത്തു പിടിച്ചെന്നു തോന്നുന്നു.'' സൂസമ്മ ഒരു പുഞ്ചിരി കൊണ്ട് അതിനു മറുപടി നല്‍കി. തന്റെ ഹാന്‍ഡ്ബാഗു തുറന്ന് സൂട്ട്‌കേസിന്റെ താക്കോല്‍ മേരിയെ ഏല്പിച്ചു. കളിപ്പാട്ടും കൈയ്യില്‍ കിട്ടിയ ആഹ്ലാദത്തോടെ അവള്‍ സൂട്ട്‌കേസു തുറന്നു. സൂസമ്മ അവര്‍ക്കോരോരുത്തര്‍ക്കും കരുതിയിരുന്ന സമ്മാനങ്ങള്‍ പുറത്തെടുത്തു. തങ്ങളുടെ രണ്ടു മക്കളും കൂടി സന്തോഷം പങ്കിടുന്നതും പരസ്പരം കെട്ടിപ്പിടിക്കുന്നതും നോക്കി ആ മാതാപിതാക്കള്‍ ആനന്ദാശ്രുക്കള്‍ പൊഴിച്ചു.
സാറാമ്മച്ചേടത്തി അടുക്കളയിലേക്കും മത്തായിച്ചേട്ടന്‍ പുറത്തേയ്ക്കും നീങ്ങി. സൂസമ്മയും മേരിയും കുന്നിന്‍മുകളിലുള്ള അവരുടെ ദേവാലയത്തിലേക്കും. വഴിയില്‍ വച്ചു പല അയല്ക്കാരുമായി കുശലപ്രശ്‌നങ്ങള്‍ നടത്തി, കൂട്ടത്തില്‍ വാസുദേവിനെയും കണ്ടു. എന്നാല്‍ അയാളുടെ മകനുമായി കണ്ടുമുട്ടിയ വസ്തുത സൂസമ്മ മനപ്പൂര്‍വ്വം മറച്ചു വച്ചാണ് സംസാരിച്ചത്.

അന്നത്തെ അത്താഴത്തിന് വിഭവസമൃദ്ധമായ ഒരു സദ്യയുടെ പ്രതീതി ആ കുടുംബാംഗങ്ങള്‍ക്ക് അനുഭവപ്പെട്ടു. പ്രാര്‍ത്ഥനയ്ക്കുശേഷം മേരിയോടൊന്നിച്ചു കിടക്കയെ പൂകിയ സൂസമ്മയുടെ ഹൃദയം, അങ്ങു വടക്കു തനിക്കു ഒരു പുതിയ ജീവിതം തന്ന ആ നല്ല ദമ്പതികളെക്കുറിച്ചുള്ള ചിന്തകള്‍ കൊണ്ടു നിറഞ്ഞിരുന്നു.

ഒരു മാസക്കാലം തന്റെ കൊച്ചുകുടുംബവുമായി കഴിയാന്‍ ആഗ്രഹിച്ച സൂസമ്മ, തിരിച്ചു ചെന്നു താനേറ്റെടുക്കാന്‍ പോകുന്ന ആ വലിയ ചുമതലയെക്കുറിച്ച് ഇടയ്ക്കിടെ ആലോചിച്ചുകൊണ്ടിരുന്നു. അതിനുള്ള ധൈര്യവും ശക്തിയും നല്കണെ എന്നവള്‍ ദൈവത്തോടു മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. താമസിയാതെ നമുക്കു സ്വന്തമായി അല്പം വസ്തു വാങ്ങി അതില്‍ ഒരു ചെറിയ പുര പണിയുന്ന കാര്യം സൂസമ്മ മാതാപിതാക്കളുമായി സംസാരിച്ചു. അതിനുശേഷം മേരിയുടെ വിവാഹം. സൂസമ്മയുടെ വിവാഹക്കാര്യം സംസാരിക്കാനാരംഭിച്ച മാതാപിതാക്കളെ അവള്‍ നിരുത്സാഹപ്പെടുത്തി. സാമാന്യം നല്ല ജോലിയും വരുമാനവുമുള്ള തനിക്ക് അല്പം താമസിച്ചാലും വിവാഹം നടക്കുമെന്നും തല്ക്കാലം മേരിയുടെ കാര്യമാണ് പരിഗണിക്കേണ്ടതെന്നും അവള്‍ പറഞ്ഞപ്പോള്‍ അതു കൂടുതല്‍ യുക്തിയാണെന്ന് മാതാപിതാക്കളും സമ്മതിച്ചു.

ഒരു മാസത്തെ അവധി മിന്നിമറഞ്ഞതുപോലെ കടന്നുപോയി. സ്‌നേഹനിധികളായ മാതാപിതാക്കളെയും അനുജത്തിയേയും വേര്‍പിരിയുന്നതില്‍ അവള്‍ക്കു താങ്ങാനാവാത്ത ദുഃഖം അനുഭവപ്പെട്ടു. എങ്കിലും അവള്‍ ഏറ്റെടുത്തിരിക്കുന്ന ആ വലിയ ചുമതല, ഒരു കുടുംബത്തിന്റെ ഭാവി അവളിലാണ് നിക്ഷിപ്തമായിരിക്കുന്നത്. കലുഷിതമായ ഒരു ഹൃദയത്തോടെ അവള്‍ തന്റെ ലക്ഷ്യസ്ഥാനത്തേയ്ക്കുള്ള തീവണ്ടി യാത്ര തുടങ്ങി.
(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക