Image

കാറപകടങ്ങളില്‍ ഒന്നാംസ്ഥാനം ടെസിന്, ബാസല്‍ സ്റ്റാറ്റും ജനീവയും തൊട്ടുപിന്നില്‍

Published on 16 December, 2016
കാറപകടങ്ങളില്‍ ഒന്നാംസ്ഥാനം ടെസിന്, ബാസല്‍ സ്റ്റാറ്റും ജനീവയും തൊട്ടുപിന്നില്‍
  സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡില്‍ കാറോടിക്കുന്നവരില്‍ ഏറ്റവും അധികം അപകടങ്ങള്‍ വരുത്തിവയ്ക്കുന്നത് ടെസിനില്‍ നിന്നുള്ളവരാണ്. ബാസല്‍ സ്റ്റാറ്റ്, ജനീവ, വാലിസ് രജിസ്‌ട്രേഷണ്‍ കണ്ടാലും ഒന്ന് കരുതി ഇരിക്കുന്നതാണ് നല്ലത്. കാരണം ഇവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍ വരുന്നത്. എന്നാല്‍ സെന്‍ട്രല്‍ പ്രവിശ്യകളായ ഉറി, നീഡ് വാള്‍ഡന്‍, ലൂസേണ്‍ എന്നിവിടങ്ങളിലാണ് അപകടങ്ങള്‍ ഏറ്റവും കുറവ്.

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാറപകടങ്ങളെ ആധാരമാക്കി പ്രമുഖ ഇന്‍ഷ്വറന്‍സ് കമ്പനിയായ അക്‌സ വിന്റര്‍ത്തൂര്‍ നടത്തിയ പഠനത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പ്രതിവര്‍ഷം 70,000 കാറപകടങ്ങള്‍ എന്നാണ് കണക്ക്. തുര്‍ഗാവ്, ഷാഫ് ആവ്‌സണ്‍, ബേണ്‍, ആര്‍ഗാവ് എന്നീ പ്രവിശ്യകളാണ് നാലു മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളില്‍. അതേ സമയം മലയാളികള്‍ ഒട്ടേറെയുള്ള സൂറിച്ച്, ബാസല്‍ ലാന്‍ഡ് കണ്‍ടോണുകള്‍ അപകടം വരുത്തിവയ്ക്കുന്ന കാര്യത്തില്‍ 9, 10 സ്ഥാനങ്ങളിലാണ്.

അര്‍ബന്‍ മേഖലകളില്‍, റൂറല്‍ മേഖലയെ അപേക്ഷിച്ചു അപകടങ്ങള്‍ കൂടാം എന്ന സ്വാഭാവിക വസ്തുതക്ക് പുറമെ, കാറുകള്‍ റെന്റ്, ലോണ്‍ വ്യവസ്ഥയില്‍ എടുക്കുന്നതും അപകടങ്ങള്‍ വര്‍ധിക്കുന്നതായി പഠനത്തില്‍ പറയുന്നു. ഈ പ്രവണത വെസ്റ്റ്, ടെസിന്‍ മേഖലകളില്‍ സ്വിസിലെ ഇതര പ്രദേശങ്ങളെക്കാള്‍ കൂടുതലാണ്. അപകടകാര്യത്തില്‍ അശ്രദ്ധക്ക് പുറമെ, ഇടുങ്ങിയ റോഡുകളും കൊടും വളവുകളും പ്രധാന കാരണങ്ങളാണ്.

റിപ്പോര്‍ട്ട്: ടിജി മറ്റം 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക