Image

ശബരിമല തീര്‍ഥാടകര്‍ അനാചാരങ്ങള്‍ പിന്തുടരരുതെന്ന് തന്ത്രി

അനില്‍ പെണ്ണുക്കര Published on 16 December, 2016
ശബരിമല തീര്‍ഥാടകര്‍ അനാചാരങ്ങള്‍ പിന്തുടരരുതെന്ന് തന്ത്രി
ശബരിമല: ശബരിമല തീര്‍ഥാടകര്‍ കാണുന്നയിടത്തെല്ലാം നാളികേരം ഉടയ്ക്കുന്നതും മാലയും വസ്ത്രങ്ങളും സന്നിധാനത്തും പമ്പയിലുമുള്‍പ്പെടെ ഉപേക്ഷിക്കുന്നതുമടക്കമുള്ള അനാചാരങ്ങള്‍ പിന്തുടരരുതെന്ന് തന്ത്രി കണഠരര് രാജീവരര് പറഞ്ഞു. മാല ഇവിടെ ഉപേക്ഷിച്ചു പോവുക, വസ്ത്രങ്ങള്‍ പമ്പയില്‍ ഒഴുക്കുക ഇവയെല്ലാം അനാചാരങ്ങളില്‍പ്പെട്ടതാണ്. ആചാരത്തിന്റെ
ഭാഗമേയല്ല.

ശബരിമലയില്‍ ഗുരുസങ്കല്‍പത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത്. ഗുരുസ്വാമിയില്‍നിന്ന് മാല ധരിക്കുകയും ഉപദേശം കേള്‍ക്കുകയും 41 ദിവസത്തെ വ്രതം എടുക്കുകയും അടക്കം ഗുരുപാരമ്പര്യം അനുസരിച്ചാണ് എല്ലാം ചെയ്യേണ്ടത്. തിരിച്ച് നാട്ടില്‍ചെന്ന് അതേ അമ്പലത്തില്‍നിന്ന്
അല്ലെങ്കില്‍ നാട്ടി ലെ ഏതെങ്കിലും അമ്പലത്തില്‍ ചെന്ന് വേണം മാല ഊരാന്‍.
അതും ഗുരുസ്വാമി മുഖേന തന്നെ വേണ്ടതാണ്. അല്ലാതെ ഇവിടെ ഉപേക്ഷിച്ചുപോവുകയല്ല വേണ്ടത്. ആരോ ഒരാള്‍ ചെയ്ത ആചാരങ്ങള്‍ പലരും തുടര്‍ച്ചയായി ചെയ്തുവരുന്നു. ഇത് കൂടുതലും ചെയ്തു വരുന്നത് കേരളത്തിന് വെളിയില്‍നിന്ന് വരുന്ന ഭക്തജനങ്ങളാണ്. അവരെ ഉപദേശിക്കേണ്ട ചുമതല ഗുരുസ്വാമിമാര്‍ക്കുള്ളതാണ്.

അതുപോലെ, മാളികപ്പുറത്ത് ഭക്തര്‍ ആചാരവിരുദ്ധമായ പല രീതികളും പിന്തുടരുന്നു. നാഗങ്ങളുടെ പുറത്ത് മഞ്ഞള്‍പ്പൊടി വിതറുക, മലര് തൂവുക ഇതെല്ലാം തെറ്റായ രീതിയാണ്. ആചാരപരമായ രീതിയല്ല, ആചാരവിരുദ്ധമാണ്. ഇത് ഓരോരുത്തരും വിചാരിച്ചാലേ ഒഴിവാക്കാന്‍ പറ്റൂ. മാളികപ്പുറത്തെ ജീവനക്കാര്‍ വിചാരിച്ചാല്‍ ഒരു പരിധി വരെ ഒഴിവാക്കാം. പതിനെട്ടാം പടി കയറുമ്പോളും തിരിച്ചു പോവുമ്പോഴുമായി രണ്ട് നാളികേരം ഉടയ്‌ക്കേണ്ട കാര്യമേ ഉള്ളൂ. അവിടവിടെ ഒന്നും ഉടയ്‌ക്കേണ്ട കാര്യമില്ല. മകരവിളക്ക് കാലത്ത്, തിരക്കുള്ള സമയത്ത് പമ്പ മുതല്‍ കാണുന്നിടത്തൊക്കെ നാളികേരം ഉടയ്ക്കുന്നതാണ് കാണുന്നത്. അത് വളരെ മോശമായ, തെറ്റായ
കാര്യമാണ്.

ശബരിമലയില്‍ വരുന്ന തീര്‍ഥാടകര്‍ അച്ചടക്കം പാലിക്കണം. ശബരിമല കാനനം
മലീമസപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. നമ്മുടെ പൂങ്കാവനം വൃത്തിയായി
സൂക്ഷിക്കേണ്ട ചുമതല ഓരോ ഭക്തര്‍ക്കുമുള്ളതാണ്. ഓരോ ഭക്തരും കടമയായി അത്
ശിരസ്സിലേറ്റണം എന്നാണ് അഭ്യര്‍ഥിക്കാനുള്ളത്.

ഈ സീസണ്‍ മുതല്‍ ദര്‍ശന സമയം കൂട്ടിയത് ഭക്തര്‍ക്ക് ആശ്വാസമാവുന്നുണ്ട്. ഇപ്പോള്‍ രാവിലെ മൂന്ന് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ച കഴിഞ്ഞ് മൂന്നു മണി മുതല്‍ രാത്രി 11 മണി വരെയും ദര്‍ശന സമയമുണ്ട്. കൂടുതല്‍ സമയം തുറന്നുവെച്ചിരിക്കുന്നതു കൊണ്ട് ഒരു പാടു പേര്‍ തൊഴുതു മടങ്ങുന്നുണ്ട്. ഒരുപാട് പേര്‍ക്ക് രാവിലെ തന്നെ തിരിച്ചുപോകാന്‍ കഴിയുന്നു. ട്രെയിനിലും ബസിലുമൊക്കെ വരുന്നവര്‍ക്ക് അത് സൗകര്യപ്രദമാവുന്നുണ്ട്. പതിനെട്ടാം പടി കയറാനുള്ള ഒരു തിരക്കാണ് കൂടുതല്‍ അനുഭവപ്പെടുന്നത്. അതിപ്പോള്‍ ഒന്നും ചെയ്യാനും കഴിയില്ല. തീര്‍ഥാടനം ഇതുവരെ നല്ല നിലയിലാണ് പോയ്‌ക്കൊണ്ടിരിക്കുന്നത്. ഇനിയും അങ്ങനെ തന്നെയാണ് പ്രാര്‍ഥനയും ആഗ്രഹവും തന്ത്രി പറഞ്ഞു.

ശബരിമല തീര്‍ഥാടകര്‍ അനാചാരങ്ങള്‍ പിന്തുടരരുതെന്ന് തന്ത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക