Image

ഭക്തരെ അയ്യപ്പസ്വാമിയുമായി ബന്ധിപ്പിക്കുന്ന പാലമാണ് ഹരിവരാസനം: എം. ജയചന്ദ്രന്‍

അനിൽ പെണ്ണുക്കര Published on 16 December, 2016
ഭക്തരെ അയ്യപ്പസ്വാമിയുമായി ബന്ധിപ്പിക്കുന്ന പാലമാണ് ഹരിവരാസനം: എം. ജയചന്ദ്രന്‍
ശബരിമല: സന്നിധാനത്തെത്തി അയ്യപ്പസ്വാമിയെ വണങ്ങുന്നതിനൊപ്പം ഹരിവരാസനം
കേള്‍ക്കാനും കൂടിയാണ് മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ ശബരിമല കയറിയത്. രണ്ടു വര്‍ഷത്തെ ഇടവേള ഒഴിച്ചാല്‍ 25 തവണ മലചവിട്ടി. അയ്യപ്പ സ്വാമിയുടെ ഉറക്കുപാട്ടായ ഹരിവരാസനം ചിട്ടപ്പെടുത്തിയത് ജയചന്ദ്രന്റെ ഗുരുവും പ്രമുഖ സംഗീത സംവിധായകനുമായ ജി.ദേവരാജന്‍ മാസ്റ്ററാണ്.

ഹരിവരാസനം തനിക്ക് ഗുരുസ്മരണകൂടിയാണെന്ന് പറഞ്ഞുകൊണ്ടാണ് എം ജയചന്ദ്രന്‍ തുടങ്ങിയത്. ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസ് പാടിയ ഹരിവരാസനത്തിന് ഈണമിട്ടയാളെ പലര്‍ക്കും അറിയില്ല. ഹരിവരാസനം ദേവരാജന്‍ മാസ്റ്ററുടേതു കൂടിയാണ്. ആ തരത്തില്‍ ഒരംഗീകാരം ഹരിവരാസനത്തിന്റെ പേരില്‍ ദേവരാജന്‍ മാസ്റ്റര്‍ക്ക് കിട്ടിയിട്ടില്ലെന്നാണ് എന്റെ അഭിപ്രായം. മാഷിന്റെ ലാളിത്യം നിറഞ്ഞ ഈണമാണ് ഹരിവരാസനത്തെ കാലാതിവര്‍ത്തിയാക്കുന്നത്. ഇത്ര കാലം കഴിഞ്ഞിട്ടും ഇത് എല്ലാവരും കേള്‍ക്കുന്നു, പാടുന്നു, ആത്മാവിനോട് ചേര്‍ത്തു വയ്ക്കുന്നു. കേവലമൊരു കൃതിയല്ല ഹരിവരാസനം. അതിനുമപ്പുറം നമ്മെ അയ്യപ്പ സ്വാമിയുമായി ബന്ധിപ്പിക്കുന്ന ഒരു പാലമാണത് .

ലാളിത്യമാണ് സങ്കീര്‍ണതയുടെ ഉന്നത ഭാവമെന്ന് ഒരു ചൊല്ലുണ്ട്. അഗാധമായ അറിവുപയോഗിച്ചും അതി സങ്കീര്‍ണമായ ഈണം സൃഷ്ടിക്കാം. എന്നാല്‍, ജനം ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന ഏറ്റവും ലളിതമായ ഈണമുണ്ടാക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്തരം ഈണങ്ങള്‍ സൃഷ്ടിക്കുന്ന
എല്ലാവരിലുമെത്തുന്ന, എല്ലാവരുമേറ്റെടുക്കുന്ന ഈണം നല്‍കുന്ന ഒരാളാണ് യഥാര്‍ഥ സംഗീത സംവിധായകന്‍. അത്തരം ലാളിത്യമാണ് ഹരിവരാസനത്തെ വ്യത്യസ്തമാക്കുന്നത്, ശരണമയ്യപ്പാ എന്ന വിളിപോലെ ലളിതം. ലോകത്തിലെ ഏറ്റവും മിടുക്കനായ സംഗീത സംവിധായകന്‍ ശ്രമിച്ചാലും ഹരിവരാസനത്തെമാറ്റാന്‍ ഉതകുന്നതരം ഈണമിടാന്‍ കഴിയുമെന്ന് തോന്നുന്നില്ല-

ഭക്തിയോടു ചേര്‍ന്നാണ് ഇന്ത്യന്‍ സംഗീതവും പാശ്ചാത്യ സംഗീതവും മുന്നോട്ട് പോയിട്ടുള്ളത്. സംഗീത ജ്ഞാനമു ഭക്തിവിന അഥവാ ഭക്തിയില്ലാതെ എന്തിനാണ് സംഗീത ജ്ഞാനമെന്നാണ് കര്‍ണാടക സംഗീതത്തിലെ ത്രിമൂര്‍ത്തികളിലൊരാളായ ത്യാഗരാജസ്വാമികള്‍ ചോദിച്ചത്. ത്യാഗരാജസ്വാമികളും മുത്തുസ്വാമി ദീക്ഷിതരും ശ്യാമശാസ്ത്രികളും മൂന്നു തരത്തില്‍ സംഗീതത്തെ ഭക്തിയോട് ചേര്‍ത്തുവച്ചവരാണ്. പാശ്ചാത്യ സംഗീതത്തിന്റെ ആദിരൂപമായ ഗ്രിഗേറിയന്‍ ചാണ്ടിലും ചര്‍ച്ച് സംഗീതത്തിന്റെ അംശങ്ങള്‍കാണാം. എന്നാല്‍, ഇപ്പോഴത്തെ ഭക്തിഗാനങ്ങളില്‍ ഭക്തിമാത്രമാണ് ഇല്ലാത്തത്. ശബ്ദഘോഷത്തോടെയുള്ള ഇത്തരം ഗാനങ്ങള്‍ നിലനില്‍ക്കാത്തത്
ഭക്തിയുടെ അംശം ചോര്‍ന്നുപോയതു കൊണ്ടുകൂടിയാണ്. അയ്യപ്പ•ാര്‍ വണ്ടിയില്‍ യാത്രചെയ്യുമ്പോള്‍ ആ യാത്രയെ പോഷിപ്പിക്കാന്‍ ചിട്ടപ്പെടുത്തുന്ന പാട്ടുകള്‍ ഭക്തിയില്‍നിന്നും കേവലതയിലേക്ക് മാറി, ഭക്തിമാറി വിഭക്തിയായി.

ബാന്റ് കള്‍ച്ചര്‍ നമുക്കുണ്ടാകുന്നത് നല്ലതാണ്. പക്ഷേ അവരവരുടെ തനതു സൃഷ്ടികള്‍ ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കണം. ഒരു സ്വതന്ത്ര സംഗീത ശാഖയായി വികസിക്കണം. ഒരാള്‍ കമ്പോസ് ചെയ്ത സൃഷ്ടിയി•േല്‍ പുനരിടപെടല്‍ നടത്താന്‍ മറ്റൊരാള്‍ക്ക് എന്താണ് അര്‍ഹത ? എന്താണ് അവകാശം ? അത് ശരിയല്ല. സംഗീതം സംഗീതം മാത്രമാണ്. അത് സ്വരങ്ങളോ ശബ്ദങ്ങളോ അല്ല. ഓരോ സ്വരത്തിലും ഒരു ഹൃദയമുണ്ട്. അത് മിടിക്കാന്‍ തുടങ്ങുമ്പോഴേ സംഗീതമാകൂ എന്ന് വിശ്വസിക്കുന്ന ഒരു ചിപ്പ് ഓഫ് ഓള്‍ഡ് ബ്ലോക്ക് ആണ് ഞാന്‍. അങ്ങനെ പറയുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. നമ്മുടെ പൈതൃകത്തെ മറക്കാതിരിക്കുക. സംഗീതത്തെ മറക്കാതിരിക്കുക. നമ്മുടെ പൈതൃകത്തില്‍നിന്ന് സ്വന്തമായ ഉദ്യാനങ്ങളും ഇടവഴികളും നമുക്ക് സൃഷ്ടിക്കാനാകണം. സംഗീതമെന്ന വിശാലമായ പാതയിലേക്കുള്ള പുതിയ വഴികള്‍ - എം ജയചന്ദ്രന്‍ തന്റെ നിലപാട്
വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക