Image

ചലച്ചിത്ര മേളയ്ക്കിടെ സിനിമാപ്രേമികളുടെ സിനിമ

ആശ പണിക്കര്‍ Published on 15 December, 2016
ചലച്ചിത്ര മേളയ്ക്കിടെ സിനിമാപ്രേമികളുടെ സിനിമ

                        ചലച്ചിത്ര മേളയ്ക്കിടെ സിനിമാപ്രേമികളുടെ സിനിമ


ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാന്‍  പല സ്ഥലങ്ങളില്‍ നിന്നെത്തിയ സിനിമാ പ്രേമികളില്‍ ചിലര്‍ ചേര്‍ന്ന് സിനിമ പൂര്‍ത്തിയാക്കി. ഒരാള്‍ കള്ളന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. എം.കെ ശ്രീജിത് എന്ന യുവസംവിധായകനാണ് ചിത്രം ഒരുക്കുന്നത്. ഛായാഗ്രാഹകന്‍ ദീപു.

തിരക്കഥയില്ലാത്ത ചിത്രം പൂര്‍ണമായും രാത്രിയിലാണ് ചിത്രീകരിച്ചത്. ഒരു മനുഷ്യന് ഒരു രാത്രിയില്‍ അനുഭവപ്പെടുന്ന പ്രത്യേകമായ മാനസികാവസ്ഥയെ സമയവുമായി ബന്ധപ്പെടുത്തുന്ന സൈക്കോളജിക്കല്‍ സിനിമയാണിത്്. പത്തോളം പേര്‍ ചേര്‍ന്ന് നിര്‍മ്മാതാവില്ലാതെ സ്വന്തം ക്യാമറയും മറ്റും ഉപയോഗിച്ചാണ് ചിത്രം പൂര്‍ത്തിയാക്കിയത്.  25000 രൂപ ചിത്രത്തിനായി ഇതുവരെ ചെലവായി.

തന്റെ മനസില്‍ തോന്നിയ ആശയം ഐ.എഫ്.എഫ്.കെയില്‍ എത്തിയ സുഹൃത്തുക്കളുമായി പങ്കു വച്ചപ്പോള്‍ അവര്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയെന്നും ആ ആത്മവിശ്വാസത്തിലാണ് ചിത്രം ഒരുക്കിയതെന്നും ശ്രീജിത് പറഞ്ഞു. ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യ ദിനത്തില്‍ ചര്‍ച്ച ചെയ്തു തുടങ്ങിയ സിനിമ മൂന്ന് ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മാത്രമേ ബാക്കിയുള്ളൂ. പത്ത് ദിവസത്തിനകം ഇതും പൂര്‍ത്തിയാക്കി തിരുവനന്തപുരത്ത് പ്രിവ്യൂ സംഘടിപ്പിക്കുമെന്ന് ശ്രീജിത് പറഞ്ഞു. ഐ.എഫ്.എഫ്.കെയുടെ പേരിലുള്ള വാട്ട്‌സ് ആപ്പ് സൗഹൃദ ഗ്രൂപ്പുകളും സിനിമയെ വലിയ തോതില്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.  സിനിമാ സ്‌നേഹികളുടേയും സംഘടനകളുടേയും സഹകരണത്തോടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ആലോചിക്കുന്നതെന്നും ശ്രീജിത് വ്യക്തമാക്കി. ശ്രീജിത് സംവിധാനം ചെയ്ത ‘കുന്നിറങ്ങി വരുന്ന ജീപ്പ്’എന്ന ആദ്യ ചിത്രം ജനുവരിയില്‍ തിയേറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്.

                          ഡിസൈനേഴ്‌സ് ആറ്റിക്കില്‍ വന്‍ തിരക്ക്


മലയാള സിനിമയുടെ പ്രചാരണ ചരിത്രത്തിന്റെ ഉള്ളറകള്‍ തേടിയുള്ള ഡിസൈനേഴ്‌സ് ആറ്റികില്‍ വന്‍തിരക്ക്. ടാഗോര്‍ തിയേറ്ററിനോടു ചേര്‍ന്ന് ഒരുക്കിയിട്ടുള്ള സ്റ്റാള്‍ 10 ന് ജഗതി ശ്രീകുമാറും ഷീലയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. മനു, അല്‍ത്താഫ് എന്നിവര്‍ ശേഖരിച്ച അപൂര്‍വ്വ രേഖകളാണ് ഡിസൈനേഴ്‌സ് ആറ്റികില്‍ ഒരുക്കിയിരിക്കുന്നത്.

ആദ്യകാല സിനിമാ പോസ്റ്ററുകള്‍, പഴയകാല നോട്ടീസുകള്‍, പാട്ടുപുസ്തകങ്ങള്‍ തുടങ്ങിയവ സമന്വയിപ്പിച്ച് പ്രത്യേക ദൃശ്യാവിഷ്‌കാരം ഒരുക്കിയത് സിനിമ പ്രവര്‍ത്തകരായ ലിജിന്‍ ജോസും നസിയും അജിത്കുമാറുമാണ്.

മികച്ച പ്രതികരണമ#േുണ്ടാക്കിയ ഡിസൈനേഴ്‌സ് ആറ്റികില്‍ സിനിമയില്‍ ആദ്യകാലത്തെ പോസ്റ്റര്‍ നിര്‍മ്മാണത്തെക്കുറിച്ചും വിതരണ സംവിധാനത്തെക്കുറിച്ചും പ്രേക്ഷകരിലേക്ക് പുത്തന്‍ അറിവ് പകരുന്നു. സിനിമാപ്രേമികള്‍ക്ക് പുതിയൊരു അനുഭവം എന്ന നിലയിലാണ് മേളയിലേക്ക് ഏവരേയും ആകര്‍ഷിക്കുന്നത്.


             മേള തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവരെ കരിമ്പട്ടികയില്‍പെടുത്തണം:
                                 അടൂര്‍ ഗോപാലകൃഷ്ണന്‍



ചലച്ചിത്രോത്സവത്തിലെത്തി പ്രശ്‌നങ്ങളുണ്ടാക്കുന്നവരെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇങ്ങനെയുള്ളവരെ ഇനി വരുന്ന ചലച്ചിത്രോത്സവങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കരുത്. ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടത്തിയ അവസാനത്തെ ഓപ്പണ്‍ ഫോറത്തില്‍ മേള അവലോകനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.

സിനിമ കാണുന്നതില്‍ യാതൊരു താല്‍പര്യവുമില്ലാത്ത ചിലരാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. സ്വയം ഹീറോകളാണെന്ന് അവര്‍ കരുതുന്നു. 9000 സീറ്റുകളേ ഉളളൂ എങ്കില്‍ 13000 പേര്‍ക്ക് പാസ്സുകള്‍ നല്‍കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഡെലിഗേറ്റുകള്‍ക്ക് സിനിമ കാണാന്‍ നിലത്ത് ഇരിക്കേണ്ടി വരുന്നത് അവകാശ ലംഘനമാണ്. ഒരാള്‍ക്ക് അസുഖമുണ്ടായാല്‍ തിയേറ്ററില്‍ നിന്നും പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടുണ്ടാകും. കൂടുതല്‍ തിയേറ്ററുകള്‍ കണ്ടെത്തുന്നത് കൊണ്ട് മാത്രം പ്രശ്‌നപരിഹാരമാകില്ല. ജനപ്രതിനിധികള്‍ക്ക് സിനിമ കാണണമെന്നുണ്ടെങ്കില്‍ അവരോടും രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ആദ്യമായി ചലച്ചിത്രോത്സവത്തിന് രജിസ്റ്റര്‍ ചെയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സിനിമ കാണാനുള്ള പാസ് രണ്ട് ദിവസത്തേക്ക് മാത്രമായി പരിമിതപ്പെടുത്തണം, പാസുകള്‍ എടുത്തിട്ട് സിനിമകള്‍ കാണാത്തവര്‍ക്ക് തുടര്‍ന്നും പാസ് നല്‍കുന്നത് തടയണം, തിയേറ്ററില്‍ പ്രവേശിക്കുന്ന എല്ലാ ഡെലിഗേറ്റുകളുടേയും കാര്‍ഡ് ബാര്‍കോഡ് റീഡ് ചെയ്ത് ഒറ്റ സിനിമ പോലും കാണാത്തവര്‍ക്ക് അടുത്ത അഞ്ച് വര്‍ഷത്തേക്ക് മേളയില്‍ ഡെലിഗേറ്റ് ആകാന്‍ അനുമതി നല്‍കരുത്, ഡെലിഗേറ്റ് പാസിന്റെ ഫീസ് 1000 രൂപയാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പാനലില്‍ നിന്നും ഡെലിഗേറ്റുകളുടെ ഭാഗത്തുനിന്നുമുണ്ടായി.

ചലച്ചിത്രമേള മെച്ചപ്പെടുത്തുന്നതിനുള്ള അഭിപ്രായങ്ങള്‍ അക്കാദമിയെ നേരിട്ട് അറിയിക്കുന്നതിന് ഡെലിഗേറ്റുകള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും നല്ല നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുമെന്നും അക്കാദമി ചെര്‍മാന്‍ അറിയിച്ചു. ഡെലിഗേറ്റുകളുടെ എണ്ണം കുറയ്ക്കുന്നത് പ്രായോഗികമല്ല. സ്‌ക്രീനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ഫെസ്റ്റിവല്‍ കോംപ്ലക്‌സ് യാഥാര്‍ത്ഥ്യമാകുന്നതോടെ ഡെലിഗേറ്റുകല്‍ക്ക് യാത്ര ചെയ്ത് സമയനഷ്ടമുണ്ടാകുന്നത് ഒഴിവാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഡെലിഗേറ്റ് ഫീസ് കൂട്ടേണ്ട കാര്യമില്ലെന്നും വരും കാലങ്ങളില്‍ ആവശ്യമെങ്കില്‍ അത് ചെയ്യാമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

മീര സാഹിബ് മോഡറേറ്ററായിരുന്ന ചര്‍ച്ചയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീന പോള്‍, മുന്‍ ചെയര്‍മാന്‍ കെ.ആര്‍. മോഹന്‍, നെറ്റ് പാക്ക് ജൂറി റാഡ സെസിക്, ടി.വി. ചന്ദ്രന്‍, വി.കെ. ജോസഫ്, വിദ്യാര്‍ത്ഥി ചാറ്റര്‍ജി, ഉമ ഡാകുന്‍ഹ, ഗൗരിദാസന്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

                ദൃശ്യവിരുന്നൊരുക്കി പാവക്കൂത്തും അറബനമുട്ടും


പാവകള്‍ തിരശ്ശീലയ്ക്കുപിന്നില്‍ കഥപറഞ്ഞപ്പോള്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ വേറിട്ടൊരു കാഴ്ചാനുഭവത്തിന്  കാണികള്‍ സാക്ഷിയായി. വജ്രകേരളം നാടന്‍ കലാമേളയുടെ ഭാഗമായി അവതരിപ്പിച്ച പാവക്കൂത്ത് രാമായണകഥയാണ് ദൃശ്യവത്കരിച്ചത്. 100 വര്‍ഷത്തോളം പഴക്കമുള്ള തോല്‍പ്പാവകള്‍ ഉള്‍പ്പെടുത്തിയാണ് പാവക്കൂത്ത് അവതരിപ്പിച്ചത്.

കമ്പരാമായണത്തെ അടിസ്ഥാനമാക്കിയാണ് പാവക്കൂത്ത് രൂപപ്പെട്ടത്. വടക്കന്‍ കേരളത്തിലെ ദേവീക്ഷേത്രങ്ങളില്‍ കൂടുതലായി അവതരിപ്പിക്കപ്പെടുന്ന പാവക്കൂത്ത് രാത്രി 10 മണിമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ നീണ്ടുനില്‍ക്കാറുണ്ട്.  കാണികള്‍ക്ക് ആസ്വദിക്കാന്‍ പറ്റുന്ന രീതിയില്‍ പാവകള്‍ക്ക് കൂടുതല്‍ ചലനമേകി ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയാണ് മേളയിലവതരിപ്പിച്ചത്.

കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡിന് അര്‍ഹനായ രാമചന്ദ്രന്‍ പുലവരും സംഘവുമാണ് പാവക്കൂത്ത് കാണികള്‍ക്കു മുന്നിലെത്തിച്ചത്. കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍ രാമചന്ദ്രന്‍ പുലവര്‍ക്ക് മെമന്റോ സമ്മാനിച്ചു. മേളയുടെ ഉദ്ഘാടന ചടങ്ങില്‍ മനുഷ്യന്റെ പരിണാമവും പാവക്കൂത്തായി അവതരിപ്പിച്ചിരുന്നു.
അറബനയുടെ താളക്കൊഴുപ്പും നാടന്‍ കലാമേളയില്‍ ജനങ്ങളെ ത്രസിപ്പിച്ചു. മൃഗത്തോലും തടിയും കൊണ്ടു നിര്‍മിച്ച അറബനയാണ് മുഖ്യാകര്‍ഷണം. അറബി സൂക്തങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച അറബനമുട്ട് മണിപ്പ്, വിളമ്പരം, അഷ്ടധ്വനി എന്നീ ഭാഗങ്ങളിലൂടെയാണ് പുരോഗമിച്ചത്. അറബനയുടെ ചടുലമായ കൈമാറ്റം ദൃശ്യഭംഗിയൊരുക്കി. ചാവക്കാട് മൊയ്തു തിരുവത്രയും സംഘവുമാണ് അറബനമുട്ട് അവതരിപ്പിച്ചത്.



ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറക്കം
സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    ഇരുപത്തി ഒന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് പരിസമാപ്തി. സമാപന സമ്മേളനം നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനാകും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, എ. സമ്പത്ത് എം.പി, വി.എസ് ശിവകുമാര്‍ എം.എല്‍.എ, സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്, അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ദ്രാവിഡ ദൃശ്യതാളം അരങ്ങേറും. സമാപനത്തോടനുബന്ധിച്ച് സുവര്‍ണചകോരം നേടുന്ന ചിത്രത്തിന്റെ പ്രദര്‍ശനവുമുണ്ടാകും. മികച്ച സംവിധായകനും നവാഗത സംവിധായകനുമുള്ള രജത ചകോരം, പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച ചിത്രം, ഫിപ്രസി, നെറ്റ്പാക് പുരസ്‌കാരങ്ങള്‍, മികച്ച മലയാള ചിത്രത്തിനുള്ള അംഗീകാരം എന്നിവയും സമാപന സമ്മേളനത്തില്‍ സമ്മാനിക്കും. ഏഴ് രാപകലുകളെ ദൃശ്യസമ്പന്നമാക്കിയ ചലച്ചിത്രോത്സവത്തിനാണ് ഇന്ന് കൊടിയിറങ്ങുന്നത്. 
     അഭയാര്‍ഥി പ്രശ്‌നം, ലിംഗസമത്വം എന്നിവ പ്രമേയമാക്കിയായിരുന്നു ഇത്തവണത്തെ  ചലച്ചിത്രമേള. നൈറ്റ് ക്ലാസിക്‌സ്, കണ്‍ട്രി ഫോക്കസ്, ഹോമേജ് തുടങ്ങി 17 വിഭാഗങ്ങളിലായി 50 രാജ്യങ്ങളില്‍ നിന്നുള്ള 184 ചിത്രങ്ങള്‍ ഇത്തവണ മേളയിലുണ്ടായിരുന്നു. ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയെന്നത് ഈ ചലച്ചിത്രമേളയുടെ സവിശേഷതയാണ്. 15000 ത്തോളം പേരാണ് ഇത്തവണ മേളയ്‌ക്കെത്തിയത്. ക്ലാഷ്, സിങ്ക്, ക്ലെയര്‍ ഒബ്‌സിക്യൂര്‍, നെരൂദ, നെറ്റ് തുടങ്ങിയ വിദേശചിത്രങ്ങളും മലയാള സിനിമകളായ മാന്‍ഹോള്‍, കാ ബോഡിസ്‌കേപ്‌സും കാടു പൂക്കുന്ന നേരവും മേളയില്‍ ശ്രദ്ധിക്കപ്പെട്ടു. വജ്രകേരളം ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറിയ നാടന്‍ കലാരൂപങ്ങള്‍ ചലച്ചിത്രോത്സവത്തിന് മാറ്റ് കൂട്ടി. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തുന്നതുമായിരുന്നു ഈ മേള. ദേശീയഗാനലാപനം സംബന്ധിച്ച പ്രതിഷേധത്തിനും അഭിപ്രായപ്രകടനത്തിനും  പുറമെ പുസ്തക പ്രകാശനങ്ങള്‍, കൂട്ടായ്മകള്‍, തിയേറ്ററിനു പുറത്തെ സംവാദങ്ങള്‍ എന്നിവയ്ക്കും ഇത്തവണ ചലച്ചിത്രോത്സവം  വേദിയായി.
    ജനപ്രിയ സംവിധായകനായ കിം കി ഡുകിന്റെ ദ നെറ്റിന്റെ അവസാന പ്രദര്‍ശനം കാണാന്‍ ഇന്നലെ ടാഗോറില്‍ നൂറുകണക്കിന് സിനിമാ പ്രേമികളാണ് എത്തിയത്. മന്ത്രി എ.കെ. ബാലന്‍, വി.ടി ബലറാം എം.എല്‍.എ, നടി പ്രിയങ്ക തുടങ്ങിയവര്‍ ചിത്രം കാണാനെത്തി.                 
സെന്‍സര്‍ഷിപ്പ് ജനാധിപത്യത്തിന് ഭീഷണി: ജയന്‍ ചെറിയാന്‍


സെന്‍സര്‍ഷിപ്പ് ജനാധിപത്യത്തിന് അപകടരമെന്ന് ജയന്‍ ചെറിയാന്‍. സെന്‍സര്‍ഷിപ്പ് കോളനിവത്കരണത്തിന്റെ തുടര്‍ച്ചയാണ്. പുരാതനവും കര്‍ക്കശവുമായ ഈ പ്രവണത കലാകാര•ാരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ചലച്ചിത്രമേളയുടെ മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിംഗത്തെ ആരാധിക്കുന്ന പാെരമ്പര്യമാണ് ഭാരതത്തിനുള്ളത്. നമ്മുടെ പൂര്‍വികരുടെ ചിന്തയും കാഴ്ചപ്പാടും ഇന്നത്തെ സമൂഹത്തേക്കാള്‍ പുരോഗമനപരമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കാ ബോഡിസ്‌കേപ്‌സ് എന്ന ചിത്രത്തിനെതിരെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിപറയുകയായിരുന്നു അദ്ദേഹം.
വാണിജ്യവത്കരണത്തിന്റെ കാലഘട്ടത്തിലൂടെയാണ് സമൂഹം കടന്നുപോകുന്നത്. വില്‍ക്കപ്പെടുന്നവയ്ക്കുമാത്രമേ മൂല്യമുള്ളൂ എന്ന് വിശ്വസിക്കപ്പെടുന്ന സാഹചര്യത്തില്‍ കലാകാരനെന്ന നിലയ്ക്ക് പ്രവര്‍ത്തിക്കുക പ്രയാസമാണെന്ന് ബംഗാളി സംവിധായകന്‍ സൈബല്‍ മിത്ര പറഞ്ഞു.
ദി റിട്ടേണ്‍ എന്ന ചിത്രത്തിലൂടെ ഒരു രാഷ്ട്രീയ നയങ്ങളെയും പിന്തുണയ്ക്കുന്നില്ലെന്നും എല്ലാ വശങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള തന്റെ രാജ്യത്തിന്റെ വര്‍ത്തമാന കാഴ്ച കാണികളിലേക്കെത്തിക്കുകയെന്നത് മാത്രമായിരുന്നു ലക്ഷ്യമെന്നും സിംഗപ്പൂര്‍ സംവിധായകന്‍ ഗ്രീന്‍ സെങ് പറഞ്ഞു.
സംവിധായകരായ ഡാരിയസ് ഗൗജസ്‌ക്, അനന്യ കാസറവള്ളി, കിയോമസ് പൗരഹമ്മദ്, സാന്ത്വന ബര്‍ദലോയ് എന്നിവരും പങ്കെടുത്തു.

                  ആവേശത്തിരയില്‍ ഐ.എഫ്.എഫ്.കെ., ക്ലാഷിന് അഞ്ച് പ്രദര്‍ശനം

    സിനിമാ പ്രണയത്തിന്റെ സാക്ഷ്യമായി ഐ.എഫ്.എഫ്.കെ. മണിക്കൂറുകള്‍ ക്യൂവില്‍ പ്രിയപ്പെട്ട ചിത്രങ്ങള്‍ക്കായി കാത്തിരുന്ന് പ്രതിനിധികള്‍. മേളയുടെ ചരിത്രത്തിലാദ്യമായി ഒരു ചിത്രത്തിന് അഞ്ച് പ്രദര്‍ശനം. വൈവിദ്ധ്യമാര്‍ന്ന ചിത്രങ്ങളും ഇഷ്ടസിനിമകള്‍ക്കായുള്ള കാത്തിരിപ്പുമായി ഐ.എഫ്.എഫ്.കെ മലയാളിയുടെ നല്ല സിനിമാ ആഭിമുഖ്യത്തിന്റെ ഉദാത്ത സാക്ഷ്യമാകുന്നു.

    62 രാജ്യങ്ങളില്‍ നിന്നുമുള്ള 184 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച മേളയില്‍ ഇഷ്ടചിത്രങ്ങള്‍ കാണാന്‍ മണിക്കൂറുകളാണ്  പ്രതിനിധികള്‍ കാത്തുനിന്നത്. 13000 ഡെലിഗേറ്റുകള്‍ പങ്കെടുത്ത മേളയില്‍ 490 പ്രദര്‍ശനങ്ങളാണ് ഉണ്ടായിരുന്നത്. മത്സരവിഭാഗ ചിത്രമായ മൊഹമ്മദ് ദിയാബിന്റെ ക്ലാഷ് പ്രേക്ഷകപ്രീതിമൂലം നാല് തവണ പ്രദര്‍ശിപ്പിക്കുകയുണ്ടായി.  ദിയാബിന്റെ, കൈയ്‌റോ 678ന്റെ തുടര്‍ച്ച കൂടിയാണ് ക്ലാഷ്.  മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിങ്ക്, മാന്‍ഹോള്‍, കാടു പൂക്കുന്ന നേരം എന്നിവയും പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പാപ്പിലിയോ ബുദ്ധയുടെ സംവിധായകനായ ജയന്‍ ചെറിയാന്റെ കാ ബോഡിസ്‌കേപ്‌സാണ് പ്രേക്ഷകര്‍ കാത്തിരുന്ന് കണ്ട മറ്റൊരു ചിത്രം. നെരൂദയും അദ്ദേഹത്തെ പിന്തുടര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനും പ്രമേയമായ നെരൂദ, കൊറിയയുടെ വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ കിം കി ഡുക്ക് ഒരുക്കിയ നെറ്റ്, വെനസ്വേലയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രവര്‍ത്തകയായ തമാര അഡ്രിയാന്റെ ജീവിതം പ്രമേയമായ തമാര എന്നിവയും മേളയിലെ ജനപ്രിയ ചിത്രങ്ങളായി. അതിജീവനത്തിനായുള്ള മനുഷ്യന്റെ പോരാട്ടത്തെക്കുറിച്ച് പറഞ്ഞ കോള്‍ഡ് ഓഫ് കലണ്ടര്‍, ഫ്രാന്‍സ് - ബെല്‍ജിയം ചിത്രം എയ്ഞ്ചല്‍, ഇറാന്‍ ചിത്രം ഡോട്ടര്‍, ക്ലെയര്‍ ഒബ്‌സ്‌ക്യൂര്‍ എന്നിവയും ശ്രദ്ധേയമായി.

    ജെന്‍ഡര്‍ ബെന്‍ഡര്‍, മൈഗ്രേഷന്‍ ഫിലിംസ് വിഭാഗങ്ങള്‍ സാമൂഹ്യ പ്രസക്തിയാല്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. നീണ്ട കാത്തുനില്‍പ്പുകള്‍ മടുപ്പിക്കുമ്പോഴും മനോഹരമായ ഒരു പിടി ചിത്രങ്ങള്‍ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രതിനിധികള്‍.


ചലച്ചിത്ര മേളയ്ക്കിടെ സിനിമാപ്രേമികളുടെ സിനിമ
ചലച്ചിത്ര മേളയ്ക്കിടെ സിനിമാപ്രേമികളുടെ സിനിമ
ചലച്ചിത്ര മേളയ്ക്കിടെ സിനിമാപ്രേമികളുടെ സിനിമ
ചലച്ചിത്ര മേളയ്ക്കിടെ സിനിമാപ്രേമികളുടെ സിനിമ
ചലച്ചിത്ര മേളയ്ക്കിടെ സിനിമാപ്രേമികളുടെ സിനിമ
ചലച്ചിത്ര മേളയ്ക്കിടെ സിനിമാപ്രേമികളുടെ സിനിമ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക