Image

ഹിറ്റ്‌ലറുടെ ജന്മഗൃഹം ഓസ്ട്രിയന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

Published on 16 December, 2016
ഹിറ്റ്‌ലറുടെ ജന്മഗൃഹം ഓസ്ട്രിയന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു


      വിയന്ന: അഡോള്‍ഫ് ഹിറ്റ്‌ലറുടെ ഓസ്ട്രിയയിലെ വിവാദ ജന്മഗൃഹം ഓസ്ട്രിയന്‍ പാര്‍ലമെന്റ് നിയമ നിര്‍മാണത്തിലൂടെ പിടിച്ചെടുത്തു. ഇതോടെ വര്‍ഷങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്ക് വിരാമമാകും.

1889 ല്‍ ഹിറ്റ്‌ലര്‍ ജനിച്ച മൂന്നു നില കെട്ടിടമാണ് പ്രത്യേക നിയമനിര്‍മാണത്തിലൂടെ സര്‍ക്കാര്‍ ഏറ്റെടുത്തത്. ഓസ്ട്രിയയും ജര്‍മനിയും അതിര്‍ത്തി പങ്കിടുന്ന ഓബര്‍ ഓസ്ട്രിയ സംസ്ഥാനത്തിലെ ബ്രൌനൗ ആം ഇന്‍ എന്ന സ്ഥലത്താണ് ഹിറ്റ്‌ലര്‍ ജനിച്ചത്. കെട്ടിടത്തിന്റെ ഉടമസ്ഥയായ ഗെര്‍ലിഡ പോമര്‍ ഈ കെട്ടിടം വിട്ടുനല്‍കുവാന്‍ തയാറായില്ല. നീണ്ട നിയമയുദ്ധങ്ങ ള്‍ക്കൊടുവിലാണ് കെട്ടിടം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. പകരമായി പോമര്‍ക്ക് നഷ്ടപരിഹാരം ലഭിക്കും. 

ഓസ്ട്രിയന്‍ ആഭ്യന്തര മന്ത്രി വോള്‍ഫ്ഗാങ് സോബോട്ക, മേയര്‍ യോഹന്നാസ് വൈഡ്ബാഹറുമായി ചര്‍ച്ച നടത്തിയശേഷമാണ് ജില്ലാ ഭരണാധികാരി ജോസഫ് പ്യൂരിങ്ങര്‍ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഹിറ്റ്‌ലറുടെ ജന്മഗൃഹം ഇടിച്ചു നിരത്തില്ലെന്നും ഇതൊരു സാമൂഹ്യ ക്ഷേമ കേന്ദ്രമാക്കി മാറ്റുവാനാണ് തീരുമാനമെന്നും ജോസഫ് പ്യൂരിങ്ങര്‍ വ്യക്തമാക്കി. കെട്ടിടം എങ്ങനെ ഉപയോഗിക്കണം എന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ ഒരു വര്‍ക്കിംഗ് കമ്മിറ്റിയേയും സര്‍ക്കാര്‍ രൂപീകരിച്ചു. ആഭ്യന്തര മന്ത്രാലയ പ്രതിനിധികളും സംസ്ഥാന ഭരണകൂടത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രതിനിധികള്‍ അടങ്ങുന്നതാണ് വര്‍ക്കിംഗ് കമ്മിറ്റി. 

കെട്ടിടം പൊളിച്ചു കളയണമെന്നും ഭാവിയില്‍ ഇതൊരു നിയോ നാസി തീര്‍ഥാടന കേന്ദ്രമാക്കി മാറ്റുവാന്‍ സാധ്യതയുണ്ടെന്നും ഒരുവിഭാഗം വാദിക്കുമ്പോള്‍, മറ്റൊരു വിഭാഗം ഇത് പൊളിക്കരുതെന്നും കെട്ടിടം ചരിത്രത്തിന്റെ ഭാഗമാണന്നും ആവശ്യപ്പെട്ടിരുന്നു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക